Meditation

3rd Sunday of Easter_Year B_ഉത്ഥാനത്തിന്റെ മഹത്വവും പാപമോചനത്തിന്റെ സൗഖ്യവും

ക്രിസ്തു, ഒരാശയമോ, കഥയോ അല്ല; നമ്മോടൊപ്പം ജീവിതം പങ്കു‌വെയ്ക്കുന്ന കരുതലിന്റെ സ്നേഹത്തിന്റെ പേരാണ് ക്രിസ്തു...

പെസഹാക്കാലം മൂന്നാം ഞായർ
ഒന്നാംവായന : അപ്പൊ. 3:12a, 13-15, 17-19
രണ്ടാംവായന : 1യോഹ. 2:1-15
സുവിശേഷം : വി. ലൂക്കാ 24: 35-48

ഇന്നത്തെ തിരുവചന വായനകളെ ബന്ധിപ്പിക്കുന്ന പൊതുവായ വിഷയം ‘മാനവസമൂഹത്തിന്റെ പാപമോചന’മാണ്‌. പെസഹായുടെ ആന്തരിക അർത്ഥത്തെ മാനവരാശിയുടെ പാപവിമോചനത്തിനായുള്ള ദൈവിക ഇടപെടലായി നമ്മുക്ക് വായിച്ചെടുക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഉത്ഥിതന്റെ ആദ്യ കല്പനകളിൽ ഒന്ന് ‘പാപവിമോചനത്തിന്റെ ദൗത്യവും പേറി മുറിവേറ്റ മനുഷ്യജീവിതങ്ങൾക്കു സൗഖ്യം പകരുക’ എന്നതാണ്. യോഹന്നാൻ സുവിശേഷകൻ അത് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: “നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടുക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും” (യോഹ.20:23). ഈ സൗഖ്യ ശുഷ്രൂയുടെ സുന്ദരമായ ഒരു വിവരണം ആദ്യ വായനയിലും നാം കാണുന്നുണ്ട്. ദേവാലയത്തിലെ സോളമന്റെ മണ്ഡപത്തിൽ വച്ച് പത്രോസ് അപ്പോസ്തലൻ പാപമോചനത്തിന്റെ സുവിശേഷം പ്രഘോഷിക്കുന്നു. പാപം എന്നത് ദൈവത്തോടുള്ള മനുഷ്യന്റെ കിടമത്സരവും കലാപവുമായി അപ്പോസ്തലൻ തിരിച്ചറിയുകയാണ്. ജീവന്റെ നാഥനെ വധിക്കുവാനുള്ള മനുഷ്യരാശിയുടെ ഭ്രാന്തമായ പരിശ്രമത്തെ അവരുടെ പാപമായി പത്രോസ് അപ്പോസ്തലൻ അവതരിപ്പിക്കുന്നു. എന്നാൽ ദൈവം, വിദ്വേഷത്തെയും മരണത്തെയും മറികടന്ന് ജീവിതത്തിന്റെയും മനുഷ്യനോടുള്ള സ്നേഹത്തിന്റെയും ഉറവിടമായി ഉയിർത്തെഴുന്നേൽക്കുന്നു! ഇവിടെ ദൈവം മാനവസമൂഹത്തോടു അവശ്യപ്പെടുന്ന ഒരേ ഒരു നിബന്ധന ‘അനുതപിച്ചു ജീവിതവഴികളെ ദൈവസന്നിധിയിലേക്കു സമർപ്പിക്കുക’ എന്നത് മാത്രമാണ്.

രണ്ടാം വായനയിലും ഇതേ സന്ദേശം നമ്മെ തേടിയെത്തുന്നു. ക്രിസ്തുവാണ് നമ്മുടെയും, ലോകം മുഴുവന്റെയും പാപങ്ങൾക്കുള്ള പരിഹാര ബലി (1യോഹ. 2:2). ഈശോയുടെ വചനം ജീവിച്ചുകൊണ്ടും, പാലിച്ചുകൊണ്ടും ജീവിതയാത്രയെ ക്രിസ്തുമാർഗ്ഗത്തിലേക്കു തിരിച്ചുവിടാൻ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു. പാപവിമോചനത്തിന്റെ സൗഖ്യസുവിശേഷം അതിന്റെ പൂർണ്ണതയിൽ ഉത്ഥിതൻ പ്രഖ്യാപിക്കുന്നതാണ് സുവിശേഷത്തിൽ നാം കാണുന്നത് – ‘പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച്, എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു’ (വി.ലൂക്ക 24:4 7).

അത്യന്തം ഹൃദയസ്പർശിയായ ഒരു ഉത്ഥാനാനുഭവമാണ് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. ശിഷ്യരുടെ കൂട്ടായ്മയിലേക്ക് ഈശോയുടെ കടന്നുവരവ് സുവിശേഷകൻ രേഖപ്പെടുത്തുന്നത് ‘യേശു അവരുടെ മധ്യേ പ്രത്യക്ഷനായി എന്നാണ്’ (വി.ലൂക്കാ 24:36). അവരുടെ മുകളിലോ, മുൻപിലോ അല്ല. മറിച്ച് ഭയവിഹലരായ, അസ്വസ്ഥരായ ശിഷ്യരുടെ ഹൃദയങ്ങളെ ചേർത്തുപിടിച്ചുകൊണ്ടു ക്രിസ്തു അവരുടെ മധ്യേ ആയിരിക്കുന്നു. ശിഷ്യരുടെ ഇടയിൽ ഇനിമുതൽ വലിപ്പച്ചെറുപ്പങ്ങളില്ല. എല്ലാവരെയും കൂട്ടിയിണക്കുന്ന സ്നേഹത്തിന്റെ കണ്ണിയാണ് ക്രിസ്തുവിന്റെ സൗമ്യ സാന്നിധ്യം. ശിഷ്യരുടെ തകർച്ചകളോടും, പാപബന്ധനങ്ങളോടും, ക്രിസ്തു പറയുന്ന ആദ്യത്തെ വാക്ക് സമാധാനം എന്നതാണ്. ഈ സമാധാനം ലോകത്തോടു മുഴുവനുള്ള ക്രിസ്തുവചനമാണ്. അത് താൻ ചേർത്ത് പിടിച്ച ശിഷ്യർക്കു മാത്രമല്ല, അവിടെ സന്നിഹിതാനല്ലാത്ത തോമസിനും, തകർന്നുപോയ യൂദാസിനുപോലും ഈ സമാധാനത്തിന് അർഹതയുണ്ട്. അത് കാലങ്ങളെയും ചരിത്രത്തെയും അതിജീവിച്ച് ഇന്നും മാനവഹൃദയങ്ങളെ സ്പർശിക്കുന്നു.

ഉത്ഥിതന്റെ പ്രത്യക്ഷീകരണം ശിഷ്യരെ ഭയപ്പെടുത്തുന്നതായി നാം വായിക്കുന്നു – ‘ഭൂതത്തെയാണ് കാണുന്നത് എന്ന് അവർ വിചാരിച്ചു’. മൂന്നുവർഷം കൂടെ നടന്നവനെ അവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. അവരോടൊപ്പം വഴിനടന്നവൻ തന്നെയാണ് ഉത്ഥാനമഹിമയിൽ ശിഷ്യരെ ഇപ്പോൾ തേടിയെത്തുന്നത്. പുനരുത്ഥാനം എന്നത് പഴയതിലേക്കുള്ള ഒരു തിരിച്ചുപോക്കല്ല, മറിച്ച് മുന്നോട്ടുള്ള ഒരു പ്രയാണമാണ്. പൂർണ്ണതയിലേക്കും ജീവനിലേക്കുമുള്ള ഒരു യാത്ര. തങ്ങളുടെ ഭയവും സംശയവും നീക്കാൻ ക്രിസ്തു അവരോടു പറയുന്നു: ‘നോക്കുക, സ്പർശിക്കുക, പങ്ക്‌വെയ്ക്കുക. ഞാൻ ഒരു ഭൂതമല്ലെന്നു തിരിച്ചറിയുക’. അതെ ക്രിസ്തു, ഒരു ആശയമോ, കഥയോ അല്ല. മറിച്ച് നമ്മോടൊപ്പം ജീവിതം പങ്കു‌വെയ്ക്കുന്ന കരുതലിന്റെ സ്നേഹത്തിന്റെ പേരാണ് ക്രിസ്തു. ഒരുമിച്ചു ഭക്ഷണം പങ്കു‌വച്ച് ക്രിസ്തു തന്റെ ശിഷ്യരുടെ ഹൃദയം കീഴടക്കുന്നു. അതെ ഉത്ഥിതൻ പകരുന്ന പാപമോചനം അനുഭവിക്കുമ്പോൾ നാം തിരിച്ചറിയുന്നു – യേശു ഇന്നും ജീവിക്കുന്നുവെന്ന്, അവനാണ് ജീവശക്തിയെന്ന്. ഓർക്കുക, നമ്മുടെ പുഞ്ചിരിയും കണ്ണുനീരും ക്രിസ്തുവിന്റേതും കൂടിയാണ്, ഈശോ നമ്മോടൊപ്പം ജീവിതം പങ്കിടുന്നു. അങ്ങനെ, ഉത്ഥാനത്തിന്റെ മഹത്വത്തിലും, പാപമോചനത്തിന്റെ സൗഖ്യത്തിലും നാം അവനോടൊപ്പം പങ്കു‌ചേരുന്നു !

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker