Categories: Meditation

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

വിശ്വസിക്കണമെങ്കിൽ തെളിവു വേണം, സ്പർശിക്കണം എന്നു വാശിപിടിക്കുന്ന നമ്മൾ തന്നെയാണ് ദിദിമോസ്...

പെസഹാക്കാലം രണ്ടാം ഞായർ

യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω – kleió) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിന് പൂട്ടിടുക (to lock) എന്നും അർത്ഥമുണ്ട്. ഗുരുനാഥൻ ഉത്ഥിതനായെന്നറിഞ്ഞിട്ടും ശിഷ്യരിൽ നിന്നും ഭയം മാറിയിട്ടില്ല. ക്രൂശിതനെപ്രതി പിടിക്കപ്പെടും എന്ന ഭയമാണത്. എന്നിട്ടും അടഞ്ഞ വാതിലുകൾ ഉത്ഥിതന് ഒരു തടസ്സമാകുന്നില്ല. അവിശ്വാസം അവനെ കാണാനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നുമില്ല. നമ്മുടെ തുറവിയില്ലായ്മ ഉത്ഥിതനെ തടയില്ല. അവന്റെ സ്നേഹം നമ്മുടെ ഭയത്തേക്കാൾ ശക്തമാണ്. ഉപേക്ഷിക്കപ്പെട്ടവൻ ഓടിയൊളിച്ചവരുടെയും തള്ളിപ്പറഞ്ഞവരുടെയും ഇടയിലേക്ക് തിരികെ വരുന്നു. ഒരു കുറ്റപ്പെടുത്തലായിരിക്കണം അവർ പ്രതീക്ഷിച്ചത്. പക്ഷെ അവൻ അവർക്ക് സമാധാനത്തിന്റെ ആത്മാവിനെ നൽകുന്നു.

“സമാധാനം” – അതാണ് ഉത്ഥിതന്റെ ആദ്യ വാക്ക്. അതിൽ എല്ലാമുണ്ട്. അതൊരു അഭിവാദനമോ ആഗ്രഹമോ അല്ല. സ്ഥിരീകരണമാണ്. ഒരു സമ്മാനം. എല്ലാവരും ആഗ്രഹിക്കുന്ന ആനന്ദവും ജീവിതത്തിന്റെ പൂർണ്ണതയും അതിലുണ്ട്. എന്നിട്ട് അവൻ അവരുടെമേൽ നിശ്വസിച്ചുകൊണ്ട് പറഞ്ഞു, “പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ”. അടിച്ചേൽപ്പിക്കുകയല്ല, സമ്മാനിക്കുകയാണ്. ഉള്ളിൽ സ്നേഹമുള്ളവർക്കേ ആ ദാനത്തെ സ്വീകരിക്കാൻ സാധിക്കു.

ഉത്ഥാനത്തിൽ വിശ്വസിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടാണ് ഈ ഒരു വിഷയത്തെക്കുറിച്ച് ധ്യാനിക്കാനും ചിന്തിക്കാനും മനനം ചെയ്യാനുമായി നമ്മുടെ മുന്നിൽ 50 ദിവസങ്ങളുള്ളത്. ഈ ദിനങ്ങളിൽ നമ്മൾ ഒറ്റയ്ക്കല്ല, കൂട്ടായി തോമസും ഉണ്ട്.

വിചിത്രമാണ് തോമസിന്റെ അവസ്ഥ. ഏറ്റവും സുന്ദരമായ വിശ്വാസപ്രകടനം നടത്തുകയും ഒരു അവിശ്വാസിയായി ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്ത കഥാപാത്രമാണ് അവൻ. യോഹന്നാന്റെ സുവിശേഷത്തിൽ ഏഴു പ്രാവശ്യം അവന്റെ പേര് ആവർത്തിക്കുന്നുണ്ട്. അതിൽ മൂന്നുതവണ ഇരട്ട എന്ന അർത്ഥം വരുന്ന ദിദിമോസ് എന്ന വിളിപ്പേരും ചേർക്കുന്നുണ്ട്. അവൻ ആരുടെ ഇരട്ടയാണ്? അവൻ നമ്മുടെ ഇരട്ടയാണ്. യേശുവിനു വേണ്ടി മരിക്കാൻ തയ്യാറായാലും കൂടെയുള്ളവരുടെ വാക്കുകൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന നമ്മുടെ ഇരട്ട. ഇതൊരു പ്രത്യേക ആത്മീയതയാണ്. യേശുവിനെ വേണം എന്നാൽ സഭയെ വേണ്ട എന്ന ചിന്താഗതിയാണ് ഈ ആത്മീയതയുടെ പ്രത്യേകത.

വിശ്വസിക്കണമെങ്കിൽ തെളിവു വേണം, സ്പർശിക്കണം എന്നു വാശിപിടിക്കുന്ന നമ്മൾ തന്നെയാണ് ദിദിമോസ്. എന്തുകൊണ്ട് അവൻ തന്റെ കൂടെയുള്ളവരുടെ വാക്കുകൾ വിശ്വസിച്ചില്ല? കാരണം അവർ വിശ്വസനീയരല്ലാതിരുന്നതുകൊണ്ട്. ഗുരുവിന്റെ നൊമ്പരനിമിഷങ്ങളിൽ അവനെയും ഉപേക്ഷിച്ച് ഓടിയൊളിച്ചവരാണവർ. അങ്ങനെയുള്ളവരെ എങ്ങനെ വിശ്വസിക്കും. ആ ഓടിയൊളിച്ചവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നല്ലോ എന്നിട്ടും എന്തേ കൂടെയുള്ളവരെ വിശ്വസിക്കാൻ അവന് പറ്റാത്തത്? അവൻ സംശയിക്കുന്നത് അവന്റെ തന്നെ വിശ്വാസ്യതയെയാണ്. അവൻ ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നത് അവന്റെതന്നെ പ്രതിച്ഛായയിൽ നിന്നുമാണ്. എന്നിട്ടും അവൻ കൂട്ടത്തെ ഉപേക്ഷിച്ചില്ല എന്നതാണ് അവന്റെ സ്വഭാവ ലാവണ്യം. എട്ടു ദിവസത്തിനു ശേഷവും അവൻ അവരോടൊപ്പം തന്നെയുണ്ട്. അങ്ങനെയുള്ളവരുടെ മുമ്പിൽ ഉത്ഥിതൻ ഒരു കണ്ണാടിയായി വന്നു നിൽക്കും. ആ കണ്ണാടിയിൽ അവർ അവരെത്തന്നെ ദർശിക്കും. ആ ദർശനം നൽകുന്ന അവബോധത്തെ ഒരു ശക്തിക്കും പിന്നിട് മായിക്കാൻ സാധിക്കില്ല.

സ്വന്തം വീട്ടിൽ വച്ചോ സ്വകാര്യമായ നിമിഷങ്ങളിലോ ഒന്നുമല്ല തോമസ് ഉത്ഥിതനായ യേശുവിനെ കാണുന്നത് ഒരു കൂട്ടായ്മയുടെ നടുവിൽ വച്ചാണ്. സഭയുടെ ഉള്ളിൽ മാത്രമേ ഉത്ഥിതൻ ഒരു അനുഭവമാകു. സുവിശേഷകൻ പ്രത്യേകം സൂചിപ്പിക്കുന്ന ഒരു സമയമുണ്ട്. അത് “എട്ടു ദിവസങ്ങൾക്ക് ശേഷം” എന്നാണ്. ഉത്ഥിതന്റെ ദിനമാണത്, അപ്പം മുറിക്കൽ ശുശ്രൂഷയുടെ ദിനമാണത്, പരിശുദ്ധ കുർബാനയുടെ ദിനമാണത്. സഭ ഒത്തുകൂടുമ്പോൾ അവൻ പ്രത്യക്ഷനാകും. ആ ഒത്തുകൂടലിൽ അവൻ ആരെയും മാറ്റി നിർത്തുകയില്ല, ആരെയും കുറ്റപ്പെടുത്തുകയുമില്ല, മറിച്ച് ഇത്തിരിയോളം പരിഭവവുമായി വരുന്നവനെ കൈപിടിച്ചു ഹൃദയത്തോട് ചേർത്തുനിർത്തും.

നമ്മുടെ ഹൃദയവാതിലുകൾ തുറക്കാൻ വൈകിയാലും ഉയിർത്തെഴുന്നേറ്റവൻ നമ്മെ തേടി വന്നിരിക്കും. അവൻ തളരുകയില്ല. ഉത്തരങ്ങൾക്കായുള്ള നമ്മുടെ കാത്തിരിപ്പുകൾക്ക് എട്ടു ദിവസത്തെ ദൈർഘ്യമേ ഉള്ളൂ. നമുക്കായി മാത്രം അവൻ ഇറങ്ങി വരും. ആടിനെ തേടിവരുന്ന ഒരു ഇടയനെ പോലെ. എത്ര അലഞ്ഞുതിരിഞ്ഞാലും ഒരിക്കൽ നമ്മൾ അവനെ കണ്ടെത്തും! എത്ര ബലഹീനതകൾ ഉണ്ടായാലും ഒരിക്കൽ അവന്റെ ശക്തിയിൽ നമ്മൾ ആനന്ദിക്കും! എത്ര തള്ളിപ്പറഞ്ഞാലും ഒരിക്കൽ അവൻ നമ്മെ ചേർത്തുനിർത്തും!

തന്റെ മുറിവുകളിൽ വിരലിടാനാണ് യേശു തോമസിനോട് ആവശ്യപ്പെടുന്നത്. അത് തന്റെ നൊമ്പരവും സ്നേഹവും പങ്കുവയ്ക്കാനാണ്. കാരണം അവയാണ് അവന്റെ ശക്തി. ഉത്ഥിതന്റെ മുറിവുകൾ സ്നേഹത്തിന്റെ മുറിവുകളാണ്. പക്ഷേ തോമസ് അവയിൽ സ്പർശിക്കുന്നില്ല. മറിച്ച് ആ സ്നേഹത്തെ വലിയൊരു പ്രഘോഷണമാക്കി മാറ്റുകയാണ്: “എന്റെ കർത്താവേ, എന്റെ ദൈവമേ!”

ഈ സുവിശേഷഭാഗം അവസാനിക്കുന്നത് “ഈ ഗ്രന്ഥത്തിൽ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ചു” എന്ന് പറഞ്ഞുകൊണ്ടാണ്. ഇതൊരു ക്ഷണമാണ്. ഒരു ക്രിസ്താനുഭവം നാമും എഴുതാനുള്ള ക്ഷണം. സുവിശേഷകന്മാർക്ക് യേശു ഒരു അനുഭവമായപ്പോൾ നമുക്ക് അവ ഗ്രന്ഥങ്ങളായി ലഭിച്ചു. ഉത്ഥിതൻ നമുക്ക് ഒരു അനുഭവമാകുന്നുണ്ടോ? എങ്കിൽ ആ അനുഭവത്തെ നമുക്ക് പങ്കുവയ്ക്കാൻ സാധിക്കുന്നുണ്ടോ? നമുക്കും ഒരു സുവിശേഷം അഥവാ യേശു എന്ന ആ നല്ല വാർത്തയെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ സാധിക്കുമോ?

vox_editor

Recent Posts

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

1 hour ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

4 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 days ago