Articles

വിശുദ്ധ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥവും വഞ്ചിസ്ക്വയറില്‍ ഓടിക്കളിച്ച ലൂസിഫറിന്റെ കുഞ്ഞുങ്ങളും

വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധിക്ക് മുന്നില്‍ പൈശാചിക ആഭാസങ്ങളുടെ നിഴലുകള്‍ മാഞ്ഞുപോയി...

ഫാ.നോബിൾ തോമസ് പാറക്കൽ

പ്രഹസനത്തിന്റെ പ്രകമ്പനങ്ങള്‍ക്ക് വിരാമം വീഴുന്ന ഈ സന്ധ്യയില്‍ പ്രിയമുള്ളവരെ നമുക്ക് ദൈവത്തിന് നന്ദി പറയാം. ആസന്നമായ വസന്തത്തിന്റെ ഇടിമുഴക്കത്തിനുശേഷം കോരിച്ചൊരിഞ്ഞ മഴയും പെയ്തു. എല്ലാം ശുഭം.

വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധിക്ക് മുന്നില്‍ പൈശാചിക ആഭാസങ്ങളുടെ നിഴലുകള്‍ മാഞ്ഞുപോയി. വഞ്ചിസ്ക്വയറില്‍ സഭാശത്രുക്കള്‍ പൊരിവെയിലില്‍ വിയര്‍പ്പൊഴുക്കിയപ്പോള്‍ ഒഴിഞ്ഞ കസേരകള്‍ക്കിടയിലൂടെ ലൂസിഫറിന്റെ കുഞ്ഞുങ്ങള്‍ ഓടിക്കളിച്ചു. പൈശാചികവും സഭാവിരുദ്ധവും നിരീശ്വരവാദപരവും വര്‍ഗ്ഗീയവുമായ അജണ്ടകളാല്‍ സഭക്കെതിരേ ഒരുമിച്ച സകല വിപ്ലവസിംഹങ്ങളും വാചകമടിക്ക് കയ്യടിക്കാന്‍ പോലും ആളെക്കിട്ടാതെ സൈഡുവഴി ഓടിപ്പോയി.

തിരുസ്സഭയുടെ മക്കള്‍ ഓര്‍മ്മിക്കേണ്ട ചില വസ്തുതകളുണ്ട്…

സഭയോ സഭാനേതൃത്വമോ അറിഞ്ഞുകൊണ്ട് ഇന്നേവരെ അധാര്‍മ്മികതക്ക് ഒത്താശചെയ്തിട്ടില്ല. അതിനര്‍ത്ഥം തിരുസ്സഭക്കും സഭാനേതൃത്വത്തിനും പാളിച്ചകളുണ്ടായിട്ടില്ലായെന്നല്ല. മാനുഷികമായ ബലഹീനതകള്‍ സഭയുടെ ജീവിതത്തോടൊപ്പം നിഴലായി എപ്പോഴുമുണ്ട്. സഭാനേതൃത്വത്തോട് വിരോധമുള്ളവര്‍ ഇത്തരം വീഴ്ചകളുടെ ഭാരമെല്ലാം ഇന്നത്തെ സഭാനേതൃത്വത്തിലേക്കാരോപിച്ചുകൊണ്ട് സഭാനേതൃത്വത്തിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കാനുള്ള കുത്സിതശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പലവേദികളിലും ഇത് ഞാന്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ്. നോക്കുക, അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇക്കൂട്ടര്‍ കൂട്ടിക്കൂട്ടിയടിക്കുന്ന ബനഡിക്ട് ഓണംകുളത്തച്ചന്റേതടക്കമുള്ള പല ശതകങ്ങളിലെ വൈദികരുടെ ചിത്രങ്ങള്‍.

ഇന്നലകളുടെ കഥകള്‍ പറഞ്ഞ് ഇന്നുകള്‍ നശിപ്പിക്കുകയും, ഇന്നുകള്‍ നശിക്കുന്നത് വഴി ഭാവിയെ ഭരിക്കുകയും ചെയ്യുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം.

ദൈവികമായത് തുടച്ചുമാറ്റി ഭരണം സ്ഥാപിക്കാനാഗ്രഹിക്കുന്നത് പിശാചും അവന്റെ കൈക്കാരന്മാരുമാണ്.
അവര്‍ സുതാര്യത എന്ന വാക്കുപയോഗിക്കും… തങ്ങള്‍ നീതിമാന്മാരാണെന്ന് സ്ഥാപിക്കാന്‍ നിരന്തരം നുണകള്‍ പറയും… അതിനുവേണ്ടി സ്വന്തമായി ചിലപ്പോള്‍ സൗണ്ട്സിന്റെ കട തന്നെ നടത്തും… നീതി, നീതി, നീതിയെന്ന് ഉച്ചൈസ്ഥരം ഉദ്ഘോഷിക്കും…

പക്ഷേ, അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്….

അതുകൊണ്ട് പ്രിയമുള്ളവരെ, സത്യസഭയോട് – അവള്‍ക്ക് കുറവുകളുണ്ടെങ്കിലും നമുക്ക് ചേര്‍ന്ന് നില്‍ക്കാം. കുറവുകളെ പരിഹരിക്കാന്‍ മിശിഹാതന്നെ നല്കിയിട്ടുള്ള സഭാത്മകമായ വേദികള്‍ ഉപയോഗപ്പെടുത്താം…

തീവ്രവാദ-വര്‍ഗീയ-നിരീശ്വരവാദശക്തികളുടെയും സംഘടനകളുടെയും പിന്തുണയില്‍ ക്രിസ്തുവിന്റെ സഭയില്‍ ഒരനക്കം പോലും സൃഷ്ടിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

സഭയെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയില്‍ ഈജ്പിതിലെ മരുഭൂമി പോലെ വിജനമായിപ്പോയ ശവപ്പറന്പുകള്‍ ഇന്ന് നമുക്ക് ദൈവപരിപാലനയുടെ അടയാളമായിത്തീരുന്പോള്‍ നാളെ ഭാരതസഭക്ക് ലഭിക്കുന്ന സന്യാസസൂനം വിശുദ്ധ മറിയം ത്രേസ്യയെപ്രതി നമുക്ക് ദൈവത്തിന് നന്ദിപറയാം. ഇന്ന് മറിയം ത്രേസ്യയുടെ പ്രത്യേക പ്രാര്‍ത്ഥന കേരളസഭയെ സഹായിച്ച ദിനമാണ്. ഇന്നത്തേതെല്ലാം അമ്മയുടെ മാദ്ധ്യസ്ഥത്തിന് സമര്‍പ്പിക്കപ്പെട്ടിരുന്നു – പല കേന്ദ്രങ്ങളില്‍…

സന്യാസജീവിതത്തിന്റെ വിശുദ്ധശബ്ദമായി, ഇടിമുഴക്കമായി, മറിയം ത്രേസ്യയെ തിരുസഭ ഉയര്‍ത്തിനിര്‍ത്തുന്പോള്‍ അത് മഠങ്ങളെ വേശ്യാലയങ്ങളെന്ന് വിശേഷപ്പിച്ചവരുടെ പുറത്ത് പതിക്കുന്ന മിശിഹായുടെ ചാട്ടയാണ്. അവന്‍ ദേവാലയത്തില്‍ നിന്ന് പുറത്തെറിഞ്ഞ നാണയമാറ്റക്കാരുടെ മേശവലിപ്പിലാണ് കണ്ണീര്‍ മഠങ്ങളുടെ സ്ഥാനം. . . അത് മൃഗമാലിന്യങ്ങളോടൊപ്പം തെരുവിലുപേക്ഷിക്കപ്പെടും. ദേവാലയത്തില്‍ മറിയം ത്രേസ്യയും അവളെപ്പോലെ സന്യാസം വിശുദ്ധമായി ജീവിക്കുന്നവരും ക്രോവേന്മാരുടെ ആയിരങ്ങളോടും സ്രാപ്പേന്മാരുടെ പതിനായിരങ്ങളോടുമൊപ്പം സ്ത്രോത്രഗീതം ആലപിക്കുന്പോള്‍ അത്താഴമേശയില്‍ പങ്കുപറ്റിയിട്ട് തെരുവിലേക്കിറങ്ങിയപ്പോയവര്ഡ ഒഴിഞ്ഞ കസേരകളുടെ ശിഖരങ്ങളില്‍ ഏകാന്തതയുടെ വിലാപകാവ്യങ്ങളാലപിച്ചുകൊണ്ടിരിക്കും.

ക്രിസ്തുവിന്റെ സഭ പത്രോസിന്റെ പാറമേലാണ് പണിയപ്പെട്ടിരിക്കുന്നതെന്നും നഗരകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ലെന്നും കര്‍ത്താവ് കേരളസഭയെ പഠിപ്പിക്കുന്ന സുന്ദരസായാഹ്നത്തില്‍ നമുക്കൊരുമിച്ച് ദൈവത്തിന് നന്ദി പറയാം. വിശുദ്ധ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥം യാചിക്കാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker