World

സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി (SMC) ക്ക് പുതിയ മദർ ജനറൽ

എറണാകുളം-അങ്കമാലി രൂപതാംഗമാണ് സിസ്റ്റർ മരിയ സ്പെരാൻസ...

സി.മരിയ ദാരിയ SMC

ജെനോവ: കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർക്ക് (സിസ്റ്റേഴ്സ് ഓഫ് മൗണ്ട് കാൽവരി) വീണ്ടും കേരളത്തിൽ നിന്നൊരു മദർ ജനറൽ. എറണാകുളം-അങ്കമാലി രൂപതാംഗമായ സിസ്റ്റർ മരിയ സ്പെരാൻസയാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ തലപ്പത്തേയ്ക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2014 മുതൽ മദർ ജനറലായിരുന്ന മദർ മരിയ എമ്മാനുവേല കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം.

എറണാകുളത്തെ മൂക്കന്നൂർ സെന്റ് മേരീസ് ദേവാലയ അംഗമായ സി.മരിയ സ്പെരാൻസ 1984-ലാണ് ഇറ്റലിയിലേക്ക് സേവനത്തിനായി വന്നത്. തുടർന്ന്, 1994-ൽ നിത്യവ്രത വാഗ്ദാനം നടത്തിയ സി.സ്പെരാൻസ ഇറ്റലിയിൽ നേഴ്‌സിങ് പഠനം പൂർത്തിയാക്കി. മാനസിക വൈകല്യമുള്ള കുട്ടികളെ ശുശ്രൂഷിക്കുന്നതിൽ വ്യാപൃതയായിരിക്കുമ്പോഴാണ് പുതിയ സേവന മേഖലയിലേക്ക് സിസ്റ്റർ തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

“ദരിദ്രരിൽ ദൈവത്തെ സേവിക്കുക” എന്ന ലക്ഷ്യത്തോടെ അനാഥരായ പതിനഞ്ച് പെൺകുട്ടികളോടൊപ്പം ജെനോവയിലെ “മൗണ്ട് കാൽവരി” എന്ന കോൺവെന്റിലേയ്ക്ക് പ്രവേശിച്ചതോടെ വിശുദ്ധ വിർജീനിയ ആരംഭിച്ചതാണ് കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാരുടെ സഭ. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രോഗികളെ ശുശ്രൂഷിക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക, യുവജനങ്ങൾക്ക് പരിശീലനം നൽകുക തുടങ്ങിയ മേഖലകളിൽ വ്യാപൃതരായിരിക്കുന്ന കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ ഇന്ത്യയിൽ മുംബൈ, തൃശൂർ രൂപതകളിലായി വിദ്യാഭ്യാസം, ആതുരശുശ്രൂഷാ മേഖലകളിൽ സേവനം ചെയ്യുന്നുണ്ട്.

1629-ൽ പൊട്ടിപ്പുറപ്പെട്ട പ്ളേഗ് മഹാമാരിയുടെ സമയത്ത് ഇറ്റലിയിലെ ജെനോവയ്ക്കും സമീപ പ്രദേശങ്ങൾക്കും അത്താണിയായി തീർന്നത് വിശുദ്ധ വിർജീനിയായും സഹോദരിമാരുമായിരുന്നു. തുടർന്നാണ് “കാൽവരിയിലെ അഭയനാഥയുടെ സഹോദരിമാർ” എന്ന് വിർജീനിയായുടെ സന്യാസ സഹോദരിമാർ അറിയപ്പെട്ടുതുടങ്ങിയത്. 2003 മെയ് 18-ന് വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയർത്തപ്പെട്ട വിശുദ്ധ വിർജീനിയായുടെ ശരീരം ഇപ്പോഴും അഴുകാതെ ജെനോവയിലെ മഠത്തിലുണ്ട്.

ദേവസി-മേരി ദമ്പതികളുടെ ആറ് മക്കളിൽ മൂന്നാമത്തെ മകളാണ് സി.മരിയ സ്പെരാൻസ. ജോയി, ജോൺസൺ, സിസ്റ്റർ ഷെബി (ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സഭാംഗം), മാർട്ടിൻ, ജിജി എന്നിവരാണ് സഹോദരങ്ങൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker