Vatican

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധപദവിയിലേക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് പേരെയാണ് 13-ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത്

അനിൽ ജോസഫ്‌

വത്തിക്കാന്‍സിറ്റി: ഹോളിഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ അന്തിമഘട്ടത്തിലാണ്. 13 രാവിലെ പത്തിനാണ് (ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30) വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്നത്. ഇതിനായുള്ള മറിയം ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ പോസ്റ്റുലേറ്റര്‍ ഫാ.ബനഡിക്ട് വടക്കേക്കര സെന്‍റ് പീറ്റേഴ്സ് ലിറ്റര്‍ജിക്കല്‍ ഓഫീസില്‍ ഏല്‍പ്പിച്ചു. വാഴ്ത്തപെട്ട മറിയം ത്രേസ്യയുടെ അസ്ഥിയാണ് പ്രത്യേകം തയ്യാറാക്കിയ അരുളിക്കയില്‍ തിരുശേഷിപ്പായി സമര്‍പ്പിച്ചിട്ടുള്ളത്. ഇത് വിശുദ്ധ പദവി പ്രഖ്യാപന ദിവസം അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും.

വിശുദ്ധയുടെ ഛായചിത്രം സെന്റ്‌ പീറ്റേഴ്സ് ചത്വരത്തില്‍ സ്ഥാപിച്ചുകഴിഞ്ഞു. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ക്കു മുന്നോടിയായി 12-ന് റോമിലെ മരിയ മജോരെ മേജര്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞ് 3.30 നു നടക്കുന്ന പ്രത്യേക ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് ഡോ.ജോവാനി ആഞ്ചലോ ബേച്ചു മുഖ്യകാര്‍മികത്വം വഹിക്കും. തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും.

പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക, ഈ സമയം ഡോ.ക്ലമന്‍റ് ചിറയത്ത് മറിയം ത്രേസ്യായെക്കുറിച്ചുള്ള ലഘുജീവചരിത്രം വായിക്കും. ചടങ്ങില്‍ സുപ്രീം കോടതി റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫാണ് ലേഖന വായന നടത്തുന്നത്.

14-ന് റോമിലെ സെന്റ്‌ അനസ്താസിയ ബസിലിക്കയില്‍ രാവിലെ 10.30 ന് നടക്കുന്ന കൃതജ്ഞത ബലിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. സീറോ മലബാര്‍ സഭയിലെ 51 ബിഷപ്പുമാരും സഹകാര്‍മികരാകും. മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് പേരെയാണ് 13-ന് ഫ്രാന്‍സിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker