Categories: Meditation

ക്ഷമയുടെ അളവ് (മത്താ 18: 21-35)

ക്ഷമിക്കുക എന്നത് ഒരു ഇടർച്ചയാണ്. കാരണം, തിന്മ ചെയ്തവനല്ല, അത് അനുഭവിച്ചവനാണ് ഒരു പരിവർത്തനത്തിലൂടെ കടന്നു പോകുന്നത്...

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ

“ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം”, അതായത്, നിത്യതയോളം. അളവില്ലാതെ ക്ഷമിക്കുക എന്നതാണ് ക്ഷമയുടെ ഏക അളവ്. യേശു ധാർമികതയുടെ ക്രോസ്ബാർ ഉയർത്തുകയാണോ? അല്ല. ദൈവസ്നേഹത്തിന് അളവില്ല എന്ന സദ്വാർത്ത പകർന്നു നൽകുക മാത്രമാണ്. നിർധനരായ രണ്ട് ഭൃത്യരുടെ ഉപമയിലൂടെയാണ് അവനത് പറയുന്നത്. സങ്കൽപ്പിക്കാൻ കഴിയുന്നതിനേക്കാൾ വലിയൊരു തുകയാണ് ആദ്യത്തെയാൾ തന്റെ യജമാനനോട് കടപ്പെട്ടിരിക്കുന്നത്. നിലത്തുവീണു കൊണ്ടാണ് അയാൾ യജമാനനോട് അവധി യാചിക്കുന്നത്.

കടമാണ്, യേശുവിന്റെ കാലത്തും ഇന്നും, മനുഷ്യനെ അടിമയാക്കുന്നത്. അത് പറക്കാനും സ്നേഹിക്കാനും സൃഷ്ടിക്കാനുമുള്ള നമ്മുടെ ചിറകുകളെയും അഭിനിവേശത്തെയും അഭിവാജ്ഞയെയും മുറിച്ചുകളയും. അതുകൊണ്ടാണ് കടങ്ങൾ പൊറുക്കണമേ എന്ന പ്രാർത്ഥനയിൽ സ്വാതന്ത്ര്യം ഒരു വിഷയമാകുന്നത്. കടങ്ങൾ പൊറുക്കപ്പെടുമ്പോഴുള്ള അവസ്ഥ സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായത്തിലേക്കുള്ള ഒരു ചിറക് വിരിയലാണ്.

പക്ഷേ കടം ക്ഷമിക്കപ്പെട്ട ദാസൻ പുറത്തിറങ്ങിയപ്പോൾ തന്നെ… നോക്കുക, ഒരാഴ്ചയ്ക്കുശേഷമോ ഒരു ദിവസത്തിനുശേഷമോ ഒരു മണിക്കൂറിനുശേഷമോ ഒന്നുമല്ല, സ്വാതന്ത്ര്യത്തിന്റെ സന്തോഷത്തിലേക്ക് അയാൾ പുറത്തിറങ്ങിയപ്പോൾ തന്നെ സഹസേവകന്റെ കഴുത്തു പിടിച്ചു ഞെരിച്ചുകൊണ്ടു പറയുന്നു: “എനിക്കു തരാനുള്ളതു തന്നുതീർക്കുക”.

കടങ്ങൾ പൊറുക്കപ്പെട്ടവന് സഹസേവകനോടും അനുകമ്പ തോന്നേണ്ടതല്ലേ? എന്തുകൊണ്ട് അയാൾക്ക് അത് സാധിക്കുന്നില്ല? നീയും എന്നെ പോലെയാണ് എന്ന ചിന്ത അയാൾക്കില്ലായിരുന്നു. സ്വന്തം വേദനയെ അപമാനമായി കരുതുന്നവന് സഹജന്റെ വേദനയെ തിരിച്ചറിയാൻ സാധിക്കില്ല. അങ്ങനെയുള്ളവർ വലിയവരുടെ മുമ്പിൽ നിലത്തുവീണു അവരുടെ പാദം നക്കുകയും എളിയവരോട് ക്രൂരമായി പെരുമാറുകയും ചെയ്യും. ക്ഷമിക്കുക എന്നത് ക്ഷമിക്കപ്പെട്ടവന്റെ ഉത്തരവാദിത്തമാണ്. എന്തിന് ഞാൻ ക്ഷമിക്കണം? കാരണം ദൈവം അതാണ് എന്നോട് ചെയ്യുന്നത്.

ക്ഷമിക്കുക എന്നത് ഒരു ഇടർച്ചയാണ്. കാരണം, തിന്മ ചെയ്തവനല്ല, അത് അനുഭവിച്ചവനാണ് ഒരു പരിവർത്തനത്തിലൂടെ കടന്നു പോകുന്നത്. അവനാണ് പറയുന്നത് “വേണ്ട, സാരമില്ല” എന്ന്. അങ്ങനെയൊരു തീരുമാനമെടുക്കാതെ കുറ്റകൃത്യത്തെ ഒരു പ്രത്യാക്രമണത്തിലൂടെ നേരിടാൻ ഒരുങ്ങുകയാണെങ്കിൽ, കടങ്ങളെല്ലാം പിരിച്ചെടുക്കാൻ ഇറങ്ങിപുറപ്പെടുകയാണെങ്കിൽ കുറെ അടിമകളെ നമുക്ക് സൃഷ്ടിക്കാൻ സാധിക്കും. മുറിവേൽപ്പിച്ച് മുറിവുണക്കാൻ സാധിക്കുമെന്ന് കരുതരുത്. തിന്മയെ മറ്റൊരു തിന്മകൊണ്ട് കീഴ്പ്പെടുത്താൻ സാധിക്കില്ല. അങ്ങനെ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ മുറിവേറ്റവർ മാത്രമേ ഈ മണ്ണിൽ അവശേഷിക്കു.

നമ്മെ മുറിവേൽപ്പിച്ച ഇന്നലെകളുടെ ചരിത്രത്തെക്കാൾ വലുതാണ് നമ്മുടെ ഇന്നും നാളെയും. ക്ഷമയ്ക്ക് ഒരു പ്രത്യേകതയുണ്ട്, അത് ദൂഷിത വലയത്തിൽ നിന്നും നമ്മെ മോചിപ്പിക്കും, ആവർത്തിക്കപ്പെടുന്ന തിന്മകളുടെ കണ്ണികളെ പൊട്ടിക്കും, കുറ്റബോധത്തിന്റെയും പ്രതികാരത്തിന്റെയും ശൃംഖലയെ തകർക്കും, വെറുപ്പിന്റെ സമമിതിയെ ഇല്ലാതാക്കും. എവിടെ ധൈര്യമുണ്ട്, അവിടെ ക്ഷമയുണ്ട്. എല്ലാം ശരിയായതിനു ശേഷം ക്ഷമിക്കാം എന്ന് കരുതരുത്. അത് ഭീരുത്വമാണ്. അത് നമ്മെ ഭൂതകാലത്തിൽ തന്നെ പിടിച്ചു നിർത്തും. ക്ഷമ ഭാവിയുടെ പുണ്യമാണ്. അത് നൽകുന്നവനും സ്വീകരിക്കുന്നവനും മുന്നിലൊരു പുതിയ ചക്രവാളം കാണും.

അവസാനമായി, ക്ഷമയെ ഒരു പൊളിറ്റിക്കൽ കറക്റ്റ്നസ്സ് ആയി കരുതാൻ എളുപ്പമാണ്. പ്രതിച്ഛായയെ നിലനിർത്താൻ അത് പലരും ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ പുണ്യം എന്നത് ഹൃദയത്തിൽ നിന്നും ക്ഷമിക്കുക എന്നതാണ്. ഹൃദയത്തിലുള്ളത് കണ്ണുകളിൽ ഉണ്ടാകും. അത് വ്യത്യസ്തമായ കാഴ്ച പകർന്നു നൽകും. അത് നമ്മുടെ കാഴ്ചപ്പാടുകളെയും മാറ്റും. അങ്ങനെയുള്ളവർ ദൈവം കാണുന്നതുപോലെ കാണും. ദൈവനേത്രമുള്ളവർക്ക് ശിശിരമാനസത്തിലും വസന്തം പൂക്കുന്നതും കാണാൻ സാധിക്കും.

vox_editor

Recent Posts

ഉള്ളിലെ ദൈവസാന്നിധ്യം (യോഹ 15:26-27, 16:12-15)

പെന്തക്കോസ്താ തിരുനാൾ ചരിത്രപുരുഷനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കാലം അവസാനിക്കുന്നു, സഭയുടെ സമയം ആരംഭിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോൾ നമ്മുടെ ഊഴമാണ്. എന്താണ്…

1 day ago

അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ…

1 week ago

സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്‍റോ || സിസ്റ്റര്‍ ജെനിഫര്‍

സ്വന്തം ലേഖകന്‍ ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി…

1 week ago

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

2 weeks ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

2 weeks ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 weeks ago