Kazhchayum Ulkkazchayum

സർക്കാരു കാര്യം മുറപോലെ

സാക്ഷരകേരളം... രാഷ്ട്രീയ സാക്ഷരത... അപചയങ്ങളുടെ ഘോഷയാത്ര...

ജനായത്ത ഭരണസംവിധാനം നിലനിർത്തുന്ന ഒരു രാജ്യത്തിലെ ഒരു സംസ്ഥാനം. ഒരു കവി തന്റെ എഴുപതാമത്തെ വയസ്സിൽ സർക്കാരിൽ നിന്ന് ഒരു സഹായം ലഭിക്കാൻ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഒരു അപേക്ഷയുമായി ചെന്നു. കഥയും, കവിതയും, നാടകവും, നോവലുകളും ഉൾപ്പടെ 32 പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. അവാർഡുകളും, പ്രശസ്തി പത്രവും, അഭിനന്ദനങ്ങളും ധാരാളം ലഭിച്ചു. ഇന്നിപ്പോൾ പ്രാരാബ്ധങ്ങളുടെ കയത്തിലാണ് കവിയുടെ ജീവിതം.

മൂന്നു പെൺമക്കളിൽ രണ്ടുപേരെ വിവാഹം ചെയ്തു കൊടുത്തു. ഇളയമകൾക്ക് വയസ്സ് 29 കഴിഞ്ഞു. കവിയുടെ പേരും പ്രശസ്തിയും ചേർത്തുവച്ചാൽ സ്ത്രീധനത്തുകയ്ക്ക് പകരം നിൽക്കാൻ കഴിയാത്ത ദുരവസ്ഥ. കിട രോഗിയായ ഭാര്യയുടെ ചികിത്സയ്ക്ക് നല്ല തുക കണ്ടെത്തണം… കോളേജ് വിദ്യാഭ്യാസകാലത്ത് കൂടെ പഠിച്ചിരുന്നവരിൽ എം.എൽ.എ.യും, മന്ത്രിയും, ഒരു മുൻ എം.പി.യും ഉണ്ട്. പുസ്തകപ്രകാശന വേളകളിൽ അവരെല്ലാവരും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ധാരാളം തന്നിട്ടുണ്ട്. സാമ്പത്തിക സഹായത്തിനു വേണ്ടി നാളിതുവരെ ആരുടെ മുമ്പിലും കൈ നീട്ടിയിട്ടില്ല. പ്രസാധകർ തരുന്ന പ്രതിഫലം കൊണ്ട് ഉപജീവനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സാംസ്കാരിക മന്ത്രിക്ക് ഒരു അപേക്ഷ നൽകാൻ ഇറങ്ങിപ്പുറപ്പെട്ടത്. ജീവിതത്തിന്റെ മധ്യാഹ്നത്തിൽ രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ചതിനാൽ കൂട്ടത്തുവരാൻ ആരുമുണ്ടായിരുന്നില്ല.

സാംസ്കാരികവും, എക്സൈസും കൈകാര്യം ചെയ്യുന്നത് ഒരു മന്ത്രിയാണ്… സാക്ഷരകേരളം…! രാഷ്ട്രീയ സാക്ഷരത! അപചയങ്ങളുടെ ഘോഷയാത്ര… സമയം 10.30. സെക്രട്ടറിയേറ്റിലെ ജീവനക്കാർ വരുന്നതേയുള്ളൂ…! അന്വേഷിച്ചപ്പോൾ മന്ത്രി ക്രിസ്മസ് സമ്മാനമായി 52 ബിവറേജസ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ്…! ആമാശയത്തിന്റെ നേർഭിത്തികളിൽ തട്ടി കഫത്തിന്റെ കഷണങ്ങൾ വായിൽ എത്തി… കാർക്കിച്ചു തുപ്പാൻ തോന്നി. ബലംപ്രയോഗിച്ച് നിയന്ത്രിച്ചു…!

ഇന്ന് മൂന്നുമണിക്ക് മന്ത്രി വരും. കാത്തിരിക്കുക തന്നെ. മുറ്റത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന “ആൽമരം”… ഒന്ന് വിശ്രമിക്കാം. നല്ല ക്ഷീണം. ഒന്ന് മയങ്ങി… അത്രതന്നെ? പത്രത്തിൽ വാർത്ത വന്നു. “ആൽമര”ത്തിന്റെ കൊമ്പു വീണ് കവി മരിച്ചു!!! കവിയുടെ സംസ്കാരം വൈകും. നിയമത്തിന്റെ കുരുക്കുകൾ നീളുന്നു. കവി ആയിരുന്നതിനാൽ മൃതശരീരം വിട്ടുനൽകാൻ സാംസ്കാരികവകുപ്പ് തീരുമാനിക്കണം. എന്നാൽ, മരം വീണു മരിച്ചതിനാൽ വനംവകുപ്പ് തീരുമാനിക്കണം. പ്രശ്നം അവിടെയും തീരുന്നില്ല. പ്രസ്തുത ആൽമരം സ്വാതന്ത്ര്യം കിട്ടിയത്തിന്റെ അമ്പതാം വാർഷികത്തിന് റഷ്യൻ പ്രസിഡന്റാണ് നട്ടത്, അതിനാൽ റഷ്യയിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ ശരീരം വീട്ടുകാർക്ക് വിട്ടു കൊടുക്കാൻ കഴിയൂ.

ചാനൽ ചർച്ചകൾ അരങ്ങ് തകർക്കുകയാണ്. കവിയുടെ മരണത്തെ ആഘോഷമാക്കുന്ന അന്തി ചർച്ചകൾ. കവിക്കു വേണ്ടി സ്മാരകം പണിയണം, പ്രതിമ ഉണ്ടാക്കണം, കവിയുടെ മകൾക്ക് സർക്കാർ ജോലി നൽകണം, മകളുടെ വിവാഹം സർക്കാർ ചിലവിൽ നടത്തണം… വിവരദോഷികൾ തലങ്ങും വിലങ്ങും വാദിക്കുകയാണ്…!!!

ഒരാഴ്ച കഴിഞ്ഞപ്പോൾ റഷ്യയിൽനിന്ന് മറുപടി വന്നു; മൃതശരീരം സംസ്കരിക്കുന്നത് എതിർപ്പില്ലെന്ന്! കടമ്പകൾ പിന്നെയും ബാക്കിയാവുകയാണ്… കവിയുടെ വിവാഹം മിശ്ര വിവാഹം ആയിരുന്നു. കവി ക്രിസ്ത്യാനിയും, കവിയുടെ ഭാര്യ ഹിന്ദുവുമായിരുന്നു. അതിനാൽ ശരീരം ദഹിപ്പിക്കണമോ? ക്രിസ്തീയ മുറപ്രകാരം സംസ്കരിക്കണമോ? 1947-നു മുൻപ് ക്രിസ്ത്യാനി ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം… തർക്കം നീളുകയാണ്… ഇപ്പോൾ കവിയുടെ ശരീരവും സർക്കാരും മോർച്ചറിയിലാണ്!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker