Meditation

24th Sunday ordinary_Year A_ഏഴ് എഴുപതു പ്രാവശ്യം (മത്താ 18:21-35)

സുവിശേഷം ജീവിക്കുകയെന്നത് നന്മ-തിന്മകളുടെ ധാർമിക അളവുകോലിനെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുക എന്നതല്ല...

ആണ്ടുവട്ടത്തിലെ ഇരുപത്തി നാലാം ഞായർ

ചില ചോദ്യങ്ങളുണ്ട് ദൈവികമായ കാഴ്ചപ്പാടിലെ അവകൾക്ക് ഉത്തരം കൊടുക്കാൻ സാധിക്കു. അങ്ങനെയുള്ള ചോദ്യമാണ്: ഞാനെന്തിനു ക്ഷമിക്കണം? ഞാനെന്തിന് സഹജന്റെ കടങ്ങൾ പൊറുക്കണം? ഞാനെന്തിന് സഹോദരന്റെ കുറ്റങ്ങൾ മറക്കണം? ഉത്തരം വളരെ ലളിതമാണ്. ദൈവം ക്ഷമിക്കുന്നുണ്ട്, പൊറുക്കുന്നുണ്ട്, മറക്കുന്നുണ്ട് അതുകൊണ്ട് നീയും ചെയ്യണം. സ്നേഹത്തെക്കുറിച്ചും ക്ഷമയെക്കുറിച്ചുമൊക്കെയാണ് ഇങ്ങനെയുള്ള ഒരു താരതമ്യം നമ്മൾ നടത്തു. കാരണം ദൈവ ഹൃദയത്തിന്റെ തുടിപ്പാണ് നിന്റെ ജീവിതം. ആ തുടിപ്പിന്റെ താളമാണ് നിന്റെ ബന്ധങ്ങൾ.

പണ്ടൊരുവൻ സഹജനെ തല്ലിക്കൊന്നതിനുശേഷം ഉച്ചത്തിൽ പറയുന്നുണ്ട്: “കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കിൽ ലാമെക്കിന്റേത് എഴുപത്തേഴിരട്ടിയായിരിക്കും”. കായേന്റെ ഏഴാമത്തെ തലമുറയിലെ ലാമെക്കിന്റെ പ്രഖ്യാപനമാണ് (ഉത് 4:24). ഇന്നിതാ ഒരു മുക്കുവൻ തന്റെ ഗുരുവിനോട് ചോദിക്കുന്നു: ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴ് പ്രാവശ്യമോ? ഗുരു പറയുന്നു: “ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്നു ഞാൻ നിന്നോടു പറയുന്നു”. അതായത് അനന്തയോളം ക്ഷമിക്കുക. ക്ഷമയുടെ കാര്യത്തിൽ കൂട്ടലിന്റെയോ കിഴിക്കലിന്റെയോ ഗണിതമില്ല. കാലഗതിയുടെ ഭൗതിക ചിന്തകളുമില്ല. എത്ര പ്രാവശ്യം ക്ഷമിക്കണം? കണക്കുകൾക്കതീതമായ നിത്യതയോളം ക്ഷമിക്കണം. എത്രനാൾ ക്ഷമിക്കണം? പ്രകാശ വർഷങ്ങൾക്കപ്പുറത്തുള്ള അനന്തതയോളം ക്ഷമിക്കണം. കാരണം സുവിശേഷം ജീവിക്കുകയെന്നത് നന്മ-തിന്മകളുടെ ധാർമിക അളവുകോലിനെ അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റുക എന്നതല്ല. മറിച്ച് ദൈവ സ്നേഹത്തിന് അളവില്ല എന്ന യാഥാർഥ്യമാണ്. അത് സുവിശേഷത്തിന്റെ തനിമയാണ്. ആ തനിമ ബന്ധങ്ങളിൽ തെളിയണം, അളവുകളിൽ നിറയണം. ആ തനിമയുടെ ലാവണ്യമാണ് പിന്നീട് യേശു ഒരു ഉപമയിലൂടെ വ്യക്തമാക്കുന്നത്.

വലിയൊരു സംഖ്യ വരുന്ന തുകയാണ് ഒരുവൻ രാജാവിന് കടപ്പെട്ടിരിന്നത്. അത് തിരിച്ചടക്കാൻ അവന് സാധിക്കുമെന്ന് തോന്നുന്നില്ല. പാപ്പരാവസ്ഥയിലാണ് അവനിപ്പോൾ. ഇനി മുന്നിലുള്ളത് ഒരേ ഒരു വഴിയാണ്; കരുണയ്ക്കു വേണ്ടി യാചിക്കുക. “പ്രഭോ, എന്നോട് ക്ഷമിക്കണമേ. ഞാൻ എല്ലാം തന്നുവീട്ടിക്കൊള്ളാം”. അപ്പോൾ രാജാവിന്റെ മനസ്സലിഞ്ഞു. രാജാവ് നിയമ സംരക്ഷകൻ മാത്രമല്ല, മനസ്സലിവുള്ളവനുമാണ്. തന്റെ സേവകന്റെ വേദന അവനു ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട്. കടം തിരികെ കിട്ടുക എന്ന അവന്റെ അവകാശത്തിന് മുകളിൽ സേവകന്റെ നിസ്സഹായവസ്ഥയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. അതേ, സമ്പത്തിനേക്കാൾ തൂക്കം കൂടുതൽ വേദനകൾക്ക് തന്നെയാണ്.

ഉപമ പറയുന്നു; എല്ലാ കടങ്ങളിൽ നിന്നും ഇളവ് കിട്ടിയ ആ സേവകൻ പുറത്തിറങ്ങിയപ്പോൾ തനിക്ക് ചെറിയൊരു തുക തരുവാനുള്ള ഒരു പാവപ്പെട്ടവനെ കണ്ടുമുട്ടുന്നു. ഓർക്കണം രാജാവിന്റെ മനസ്സലിവ് അനുഭവിച്ച് പുറത്തിറങ്ങിയ ആ നിമിഷത്തിലാണ് തനിക്ക് കടമുള്ളവനെ അവൻ കണ്ടുമുട്ടുന്നതെന്ന്. രാജാവ് കാണിച്ച മനസ്സലിവിന്റെ കുളിർമ അവനിൽ ഇപ്പോഴുമുണ്ട്. അവൻ മാത്രമല്ല അവന്റെ കുടുംബം മുഴുവനും ആ മനസ്സലിവിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവൻ ആദ്യം ചെയ്തത് ആ പാവപ്പെട്ടവന്റെ കഴുത്തു പിടിച്ചു ഞെരിക്കുകയായിരുന്നു. എന്തിനുവേണ്ടി? വെറും നൂറു ദനാറയ്ക്കുവേണ്ടി. കോടികളുടെ കടത്തിന്റെ ഇളവ് കിട്ടിയവനാണ് എന്നോർക്കണം. ശരിയാണ്. നൂറു ദനാറാ തിരിച്ചു കിട്ടുകയെന്നത് അവന്റെ അവകാശം തന്നെയാണെന്നതിൽ ഒരു തർക്കവുമില്ല. പക്ഷേ എവിടെ അവനനുഭവിച്ച മനസ്സലിവ്?

ഉപമ നൽകുന്ന പാഠം വളരെ വ്യക്തമാണ്: എന്റെ അവകാശങ്ങൾക്കു വേണ്ടിയുള്ള മുറവിളി സുവിശേഷാധിഷ്ഠിതമായിരിക്കണം. ഒരു നവ ഭാവി സൃഷ്ടിക്കുന്നതിന് നീതി മാത്രം പോരാ. കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കടത്തിന് കടം എന്ന രീതി നീതിയുടെ ശൈലി തന്നെയാണ്. പക്ഷേ മനുഷ്യൻ തുല്യതയെ കുറിച്ച് ചിന്തിക്കുമ്പോൾ ദൈവം ആധിക്യത്തെ കുറിച്ച് ചിന്തിക്കുന്നു. കൊടുക്കൽ-വാങ്ങൽ എന്ന മായികമായ തുല്യതയ്ക്ക് മുകളിൽ നൽകൽ മാത്രമാകുന്ന മനസ്സലിവിന്റെ, കരുണയുടെ അതുല്യതയ്ക്ക് അവൻ പ്രാധാന്യം കൊടുക്കുന്നു.

ഇനിയാണ് ചില ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്: “ഞാൻ നിന്നോട് കരുണ കാണിച്ചതു പോലെ നീയും നിന്റെ സഹസേവകനോട് കരുണ കാണിക്കേണ്ടതായിരുന്നില്ലേ?” അതായത് “നീ എന്നെ പോലെയാകേണ്ടതായിരുന്നില്ലേ?” എന്നാണ് രാജാവ് ചോദിക്കുന്നത്. ഇതാണ് ക്ഷമയുടെ യുക്തി. ദൈവം ചെയ്യുന്നതുപോലെ ചെയ്യുക. നമ്മുടെ വ്യവഹാരിക ബന്ധങ്ങളിൽ, കൊടുക്കൽ-വാങ്ങലിന്റെ തുലാസ്സുകളിൽ അലിവ് ഇത്തിരി അധികമായി ചേർക്കുകയാണെങ്കിൽ അതാണ് ദൈവിക യുക്തി. ക്ഷമിക്കുക എന്ന ഗ്രീക്ക് പദത്തിന് വിട്ടുകളയുക, സ്വതന്ത്രനാക്കുക എന്നൊക്കെയാണ് അർത്ഥങ്ങൾ. വിദ്വേഷത്തിന്റെ ചരടുകളാൽ കോർത്തിണക്കിയുള്ള ചില കടങ്ങളിൽ നിന്നും സ്വതന്ത്രനാവുക. മാപ്പു കൊടുക്കുകയെന്നാൽ സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറക്കാൻ അനുവദിക്കുകയെന്നതാണ്. അങ്ങനെ പ്രവർത്തിക്കണമെങ്കിൽ യുക്തിക്കതീതമായ എന്തെങ്കിലും ഉള്ളിലുണ്ടാകണം. ഉദാഹരണത്തിന് ഏഴ് എഴുപതു പ്രാവശ്യം എന്ന നിത്യതയുടെ ഗണിതമോ, നൊമ്പരങ്ങളുടെ മുകളിലേക്ക് വളരാത്ത ധനതത്വമോ അങ്ങനെയെന്തെങ്കിലും. അപ്പോൾ മാത്രമേ ദൈവം ചെയ്യുന്നതുപോലെ നമുക്കും ചെയ്യാൻ സാധിക്കുകയുള്ളൂ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker