Meditation

30th Sunday Ordinary Time_Year A_അതിപ്രധാനമായ കൽപന (മത്താ 22:34-40)

ഭാവിയിലേക്ക് വാതിൽ തുറക്കുന്ന ഏതെങ്കിലും മാനുഷിക പ്രവർത്തിയുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നു മാത്രമേയുള്ളൂ: സ്നേഹിക്കുക...

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

“ഗുരോ, നിയമത്തിലെ അതിപ്രധാനമായ കൽപന ഏതാണ്?” എല്ലാവർക്കും അറിയാവുന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. അത് പത്ത് കൽപനകളിലെ മൂന്നാമത്തെ കൽപനയാണ്. സാബത്ത് ആചരണമാണ് ആ കൽപന. ദൈവം പോലും ആ കല്പന അനുസരിച്ചു എന്നാണ് പാരമ്പര്യം. അപ്പോൾ അതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപന. ഇങ്ങനെയൊക്കെയാണ് ആചാരങ്ങളുടെ ആചാര്യന്മാർ ജനങ്ങളെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. പക്ഷേ ഗുരുവിന്റെ മറുപടി ശ്രദ്ധിക്കുക. പത്തു കൽപനകൾ ഒന്നും തന്നെ ഉദ്ധരിക്കുന്നില്ല. മറിച്ച് എല്ലാവരും കൊതിക്കുന്ന, സ്വപ്നം കാണുന്ന, ജീവിതത്തിന്റെ കേന്ദ്ര യാഥാർത്ഥ്യമായ ആ ഹൃദയ ചോദനയാണ് അവൻ ഉത്തരമായി നൽകുന്നത്: സ്നേഹിക്കുക!

ഒരു ആദേശകമായിട്ടല്ല സ്നേഹിക്കുക എന്ന പദത്തെ അവൻ ഉപയോഗിക്കുന്നത്. മറിച്ച് ഒരു ഭാവികാല ക്രിയയായിട്ടാണ്. ആദേശകങ്ങൾ എപ്പോഴും അടഞ്ഞ ക്രിയകളാണല്ലോ. അതുമാത്രമല്ല, സ്നേഹത്തെ എങ്ങനെ ഒരു ആദേശകമാക്കാൻ സാധിക്കും? ആരെയെങ്കിലും കൊണ്ട് നമുക്ക് നിർബന്ധിച്ച് സ്നേഹിപ്പിക്കാൻ പറ്റുമോ? സ്നേഹം ഒരു ധാർമികബാധ്യതയല്ല. അത് ജീവിതത്തിന്റെ അനിവാര്യതയാണ്. ശ്വാസത്തെ പോലെ പ്രാധാന്യമുള്ള ഒരു സത്യമാണ് സ്നേഹം. ഭാവിയിലേക്ക് വാതിൽ തുറക്കുന്ന ഏതെങ്കിലും മാനുഷിക പ്രവർത്തിയുണ്ടോ എന്ന് ചോദിച്ചാൽ അതിനുത്തരം ഒന്നു മാത്രമേയുള്ളൂ: സ്നേഹിക്കുക. ഞാൻ നാളെയും ജീവിച്ചിരിക്കേണ്ടതിനു എന്താണ് ചെയ്യേണ്ടത്? സ്നേഹിക്കുക. ഇനിയുള്ള തലമുറയ്ക്കു വേണ്ടി ഞാനെന്ത് ചെയ്യണം? സ്നേഹിക്കുക.

യേശുവിന്റെ ജീവിതത്തിലേക്കൊന്നു നോക്കുക: സ്നേഹത്തിലാണ് അവൻ വിശ്വസിക്കുന്നത്. അവനെ പോലെയായിരിക്കണം നമ്മളോരോരുത്തരും. ആശയസംഹിതകളിലൊ, പ്രമാണങ്ങളിലൊ ആചാരാനുഷ്ഠാനങ്ങളിലൊ അല്ല നമ്മൾ വിശ്വസിക്കേണ്ടത്. നമ്മുടെ വിശ്വാസം സ്നേഹത്തിലായിരിക്കണം. കാരണം സ്നേഹത്തിനു മാത്രമേ ചരിത്രത്തെ സ്വാധീനിക്കുന്ന ഒരു ശക്തിയാകാൻ സാധിക്കു.

എല്ലാത്തിനുമുപരിയായി ദൈവത്തെ സ്നേഹിക്കുക. അത് നിന്റെ സ്വത്വത്തിന്റെ പൂർണ്ണതയെ ആലിംഗനം ചെയ്യുന്ന തരത്തിലായിരിക്കണം. അതുകൊണ്ടാണ് യേശു സ്നേഹത്തോടൊപ്പം മൂന്നുപ്രാവശ്യം പൂർണ്ണത എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. കാരണം സ്നേഹത്തിന്റെ മാനദണ്ഡം അനന്തതയാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക എന്നു പറഞ്ഞാൽ ദൈവത്തെ മാത്രം സ്നേഹിക്കുകയെന്നല്ല, മറിച്ച് പാതിവെന്ത ഭക്ഷണം വിളമ്പുന്നത് പോലെയാകരുത് ദൈവത്തോടുള്ള സ്നേഹമെന്നാണ്. മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ അപഹരിക്കുന്നവനല്ല ദൈവം. സ്നേഹത്തിന്റെ കാര്യത്തിൽ അവൻ അസൂയാലുവുമല്ല. ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നവന് സഹജരെയും അതേ രീതിയിൽ തന്നെ സ്നേഹിക്കാൻ സാധിക്കുമെന്നതാണ് ഈ സ്നേഹസങ്കല്പത്തിനുള്ളിലെ ദൈവീകയുക്തി.

പൂർണ്ണമനസ്സോടെ സ്നേഹിക്കുക. സ്നേഹം അന്ധമല്ല. അത് വിവേകപൂർവം ഉപയോഗിക്കേണ്ട യാഥാർത്ഥ്യമാണ്. ആദ്യം എന്താണ് സ്നേഹമെന്നു നീ മനസ്സിലാക്കാൻ ശ്രമിക്കണം, എന്നിട്ട് വേണം അതിന്റെ ആഴത്തിലേക്ക് ഇറങ്ങി ചെല്ലേണ്ടത്. കാരണം സ്വയം ഒരു ബലിയായി മാറുന്ന ശൂന്യവൽക്കരണത്തിലാക്കാണ് സ്നേഹം നിന്നെ നയിക്കുന്നത്. അതുകൊണ്ട് സ്നേഹിക്കേണ്ടത് എപ്പോഴും പൂർണ ബോധത്തോടെയായിരിക്കണം.

പൂർണ്ണ ആത്മാവോടെ സ്നേഹിക്കുക. നിന്റെ സ്വത്വത്തിന്റെ ശക്തി സ്രോതസ്സാണ് ആത്മാവ്. സ്നേഹത്തിന് നിന്നെ ശക്തനും ദുർബലനുമാക്കാൻ സാധിക്കും. നിന്റെ സ്നേഹഭാജനങ്ങളുടെ മുമ്പിൽ അത് നിന്നെ ദുർബലനാക്കും. അതുപോലെതന്നെ അവർക്കുവേണ്ടി മലകൾ പോലും പിഴുതെടുക്കാനുള്ള ശക്തി അത് നിനക്ക് നൽകുകയും ചെയ്യും. ഇത് സ്നേഹത്തിന്റെ വിരോധാഭാസമാണ്. ഈ വിരോധാഭാസം ദൈവീകമാണ്.

നിയമ പണ്ഡിതൻ അതിപ്രധാനമായ ഒരു കൽപനയെ കുറിച്ചാണ് ചോദിച്ചത്, പക്ഷേ ഗുരുവിന്റെ ഉത്തരത്തിൽ ഒന്നല്ല രണ്ടെണ്ണമുണ്ട്. രണ്ടാമത്തേതാണ് ശരിക്കും പറഞ്ഞാൽ അത്ഭുതപ്പെടുത്തുന്നത്. രണ്ടു ഉത്തരമല്ല അവൻ പറയുന്നത്. മറിച്ച് രണ്ടു കല്പനകളെ ഒറ്റ കൽപനയാക്കി മാറ്റുകയാണവൻ. അതുകൊണ്ടാണ് അവൻ പറയുന്നത് രണ്ടാമത്തെ കൽപനയും ഇതിനു തുല്യം തന്നെയെന്ന് (v.39). അതായത് ദൈവത്തെ പോലെ മനുഷ്യരെയും സ്നേഹിക്കുക. നിന്റെ അയൽക്കാരൻ ദൈവസദൃശ്യനാണ്. ഇതാണ് ക്രിസ്തുവിന്റെ വിപ്ലവം. മോശ മുൾപ്പടർപ്പിനരികിൽ ചെരുപ്പുകൾ ഊരിയിട്ടതുപോലെ നീയും നിന്റെ അയൽക്കാരനെ ഒരു വിശുദ്ധ ഇടമായി കരുതണം. ചെരുപ്പുകൾ ഊരിയിട്ടതിനുശേഷം നിർമമതയോടു കൂടെ മാത്രമേ അവന്റെ ജീവിതത്തിലേക്ക് പ്രവേശിക്കാവൂ. യേശുവിനെ സംബന്ധിച്ച് സഹജനെ മാറ്റിനിർത്തിക്കൊണ്ട് ദൈവസ്നേഹം ഒരിക്കലും സാധ്യമല്ല. കാരണം ദൈവവും മനുഷ്യനും പരസ്പരപൂരിതമാണ്.

ആത്യന്തികമായി ഉയരാവുന്ന ഒരു ചോദ്യമുണ്ട്. സ്നേഹിക്കുന്നതിനുവേണ്ടി ഞാൻ എന്നെ തന്നെ പൂർണമായി നൽകേണ്ട ആവശ്യമുണ്ടോ? ഉണ്ട്. കാരണം ദൈവത്തിന്റെ ഒരു കനലാണ് സ്നേഹം. ദൈവം തന്നെയാണ് സ്നേഹം. ആ സ്നേഹമാണ് ഈ പ്രകൃതിയെ നിയന്ത്രിക്കുന്ന ഏക ശക്തി. സ്നേഹിക്കുന്നതിലൂടെ നീയും ആ ദൈവീക പ്രവർത്തിയുടെ ഭാഗമാകുകയാണ്. നീയും ദൈവത്തിന്റെ പ്രവർത്തികൾ ചെയ്യുന്നവനാകുകയാണ്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker