India

225 ദിവസങ്ങളായി സിസ്റ്റര്‍ കണ്‍സീലിയ അന്യായ തടങ്കലില്‍

225 ദിവസങ്ങളായി സിസ്റ്റര്‍ കണ്‍സീലിയ അന്യായ തടങ്കലില്‍

അനിൽ ജോസഫ്

ന്യൂഡല്‍ഹി: അടിസ്ഥാന രഹിതമായ പരാതിയുടെ പേരില്‍ മദര്‍ തെരേസയുടെ മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗമായ സിസ്റ്റര്‍ കണ്‍സീലിയ ബസ്ലയെ ജാര്‍ഖണ്ഡിലെ ജയിലില്‍ തടങ്കലിലാക്കിയിട്ട് 225 ദിവസങ്ങൾ. സമൂഹത്തിലെ ഏറ്റവും അശരണരായവരെ സഹായിക്കുന്ന അബലയായ ഒരു സ്ത്രീക്കെതിരേ കുറ്റപത്രം നല്‍കാന്‍ പോലീസ് വൈകിക്കുന്നതിന്റെ പേരില്‍ മാസങ്ങളോളം തടവറയില്‍ അടച്ചത്, സുപ്രീംകോടതിയുടെ തന്നെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും സാമാന്യനീതിയുടെ പോലും നിഷേധവും, നടപടി ആശങ്കാജനകവുമാണെന്നും സി.ബി.സി.ഐ. ജനറല്‍ സെക്രട്ടറി ബിഷപ്പ് ഡോ.തിയഡോര്‍ മസ്ക്രീനാസ് പ്രതികരിച്ചു. ഇന്ത്യാമഹാരാജ്യത്തില്‍ കൊലപാതകികള്‍ക്ക് പോലും അനര്‍ഹമായ പരിഗണന ലഭിക്കുന്ന കാലത്താണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതിന്റെ പേരില്‍ ഒരു സമര്‍പ്പിത അന്യായ തടങ്കലില്‍ തുടരുന്നത്.

മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്ററിനെതിരേ ഇപ്പോള്‍ ക്രമവിരുദ്ധമായ ദത്തെടുക്കലാണ് ആരോപിച്ചിരിക്കുന്നത്. അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ താത്പര്യം വെളിവാക്കുന്നതാണിത്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലെത്തി സിസ്റ്റര്‍ കണ്സീതലിയയെ സന്ദര്‍ശിച്ചശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. ആഴ്ചയില്‍ മൂന്നു പേര്‍ക്കു മാത്രമാണ് സന്ദര്‍ശനാനുമതി നല്കിയിരിക്കുന്നതെന്നും ബിഷപ്പ് തിയഡോര്‍ വിശദീകരിച്ചു. കുഞ്ഞിനെ സ്വീകരിച്ച ദമ്പതികള്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണു കുഞ്ഞിനെ ദമ്പതികള്‍ക്കു കൈമാറിയതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ ദമ്പതികള്‍ക്കു കുഞ്ഞിനെ കൈമാറാന്‍ സഹായിച്ച ആശുപത്രി ജീവനക്കാരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കി.

പക്ഷേ, ഈ സംഭവത്തില്‍ നിരപരാധിയായ സിസ്റ്റര്‍ കണ്‍സീലിയ മാത്രം 225 ദിവസം കഴിഞ്ഞിട്ടും ജയിലില്‍ തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിക്കാത്തതാണു ജയില്‍വാസം നീളുന്നതിനു കാരണമാകുന്നത്. പോലീസ് ആരോപിക്കുന്ന കേസിലെ സാങ്കേതികത്വം പറഞ്ഞാണ് വിവിധ കോടതികള്‍ സിസ്റ്ററിനു ജാമ്യം നിഷേധിച്ചത്.

പ്രമേഹരോഗിയായ സിസ്റ്ററിന് വെരിക്കോസിന്‍റെ വേദനകളുമുണ്ട്. നിരപരാധിയാണെന്ന് ബോധ്യമുള്ള സിസ്റ്ററിനെ രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ക്രൂശിക്കുന്നതു വേദനാജനകമാണ്. സ്വന്തമായി സമ്പാദ്യം വയ്ക്കാന്‍ അനുവാദമില്ലാത്ത സന്യാസസഭയായ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗമായ സിസ്റ്ററിനോട് ചെയ്യുന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം മുന്‍കൂര്‍ ജാമ്യം ലഭിക്കുമ്പോഴാണ് സാങ്കേതികത്വം പറഞ്ഞ് സിസ്റ്ററിനു മാത്രം ജാമ്യം നിഷേധിക്കുന്നതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ അഭിഭാഷകനായ സിജു തോമസ്, കൊല്‍ക്കത്തയില്‍ നിന്നുള്ള സുഹൃത്ത് വെപുല്‍ കെയ്സര്‍ എന്നിവരും സന്ദര്‍ശനത്തിന് ബിഷപ്പിന് ഒപ്പം ജയിലില്‍ എത്തിയിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker