Daily Reflection

വിശുദ്ധ ലോറൻസ്

വിശുദ്ധ ലോറൻസ്

വിശുദ്ധ ലോറൻസിന്റെ  രക്തസാക്ഷിത്വ സ്മരണ, ഒരു തിരുനാളിലൂടെ തിരുസഭ ഓഗസ്റ്റ് 10-ന് ആഘോഷിക്കുകയാണ്. വിശുദ്ധന്റെ  നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന ഏവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.

മൂന്നാം നൂറ്റാണ്ടിന്റെ  മധ്യകാലത്ത് സിക്സ്റ്റസ്  രണ്ടാമൻ മാർപാപ്പയുടെ കീഴിൽ റോമാ സഭയിൽ ശുശ്രൂഷ ചെയ്തിരുന്ന ഏഴു ഡീക്കന്മാരിൽ  പ്രധാനിയായിരുന്നു വിശുദ്ധ ലോറൻസ്. എ.ഡി. 258-ൽ വലേറിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് ലോറൻസ് ബന്ധനസ്ഥൻ  ആവുകയും, തുടർന്ന് രക്തസാക്ഷിത്വംവരിച്ചതായി ഈ വിശുദ്ധനന്റെ  ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രക്തസാക്ഷികളുടെ ഗണത്തിൽ വിശുദ്ധ ലോറൻസിന് സമുന്നതമായ സ്ഥാനവും അംഗീകാരവും സഭാപിതാക്കന്മാർ നൽകിയിരുന്നുവത്രേ.

വിശുദ്ധ ലോറൻസിന്റെ  തിരുന്നാൾ തിരുസഭ ആഘോഷിക്കുമ്പോൾ ഈ ധന്യ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നടത്തി, ഈ  വിശുദ്ധന്റെ  ജീവിതത്തിൽ പ്രകടമായിരുന്ന യേശുവിലുള്ള വിശ്വാസത്തെയും സ്നേഹത്തിൻറെ യും സമർപ്പണത്തിന്റെയും  സവിശേഷതകൾ നാം സ്വന്തമാക്കി, വിശുദ്ധന്റെ ജീവിതമാതൃകകൾ അനുകരിക്കുവാൻ തിരുസഭ നമ്മോട് ആഹ്വാനം ചെയ്യുന്നു.

വിശുദ്ധരായ തോമസ് അക്വിനാസിന്റെയും അഗസ്തിനോസിന്റെയും പരാമർശങ്ങളിൽ നിന്നാണ് വിശുദ്ധ ലോറൻസിന്റെ രക്തസാക്ഷിത്വത്തിന്റെ  സാരാംശം നമുക്ക് ഗ്രഹിക്കുവാൻ കഴിയുക.  യേശുവിനോടുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കാനുള്ള ആവേശവും സാഹസ്വികതയുംവിശുദ്ധ ലോറന്സിനു  സമ്മാനിച്ച വചനഭാഗം യോഹ. 3 :16 ആണെന്ന് വിശുദ്ധ അഗസ്തീനോസ് ചൂണ്ടിക്കാണിക്കുന്നു.
“യേശു സ്വന്തം ജീവൻ നമുക്ക് വേണ്ടി പരിത്യജിച്ചു എന്നതിൽ നിന്നും സ്നേഹം എന്തെന്ന് നാം അറിയുന്നു. നമ്മളും സഹോദരർക്ക് വേണ്ടി ജീവൻ പരിത്യജിക്കുവാൻ കടമപ്പെട്ടിരിക്കുന്നു (1 യോഹന്നാൻ 3 : 16). രക്തസാക്ഷിത്വം എന്നത് യേശുവിലുള്ള വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാക്കുവാനും, ജീവിതത്തിലൂടെ അതിനെ സംരക്ഷിക്കുവാനും സാക്ഷ്യപ്പെടുത്തുവാനുമുള്ള ധീരതയും, ഇതിനെ തകർക്കുന്ന എല്ലാ ഘടകങ്ങളെയും ത്യജിക്കുവാനും ഈ മൂല്യങ്ങൾക്ക് വേണ്ടി ജീവൻ ഹോമിക്കുവാനുമുള്ള അതിസ്വാഭാവികമായ ആത്മീയ സന്നദ്ധതയുമാണ് രക്ത സാക്ഷിത്വമെന്ന് സഭാ പണ്ഡിതനായ വിശുദ്ധ തോമസ് അക്വീനാസ് വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനത്തിന്റെ  പൂർണതയും പൂർത്തീകരണവും യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ലോറൻസിൽ നമുക്ക് ദർശിക്കുവാൻ കഴിയുന്നു എന്ന്  വിശുദ്ധ തോമസ് അക്വീനാസ് അഭിപ്രായപ്പെടുന്നു.

ധീരതയാർന്ന ഈ വിശ്വാസ സാക്ഷ്യത്തിന്റെ ഈരടികൾ, ചുട്ടുപഴുത്ത ഇരുമ്പ് ചട്ടിയിൽ വിതറിയ കൽക്കരി തീകനലിൽ വിശുദ്ധന്റെ നഗ്നശരീരം പീഢിപ്പിച്ചവർ വറക്കുമ്പോഴും, വിശുദ്ധ  ലോറൻസ് തൻറെ അധരങ്ങളിലൂടെ ഇപ്രകാരം പ്രാർത്ഥനാപൂർവ്വം പ്രഘോഷിച്ചിരുന്നു. “ദൈവമേ ! ഞാൻ എന്നെതന്നെ മാധുര്യത്തിന്റെ പരിമളമായ് അങ്ങേയ്ക്ക് സന്തോഷത്തോടെ സമ്പൂർണ്ണ സമർപ്പണം ചെയ്യുന്നു”. മരണാസന്നനായവിശുദ്ധൻ ഇപ്രകാരം വിളിച്ചുപറഞ്ഞതായി പാരമ്പര്യങ്ങൾ സാക്ഷ്യപെടുത്തുന്നു. “ഓ ദൈവമേ !ഞാൻ നിനക്ക് നന്ദി അർപ്പിക്കുന്നു. ഈ പൊള്ളുന്ന അഗ്നികുണ്ഡത്തിൽ കിടന്നുകൊണ്ട് നിന്നിലുള്ള വിശ്വാസം ഞാൻ പ്രഖ്യാപിക്കുന്നു, നിനക്ക് സാക്ഷ്യംവഹിക്കുന്നു. ഇത്തരം അസഹനീയമായ യാതനകളിലൂടെ സ്വർഗ്ഗ സൗഭാഗ്യത്തിന് എന്നെ യോഗ്യനാക്കുന്നതിന് ദൈവമേ ! ഞാൻ നിനക്ക് നന്ദിയർപ്പിക്കുന്നു. “പീഡനങ്ങളുടെയും സഹനങ്ങളുടെയും നിമിഷങ്ങളിലും മരണവുമായിമല്ലടിക്കുന്ന വിനാഴികയിലും യേശുവിലുള്ള വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാത്ത വിശുദ്ധ ലോറൻസിന്റെ  ആത്മീയ ധീരത നമുക്ക് അനുകരണീയമായ മാതൃകയായി നിലകൊള്ളുന്നുവെന്ന് സാരം.

യേശുവിൻറെ അനുയായികളായ നമുക്ക് വിശ്വാസത്തിന്റെ, സാഹോദര്യത്തിന്റെ, സമർപ്പണത്തിന്റെ,ത്യാഗത്തിന്റെ, സഹനത്തിന്റെ മേഖലകളിൽ യേശുവിന് സാക്ഷ്യം വഹിക്കാനുള്ള സുവർണാവസരങ്ങൾ പാഴാക്കാതിരിക്കുവാൻ വിശുദ്ധ ലോറൻസിന്റെ  ജീവിത മാതൃക നമുക്ക് സഹായകരമാകട്ടെ. വിശുദ്ധ ലോറൻസിന്റെ  കാൽപ്പാടുകളെ പിൻചെന്നു ജീവിതവിശുദ്ധി പ്രാപിക്കുവാൻ ഈ  അനുസ്മരണം നമുക്ക് ശക്തിപകരട്ടെ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker