Meditation

22nd Sunday Ordinary Time_year A_ആർദ്രതയുടെ ആധിപത്യം (മത്താ 16:21- 27)

ഒന്നിന്റെയും കേന്ദ്രബിന്ദു നീ അല്ല എന്ന സത്യം തിരിച്ചറിയുക അതാണ് സ്വയം പരിത്യജിക്കൽ...

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ

ഇസ്രായേൽ ദേശത്തിന്റെ നടവഴികളിലും ഗലീലി തടാകത്തിന്റെ തീരങ്ങളിലും സ്നേഹത്തിന്റെ പരിമളം വിതറി നടന്ന ഗുരുവിന്റെ യാത്ര ഏകദേശം അവസാനിക്കാറായി. കണ്ണെത്തുന്ന ചക്രവാളത്തിൽ ജെറുസലേം പ്രൗഡിയോടെ നിൽക്കുന്നത് അവൻ കാണുന്നു. അങ്ങനെ ആദ്യമായി അവൻ കുരിശിന്റെ ഉന്മാദവസ്ഥയെ തുറന്നുകാട്ടുന്നു. അവൻ പറയുന്നു; “ജറുസലേമിലേക്ക് പോകേണ്ടിയിരിക്കുന്നു… വളരെ സഹിക്കേണ്ടിയിരിക്കുന്നു… വധിക്കപ്പെടാം”. ശിഷ്യരുടെ മുൻപിൽ ഇരുന്നു കൊണ്ട് അവനൊരു വാങ്മയചിത്രം വരയ്ക്കുകയാണ്. സ്വയമൊരു ശക്തിമാനായി അവൻ ചിത്രീകരിക്കുന്നില്ല. മറിച്ച് സഹിക്കുന്നവനും വധിക്കപ്പെടുന്നവനുമായി പ്രദർശിപ്പിക്കുന്നു. എന്നിട്ട് അവൻ പറഞ്ഞു; “മൂന്നാം ദിവസം ഉയർത്തെഴുന്നേൽക്കും”. കാരണം സഹനത്തിനും മരണത്തിനും പിന്നീലുള്ളത് ദൈവത്തിന്റെ ശക്തി മാത്രമാണ്. ആ ശക്തിയോ സ്നേഹവും. സഹനം, മരണം, ഉത്ഥാനം ഇവകളെല്ലാം ആർദ്രതയുടെ ആധിപത്യത്തിന്റെ അടയാളങ്ങളാണ്. ഈ ആധിപത്യത്തിനു മുമ്പിൽ ലോക ശക്തികൾ എന്നും ബലഹീനമായിരിക്കും.

പത്രോസിന് തെറ്റ് പറ്റുന്നുണ്ട്. അവൻ ഗുരുവിനെ സഹനത്തിന്റെയും മരണത്തിന്റെയും മുന്നിൽ നിൽക്കുന്ന ഒരു ഇരയായി കണ്ടുകൊണ്ട് പക്ഷം ചേരാൻ ശ്രമിക്കുന്നു: “കർത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ” (v.22). ശക്തവും യുക്തവുമാണ് ഈ നിഷേധം. ഇരയുടെ പക്ഷം ചേർന്നു നിന്നു കൊണ്ട് എല്ലാ ശക്തികൾക്കും എതിരായുള്ള നിലപാട് വ്യക്തമാക്കുകയാണ് പത്രോസ്. പക്ഷേ യേശു അവനെ മറ്റൊരു വിപ്ലവ വാതിലിലൂടെ കടത്തിവിടുന്നു. ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരുവൻ ഈയൊരു വാതിലിലൂടെ കടന്നു പോയിട്ടുണ്ടാവുക. പിന്നിലേക്ക് തിരിച്ചു പോകേണ്ട വാതിലാണത്. പത്രോസേ, നീ എന്റെ പിന്നിലേക്ക് പോവുക. ശിഷ്യത്വത്തിന്റെ ബാലപാഠത്തിലേക്ക് നീ തിരിച്ചു പോവുക. എന്റെ മുന്നിൽ സ്നേഹം മാത്രമാണ്. ഇരയും വേട്ടക്കാരനും ഇല്ല. നീ ആദ്യം സ്നേഹത്തിന്റെ അംഗൻവാടിയിൽ നിന്നും പാഠങ്ങൾ പഠിക്കുക എന്നിട്ടു മതി എന്തിനുമേതിനും അഭിപ്രായം പറയാൻ.

പത്രോസ് മാത്രമല്ല എല്ലാ ശിഷ്യന്മാരും ഗുരുവിന്റെ ഈ യുക്തി സ്വീകരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അവൻ എല്ലാവരോടുമായി പറഞ്ഞത്; “ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ… ” ഇതാ, ഒരു വ്യവസ്ഥയാണ് അവൻ മുന്നിൽ വയ്ക്കുന്നത്. അത്ര സുഖമുള്ള ഒരു വ്യവസ്ഥയല്ല ഇത്. അവൻ ആവശ്യപ്പെടുന്നു, “സ്വയം പരിത്യജിക്കുക”. വ്യക്തമായി മനസ്സിലാക്കിയില്ലെങ്കിൽ ഏറ്റവും അപകട സാധ്യതയുള്ള പദമാണിത്. സ്വയം പരിത്യജിക്കൽ ആത്മപീഡനമോ കഴിവുകളുടെ നിഗ്രഹമോ അല്ല. ഓർക്കുക, നിരാശരായ അനുയായികളെ യേശു ആഗ്രഹിക്കുന്നില്ല. അവന്റെ സ്വപ്നം ജീവിത സാക്ഷാത്കാരമാണ്. ഒന്നിന്റെയും കേന്ദ്രബിന്ദു നീ അല്ല എന്ന സത്യം തിരിച്ചറിയുക അതാണ് സ്വയം പരിത്യജിക്കൽ. നിന്നിൽ നിന്നും വ്യത്യസ്തമായ ദൈവീക ചൈതന്യം നിന്നെ കീഴടക്കുവാൻ നീ അനുവദിക്കുകയാണെങ്കിൽ അതാണ് പരിത്യാഗം. അതൊരു ഇന്ദ്രിയനിഗ്രഹമോ ആത്മപീഡനമോ അല്ല. അത് സ്വാതന്ത്ര്യമാണ്, അഹത്തിന്റെ ചില തന്മീയ ഭാവങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം.

രണ്ടാമത്തെ വ്യവസ്ഥ കുരിശു വഹിച്ചു കൊണ്ട് അവനെ അനുഗമിക്കുക എന്നതാണ്. സുവിശേഷത്തിൽ നിന്നും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും അതുപോലെ തന്നെ വഴിതെറ്റിക്കാൻ സാധ്യതയുമുള്ള ഒരു വാക്യമാണ് ഈ വ്യവസ്ഥ. അച്ചടക്കം, അനുസരണ, ക്ഷമ, ജീവിതത്തിന്റെ സഹജമായ ചില സഹനങ്ങൾ എന്നിവകൾക്കെല്ലാം വ്യാഖ്യാനമായി നമ്മൾ ഈ വ്യവസ്ഥയെ മനസ്സിലാക്കി. പക്ഷേ യേശു പറയുന്നത് സഹിക്കുവാനല്ല, വഹിക്കുവാനാണ്. ദൈവമാണോ കുരിശുകൾ അയക്കുന്നത് ? അല്ല. എങ്കിലും ശിഷ്യർ അവകളെ വഹിക്കുക തന്നെ വേണം; യേശു പീലാത്തോസിനെ ഭവനം മുതൽ ഗാഗുൽത്താ വരെ വഹിച്ചത് പോലെ. കുരിശ് സഹനം എന്ന അർത്ഥത്തിൽ മാത്രം ഒതുങ്ങുന്ന ഒരു യാഥാർത്ഥ്യമല്ല. അതിൽ ദൈവീക പദ്ധതികളുടെ അർത്ഥ ശാഖകളുണ്ട്, വർണ്ണങ്ങളുണ്ട്.

സുവിശേഷങ്ങളിൽ കുരിശ് ദൈവിക ഉന്മാദത്തിന്റെ അടയാളമാണ്. മരണത്തോളം എത്തുന്ന അവന്റെ ഭ്രാന്തമായ സ്നേഹമാണത്. അങ്ങനെയാകുമ്പോൾ കുരിശ് സ്നേഹത്തിന്റെ പര്യായമാണ്. കുരിശിനു പകരം സ്നേഹം എന്ന പദം നമുക്കൊന്നും ഉപയോഗിച്ചു നോക്കാം: “എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്നേഹവുമായി എന്റെ പിന്നാലെ വരട്ടെ”. കുരിശു സ്നേഹമാകുമ്പോൾ ശിഷ്യത്വവും ജീവിതവും സ്നേഹമയമാകുകയാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ സുവിശേഷത്തിലെ ഏറ്റവും കാതലായ വാക്യത്തിന് കൂടുതൽ തെളിമ കിട്ടുന്നതായി കാണാം: “ആരെങ്കിലും എനിക്കുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതു കണ്ടെത്തും” (v.25). ഇത്രയും നാളും ജീവൻ നഷ്ടപ്പെടുന്നതിന്റെ കഥകൾ മാത്രമായിരുന്നു നമ്മൾ കേട്ടുകൊണ്ടിരുന്നത്, പക്ഷേ യേശു പ്രാധാന്യം കൊടുക്കുന്നത് ജീവന്റെ കണ്ടെത്തലിനാണ്.

അവസാനം അവൻ ആഹ്വാനം ചെയ്യുന്നു: ” എന്നെ അനുഗമിക്കുക”. അതായത് എന്റെ ജീവിതത്തിനോട് സാദൃശ്യമായിരിക്കുന്ന ഒരു ജീവിതം നീ നയിക്കുക. എങ്കിൽ മാത്രമേ നിന്റെ ജീവിതം യഥാർത്ഥ ജീവിതമാകുകയുള്ളൂ, എങ്കിൽ മാത്രമേ നിന്റെ ജീവിതത്തിന് സാക്ഷാത്കാരമുണ്ടാകും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker