Meditation

5th Sunday of Easter_Year A_വഴിയും സത്യവും ജീവനും (യോഹ 14:1-12)

വിശ്വസിക്കുക എന്ന ഏക പ്രവർത്തിയിലാണ് ആത്മീയജീവിതം നിലനിൽക്കുന്നത്...

ഉയിർപ്പുകാലം അഞ്ചാം ഞായർ

“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ” (v.1). ആത്മീയ ജീവിതത്തിന് അത്യന്താപേക്ഷിതമായ രണ്ട് മനോഭാവങ്ങളാണ് ഗുരുനാഥൻ ആഹ്വാനം ചെയ്യുന്നത്. ഒന്ന്, ഭയത്തിനോട് ‘നോ’ പറയാനുള്ള ധൈര്യം. രണ്ട്, വിശ്വാസത്തിനോട് ‘യെസ്’ പറയാനുള്ള എളിമ. ഈ രണ്ടു മനോഭാവങ്ങളാണ് ഏതു ബന്ധത്തെയും ജൈവീകവും ശ്രുതിമധുരിതവുമായി നിലനിർത്തുന്നത്. നിന്റെ ജീവിതം ഏതു പാത സ്വീകരിച്ചാലും ഇവകളുണ്ടെങ്കിൽ അത് എത്തേണ്ടിടത്ത് എത്തിയിരിക്കും. ഭയപ്പെടേണ്ട, വിശ്വസിക്കുക; ഓരോ പ്രഭാതത്തിലും നിന്റെ മിഴിയരികിലിരുന്ന് അദൃശ്യനായ ഒരു മാലാഖ നിന്റെ കാതിൽ ചൊല്ലുന്ന രണ്ടു വാക്കുകൾ. വിശ്വാസത്തിന് എപ്പോഴും ഒരു മാനവിക സ്വഭാവമുണ്ട്. പ്രത്യേകിച്ച് ബന്ധങ്ങളുടെ കാര്യത്തിൽ. ബന്ധങ്ങളിൽ വിശ്വാസത്തിന്റെ പൂവണിയിൽ സാധ്യമാകുമ്പോൾ മാത്രമാണ് നമ്മൾ പക്വതയുള്ളവരായി മാറുക. ഭയവും സംശയവും ഇരട്ടകളാണ്. സംശയം ഒരു ഇത്തിക്കണ്ണിയായി ബന്ധങ്ങളിൽ പടർന്നു കയറിയാൽ ബന്ധം വളരില്ല, സംശയം വളരും.

വിശ്വസിക്കുക എന്ന ഏക പ്രവർത്തിയിലാണ് ആത്മീയജീവിതം നിലനിൽക്കുന്നത്. സഹജനിൽ, ലോകത്തിൽ, ഭാവിയിൽ, സ്ഥാപനത്തിൽ, സ്നേഹത്തിൽ… അങ്ങനെയങ്ങനെ പലതിനോടും നമുക്കുള്ള വിശ്വാസം നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും പ്രതിസന്ധികളുടെ മുന്നിൽ നമ്മൾ വിഷണ്ണരായി നിൽക്കുന്നത്. പരസ്പര വിശ്വാസമുള്ള ഒരു ലോകത്തിൽ മാത്രമേ ദൈവ വിശ്വാസത്തിനും നിലനിൽപ്പുള്ളൂ. കാണാത്തതിനെ കുറിച്ചുള്ള ബോധ്യം മാത്രമല്ല വിശ്വാസം. കൺമുന്നിലുള്ളതിനു ഹൃദയത്തിൽ ഒരു സ്ഥാനം കൊടുക്കുകയെന്നതും വിശ്വാസമാണ്. വഴിയരികിൽ വീണു കിടന്നവനെ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു നടന്നുപോയ ഉപമയിലെ ആ രണ്ടു കഥാപാത്രങ്ങൾക്ക് വിശ്വാസി എന്ന വിശേഷണം ഒരിക്കലും ചേരില്ലാതതും അതുകൊണ്ടാണ്.

യേശു പറയുന്നു: “ഞാനാണ് വഴിയും സത്യവും ജീവനും” (v.6). ഒരു നിർവചനത്തിന്റെ നാൽക്കോണിൽ തളച്ചിടാൻ സാധിക്കാത്ത മൂന്നു പദങ്ങളാണ് വഴിയും സത്യവും ജീവനും. “ഞാനാണ് വഴി”. എങ്ങോട്ടേക്കുള്ള വഴി? ദൈവത്തിങ്കലേക്കുള്ള വഴി. സഹജന്റെ ഹൃദയത്തിലേക്കുള്ള വഴി. യേശുവെന്ന ഈ വഴിക്കൊരു പ്രത്യേകതയുണ്ട്. ഇതിന് അതിരോ അന്ത്യസ്ഥാനമോ ഇല്ല. തുറന്നുകിടക്കുന്ന ചക്രവാളത്തിലേക്കാണ് ഈ വഴി എത്തുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുവെന്ന വഴിത്താരയിലൂടെ സഞ്ചരിക്കുന്നവന് ഒരിക്കലും സങ്കുചിത ചിന്തയുള്ളവനാകാൻ പറ്റില്ല. എന്തെന്നാൽ ഈ വഴി മതിലുകൾ കൊണ്ട് കെട്ടിയടച്ച വഴിയല്ല. ഈ വഴി സകല ഹൃത്തിലും കുടികൊള്ളുന്ന ദൈവചൈതന്യത്തിലേക്കുള്ള വഴിയാണ്.

“ഞാനാണ് സത്യം”. ഇതൊരു അത്ഭുതമാണ്. സത്യം ഒരു വ്യക്തിയായി മാറുന്ന അത്ഭുതം. ഞാനൊരു സിദ്ധാന്തമാണെന്നോ ഗ്രന്ഥമാണെന്നോ പ്രമാണമാണെന്നോ അവൻ പറയുന്നില്ല. മറിച്ച് ഞാനാണ് സത്യം എന്നാണ്. സത്യം എന്ന പദത്തിന് ഉണ്മ, വാസ്തവം, യാഥാർത്ഥ്യം എന്നീ അർഥങ്ങൾ നമുക്കുണ്ട്. ഗ്രീക്ക് ഭാഷയിൽ സത്യം എന്ന പദത്തിന്റെ നിരുക്തി (etymology) വെളിപ്പെടുത്തുക എന്ന സങ്കല്പത്തിനോടും ഹീബ്രുഭാഷയിൽ വിശ്വാസം എന്ന സങ്കൽപത്തിനോടും ചേർന്നു നിൽക്കുമ്പോൾ ‘ഞാനാണ് സത്യം’ എന്ന വാക്യത്തിന്റെ അർത്ഥതലങ്ങൾ നമ്മുടെ കരങ്ങളിൽ ഒതുങ്ങുന്ന ഒരു കാര്യമേയല്ല. യേശുവാണ് സത്യം. എന്തെന്നാൽ മനുഷ്യന്റെ യഥാർത്ഥ ഉണ്മയും ദൈവത്തിന്റെ സത്തയായ സ്നേഹവും വെളിപ്പെട്ടിരിക്കുന്നത് അവനിലാണ്. ആ തിളങ്ങുന്ന കണ്ണുകളും കരങ്ങളുമാണ് സത്യം. എന്ത് സത്യം? മനുഷ്യനെന്ന സത്യം, ദൈവമെന്ന സത്യം. ഈയൊരു സത്യത്തിലാണ് ക്രൈസ്തവികത അതിന്റെ ആത്മീയതയുടെ വേരുകളാഴ്ത്തിയിരിക്കുന്നത്. അത് ഒരു ആശയസംഹിതയോ ധാർമ്മിക വിചാരമോ അല്ല. യേശു എന്ന സത്യത്തിന്റെ ജീവിത തനിയാവർത്തനമാണ്.

“ഞാനാണ് ജീവൻ”. ഒത്തിരി ചോദ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു വാക്യം. വേണമെങ്കിൽ തീർത്തും നിഷ്കളങ്കമായ ഒരു ചോദ്യം നിനക്കും അവനോട് ചോദിക്കാം; ‘യേശുവേ, നിന്റെ ജീവൻ കൊണ്ട് എന്റെ ജീവിതത്തിനോട് എന്ത് ചെയ്യാൻ സാധിക്കും?’ അപ്പോൾ അവൻ ഉത്തരം നൽകും; ‘നിന്റെ ജീവിതം ഊർവ്വരമായ സ്ഥലത്ത് നിൽക്കുന്ന വൃക്ഷം പോലെയാകും’.

ജീവൻ എന്നത് ഭീമമായ വാക്ക് തന്നെയാണ്. മരണത്തോടുകൂടി എല്ലാം അവസാനിക്കുമ്പോൾ അതിനുമപ്പുറത്തേക്ക് സഞ്ചരിക്കാൻ കഴിവുള്ള ഏക പദം. അത് ഉച്ചരിക്കാൻ ഏറ്റവും യോഗ്യൻ ദൈവ-മനുഷ്യനായ യേശു മാത്രമാണ്. ഓർക്കുക, ദൈവീക ജീവനോടു ചേരുമ്പോൾ മാത്രമേ നിന്റെ ജീവന് ചിറകുകൾ ലഭിക്കു. നിന്റെ സ്വത്വത്തിൽ എത്രയധികം ദൈവീകത അലിഞ്ഞു ചേർന്നിട്ടുണ്ടോ അത്രയധികം നീയെന്ന വ്യക്തിയിൽ ജൈവികതയുണ്ടാകും. ചിന്തയിലും വാക്കിലും പ്രവർത്തിയിലും മനോഭാവത്തിലും അതിലുപരി ശരീരത്തിന്റെ ഓരോ അണുവിൽ പോലും ദൈവികതയെ നിലനിർത്തുകയാണെങ്കിൽ മരണത്തിന്റെ ഏത് സ്പന്ദനത്തേയും തടഞ്ഞു നിർത്തുവാൻ നിനക്ക് സാധിക്കും. ഓർക്കുക, ഭയമാണ് മരണം. അത് ഊഷരത്വത്തിന്റെ മാതാവാണ്. വേണ്ടത് വിശ്വാസമാണ്. അവിടെ വസന്തം നിത്യമായി നിലനിൽക്കും.

സുവിശേഷത്തിന്റെ അവസാനം പീലിപ്പോസ് ചോദിക്കുന്നുണ്ട്; ” കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരുക, ഞങ്ങൾക്ക് അതുമതി” (v.8). നമ്മളോരോരുത്തരും അറിയാൻ ആഗ്രഹിച്ച കാര്യം തന്നെയാണ് നിഷ്കളങ്കതയോടെ പീലിപ്പോസ് ചോദിക്കുന്നത്. യേശു മറുപടി പറയുന്നു: “പീലിപ്പോസേ, എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു” (v.9). യേശുവിനെ ഒന്ന് അടുത്ത് മനസ്സിലാക്കാൻ ശ്രമിക്കുക. അവൻ എങ്ങനെ ജീവിച്ചു, എങ്ങനെ സ്നേഹിച്ചു, എങ്ങനെ അംഗീകരിക്കപ്പെട്ടു, എങ്ങനെ മരിച്ചു എന്നൊക്കെ. അപ്പോൾ നീ കാണും നീ അറിയുവാൻ ആഗ്രഹിച്ച ആ ദൈവത്തെ. അപ്പോൾ നിനക്ക് മനസ്സിലാകും എത്ര വിശാലമാണ് നിന്റെ ജീവിതമെന്നും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker