Sunday Homilies

17th Sunday Ordinary Time_Year A_വയലിലെ നിധിയും വിലയേറിയ രത്നവും

തനിക്കുള്ളതെല്ലാം വിൽക്കാതെ നിധിയും, വിലയേറിയ രത്നവും കരസ്ഥമാക്കുക സാധ്യമല്ല...

ഒന്നാം വായന: 1 രാജാക്കന്മാർ 3:5,7-12
രണ്ടാം വായന: റോമാ 8:28-30
സുവിശേഷം: വി.മത്തായി 13:44-52 or 13:44-46

(ഇന്നത്തെ ആമുഖവും വചന വ്യാഖ്യാനവും വി.മത്തായി 13:44-46 അടിസ്ഥാനമാക്കിയുള്ളതാണ്).

ദിവ്യബലിക്ക് ആമുഖം

“ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” എന്ന തിരുവചനം നാമിന്ന് രണ്ടാമത്തെ വായനയിൽ ശ്രവിക്കുന്നു. തീർച്ചയായും നാം വലിയൊരു ജീവിത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ ഈ തിരുവചനം നമുക്ക് ധൈര്യവും പ്രത്യാശയും നൽകുന്നു. അതോടൊപ്പം ഇന്നത്തെ ഒന്നാം വായനയിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ സോളമൻ രാജാവിന്റെ പ്രസിദ്ധമായ പ്രാർത്ഥനയും, സുവിശേഷത്തിൽ രാജ്യത്തെക്കുറിച്ചുള്ള ഉപമകളും ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചന പ്രഘോഷണകർമ്മം

വി.മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള 7 ഉപമകളുണ്ട്. അതിൽ ആദ്യ നാല് ഉപമകൾ നാം കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി ശ്രവിച്ചു. അവസാന ഉപമകളാണ് ഇന്ന് ശ്രവിച്ചത്.

നിധിയുടെയും രത്നത്തിന്റെയും ഉപമ

വളരെ ലളിതമായി യേശു തന്റെ ഉപമ അവതരിപ്പിക്കുന്നു; “സ്വർഗ്ഗരാജ്യം വയലിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിധിക്ക് തുല്യം. അത് കണ്ടെത്തുന്നവൻ അത് മറച്ചു വെക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങുകയും ചെയ്യുന്നു”. ബൈബിൾ പണ്ഡിതന്മാർ നൽകുന്ന വ്യാഖ്യാനം അനുസരിച്ച് വയലിലെ നിധി യാദൃശ്ചികമായി കണ്ടെത്തുന്നതല്ല. അക്കാലത്ത് ഭൂപ്രഭുക്കന്മാരുടെ കീഴിൽ ജോലി ചെയ്യുന്ന ദിവസവേതനക്കാരായ ധാരാളം കർഷകർ ഉണ്ടായിരുന്നു. വയലിൽ കിളയ്ക്കുക എന്നത് അവരുടെ തൊഴിലായിരുന്നു. ഒരു സാധാരണക്കാരനാണ് “നിധി” കണ്ടെത്തുന്നതെന്ന് ചുരുക്കം. ആ സാധാരണക്കാരൻ അവനുള്ളതെല്ലാം വിറ്റ് ആ നിധി കരസ്ഥമാക്കുന്നു.

വയൽ എന്നത് നമ്മുടെ ജീവിതമാണ്. വയലിൽ കിളയ്ക്കുന്നത് ആയാസകരവും വിയർപ്പും പൊടിയും അദ്ധ്വാനവും നിറഞ്ഞതാണ്. നമ്മുടെ ജീവിതവും ഇപ്രകാരം തന്നെയാണ്. ആയാസകരവും, ദുഃഖവും, കണ്ണീരും, നെടുവീർപ്പുമുള്ളത്. അധ്വാനിക്കുന്നവനേ നിധി കണ്ടെത്തുന്നുള്ളൂ എന്നതുപോലെ ജീവിതമാകുന്ന വയലിൽ ആയാസപ്പെടുന്നവനേ “ദൈവമാകുന്ന”, “ദൈവരാജ്യമാകുന്ന നിധി” ജീവിതത്തിൽ കണ്ടെത്തുകയുള്ളൂ. ഈ നിധി നാം സൃഷ്ടിക്കുകയല്ല, മറിച്ച് അത് ഉള്ളിൽ തന്നെ ഉണ്ട്. നമ്മുടെ ബന്ധങ്ങളിലും, പ്രവർത്തനത്തിലും, ഇടപെടലിലും, ഇടവകയിലെ വിശ്വാസജീവിതത്തിലും, പരോപകാരപ്രവർത്തികളിലും അതിനെ കണ്ടെത്തുകയാണ് വേണ്ടത്.

“വീണ്ടും സ്വർഗ്ഗരാജ്യം നല്ല രത്നങ്ങൾ തേടുന്ന വ്യാപാരിക്കും തുല്യം. അവൻ വിലയേറിയ ഒരു രത്നം കണ്ടെത്തുമ്പോൾ പോയി തനിക്കുള്ളതെല്ലാം വിറ്റ് അത് വാങ്ങുന്നു”. ഈ ഉപമയിലെ കഥാപാത്രം രത്നവ്യാപാരിയാണ്, അതായത് ധനികനായ മനുഷ്യൻ. നല്ല രത്നങ്ങൾക്ക് വേണ്ടി പരക്കം പായുകയാണ് അയാൾ. സമ്പത്തും, ആരോഗ്യവും, ബലവുമുള്ളപ്പോൾ ജീവിതത്തിലെ യഥാർത്ഥ അർഥം തേടി അലയുന്നവരുടെ പ്രതിനിധിയാണയാൾ. യഥാർത്ഥ സന്തോഷം തേടി അലയുന്നവരുടെ പ്രതിപുരുഷൻ. ഇന്ന് ധ്യാനഗുരുക്കന്മാരുടെയും, മന:ശാസ്ത്രജ്ഞരുടെയും, തെറാപ്പിസ്റ്റുകളുടെയും, കൗൺസിലേഴ്‌സിന്റെയും അടുത്തേക്ക് ജീവിതത്തിന്റെ നല്ല രത്നങ്ങൾ തേടിവരുന്ന ധാരാളം പേരുണ്ട്. ഈ ലോകത്തിലെ തിളക്കവും ഭംഗിയുമുള്ള ഭൗതിക രംഗങ്ങളിൽ നിന്ന് അവർ “ദൈവമാകുന്ന”, “ദൈവരാജ്യമാകുന്ന” വിലയേറിയ രത്നം കണ്ടെത്തണം.

നിധിയും വിലയേറിയ രത്നവും കണ്ടെത്തിയവർ ചെയ്തത്

ഇന്നത്തെ ഉപമകളിൽ നാം കാണുന്ന പ്രധാനപ്പെട്ട രണ്ട് വാക്യങ്ങളാണ്: “തനിക്കുള്ളതെല്ലാം വിറ്റ്”, “സന്തോഷത്തോടെ”. ദൈവരാജ്യത്തെയും, ദൈവത്തെയും, സ്വന്തം ജീവിതത്തിൽ കണ്ടെത്തുന്നവൻ “തനിക്കുള്ളതെല്ലാം വിൽക്കണം” എന്നു പറഞ്ഞാൽ ഇതുവരെ അവൻ വിലയേറിയത് എന്ന് കരുതി കാത്തുസൂക്ഷിച്ച സകലതിനേയും വിട്ടു കളയണം. മരുഭൂമിയിലൂടെ ദിവസങ്ങളോളം ദാഹിച്ചുവലഞ്ഞ ഒരുവൻ, ഒരു കപ്പ് വെള്ളത്തിനായി തന്റെ സമ്പത്ത് മുഴുവൻ നൽകാം എന്ന് പറയുന്ന മാനസികാവസ്ഥയാണത്. മറ്റുള്ളവരുടെ മുൻപിൽ ഇതൊരു ഭ്രാന്തമായ പ്രവർത്തിയായി തോന്നാം. സ്വന്തമായിട്ടുള്ളത് വിട്ടു കളയുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ യേശു ഉപമകളിൽ വ്യക്തമായി പറയുന്നു തനിക്കുള്ളതെല്ലാം വിൽക്കാതെ നിധിയും, വിലയേറിയ രത്നവും കരസ്ഥമാക്കുക സാധ്യമല്ല. ദൈവരാജ്യം സ്വന്തം ജീവിതത്തിൽ കണ്ടെത്തണമെങ്കിൽ ലൗകികവും ഭൗതികവുമായ ജീവിതാവസ്ഥകളോട് നാമൊരു വിരക്തി പാലിച്ചേ മതിയാവൂ. ഇതെല്ലാം ഒരിക്കൽ വിറ്റ് കഴിഞ്ഞു “നിധിയും രത്നവും” സ്വന്തമാക്കി കഴിഞ്ഞാൽ നമുക്ക് മനസ്സിലാകും നാം ഇതുവരെ നമ്മുടേതെന്ന് അഹങ്കരിച്ച് കാത്തുസൂക്ഷിച്ചത് ഒന്നും അത്ര വിലപിടിപ്പുള്ളതല്ലെന്ന്.

അതോടൊപ്പം ലൗകികമാത്തിനും, ഭൗതികമായതിനും രണ്ടാം സ്ഥാനം നൽകി കൊണ്ട് ദൈവത്തിനും ദൈവരാജ്യത്തിനും ഒന്നാംസ്ഥാനം നൽകുമ്പോൾ അത് “സന്തോഷത്തോടെ” ചെയ്യണമെന്നാണ് ഉപമകൾ പഠിപ്പിക്കുന്നത്. ഈ സന്തോഷം ആന്തരികമായ മാനസികാവസ്ഥയാണ്. എല്ലാറ്റിനെയും തൃണവത്കരിച്ച് കൊണ്ട് യേശുവിനെ സ്വന്തമാക്കുന്നവന്റെ സന്തോഷം. ഭാഗികമായ ക്രൈസ്തവ ജീവിതത്തിലൂടെയല്ല, സമ്പൂർണ്ണമായ ക്രൈസ്തവ ജീവിതത്തിലൂടെയേ ഈ സന്തോഷം കരസ്ഥമാക്കാനാവൂ.

ഉപസംഹാരം

ജീവിതമാകുന്ന വയലിൽ ഒളിച്ച് വച്ചിരിക്കുന്ന നിധി കണ്ടെത്തുന്നതും സ്വന്തമാക്കുന്നതും, ജീവിതത്തിലെ സന്തോഷമാകുന്ന രത്നങ്ങൾ തേടുമ്പോൾ ഏറ്റവും വിലപിടിപ്പുള്ളത് കണ്ടെത്തി ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കുകയും ചെയ്യുകയെന്നത് ആത്മീയവും ബൗദ്ധികവുമായ പ്രവർത്തിയാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും വച്ച് “ദൈവത്തിനും, ദൈവരാജ്യത്തിനും” ഒന്നാം സ്ഥാനം നൽകുക എന്നത് സാധാരണക്കാർക്ക് മനസ്സിലാകാത്ത അസാധാരണ പ്രവർത്തിയാണ്. ഏറ്റവും വലിയ വിവേകം ഉള്ളവർക്കേ അത് സാധിക്കുകയുള്ളൂ. ഇന്നത്തെ ഒന്നാം വായനയിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ സോളമൻ രാജാവ് “നന്മയും തിന്മയും വേർതിരിച്ച് അറിയാനുള്ള വിവേകം ദൈവത്തോട് അപേക്ഷിക്കുന്നു”. ഇന്നത്തെ ഉപമകളുടെ അടിസ്ഥാനത്തിൽ നമുക്ക് ദൈവത്തോട് വിവേകത്തിനായി പ്രാർത്ഥിക്കാം. നന്മയും തിന്മയും തിരിച്ചറിയാൻ മാത്രമല്ല, നമുക്ക് ഉള്ളതെല്ലാം വിറ്റ് “നിധിയും, വിലയേറിയ രത്നവുമാകുന്ന” ദൈവരാജ്യം കരസ്ഥമാക്കുന്ന വലിയ “ആത്മീയ വിവേക”ത്തിനായി ദൈവത്തോട് പ്രാർത്ഥിക്കാം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker