Diocese

35 വര്‍ഷം പിന്നിട്ട് പൈതലാം യേശുവേ; ഗാനരചയിതാവ് ഫാ.ജോസഫ് പാറാങ്കുഴി ഗാനരചന തുടരുന്നു

ഗാനം പുറത്തിറങ്ങിയത് തരംഗിണി മ്യൂസിക്സിലൂടെ

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: “പൈതലാം യേശുവേ…” എന്ന സൂപ്പര്‍ഹിറ്റ് ക്രിസ്മസ് ഗാനം പുറത്തിറങ്ങിയിട്ട് 35 കൊല്ലങ്ങള്‍ പിന്നിടുന്നു. ക്രിസ്തീയ സംഗീത ശാഖയില്‍ ഏറ്റവും പ്രിയങ്കരവും ക്രിസ്മസ് കാലത്തെ ഏറെ ജനപ്രിയവുമായ ഈ ഗാനം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഉടമസ്ഥതയിലുളള തരംഗിണി മ്യൂസിക്സിലൂടെ 1984-ലെ ഒരു ക്രിസ്മസ് കാലത്താണ് പുറത്തിറങ്ങുന്നത്. സ്നേഹ പ്രവാഹമെന്ന കാസറ്റിലൂടെ പുറത്തിറങ്ങിയ ഗാനം ഫാ.ജസ്റ്റിന്‍ പനക്കല്‍ ഈണം നല്‍കി, കേരളത്തിന്റെ വാനംപാടി ചിത്രയാണ് ആലപിച്ചത്.

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികനും ഗാനത്തിന്റെ രചയിതാവുമായ ഫാ.ജോസഫ് പാറാങ്കുഴിയെ ശ്രോതാക്കള്‍ക്കോ, സംഗീത പ്രേമികള്‍ക്കോ ഗാനം പുറത്തിറങ്ങി 35 കൊല്ലങ്ങള്‍ കഴിയുമ്പോഴും പരിചിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വെളളനാടിന് സമീപം കാരിക്കോണം സെന്റ് ജോസഫ് ദേവാലയത്തിലെ ഇടവക വികാരിയാണ് ഇപ്പോള്‍ ഫാ.ജോസഫ് പാറാങ്കുഴി.

ഗാനമിറങ്ങുമ്പോള്‍ ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ഫാ.ജോസഫ് പാറാംങ്കുഴി സ്നേഹ പ്രവാഹത്തില്‍ 4 ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് ആദ്യമായി ക്രിസ്തീയ സംഗീത ശാഖയിലേക്ക് കടന്നുവരുന്നത്. സ്നേഹപ്രവാഹത്തെ ജനപ്രിയമാക്കിയ ‘പൈതലാം യേശുവേ…’ കൂടാതെ ക്രിസ്മസ് കാലത്ത് കാരള്‍ സംഘങ്ങളുടെ പ്രയപ്പെട്ട ഗാനമായ ‘ദൈവം പിറക്കുന്നു മനുഷ്യനായ് ബേദ്ലഹേമില്‍…, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന…, ദൈവം നിരുപമ സ്നേഹം…’ എന്ന് തുടങ്ങുന്ന 3 ഗാനങ്ങള്‍ കൂടി ആ കാസറ്റിലൂടെ പുറത്ത് വന്നിരുന്നു. ഈ മൂന്ന് ഗാനങ്ങളും ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് ആലപിച്ചത്.

സ്നേഹപ്രവാഹത്തിന് വേണ്ടി സംഗീത സംവിധായകനായ ഫാ.ജസ്റ്റിന്‍ പനക്കല്‍ 260 ഗാനങ്ങള്‍ വിവിധ തലങ്ങളില്‍ നിന്ന് ശേഖരിച്ച ശേഷം 12 പാട്ടുകളാണ് തെരെഞ്ഞെടുത്തതെങ്കിലും 4 ഗാനങ്ങള്‍ ഫാ.ജോസഫ് പാറാംകുഴിയുടേതായി കാസറ്റില്‍ ഉള്‍പ്പെടുത്തി. കാസറ്റിലേക്ക് ഉണ്ണിയേശുവിനെക്കുറിച്ച് ഒരു താരാട്ട് പാട്ട് ഉള്‍പ്പെടുത്താനുളള തീരുമാനത്തലിന്റെ അടിസ്ഥാനത്തില്‍ ചില പാട്ടുകള്‍ ആദ്യം തെരെഞ്ഞെടുത്തെങ്കിലും സംഗീത സംവിധായകന് തൃപ്തിവരാത്തതിനാല്‍ റെക്കോഡിംഗിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫാ.ജോസഫ് പാറാംങ്കുഴിയോട് താരാട്ട് പാട്ട് എഴുതാന്‍ ആവശ്യപ്പെടുകയും, അരമണിക്കൂറിനുളളില്‍ എഴുതിയ 3 താരാട്ടുപാട്ടുകളില്‍ മൂന്നാമതായി എഴുതിയ പൈതലാം യേശുവേ തെരെഞ്ഞെടുക്കുകയുമായിരുന്നു.

സ്നേഹപ്രവാഹം സൂപ്പര്‍ഹിറ്റ് ആയതോടെ യേശുദാസിന്റെ ആവശ്യപ്രകാരം 1985-ല്‍ ഇറങ്ങിയ സ്നേഹസന്ദേശത്തിലും ഫാ.ജോസഫ് പാറാങ്കുഴി 4 ഗാനങ്ങള്‍ എഴുതി. സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ രചയിതാവായിട്ടും നെയ്യാറ്റിന്‍കര രൂപതയിലെ ഒരു വൈദികനെന്ന നിലയില്‍ ഒതുങ്ങി കൂടുന്ന അച്ചന്‍ ക്രിസ്തീയ സംഗീത ശാഖക്ക് പതിനായിരത്തിലധികം ഗാനങ്ങള്‍ സംഭാവന ചെയ്തു കഴിഞ്ഞു. ചെറുതും വലുതുമായി രണ്ടായിരത്തിലധികം കാസറ്റുകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു നല്‍കിയ ഫാ.പാറാംങ്കുഴി നാളിതുവരെയും പ്രതിഫലമായി ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ആദ്യ രചനക്ക് പ്രതിഫലവുമായി സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പനക്കല്‍ സമീപിച്ചെങ്കിലും സ്നേഹപൂര്‍വ്വം പ്രതിഫലം നിരസിച്ചതിനെ തുടര്‍ന്ന് സ്നേഹപ്രവാഹത്തിന്‍റെ 25 കാസറ്റുകള്‍ പാറാങ്കുഴിക്ക് നിര്‍ബന്ധിച്ച് നല്‍ക്കുകയായിരുന്നു.

ലത്തീന്‍ ആരാധനാ സംഗീതത്തിന് നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത അച്ചന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന്റെയും, നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്‍റെയും മെത്രാഭിഷേകത്തിന് കൈവയ്പ്പ് ശുശ്രൂഷാ ഗാനം രചിച്ച് ശ്രദ്ധ നേടി. ലത്തീന്‍ ദിവ്യബലിയിലെ പ്രസിദ്ധിയാര്‍ജ്ജിച്ച ‘അന്‍പാര്‍ന്ന സ്നേഹമേ..’ എന്ന് തുടങ്ങുന്ന സംഗീത സംവിധായകന്‍ ഓ.വി.ആര്‍ ചിട്ടപ്പെടുത്തിയ അനുതാപ ഗാനം ഏറെ ശ്രദ്ധനേടിയ ഗാനമാണ് .

ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ എല്ലാം ഗാനരൂപത്തിലാക്കിയ ഫാ.ജോസഫ് പാറാങ്കുഴി ഒരു ദിവസം ഒരുഗാനമെന്ന നിലയില്‍ എഴുതികൊണ്ടേ ഇരിക്കുന്നു. പല വേദികളിലും റിയാലിറ്റി ഷോകളിലും പൈതലാം യേശുവിന്റെ രചയിതാവിന്റെ പേര് തെറ്റായി അവതാരകര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നാളിതുവരെയും ആരോടും വിഷമമോ, പ്രതിഷേധമോ ഫാ.ജോസഫ് പാറാങ്കുഴി അറിയിച്ചിട്ടില്ല.

കാട്ടാക്കട കട്ടയ്ക്കോടിന് സമീപം പാറാങ്കുഴി വീട്ടില്‍ ജ്ഞാനമുത്തന്‍ തങ്കമ്മ ദമ്പതികളുടെ 7 മക്കളില്‍ അഞ്ചാമനായാണ് ഫാ.ജോസഫ് പാറാംങ്കുഴി ജനിച്ചത്.

അച്ചനുമായുള്ള അഭിമുഖം

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker