Kerala

ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം; പൈശാചികമായ ചാവേർ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിക്കുന്നു; ആർച്ച് ബിഷപ്പ് സൂസൈപാക്യം

ചാവേർ ആക്രമണം നടന്ന ഇടങ്ങളെല്ലാം തന്നെ കത്തോലിക്കർ തിങ്ങി നിറഞ്ഞ പ്രദേശമാണ്

ഫാ.ദീപക് ആന്റോ

തിരുവനന്തപുരം: ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പൈശാചികമായ ചാവേർ ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ചും തിരുവനതപുരം അതിരൂപതാ ആർച്ച് ബിഷപ്പ് സൂസൈപാക്യത്തിന്റെ വാക്കുകൾ. ശ്രീലങ്കയിൽ കൊല്ലപ്പെട്ടവർക്കുവേണ്ടിയുള്ള പ്രാർത്ഥനാചടങ്ങുകളും ഐക്യദാർഢ്യപ്രഖ്യാപനവും തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പാളയം കത്തീഡ്രലിൽ സംഘടിപ്പിച്ചപ്പോൾ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

അഭിവന്ദ്യ ലത്തീൻ അതിരൂപതാ മെത്രാപ്പോലീത്താ സൂസപാക്യം നേതൃത്വം നൽകിയ ചടങ്ങുകൾക്ക് മോൺ.നിക്കോളാസ്, ഫാ.ഡൈസൻ, ഫാ.രജീഷ്, ഫാ.മനീഷ്, ഫാ.ഷൈനീഷ്, ഫാ.ദീപക് തുടങ്ങിയവരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.

മൂന്ന് ദേവാലയങ്ങൾ; രണ്ട് കത്തോലിക്കാ ദേവാലയങ്ങളും ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയവും ചാവേർ ആക്രമണത്തിലൂടെ തകർത്തു. നൂറ് കണക്കിന് വിശ്വാസികൾ മരിച്ചു. ഇപ്പോൾ ഏറ്റവും ഒടുവിലത്തെ
കണക്കനുസരിച്ച് മരണസംഖ്യ 290 ലധികം കഴിഞ്ഞു. മാരകമായ പരിക്കുകളോടെ വേദന കടിച്ചമർത്തി നൂറ് കണക്കിന് ആൾക്കാൾ ആക്രമണത്തിന്റെ അവശത അനുഭവിക്കുന്നു. പത്രങ്ങളിൽ വാർത്ത വന്നപ്പോൾ തന്നെ ഈ സംഭവങ്ങളെല്ലാം എന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും, ഏതാനും കൊല്ലങ്ങൾക്കു മുൻപ് ശ്രീലങ്കയിലെ സന്ദർശന സമയത്ത് നമ്മുടെ തീരപ്രദേശം പോലൊരു പ്രതീതിയാണ് തനിക്ക് ഉണ്ടായതെന്നും, ഇപ്പോൾ ചാവേർ ആക്രമണം നടന്ന ഇടങ്ങളെല്ലാം തന്നെ കത്തോലിക്കർ തിങ്ങി നിറഞ്ഞ പ്രദേശമാണെന്നും, അവരുടെ വിശ്വാസം കണ്ട് താൻ അതിശയിച്ചു പോയിയെന്നും, ആ ജനങ്ങളാണല്ലോ ഇന്ന് ദുഃഖിതരായി കാണപ്പെടുന്നതെന്ന് ചിന്തിക്കുമ്പോൾ അത് ഓർക്കാനേ സാധിക്കുന്നില്ലയെന്നും, വിശ്വാസത്തിനുവേണ്ടി ജീവൻ നൽകിയവർക്ക് ദൈവം നിത്യശാന്തി നൽകട്ടെയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

കൊളംബോയുടെ ആർച്ചുബിഷപ്പ് ഈ ദുരന്തത്തിൽ എന്തുമാത്രം ക്ലേശവും വേദനയും അനുഭവിക്കുന്നുണ്ടാകും എന്ന് മനസ്സിലാക്കാൻ സാധിക്കും. അവിടത്തെ സഭയ, കൊളംബോയിലെ സഭയെ, ശ്രീലങ്കയിലെ സഭയെ മുഴുവൻ നമുക്ക് ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം. അവരുടെ കൂടെ ആയിരുന്നു കൊണ്ട് അവർക്ക് ആശ്വാസവും ധൈര്യവും നൽകി അവരെ സമാശ്വസിപ്പിക്കണമേയെന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. ഈ പൈശാചികമായ പ്രവർത്തനത്തെ അങ്ങേയറ്റം അപലപിക്കുന്നു. അതേസമയം, നമ്മുടെ പ്രവർത്തനങ്ങളിൽ ക്രീസതീയമായ സ്നേഹം സാക്ഷ്യം വഹിച്ചുകൊണ്ട്, നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചു കൊണ്ട്, കർത്താവിന് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാം. ഈ ദിവസം പ്രത്യേകിച്ച് നമ്മുടെ പ്രാർത്ഥനകളിൽ മരിച്ചുപോയ നമ്മുടെ സഹോദരങ്ങളെ ഓർമിക്കാം. മരണമടഞ്ഞതിൽ മിക്കവാറും എല്ലാവരും തന്നെ കത്തോലിക്കരാണ്. അവർക്കു വേണ്ടി നമുക്ക് ഒന്നുചേരാം. അവരുടെ കുടുംബങ്ങളുടെ ഭാവിയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം, തീർച്ചയായും ഈ പൈശാചികമായ ചാവേർ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിക്കുന്നു, ആർച്ച് ബിഷപ്പ് പറഞ്ഞു. അതുപോലെതന്നെ, തിരുവനതപുരം അതിരൂപതയുടെ അനുശോചനവും, സാന്നിധ്യവും അവിടത്തെ ആർച്ചുബിഷപ്പിനെ അറിയിക്കുന്നതാണെന്നും അറിയിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളിൽ ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനുള്ള ഒരുക്കങ്ങൾ ചെയ്തത് അതിരൂപതാ മീഡിയാ കമ്മീഷൻ അംഗങ്ങളാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker