Sunday Homilies

15th Sunday of Ordinary Time_Year A_ഒരേ വിത്ത് – നാല് നിലങ്ങൾ

നമ്മുടെ ഹൃദയങ്ങളെ നൂറുമേനി ഫലം നൽകുന്ന നല്ല നിലങ്ങളാക്കാം...

ആണ്ടുവട്ടം 15-Ɔο ഞായർ

ഒന്നാം വായന: ഏശയ്യാ 55:10-11
രണ്ടാം വായന: റോമ. 8:18-23
സുവിശേഷം: വി.മത്തായി 13:1-23 or 1-9

ദിവ്യബലിക്ക് ആമുഖം

“നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു ഞാൻ കരുതുന്നു” എന്ന പൗലോസ് അപ്പോസ്തലൻ ബോധത്തോടെയാണ് തിരുസഭ ഇന്ന് നമ്മെ സ്വാഗതം ചെയ്യുന്നത്. ഇന്നത്തെ ഒന്നാം വായനയിൽ, ഏശയ്യാ പ്രവാചകൻ ദൈവവചനത്തെ സസ്യങ്ങളെ മുളപ്പിക്കുന്ന മഴയോടും മഞ്ഞിനോടും ഉപമിക്കുമ്പോൾ; സുവിശേഷത്തിൽ, നാം ശ്രവിക്കുന്ന വിതക്കാരന്റെ ഉപമയിൽ യേശു ദൈവവചനത്തെ വിത്തിനോട് ഉപമിക്കുന്നു. തിരുവചനം ശ്രവിക്കാനും, ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

തിരുവചന വിചിന്തനം

വിശുദ്ധ മത്തായിയുടെ സുവിശേഷം 13-Ɔο അധ്യായത്തിലെ തിരുവചനങ്ങളാണ് നാമിന്ന് ശ്രവിച്ചത്. 13-Ɔο അധ്യായത്തെ ‘ഉപമകളുടെ അദ്ധ്യായം’ എന്ന് വിശേഷിപ്പിക്കാം. കാരണം, ദൈവ രാജ്യത്തെയും തിരുവചനത്തെയും കുറിച്ചുള്ള ലളിതമായ, ദൈനംദിന ജീവിതവുമായി ബന്ധമുള്ള യേശുവിന്റെ 7 ഉപമകളാണ് ഈ അധ്യായത്തിലുള്ളത്. അതിൽതന്നെ പാലസ്തീനായിലെ കർഷകനെയും, കൃഷിയേയും, കൃഷിയിടങ്ങളെയും കുറച്ചുള്ള അറിവിനെ മുൻനിർത്തിക്കൊണ്ട് “ദൈവവചനം” ഈ ഭൂമിയിൽ എങ്ങനെയാണ് പരക്കുന്നതെന്നും പ്രവർത്തിക്കുന്നതെന്നും ആദ്യ ഉപമയായ “വിതക്കാരന്റെ ഉപമ”യിലൂടെ യേശു വ്യക്തമാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.
നമുക്കീ ഉപമയെ വിചിന്തന വിധേയമാക്കാം:

1) വിതക്കാരന്റെ ഉപമ ചില ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്

ദൈവവചനം എന്താണ്? അത് എങ്ങനെയാണ്, ആരിലാണ് പ്രവർത്തിക്കുന്നത്? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വിതക്കാരന്റെ ഉപമ. അതോടൊപ്പം, നമ്മുടെ കാലത്ത് നാം അഭിമുഖീകരിക്കുന്ന മറ്റു പല ചോദ്യങ്ങൾക്കുമുള്ള ഉത്തരവും ഈ ഉപമയിലുണ്ട്. ഉദാഹരണമായി, എല്ലാവരും യേശുവിനെയും അവന്റെ വചനങ്ങളെയും ശ്രവിക്കാറുണ്ടെങ്കിലും എന്തുകൊണ്ടാണ് ചിലർ വിശ്വസിക്കാത്തത്? എന്തുകൊണ്ട് ചിലർ ക്രിസ്ത്യാനികളാകുന്നു, മറ്റുള്ളവർ ആകുന്നില്ല? ദൈവവചനം ശ്രവിക്കുന്ന, സ്ഥിരമായി ദേവാലയത്തിൽ വരുന്നവരിൽ ചിലർ പെട്ടെന്നൊരുദിവസം വിശ്വാസം ഉപേക്ഷിക്കുവാൻ കാരണമെന്ത്? യേശുവിന്റെ ഉപമയിലെ വ്യത്യസ്ത പ്രതലങ്ങളിൽ വീണ വിത്തിന് പിന്നീട് സംഭവിക്കുന്നത് എന്താണെന്ന് നോക്കിയാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും.

ചിലത് വഴിയരികിൽ വീണ് വിത്തിനെ പോലെയാണ്. അത് അപരിഹരിക്കപ്പെടുന്നു. അത് സ്വീകരിക്കപ്പെടുന്നേയില്ല. ദൈവവചനത്തിന് ഒട്ടും ചെവി കൊടുക്കാത്തവരും അതിൽ വിശ്വസിക്കാത്തവരും ആണ് അവർ.
മറ്റുചിലർ ദൈവവചനത്തിൽ താൽക്കാലികമായി ആകർഷിക്കപ്പെടുകയും, ആദ്യഘട്ടത്തിൽ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ, ആഴമേറിയ വേരോട്ടം ഉണ്ടാകുന്നില്ല. അതിന് സമയവും ക്ഷമയും വേണം. എന്നാൽ, ക്ലേശവും പീഡയും ഉണ്ടാകുമ്പോൾ വചനത്തെ ഉപേക്ഷിക്കുന്നു. ആരംഭശൂരത്വം കാണിക്കുന്നവരെ പോലെയാണവർ.
ഇനിയൊരു കൂട്ടർ ദൈവവചനം സ്വീകരിച്ച് വളരുന്നു. എന്നാൽ ധനാർത്തിയും, ലൗകീകവ്യഗ്രതയും വചനത്തെ ഞെരുക്കുന്നു. “ലൗകിക വ്യഗ്രത” എന്ന വാക്ക് ആധുനിക സഭാ കാഴ്ചപ്പാടിൽ നാം വിശകലനം ചെയ്യണം. ഇന്ന് തിരുസഭയിൽ ദൈവവചനത്തെ ഞെരിക്കുന്ന ലൗകീക വ്യഗ്രതകൾ ഉണ്ടോ? ചിലപ്പോഴത് യേശുവിനെ മറയ്ക്കുന്ന തത്വസംഹിതകളാകാം, ആത്മീയ ജീവിതമൂല്യങ്ങളെ ലൗകീകകമായി കാണുന്ന കാഴ്ചപ്പാടുകളാകാം, ദൈവം വചനമാകുന്ന വിത്തിനെ സഹായിക്കാൻ എന്ന പേരിൽ നാം നടത്തുന്ന അപക്വമായ സഭാ വിമർശനങ്ങളാകാം (അമിതമായ വളപ്രയോഗം വിത്തിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്). ഇവയെല്ലാം ദൈവവചനമാകുന്ന വിത്തിനെ ഫലം പുറപ്പെടുവിക്കുന്നതിൽ നിന്നും തടയുന്നു.

2) ദൈവവചനമാകുന്ന വിത്ത് ഫലം പുറപ്പെടുവിക്കാൻ വേണ്ട കാര്യങ്ങൾ

ദൈവവചനമാകുന്ന വിത്തിന് അതിൽതന്നെ ശക്തിയുണ്ട്. എന്നാൽ, നല്ല നിലത്ത് വീഴുമ്പോഴെ അത് നൂറുമേനി ഫലം പുറപ്പെടുവിക്കുകയുള്ളൂ. “നിലം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വചനത്തോടുള്ള മനുഷ്യന്റെ പ്രതികരണമാണ്. നിലം ഉണ്ടെങ്കിലേ വിത്തിന് വളരുവാൻ സാധിക്കുകയുള്ളൂ. മനുഷ്യന്റെ ക്രിയാത്മകമായ, അനുകൂല പ്രതികരണം ഉണ്ടെങ്കിലേ ദൈവവചനം ഫലം പുറപ്പെടുവിക്കുകയുള്ളൂ. “നല്ല നിലം” എന്നുപറയുന്നത് ദൈവവചനം കേൾക്കുകയും, അത് മനസ്സിലാക്കുകയും, അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്.

ഒരു ‘വിത്ത് മുളക്കുക’ എന്ന് പറയുന്നതിന് രണ്ടു തലങ്ങളുണ്ട്: വിത്തിൽനിന്ന് വേരുകൾ താഴേക്ക് പോവുകയും, ആദ്യ തണ്ടും ഇലയും മുകളിലേക്ക് വരികയും ചെയ്യുന്നു. ദൈവവചനമാകുന്ന വിത്ത് മനുഷ്യമനസ്സ് ആകുന്ന നല്ല നിലത്ത് വീണ് മുളയ്ക്കുമ്പോഴും വളർച്ചയുടെ ഈ രണ്ട് തലങ്ങളുണ്ട്. അവന്റെ ജീവിതം യേശുവിലേക്ക് വേരോടുകയും, യേശുവിലുള്ള അചഞ്ചലമായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും, വിശ്വാസത്തിന്റെ ഫലമായ നന്മ പ്രവർത്തികൾ ആദ്യ തണ്ടായും ഇലയായും ജീവിതത്തിൽ വളരുകയും ചെയ്യുന്നു.

സുവിശേഷത്തിൽ ഫലം തരാത്ത സാഹചര്യങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, ഇന്നത്തെ ഒന്നാം വായനയിൽ പ്രവാചകന്റെ വാക്കുകൾ നാം ശ്രവിച്ചത് ഇപ്രകാരമാണ്: “എന്റെ അക്ഷരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ, ഫലരഹിതമായി അത് തിരിച്ചു വരില്ല. എന്റെ ഉദ്ദേശം അത് നിറവേറ്റും”. തീർച്ചയായും ദൈവത്തിന്റെ ഉദ്ദേശം അത് നിറവേറ്റും. പക്ഷേ അത് നാം വിചാരിക്കുന്നത് പോലെ അല്ല. വഴിയെയും, പാറ നിറഞ്ഞ ഭൂമിയേയും, മുള്ളുകൾ നിറഞ്ഞ കൃഷി സ്ഥലത്തെയും, നൂറുമേനി വിളവു നൽകുന്ന നല്ല നിലമായി പരിവർത്തനപ്പെടുത്തും. ബൈബിളിലെ സംഭവങ്ങളെയും, വ്യക്തികളെയും (ഉദാഹരണം: വിശുദ്ധ പൗലോസ്) നാം നോക്കിയാൽ മതി ഈ യാഥാർത്ഥ്യം നമുക്ക് മനസ്സിലാകും. ദൈവം അരുൾ ചെയ്ത എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയിട്ടുണ്ട്. എന്നാൽ, അതിന് ദൈവം ദൈവത്തിന്റേതായ സമയം എടുത്തിട്ടുണ്ട്. ചിലപ്പോൾ ഉടനെയാകാം, ദിവസങ്ങളോ, മാസങ്ങളോ, വർഷങ്ങളോ കഴിഞ്ഞിട്ടാകാം, ചിലപ്പോൾ നൂറ്റാണ്ടുകൾ വേണ്ടിവന്നേക്കാം.

3) വ്യത്യസ്ത ചിന്തകൾ

മുഖ്യവിഷയത്തിൽ നിന്ന് വ്യത്യസ്തമായി മറ്റു ചില കാര്യങ്ങളും ഇന്നത്തെ ഉപമ പഠിപ്പിക്കുന്നുണ്ട്.

ഒന്നാമതായി; വിതക്കാരൻ വിതയ്ക്കുന്ന 75% വിത്തുകളും പാഴായി പോകുന്നത് പോലെ കാണുന്നു. എന്നാൽ ബാക്കി വന്ന വിത്തുകൾ അത്ഭുതകരമായ ഫലം നൽകുന്നു. അതുപോലെയാണ് ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ നാം ചിലവഴിക്കുന്ന സമയവും ഊർജ്ജവും. ഇതിൽ നല്ലൊരു ഭാഗവും നഷ്ടമായി തോന്നിയേക്കാം, എന്നാൽ ചെറിയൊരു ഭാഗത്തുനിന്ന് വലിയ ഫലം ഉണ്ടാക്കാൻ സാധിക്കും. നമ്മുടെ കടമ നിർവഹിക്കുക എന്നതാണ് പ്രധാനം.

രണ്ടാമതായി; വിതക്കാരന്റെ ഉപമ ശുഭാപ്തി വിശ്വാസം ഉള്ളവരായിരിക്കുവാൻ നമ്മെ പഠിപ്പിക്കുന്നു. യേശു ആദ്യ മൂന്ന് ഘട്ടങ്ങളിലും ഫലശൂന്യതയുടെ കണക്ക് പറയുന്നെങ്കിലും, അവസാനം നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന കാര്യം പറയുന്നു. ജീവിതത്തിലും ഇപ്രകാരമാണ്, പല പരിശ്രമങ്ങളും പരാജയപ്പെട്ടേക്കാം, എന്നാൽ അവസാനം ഏറ്റവും നല്ല ഫലം ലഭിക്കുന്നു.

മൂന്നാമതായി; പ്രേക്ഷിത പ്രവർത്തനമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആശ്വാസമാണ് ഈ തിരുവചനം. നമ്മുടെ പ്രേക്ഷിത പ്രവർത്തികൾ വ്യത്യസ്ത നിലങ്ങളിൽ വീഴുകയാണെന്ന് നമുക്ക് ഓർമ്മിക്കാം. അവിടെ പാറയെയും, മുൾച്ചെടിയെയും, ദുഷ്ടന്റെ അപഹരണത്തെയും ഓർത്ത് നാം ദുഃഖിക്കേണ്ട. നമ്മുടെ പ്രേക്ഷിത പ്രവർത്തികളിൽ ചിലതെങ്കിലും നല്ല നിലത്ത് വീണ്, നൂറുമേനി ഫലം തരുമെന്ന് ഉറപ്പാണ്.

ഉപസംഹാരം

വഴിയരികിൽ നിന്നകലം പാലിച്ച്, അപരന് മോഷ്ടിക്കാൻ അവസരം നൽകാതെ, പാറകളെ എടുത്തുമാറ്റി, മുൾച്ചെടികളെ പറിച്ച് കളഞ്ഞ് നമുക്കും നമ്മുടെ ഹൃദയങ്ങളെ നൂറുമേനി ഫലം നൽകുന്ന നല്ല നിലങ്ങളാക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker