Kazhchayum Ulkkazchayum

ഹൃദയത്തിന്റെ ഓർമ്മ

ഹൃദയം ഓർമ്മ ശക്തിയുടെ ഇരിപ്പിടമല്ല...

മനുഷ്യഹൃദയം മാംസത്തിൽ പൊതിഞ്ഞ ഒരു “ചെണ്ടയാണ്”. നാം അനുനിമിഷം ‘മരണത്തിലേക്ക് നടന്നടുക്കുന്നു’ എന്ന് നമ്മെ ഓർമിപ്പിക്കുന്ന ചെണ്ട. മനുഷ്യശരീരത്തിലെ ചില അവയവങ്ങൾക്ക് അതിന്റെ സ്ഥാനത്തെയും, വലിപ്പത്തെയുംകാൾ കൂടുതൽ വിശേഷണങ്ങളും അർത്ഥവ്യാപ്തിയും ചിലരെങ്കിലും, ചിലപ്പോഴെങ്കിലും ചാർത്തി കൊടുക്കാറുണ്ട്. ഉദാഹരിക്കയാണെങ്കിൽ, “നീ എന്റെ കണ്ണാണ്, നീ എന്റെ ചങ്കാണ്, നീ എന്റെ കരളാണ്, നീ എന്റെ ഹാർട്ട് ആണ്”. കാമുകീ-കാമുകന്മാർക്കിടയിൽ പ്രണയകാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ശൈലിയാണ്. ഈ വിധം സംബോധന ചെയ്യുന്ന ആണിനേയും, പെണ്ണിനേയും സൂക്ഷിക്കണം. ഈ അവയവങ്ങൾക്ക് കേടുവന്നാൽ…? അതോടെ പ്രണയം വാടിക്കരിയും. കേവലം ശരീരത്തിലെ ചില അവയവങ്ങളോട് തോന്നുന്ന (ബാഹ്യാകാരം) ആകർഷണീയത, ഇഷ്ടം, താല്പര്യം etc. etc. ഉപരിപ്ലവമായ (പൊതുവായ) സ്നേഹപ്രകടനമാണെന്ന് തിരിച്ചറിവുള്ളവർ ഓർത്തിരിക്കണം.

ഹൃദയത്തിനാണ് വിശേഷണ പദങ്ങൾ അധികവും. ഹൃദയം സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, നന്മയുടെ, ആർദ്രയുടെ, ദ്രവീകരണത്തിന്റെ പ്രതീകമായി ചിത്രീകരിക്കാറുണ്ട്. നിഷേധാത്മകമായി (-ve) ഹൃദയമില്ലാത്തവൻ/ഹൃദയമില്ലാത്തവൾ എന്നും വിശേഷിപ്പിക്കാറുണ്ട്. ശാസ്ത്രീയമായി പറഞ്ഞാൽ “ഹൃദയം” എന്നത് ജനനം മുതൽ മരണം വരെ നിരന്തരമായി സ്പന്ദിച്ചു കൊണ്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരവയവം. ഒരു മിനിറ്റിൽ എൺപതോളം പ്രാവശ്യം മിടിച്ചു കൊണ്ടിരിക്കുന്ന; അതായത് ചുരുങ്ങുകയും വികസിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന പേശീനിർമ്മിതമായ “ഒരു പമ്പാണ് ഹൃദയം”. രക്തത്തെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ധർമ്മമാണ് ഹൃദയത്തിലുള്ളത്. ഈ പ്രക്രിയയ്ക്ക് തടസ്സം ഉണ്ടാകുമ്പോൾ ഹൃദയസ്തംഭനത്തിലേക്കും, തുടർന്ന് മരണത്തിലേക്കും നമ്മെ നയിക്കും.

ഇനി വരികൾക്കിടയിലൂടെ വായിക്കുമ്പോൾ ഹൃദയം ഓർമ്മശക്തിയുടെ ഇരിപ്പിടമല്ല. ഹൃദയത്തിന്റെ ചില സുപ്രധാന “ഓർമ്മപ്പെടുത്തലുകളെ”ക്കുറിച്ച് നമുക്ക് ചിന്തിക്കാം. “ഹൃദയത്തിന്റെ ഓർമ്മപ്പെടുത്തലാണ് കൃതജ്ഞത”! ഹൃദയമില്ലാത്തവർ എന്ന് പറയുമ്പോൾ “കൃതജ്ഞതയും, കാരുണ്യവും, സഹാനുഭൂതിയും, ദയയും, സൗഹൃദവും ഇല്ലാത്തവർ” എന്നാണ് അർത്ഥമാക്കുന്നത്. നമ്മുടെ ഈ കൊച്ചു ജീവിതത്തെ “ധ്യാനവിഷയ”മാക്കിയാൽ കൃതജ്ഞതയും, നന്ദിയും ഓരോ നിമിഷവും ഒരായിരം പേരോട് പറയാനുണ്ടാവും. നമ്മുടെ ജീവനും, ജീവിതവും, സുഖസൗകര്യങ്ങളും, മാതാപിതാക്കളും, സഹോദരങ്ങളും, കൂട്ടുകാരും, അയൽപക്കക്കാരും, സമൂഹവും etc.etc. എല്ലാം എല്ലാം അനേകരുടെ കരുതലും, കാരുണ്യവും, ദയാവായ്പും കൊണ്ടാണെന്ന് തിരിച്ചറിയുമ്പോൾ “കൃതജ്ഞതാനിർഭരമായ” ഹൃദയത്തോടു കൂടെ മാത്രമേ; ദൈവത്തെയും, പ്രകൃതിയെയും, പ്രാപഞ്ചിക രഹസ്യങ്ങളെയും നോക്കിക്കാണാൻ കഴിയൂ. നാം പ്രാർത്ഥിക്കുമ്പോൾ വാസ്തവത്തിൽ ദൈവത്തിന് നന്ദിയും, കൃതജ്ഞതയും, സ്തോത്രങ്ങളും അർപ്പിക്കുന്നത് “കൃതജ്ഞത”യുടെ പ്രകടനമായിട്ടാണ്.

ആധുനിക കാലഘട്ടത്തിൽ 80% പേരും കൃതജ്ഞതയും, നന്ദിയും പ്രകടിപ്പിക്കാത്തവരാണ്. ഹൃദയാർദ്രത വറ്റിവരണ്ട മനുഷ്യന്റെ ചെയ്തികൾ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നമുക്ക് പറഞ്ഞു തരുന്ന വസ്തുതയാണ്. നാം ഇന്ന് ആയിരിക്കുന്ന അവസ്ഥയിലേക്ക് നമ്മെ കൈപിടിച്ച് നയിച്ചവരെ നാം ബോധപൂർവം അവഗണിക്കുകയോ, മറക്കുകയോ ചെയ്യാറുണ്ട്. നാം പ്രശസ്തിയുടെ ഉന്നത പടവുകൾ കയറുമ്പോൾ, അതിനായി അടിവളമായി മാറിയ ഒത്തിരിയേറെ നല്ല മനുഷ്യർ ഉണ്ടായിരുന്നു, ഊഷ്മളമായ ബന്ധങ്ങളും, സൗഹൃദങ്ങളും, ശിക്ഷയും, ശിക്ഷണവും ഉണ്ടായിരുന്നു എന്ന് നമ്മുടെ ഹൃദയം നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് “കൃതജ്ഞത”. മറ്റു വാക്കുകളിൽ പറഞ്ഞാൽ “ഹൃദയം നിലക്കുന്നതുവരെ” നാം മറ്റുള്ളവരോട് കൃതജ്ഞതയുള്ളവരായിരിക്കണം. അതിനാൽ ഹൃദയത്തിന്റെ സ്പന്ദനം “ഒരു കൃതജ്ഞതാ കീർത്തനമാക്കി മാറ്റാൻ” തമ്പുരാൻ നമ്മെ പ്രബുദ്ധരാക്കട്ടെ!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker