Kazhchayum Ulkkazchayum

സ്വർഗ്ഗവും നരകവും

എല്ലാ രാജ്യങ്ങൾക്കും യുദ്ധം ഒരു ഹിഡൻ അജണ്ടയാണ്...

ഒരിക്കൽ വീരശൂര പരാക്രമിയും ആരോഗദൃഢഗാത്രനും സുമുഖനുമായ ഒരു പടയാളി വന്ദ്യവയോധികനായ ഒരു സന്യാസ വര്യന്റെ മുമ്പിൽ കുതിരപ്പുറത്ത് നിന്ന് ഇറങ്ങി ഭവ്യതയോടെ വണങ്ങി. സന്യാസി ധ്യാനത്തിൽ ആയിരുന്നു. കുറച്ചുസമയം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. പടയാളിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. കാരണം, കുറച്ചു നാളായി ഉറക്കം ശരിയായി കിട്ടുന്നില്ല. സമയത്തും അസമയത്തും ഉറക്കത്തിൽനിന്ന് ഞെട്ടിയുണരും. സേനാനായകന്റെ നിർദ്ദേശപ്രകാരം കൊന്നൊടുക്കിയ മനുഷ്യരുടെ ശിരസ്സറ്റ ശവശരീരങ്ങൾ കൂട്ടത്തോടെ വന്ന് തന്റെ കഴുത്ത് ഞെരിക്കുന്നതായും, തന്നെ ഒരായിരം കഷണങ്ങളാക്കി സന്തോഷിക്കുന്നതായും കാണുമ്പോൾ നിലവിളിച്ചുകൊണ്ട് ഉണരുന്നു. ചുരുക്കത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ടു.

ചെറുപ്പത്തിൽ കുടുംബത്തിൽ നിന്ന് കിട്ടിയ ഈശ്വരവിശ്വാസവും ശീലങ്ങളും യുവത്വത്തിന്റെ തിളപ്പിൽ കൈമോശം വന്നിരിക്കുന്നു. എങ്കിലും, വെട്ടിപ്പിടിക്കാനും, കീഴ്പ്പെടുത്താനും, അധീശത്വം പുലർത്താനുമുള്ള “ത്വര” മുന്നോട്ട് കുതിക്കുകയാണ്. ഇപ്പോൾ പടയാളിയെ അലട്ടുന്നത് ചില ചോദ്യങ്ങളാണ്. ദൈവം ഉണ്ടോ? സ്വർഗ്ഗവും നരകവും ഉണ്ടോ? പ്രാർത്ഥിച്ചാൽ മനസ്സമാധാനം കിട്ടുമോ? സന്യാസി തന്റെ ജ്ഞാനദൃഷ്ടി കൊണ്ട് ഈ പടയാളിയുടെ മാനസികാവസ്ഥയും ചിന്തകളും വായിക്കുന്നുണ്ടായിരുന്നു. സന്യാസി മെല്ലെ ധ്യാനത്തിൽ നിന്നുണർന്നു. മുന്നിൽ നിൽക്കുന്ന പടയാളിയെ അടിമുടി വീക്ഷിച്ചു. ചോരമണക്കുന്ന മണമുള്ള മനുഷ്യൻ. കരയിൽ വിശ്രമിക്കുന്ന വാളിനും, അയാളുടെ അഹന്തക്കും ചോരയുടെ ഗന്ധം.

സന്യാസി അയാളെ കണ്ണ് കാട്ടി മുൻവശത്ത് കിടക്കുന്ന പീഠത്തിൽ ഇരിക്കാൻ നിർദ്ദേശിച്ചു. പടയാളി പറഞ്ഞു, ക്ഷമിക്കണം, എനിക്കൊരു അല്പം ധൃതി ഉണ്ട്. ചില ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ ഞാൻ മടങ്ങി പൊയ്ക്കോളാം. സന്യാസി മന്ദഹസിച്ചു. ഈ ചെറുപ്പക്കാരന്റെ അഹംഭാവത്തെ (ego), അഹങ്കാരത്തെ, അധമഭാവത്തെ തകർക്കാതെ താൻ പറയുന്നതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ല എന്ന് സന്യാസിയും മനസ്സിൽ കുറിച്ചിട്ടു. പടയാളി സ്വയം പരിചയപ്പെടുത്തി. ഞാൻ ഒരു പടയാളിയാണ്! സന്യാസി അത് കേട്ട ഉടനെ പ്രതികരിച്ചു; കണ്ടിട്ട് ഒരു പിച്ചക്കാരനെ പോലെ തോന്നുന്നു. പെട്ടെന്ന് പടയാളി വാൾ ഉറയിൽ നിന്ന് വലിച്ചൂരി. ഉടനെ സന്യാസി മന്ദഹസിച്ചു കൊണ്ട് പറഞ്ഞു “ഇതാണ് നരകം”… അതെ, നിങ്ങളുടെ മനസ്സിൽ അസ്വസ്ഥത ഉണ്ടാക്കുന്ന ചോദ്യത്തിന്റെ ഉത്തരം. ഇത് കേട്ട ഉടനെ പടയാളി വാൾ ഉറയിൽ ഇട്ടു. സന്യാസി പറഞ്ഞു, നിങ്ങളെ അലട്ടുന്ന സംശയത്തിനുള്ള ഉത്തരവുമായി… അതെ… “ഇതാണ് സ്വർഗം”! താൻ ചോദിക്കാതെ, വെളിപ്പെടുത്താതെ, തന്റെ മനസ്സ് വായിച്ചറിഞ്ഞ് ഉത്തരം നൽകുന്ന സന്യാസവര്യന്റെ മുൻപിൽ പടയാളി ചമ്രം പടിഞ്ഞിരുന്നു!

വരികൾക്കിടയിലൂടെ വായിച്ചാൽ ചില യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാൻ കഴിയും. നമ്മുടെ “സ്വാർത്ഥത”യിൽ മറ്റുള്ളവർ കൈവെച്ചാൽ നമ്മുടെ തനിസ്വരൂപം പുറത്തുവരും. പ്രശ്നങ്ങളും പ്രകോപനങ്ങളും സൃഷ്ടിക്കും. നമ്മുടെ ഹൃദയത്തിൽ ഈശ്വരനു സ്ഥാനം നൽകണമെങ്കിൽ; നന്മയും, നീതിയും, കരുണയും പ്രാവർത്തികമാക്കണമെങ്കിൽ; ഹൃദയത്തിൽനിന്ന് അഹന്തയും, അഹങ്കാരവും, ഹുങ്കും, പൊങ്ങച്ചവും, ദുരഭിമാനവും ഒഴിവാക്കണം. സുകൃതങ്ങളിലൂടെ ദൈവത്തിനുള്ളിൽ പ്രവേശിക്കാനുള്ള വഴി ഒരുക്കണം. നാം യുദ്ധങ്ങളുടെയും, യുദ്ധഭീഷണികളുടെ ഉഗ്രമായ പ്രഹരശേഷിയും സംഹാര ശക്തിയുമുള്ള “ആയുധപ്പുര”കളുടെ മുകളിലാണ് കഴിയുന്നത്. മനുഷ്യ ജീവനെയും, സംസ്കാരത്തെയും, ധാർമിക മൂല്യങ്ങളെയും ചുട്ടുചാമ്പലാക്കുന്ന ആധുനിക “നാറാണത്ത് ഭ്രാന്തൻ”മാരുടെ നെറികെട്ട തീരുമാനമാണ് “യുദ്ധം”. “ഒരേ സമയം രണ്ട് ശരി, രണ്ടു വാസ്തവം ഉണ്ടെന്ന് തെളിയിക്കാനുള്ള തത്രപ്പാടാണ്” എല്ലാ യുദ്ധങ്ങൾക്കും കാരണം. യുദ്ധത്തിൽ ആർക്കും ആത്മാർത്ഥമായി വിജയം ആഘോഷിക്കാൻ ആവില്ല. ഒരേസമയം ഇരുകൂട്ടരും തോൽക്കുന്ന, ചോരയും, കണ്ണുനീരും, നിലവിളിയും, തകർച്ചകളും കൊണ്ട് “കറുത്ത ചരിത്രം” കുറിക്കുന്ന ഭ്രാന്തൻ കളിയാണ് യുദ്ധം. അതെ! ആരും ജയിക്കാത്ത കളിയാണ് യുദ്ധം.

അധികാരം നിലനിർത്താൻ, പൊള്ളയായ ദുരഭിമാനം കാട്ടാൻ, അഴിമതിയും അക്രവും മൂടിവയ്ക്കാൻ, പ്രതിപക്ഷത്തെ നിശബ്ദരാക്കി അധീശത്വം ഉറപ്പിക്കാൻ എളുപ്പമാർഗ്ഗം യുദ്ധമാണ്. യുദ്ധത്തിന് വേണ്ടി കോടികൾ ചിലവഴിച്ചാൽ അത് കണക്കില്ലാതെ അംഗീകരിക്കും. യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടാൻ മുടക്കുന്ന കോടികൾ ഉണ്ടെങ്കിൽ ജനങ്ങൾക്ക് സുഭിക്ഷമായി ജീവിക്കാൻ കഴിയും. പോഷകാഹാര കുറവുകൊണ്ട് കുഞ്ഞുമക്കൾ മരിക്കാതിരിക്കാതിരിക്കും. എല്ലാവർക്കും വിദ്യാഭ്യാസം ലഭിക്കും, ജീവനും സ്വത്തിനും വിലയുണ്ടാകും. ഇത് ഒരു “വനരോദന”മായി മാറും. കാരണം എല്ലാ രാജ്യങ്ങൾക്കും “യുദ്ധം” ഒരു ഹിഡൻ അജണ്ടയാണ്. കറുത്ത ചരിത്രം രചിക്കുന്ന ഹിഡൻ അജണ്ടയാണ് യുദ്ധം!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker