Daily Reflection

വിരുന്നിനിടയിൽ എന്ത് ഉപവാസം?

സ്വീകാര്യമായ സമയം, മണവാളൻ കൂടെയുള്ള സമയം, "ഇന്ന്" എന്നുള്ളതാണ് ക്രിസ്തുവിനുപ്രാധാന്യം...

ഞങ്ങളും ഫരിസേയരും ഉപവസിക്കുന്നു, എന്നാൽ നിന്റെ ശിഷ്യന്മാർ ഉപവസിക്കാതിരിക്കുന്നത് എന്തുകൊണ്ട്? ക്രിസ്തു ഫരിസേയരുടെയും യോഹന്നാന്റെ ശിഷ്യന്മാരുടെയും ഉപവാസത്തെ തിരുത്തുന്നതിന് ഒരു കാരണമുണ്ട്.

ഫരിസേയർ നിയമത്തെ ജീവിക്കുന്നവരാണ്. ദൈവം മുൻകാലങ്ങളിൽ സ്ഥാപിച്ചതും ചിട്ടപ്പെടുത്തിയതുമായ നിയമത്തെ തിരിച്ചും മറിച്ചും വ്യാഖ്യാനിച്ചും, ദുർവ്യാഖ്യാനിച്ചും, ഇരട്ടിച്ചും, പെരുപ്പിച്ചും അത് പാലിക്കാൻ ഒരുതരത്തിൽ കഷ്ടപ്പെടുകയും കഷ്ടപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഫരിസേയർ. നിയമം അനുഷ്ഠിച്ചിരുന്നു, എന്നാൽ നിയമം ഭാരമുള്ള, ഭയത്തോടെ ചെയ്യുന്ന വെറും ഒരു ആചാരമായിരുന്നു. മണവാളൻ കൂടെയുള്ളപ്പോൾ ദുഃഖിച്ച് വിരുന്നുണ്ണുന്നവരെപോലെയാണ്. ആ അർത്ഥത്തിൽ ആചാരങ്ങൾക്കും, അനുഷ്ഠാനങ്ങൾക്കും, ഉപവാസത്തിനും, പ്രാർത്ഥനയ്ക്കുമൊക്കെ സ്നേഹത്തിന്റെ നിറംകൊടുത്ത ക്രിസ്തുവിന്റെ യഥാർത്ഥ ഉപവാസം എന്തെന്ന് മനസിലാക്കാതെ ഭൂതകാലം ജീവിച്ച ഒരുകൂട്ടരായിരുന്നു ഫരിസേയർ.

ഏശയ്യാ 58:2-ൽ പറയുന്ന പോലെ ജീവിച്ചവർ, “നീതി പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതെയെപ്പോലെ അവർ എന്നെ അന്വേഷിക്കുകയും എന്റെ മാർഗ്ഗം തേടുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നു”. തുടർന്നുള്ള ഭാഗത്തു പറയുന്നു, നിങ്ങൾ നിങ്ങളുടെ സ്വന്തം സുഖം മാത്രം തേടുന്നു, നിങ്ങൾ മറ്റുള്ളവരെ പീഡിപ്പിക്കുന്നു, ഇത്തരം ഉപവാസം ഉന്നതത്തിൽ എത്താൻ ഉപകരിക്കുകയില്ല.

യോഹന്നാന്റെ ശിഷ്യർ ഫരിസേയരുടെ നിയമങ്ങൾ ഒരുതരത്തിൽ അനുഷ്ഠിച്ചവരാണ്, എന്നാൽ രക്ഷകന്റെ വരവ് പ്രതീക്ഷിച്ച്, ഭാവിയെനോക്കി ജീവിച്ചവരും കൂടിയാണ്. പക്ഷെ, ഭാവിയിലെ ഒരു പ്രതീക്ഷ മാത്രം ഉള്ളിൽ സൂക്ഷിച്ച് ഉപവസിച്ചവരാണ്. വർത്തമാനകാലത്തിൽ സ്വീകാര്യമായ സമയം തിരിച്ചറിയാതെ, ക്രിസ്തു സാന്നിദ്ധ്യം അറിയാതെ പോയവരാണ് അവർ.

വർത്തമാനകാലത്തെ സ്നേഹമെന്ന വലിയ നിയമം കൊണ്ട് വ്യാഖ്യാനിച്ച്‌ ജീവിച്ചവനാണ് ക്രിസ്തു. സ്വീകാര്യമായ സമയം, മണവാളൻ കൂടെയുള്ള സമയം, “ഇന്ന്” എന്നുള്ളതാണ് ക്രിസ്തുവിനുപ്രാധാന്യം. ലോകാവസാനം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കുമെന്ന് വാഗ്ദാനം ചെയ്ത്, ഓരോദിവസവും സ്വീകാര്യമായ സമയമാണെന്ന് പഠിപ്പിച്ച യേശു; പഴയനിയമം വേണ്ടായെന്നോ ഉപവാസം വേണ്ടായെന്നോ അല്ല പഠിപ്പിച്ചത്, മറിച്ച് ജീവിതത്തെ ക്രിസ്തുസാന്നിദ്ധ്യമുള്ള വിരുന്നാക്കാനാണ് പഠിപ്പിച്ചത്. അവിടുത്തേക്ക്‌ ഓരോ ദിവസവും, ഓരോ പ്രവർത്തിയും, ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്നേഹത്തിന്റെ വിരുന്നാണ്, സ്നേഹത്തിന്റെ ആഘോഷമാണ്; നിയമത്തിന്റെ ഭാരമല്ല, ഭാവിയിലെ ഒരു പ്രതീക്ഷ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ആചാരമല്ല. ജീവിതത്തെ, വിശ്വാസത്തെ ആഘോഷമാക്കാൻ മണവാളൻ, ക്രിസ്തു നമ്മിൽ നിന്നും അകറ്റപ്പെടാതിരിക്കണം. അപ്പോൾ ഈ വിരുന്ന് അപരനോടൊപ്പം അനുഭവിക്കാൻ സാധിക്കുംവിധം ക്രിസ്തുശിഷ്യൻ വളരും. മണവാളൻ എന്റെ ജീവിതത്തിലും എന്റെ പ്രാർത്ഥനയിലും ഉപവാസത്തിലും ഉണ്ടെന്ന സന്തോഷമില്ലാതെ പോകുന്നതാണ്, മണവാളനെ അകറ്റി നിറുത്തുന്നതാണ് ഇന്നത്തെ വിശ്വാസിയുടെ ദുരന്തവും.

ക്രൈസ്തവന്റെ മുന്നിലുള്ള വെല്ലുവിളി ഇതാണ്: നമുക്കുവേണ്ടി വിരുന്നൊരുക്കിയ മണവാളൻ, ക്രിസ്തു നമ്മിൽനിന്നും ഒരിക്കലും അകലുന്നില്ല, ആയതിനാൽ തന്നെ പ്രാർത്ഥനയും ഉപവാസവും മണവാളൻ അകറ്റപ്പെട്ട ദുഃഖത്തോടെയല്ല ചെയ്യേണ്ടത്, മണവാളനൊപ്പമുണ്ടെന്ന സന്തോഷത്തോടെ ചെയ്യണം. അപ്പോൾ ആ സന്തോഷം പങ്കുവയ്ക്കപ്പെടുന്ന സന്തോഷമായി മാറും. ആ ഉപവാസം ഏശയ്യാ 58:7-ൽ പറയുന്നതുപോലെയാകും: വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും, ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും, നഗ്നനെ ഉടുപ്പിക്കുകയും, സ്വന്തക്കാരിൽ നിന്നും ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നവരായി മാറുന്ന ഉപവാസം.

ഇതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? (ഏശയ്യാ 58:6 ).
അപ്പോൾ നീ പ്രാർത്ഥിച്ചാൽ കർത്താവു ഉത്തരമരുളും, നിലവിളിക്കുമ്പോൾ ഇതാ ഞാൻ എന്ന് അവിടുന്ന് മറുപടി നൽകും (ഏശയ്യാ 58:9).

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker