Meditation

3rd Sunday of Easter_Year B_മുറിച്ചു നൽകുന്നവൻ (ലൂക്കാ 24:35-48)

സ്നേഹം ഹൃദയത്തിൽ നിറവാകുമ്പോൾ യുക്തിക്കതീതമായത് ദർശനമാകും...

ഈസ്റ്റർ കാലം മൂന്നാം ഞായർ

എമ്മാവൂസിലേക്കുള്ള പാത ഒരു പ്രതീകമാണ്. എല്ലാ പ്രതീക്ഷയും കെട്ടടങ്ങി എന്ന് തോന്നുമ്പോൾ നമ്മളും തിരഞ്ഞെടുക്കാറുള്ള ഒരു വഴി. നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡവും ചുമന്നുകൊണ്ട് ഇറങ്ങിപ്പുറപ്പെട്ട വീട്ടിലേക്ക് തന്നെ തിരിച്ചു വരുന്ന ഒറ്റയടിപാത. രണ്ടു ശിഷ്യരുടെ ഘനശ്വാസവും നെടുവീർപ്പുകളും ഒപ്പിയെടുത്ത വഴിത്താര. തോറ്റു പോയവരുടെ വഴിയാണത്. ആ വഴിയിലാണ് മുറിവേറ്റവൻ നിഷ്കളങ്കരൂപനായി കൂടെ ചേരുന്നത്. പ്രതീക്ഷ നഷ്ടപ്പെട്ടവരോട് വിജയത്തിന്റെ പ്രത്യയശാസ്ത്രം അവൻ ഓതുന്നില്ല. മറിച്ച് അവരുടെ കൂടെ ചേരുന്നു. അവരുടെ പരാജയ ബോധത്തെ മറികടക്കാൻ സഹായിക്കുന്നു. വചനത്തിലൂടെ അവരുടെ ഹൃദയത്തെ ജ്വലിപ്പിക്കുന്നു. എന്നിട്ടവൻ ഭക്ഷണമേശയിൽ അവരോടൊപ്പം കൂടുന്നു.

പരാജയ നിമിഷത്തിൽ സഹയാത്രികനായി കൂടെ കൂടിയവൻ ഭക്ഷണം മേശയിൽ അപ്പമെടുത്തു വാഴ്ത്തി മുറിച്ച് അവർക്ക് നൽകുന്നു. ഇങ്ങനെയൊക്കെയാണ് ദൈവത്തിന്റെ ഇടപെടൽ. വെളിച്ചമായിരുന്ന സൂര്യൻ നിരാശയുടെ വർണ്ണങ്ങൾ വിതറി അസ്തമിക്കാനൊരുങ്ങുമ്പോഴായിരിക്കാം ദൈവചൈതന്യമുള്ള ഒരാൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുക. മുന്നിലേക്കുള്ള വഴി സങ്കടങ്ങളുടെ പെരുങ്കല്ലുകൾ നിറഞ്ഞതാണെങ്കിലും കൂടെ കൂടിയവനിൽ നിന്നുള്ള പ്രതീക്ഷ പകരുന്ന പദങ്ങൾ ജീവന്റെ കനലുകളെ കത്തിക്കുമ്പോൾ ഇന്നലെ അനുഭവിച്ച സങ്കടങ്ങൾക്കും നഷ്ട സ്വപ്നങ്ങൾക്കും ദൈവിക മാനം ലഭിക്കുന്നതായി അനുഭവപ്പെടും. അതും ഉത്ഥാനാനുഭവമാണ്. കൂടെ നടക്കുന്നവൻ പരാജയത്തിന്റെ ചഷകം മട്ടൊടു കൂടി കുടിച്ചവനാണ്. കുരിശിൽ കിടന്നുകൊണ്ട് അവഹേളനത്തിന്റെ ജല്പനങ്ങളെ നിസ്സംഗതയോടെ നേരിട്ടവനാണ്. അവനല്ലാതെ ആർക്കാണ് ഇനി നൊമ്പരത്തിന്റെയും പരാജയത്തിന്റെയും ഭാഷ മനസ്സിലാകുക. മരണ വാരിധി വരെ മുറിവുകളെ ശരീരത്തിലും മനസ്സിലും ഏറ്റെടുക്കാൻ ഏതൊരു വിപ്ലവ ജനുസ്സിനും സാധിക്കാം, അതുപോലെ തന്നെ പരാജയത്തെ അതിന്റെ അടിത്തട്ടിൽ ചെന്നു ചുംബിക്കാനും പലർക്കും പറ്റും. അപ്പോഴും പരാജിതർക്ക് പ്രത്യാശയാകാനും മുറിവുകളിൽ ലേപനമായി മാറാനും സാധിച്ചത് ചരിത്രത്തിൽ ഒരേയൊരു വ്യക്തിക്ക് മാത്രമാണ്; ഉത്ഥിതനായ ക്രിസ്തുവിന്.

ചില കാര്യങ്ങൾ കാണണമെങ്കിൽ കാഴ്ചപ്പാട് മാറണം. കൂടെ നടന്നവൻ ഹൃദയം ജ്വലിപ്പിച്ചവനാണ് എന്നിട്ടും അവനെ തിരിച്ചറിയുന്നതിന് അപ്പം മുറിക്കലിന്റെ പ്രിസത്തിലൂടെ അവർക്ക് നോക്കേണ്ടി വരുന്നു. മുറിവേറ്റവൻ ഭക്ഷണമേശയിൽ അപ്പമെടുത്തു മുറിച്ചു നൽകിയപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കപ്പെട്ടതെന്ന് വേദവാക്യം. കൂടെയുള്ളവരുടെ കണ്ണുകൾ തുറക്കണമെങ്കിൽ സ്വന്തമായുള്ളത് തന്നെ മുറിച്ചു നൽകണം. ഈയൊരു മുറിക്കപ്പെടലിലാണ് സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം അടങ്ങിയിരിക്കുന്നത്. മുറിച്ചു നൽകിയാൽ മാത്രമേ നിന്നെ തിരിച്ചറിയാൻ കൂടെയുള്ളവർക്ക് സാധിക്കു. അല്ലാത്ത കാലം വരെ നീയൊരു സഹചാരിയായിരിക്കാം, ഹൃദയം ജ്വലിപ്പിക്കുന്നവനായിരിക്കാം, ഒന്നിച്ചു ഭക്ഷണം കഴിക്കുന്നവനായിരിക്കാം. അപ്പോഴെല്ലാം നീ വെറും ഒരു അപരിചിതൻ മാത്രമാണ്. ഉത്ഥിതനല്ല.

മുറിപ്പാടുള്ളവർക്കെ മുറിച്ചു നൽകാൻ സാധിക്കു. കുരിശു ചുമന്നവനെ സങ്കട ഭാരങ്ങൾ മനസ്സിലാകു. അവനു മാത്രമേ നമ്മുടെ കണ്ണുതുറപ്പിക്കാൻ സാധിക്കു. അപ്പോൾ മനസ്സിലാകും നമ്മൾ പോയിക്കൊണ്ടിരിക്കുന്നത് ഇരുളിനെ ലക്ഷ്യമാക്കിയാണെന്നും, പോകേണ്ടത് പ്രകാശ പാതയിലൂടെയാണെന്നും.

കണ്ണു തുറക്കപ്പെട്ടാൽ, തിരിച്ചറിവുണ്ടായാൽ പിന്നെ പുറത്തുള്ള അന്ധകാരം ഒരു വിഷയമേയല്ല. സുവിശേഷം പറയുന്നു; “അവർ അപ്പോൾ തന്നെ എഴുന്നേറ്റ് ജറുസലേമിലേക്ക് തിരിച്ചുപോയി” (v.33). നിരാശയുടെ കാലടികൾ ആനന്ദ ചുവടുകളായി മാറുന്നു. ഇനി രാത്രിയില്ല, ക്ഷീണമില്ല, വഴിയിൽ പതിയിരിക്കുന്ന ശത്രുക്കളുമില്ല. ഉത്ഥിതന്റെ വെളിപ്പെടുത്തലിൽ അവരുടെ ഹൃദയങ്ങൾ ആളിക്കത്തുവാൻ തുടങ്ങിയിരിക്കുന്നു. ഇരുളിനെയും തുളയ്ക്കുന്ന കാഴ്ചശക്തി അവർക്ക് കിട്ടിയിരിക്കുന്നു. ഈ യാത്ര പ്രകാശത്തിലേക്കുള്ള യാത്രയാണ്. ഇത് കിതപ്പില്ലാത്ത കുതിപ്പാണ്. കാരണം ഉത്ഥിതനാണ് അവരുടെ ശ്വാസ നിശ്വാസം.

മൂന്നുവർഷത്തോളം കൂടെ നടന്ന ശിഷ്യന്മാർക്ക് പോലും ഉത്ഥിതനെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഒരേ വഴിയിൽ സഞ്ചരിച്ചവരായിരുന്നു അവർ. ഒരേ സ്വപ്നം കണ്ടവരായിരുന്നു അവർ. എന്നിട്ടും കുരിശിലേറിയവൻ തന്നെയാണ് മുറിപ്പാടുകളുമായി മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഒരു ഭൂതത്തെയാണോ തങ്ങൾ കാണുന്നതെന്ന് പോലും അവർ ചിന്തിക്കുന്നുണ്ട്. വിശ്വസിക്കുവാനുള്ള ശിഷ്യരുടെ ഈ ബുദ്ധിമുട്ട് തന്നെയാണ് ഉത്ഥാനത്തിന്റെ വലിയ തെളിവും. കാകദൃഷ്ടിയിൽ ഉത്ഥിതൻ ഒരു ദർശനമാകില്ല. എങ്കിലും അവരോട് പോലും അവൻ യാചിക്കുന്നുണ്ട്: “എന്നെ സ്പർശിച്ചു നോക്കുവിൻ. എനിക്കുള്ളതു പോലെ മാംസവും അസ്ഥിയും ഭൂതത്തിന് ഇല്ലല്ലോ” (v.40). ഭൂതത്തെ സ്നേഹിക്കാൻ ആർക്കു സാധിക്കും! എന്നിട്ടും ഒരു കഷണം വറുത്ത മീനിനും മുന്നിൽ സംശയത്തിന്റെ നിഴലുകൾ മാഞ്ഞു പോകുന്നുണ്ട്.

സ്നേഹം ഹൃദയത്തിൽ നിറവാകുമ്പോൾ യുക്തിക്കതീതമായത് ദർശനമാകും. ഭയവും നിരാശയും സംശയത്തിന്റെ ചുവട്ടിൽ മയങ്ങുവാൻ കൊതിക്കുമ്പോൾ സ്നേഹം ഉണർന്നിരിക്കും. ഉണർവുള്ളവർക്ക് ഉത്ഥിതനെ സ്പർശിക്കാൻ സാധിക്കും. അവരുടെ വിശ്വാസം മന്ദമായിരിക്കില്ല. സകല ഇന്ദ്രിയങ്ങളിലും അവർ ഉത്ഥിതന്റെ സ്നേഹം കൊണ്ട് നിറയ്ക്കും. ആ സ്നേഹം അനിർവചനീയമായ അനുഭവമായതു കൊണ്ടു തന്നെ അലസരായി അവർക്ക് നിൽക്കാൻ സാധിക്കില്ല. അവർ സാക്ഷികളായി മാറും. അങ്ങനെയാണ് ജെറുസലേമിൽ നിന്നാരംഭിച്ച്‌ എല്ലാ ജനതകളോടും ദൈവ സ്നേഹത്തിന്റെയും പാപമോചനത്തിന്റെയും പ്രഘോഷണവുമായി ശിഷ്യന്മാർ ഇറങ്ങിത്തിരിച്ചത്. ഉത്ഥിതൻ അനുഭവമാകുമ്പോൾ സ്നേഹവും ആർദ്രതയും പ്രഘോഷണമാകും. ജീവിതം സാക്ഷ്യവും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker