Articles

വിശുദ്ധ കൊച്ചുത്രേസ്യ; ദൈവത്തിന്റെ പ്രണയം തിരിച്ചറിഞ്ഞവൾ

"സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ" "ചില കുറുക്കു വഴികൾ" കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ...

ഫാ.ഫിലിപ്പ് നടുത്തോട്ടത്തിൽ ഒ.സി.ഡി.

ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

എന്റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണിശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ ഒരുവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ എന്നതായിരുന്നു! ദൈവാനുഗ്രഹത്താൽ, കഴിഞ്ഞവർഷം ഫ്രാൻസിലുള്ള, വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മദേശമായ ലിസ്യുവിൽ പോകാനും, വിശുദ്ധ കൊച്ചുത്രേസ്യ ജീവിച്ച വീട് സന്ദർശിക്കാനും, അവൾ നടന്ന വഴികളിലൂടെ നടക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ദൈവത്തിനു സ്തുതി!

“സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ”, അഥവാ ദൈവത്തിൽ എത്തിച്ചേരാൻ സാധിക്കുക എന്ന ഏക ലക്ഷ്യത്തോടെ, “ചില കുറുക്കു വഴികൾ” കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. അനുദിനം, ചെയ്യുന്ന ഓരോ നിസ്സാരമായ പ്രവർത്തികൾ പോലും, “ദൈവസ്നേഹത്തെ പ്രതി ചെയ്യുക” എന്നതായിരുന്നു സ്വർഗത്തിൽ എത്താനുള്ള അവളുടെ കുറുക്കു വഴി. ഒരിക്കൽ മതബോധന ക്ലാസ്സിൽ, ടീച്ചർ കുട്ടികളോട് ചോദിച്ചു. “സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹം ഉള്ളവർ കൈ പൊക്കുക”. എല്ലാ കുട്ടികളും സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ ഒരു വിരുതൻ പറഞ്ഞു, എനിക്ക് പോകേണ്ട! കാരണം എന്റെ അമ്മ പറഞ്ഞിരിക്കുന്നത്, “ക്ലാസ്സു വിട്ടുകഴിഞ്ഞാൽ വേറെ എവിടെയും പോകരുത്, നേരെ തിരിച്ചു വീട്ടിൽ വരണം എന്നാണ്”! ഹഹഹ പാവം കുഞ്ഞ്!

സത്യത്തിൽ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹം ഇല്ലാത്തവർ ആരാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യമേയുള്ളൂ, എങ്ങനെയെങ്കിലും സ്വർഗ്ഗത്തിൽ എത്തണം. പലരും “നല്ല കള്ളനെപ്പോലെ” അവസാനം എന്തെങ്കിലുമൊക്കെ നന്മ ചെയ്ത് സ്വർഗ്ഗം അടിച്ചു മാറ്റാം എന്ന പ്രതീക്ഷയിലാണ് ജീവിക്കുന്നത് പോലും! പക്ഷേ സ്വർഗത്തിലേക്കുള്ള വഴി ഇടുങ്ങിയതാണെന്നും, അത് സ്നേഹത്തിന്റെ, നന്മയുടെ, വിശുദ്ധിയുടെ, ത്യാഗത്തിന്റെ, പുണ്യത്തിന്റെ, മാർഗ്ഗമാണന്നും, അതിനുവേണ്ടി അനുദിനം നാം നമ്മുടെ ജീവിതത്തിൽ പരിശ്രമിക്കണമെന്നും കൊച്ചുത്രേസ്യ തന്റെ വിശുദ്ധ ജീവിതത്തിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു.

“നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ നമുക്ക് വിശുദ്ധരാകാൻ സാധിക്കുമെന്ന” ഒരു വലിയ സന്ദേശമാണ് വിശുദ്ധ കൊച്ചുത്രേസ്യ ലോകത്തിന് നൽകുന്നത്. ഒരിക്കൽ, മരണാസന്നയായി കിടന്ന അവസരത്തിൽ, വിശുദ്ധ കൊച്ചുത്രേസ്യ അവളെ സംബന്ധിക്കുന്ന ഒരു രഹസ്യ സംഭാഷണം സഹോദരിമാർ നടത്തിയത് കേൾക്കാനിടയായി”. “അസാധാരണമായി തെരേസ ഒന്നും ചെയ്തിട്ടില്ല, അവളെക്കുറിച്ച് മരണക്കുറിപ്പിൽ എന്ത് എഴുതി അറിയിക്കും?” എന്നതായിരുന്നു ആ സഹോദരിമാരുടെ സംഭാഷണ വിഷയം! കർമ്മലസഭയിലെ ഏതെങ്കിലും ഒരു സന്യാസിനി മരിച്ചാൽ, അവളെ സംബന്ധിക്കുന്ന ഒരു ചെറിയ കുറിപ്പ് മറ്റു സമൂഹങ്ങളിലേക്ക് അയച്ചു കൊടുത്ത്, പരേതാത്മാവിനു വേണ്ടി പ്രാർത്ഥന യാചിക്കുന്ന ഒരു പതിവ് കർമ്മല സഭയിൽ ഉണ്ട്. കർമ്മല മഠത്തിൽ വിശ്വസ്തതയോടെ ഒമ്പതു വർഷക്കാലം മാത്രം ജീവിച്ച്, ഇരുപത്തിനാലാമത്തെ വയസ്സിൽ മരണമടഞ്ഞ വിശുദ്ധ കൊച്ചുത്രേസ്യയുടെ “സാധാരണ ജീവിത്തിലെ അസാധാരണത്വം,” മരണംവരെ അധികം ആരും തിരിച്ചറിഞ്ഞില്ല.!! പക്ഷേ ഇന്ന് ജനലക്ഷങ്ങൾ ഫ്രാൻസിലെ, “ലിസ്യൂവിലെ കൊച്ചുറാണിയുടെ” മാദ്ധ്യസ്ഥം തേടാൻ കടന്നുവരുന്നു.

തന്റെ ദൈവവിളി “സ്നേഹമാണെന്ന്, പ്രണയമാണെന്ന്,” കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. “കർത്താവ് തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു”. അതേ, അവൾ തിരിച്ചറിഞ്ഞു, കർത്താവിന് അവളോട് ഒത്തിരി ഇഷ്ടമായിരുന്നു, പ്രണയമായിരുന്നു എന്ന്! എന്നിൽ ഒത്തിരി കുറവുകളും, പോരായ്മകളും ഉണ്ടായിട്ടും, എന്നെ ഇഷ്ടപ്പെടാൻ എന്ത് നന്മയാണ് കർത്താവേ നീ കണ്ടിട്ടുള്ളത്, പലപ്പോഴും നമ്മൾ ചോദിച്ചിട്ടില്ലേ? അതേ സുഹൃത്തേ, കർത്താവിന് നിന്നോട് സ്നേഹമാണ്, പ്രണയമാണ്. അതാണ് ഏതു ജീവിതാന്തസ് ആയാലും അതിലേക്കുള്ള നിന്റെ വിളിയുടെ, തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനം! ക്രിസ്തു പറയുന്നു, “നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണു ചെയ്‌തത്‌” (യോഹന്നാന്‍ 15:16).

സത്യത്തിൽ പ്രണയിക്കുന്നവർക്ക് അറിയാം പ്രണയത്തിന്റെ പ്രത്യേകത. “പ്രണയത്തിന് കണ്ണും മൂക്കുമില്ല” എന്നാണ് പറയുന്നത്! ഒരിക്കൽ എനിക്കു പരിചയമുള്ള സുന്ദരിയായ ഒരു പെൺകുട്ടി ഒളിച്ചോടി വിവാഹം നടത്തി. ചെറുക്കനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു. നിനക്കു വേറെ ആരെയും കിട്ടിയില്ലേ? കണ്ടാൽ, കറുത്തുപെടച്ചു, ഒരു കാട്ടുമാക്കാനെ പോലെയുള്ള ഒരു കോന്തൻ!! അവൾ എന്നോട് പറഞ്ഞു, “അവനെന്തിന്റെ കുറവാ? അച്ചൻ ഒരു മാതിരി ബൂർഷാസ്വഭാവം കാണിക്കരുത്! അതേ, പ്രണയം എല്ലാത്തിനെയും വ്യത്യസ്തമായി കാണാൻ പ്രേരിപ്പിക്കും. പ്രണയം തലയ്ക്കു പിടിച്ചാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. പല മക്കളും, പ്രണയത്തിൽ, സ്നേഹത്തിൽ മായം ചേർത്തവരുടെ ചതിക്കുഴികളിൽ വീഴുന്ന ഈ കാലഘട്ടത്തിൽ, യഥാർത്ഥ ദൈവസ്നേഹം തിരിച്ചറിയാൻ പറ്റിയിരുന്നെങ്കിൽ, അവർ തങ്ങളുടെ വിളി ഉപേക്ഷിച്ചു, ദൈവത്തെ ഉപേക്ഷിച്ചു, കാണപ്പെട്ട ദൈവങ്ങളായ മാതാപിതാക്കളെ ഉപേക്ഷിച്ചു, ആരുടെയും പുറകെ പോകില്ലാരുന്നു!

വചനത്തിൽ നാം വായിക്കുന്നുണ്ട്, “സൃഷ്ടികർമ്മം” കഴിഞ്ഞ് ദൈവം പറഞ്ഞു “താന്‍ സൃഷ്‌ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നു” (ഉല്‍പത്തി 1:31). പാറ്റ, ഒച്ച്, പഴുതാര, അച്ചിൾ തുടങ്ങി ഒത്തിരി മെനകെട്ട ജീവികൾ ഉണ്ടായിരുന്നു. അവയെല്ലാം നല്ലതാണ് എന്ന് പറയാൻ ദൈവത്തിന് എങ്ങനെ സാധിച്ചു? “ഏറ്റവും മോശമെന്ന്, ഗുണമില്ലയെന്നു, പ്രത്യക്ഷത്തിൽ തോന്നുന്നവയിലും നന്മയുണ്ട് എന്ന് കണ്ടെത്താൻ കഴിയുന്നതാണ് ആത്മീയത എന്ന് പറയുന്നത്”. അതേ, തീരെ നിസാരമായവയിൽ പോലും നന്മ കണ്ടെത്തിയതായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ യുടെ ആത്മീയത!

കൊച്ചുത്രേസ്യയുടെ ജീവിതം നൊമ്പരങ്ങളും, വേദനകളും, സങ്കടങ്ങളും നിറഞ്ഞതായിരുന്നു. കുഞ്ഞുനാളിലെ സ്വന്തം അമ്മയുടെ വേർപാട് അവളെ ഒത്തിരിയേറെ തളർത്തി. പിന്നീട് “പതിനഞ്ചാം വയസ്സിൽ” കർമ്മല മഠത്തിൽ ചേരാൻ പല തടസ്സങ്ങളും അവൾക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. കർമ്മല മഠത്തിലെ ജീവിതം പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല. തെറ്റിദ്ധാരണകളും, കുത്തുവാക്കുകളും, ക്ഷയരോഗവും ആ ജീവിതത്തിൽ ഉണ്ടായിരുന്നു. സ്വന്തം പിതാവ് മാനസിക രോഗിയായി വീട്ടിൽനിന്നും ഇറങ്ങിപ്പോയ വിവരം കേട്ടപ്പോൾ, എത്രമാത്രം മാനസികമായി തകർന്ന അവസ്ഥയിലായിരിക്കണം അവൾ ആ കർമ്മല മഠത്തിന്റെ ചുമരിനുള്ളിൽ ജീവിച്ചത്! പക്ഷേ, എല്ലാം ദൈവ സ്നേഹത്തെ പ്രതി അവൾ സ്വീകരിച്ചു. എന്തെന്നാല്‍, സ്വര്‍ണം അഗ്‌നിയില്‍ശുദ്‌ധിചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയില്‍ കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും (പ്രഭാഷകന്‍ 2:5).

ആത്മാവിനെ ഇരുണ്ട രാത്രിയിലൂടെ കടന്നു പോയപ്പോൾ, ദൈവവിശ്വാസം പോലും നഷ്ടപ്പെടുന്ന മാനസിക ക്ഷതങ്ങളുണ്ടായപ്പോൾ, അവൾ നോക്കിയത് കുരിശിലെ ഈശോയിലേക്ക് ആയിരുന്നു. കാരണം കുരിശിലെ ഈശോയ്ക്കുമുണ്ടായിരുന്നു ഒത്തിരിയേറെ ക്ഷതങ്ങൾ! ഒറ്റിക്കൊടുത്ത യൂദാസ്, തള്ളിപ്പറഞ്ഞ പത്രോസ്, ഓടിയൊളിച്ച മറ്റു ശിഷ്യന്മാർ, അവനെ ക്രൂശിലേറ്റുകയെന്നു അലമുറയിടുന്ന ജനം, എന്നിട്ടും പാതിവഴിയിൽ ക്രിസ്തു കുരിശു ഉപേക്ഷിക്കുന്നില്ല. തന്റെ ജീവിതദൗത്യം മനസ്സിലാക്കിയപ്പോൾ ക്രിസ്തു സ്നേഹത്തോടെ ആ കുരിശുകൾ ഏറ്റെടുത്തു. അങ്ങനെ “അവന്റെ ക്ഷതങ്ങളാൽ നാം സൗഖ്യം ഉള്ളവരായി”. അതുപോലെ തന്റെ സഹനങ്ങളെല്ലാം ആത്മാക്കളെ നേടാൻ കൊച്ചുത്രേസ്യ കുരിശിൽ ചേർത്തു സമർപ്പിച്ചു.

സുഹൃത്തേ, നാം ആയിരിക്കുന്ന അവസ്ഥയിൽ വിശുദ്ധരാകാൻ നമുക്ക് കഴിയും എന്ന് കൊച്ചുത്രേസ്യ ഓർമ്മപ്പെടുത്തുമ്പോൾ, നമ്മുടെ സ്വപ്നങ്ങളും പ്രാർത്ഥനകളും വിശുദ്ധ കൊച്ചുത്രേസ്യയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. നിന്റെ ജീവിതത്തിലെ വിട്ടുമാറാത്ത രോഗം, തീരാത്ത കടബാധ്യത, തോരാത്ത കണ്ണീർ, ദൈവം പോലും കൈവിട്ടു എന്ന് കരുതുന്നു ജീവിത നൊമ്പരങ്ങൾ എല്ലാം സമർപ്പിക്കാം.

“എന്റെ ദൈവവിളി സ്നേഹമാണെന്ന് കണ്ടെത്തിയവൾ നമ്മെ ഓർമ്മപ്പെടുത്തുന്നു, നിന്റെ നിസാരതകളും, നിസ്സഹായതകളും അറിയുന്ന നിന്റെ ദൈവത്തിന്, നിന്നോട് ഒത്തിരി ഇഷ്ടമാണ്”. അതാണ് നിന്റെ വിളിയുടെ അടിസ്ഥാനം. വിശ്വസ്തൻ ആയിരിക്കുക, ദൈവം നിന്നെ ഉയർത്തും. ഒപ്പം, അനുദിന ജീവിതത്തിലെ നിസ്സാരകാര്യങ്ങൾ പോലും ദൈവസ്നേഹത്തെ പ്രതി ചെയ്യുക. തീർച്ചയായും നീയും സ്വർഗ്ഗത്തിൽ എത്തിച്ചേരും! നമ്മുടെ സ്വർഗ്ഗയാത്രയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ മദ്ധ്യസ്ഥം നമ്മെ സഹായിക്കട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker