Sunday Homilies

4rth Sunday of Lent_Year A_കാണുക – വിശ്വസിക്കുക – വീണ്ടും കാണുക

തപസ്സുകാലം നാലാം ഞായർ

ഒന്നാം വായന – 1സാമുവൽ 16:1,6-7,10-13 (ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുന്നു)
രണ്ടാം വായന – എഫെസോസ് 5:8-14 (പ്രകാശത്തിന്റെ മക്കളെപ്പോലെ വർത്തിക്കുവിൻ)
സുവിശേഷം – വി.യോഹന്നാൻ 9:1-41 (യേശു അന്ധനെ സുഖപ്പെടുത്തുന്നു)

വചന വിചിന്തനം

തപസ്സുകാലം ഒന്നാം ഞായർ മുതൽ ഇന്ന് നാലാം ഞായർ വരെ നാം ശ്രവിച്ചാൽ തിരുവചനങ്ങളിൽ ഒന്നാമത്തെ വായനയും സുവിശേഷവും തമ്മിൽ എപ്പോഴും അഭേദ്യമായ ബന്ധമുണ്ട്.
തപസ്സുകാലം ഒന്നാം ഞായറിൽ; ആദ്യ മാതാപിതാക്കൾ പിശാചിന്റെ പ്രലോഭനത്തിൽ വീണുപോകുന്നതാണ് നാം കണ്ടതെങ്കിൽ, സുവിശേഷത്തിൽ യേശു പിശാചിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്നത് നാം കണ്ടു.
തപസ്സുകാലം രണ്ടാം ഞായറിൽ; അബ്രഹാമിനെ ദൈവം തിരഞ്ഞെടുത്ത്, അബ്രഹാമിലൂടെ മനുഷ്യചരിത്രത്തെ മരണത്തിന്റെയല്ല ജീവന്റെ ചരിത്രമാക്കി മാറ്റിയെങ്കിൽ, സുവിശേഷത്തിൽ രൂപാന്തരീകരണ വേളയിൽ യേശുവിനെ പ്രിയപുത്രനാക്കി പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യകുലത്തിന് മുഴുവൻ രക്ഷ നൽകുന്ന ദൈവപുത്രനായി ദൈവം വെളിപ്പെടുത്തുന്നു.
തപസ്സുകാലം മൂന്നാം ഞായറിൽ; മോശ ഇസ്രായേൽ ജനത്തിന് പാറയിൽ നിന്ന് ജലം കൊടുക്കുന്നതാണെങ്കിൽ, സുവിശേഷത്തിൽ നാം കാണുന്നത് സമരിയാക്കാരി സ്ത്രീയോട് ഞാനാണ് ജീവജലം എന്ന് യേശു പ്രഖ്യാപിക്കുന്നതാണ്.
തപസ്സുകാലം നാലാം ഞായറിൽ; ദൈവം ദാവീദിനെ രാജാവായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്യുന്നു. സുവിശേഷത്തിൽ യേശു അന്ധന് കാഴ്ച നൽകുന്നതിലൂടെ തന്റെ രക്ഷാകര വ്യക്തിത്വം വെളിപ്പെടുത്തുന്നു.

ഇന്നത്തെ സുവിശേഷം

യേശു അന്ധന് കാഴ്ച കൊടുക്കുന്നു. യേശു ദൈവപുത്രനാണെന്നും, ലോകത്തിന്റെ പ്രകാശമാണെന്നും വെളിവാക്കുന്ന നടപടി. അതോടൊപ്പം നമ്മുടെ കുറവുകളും, രോഗവും ദൈവത്തിൻറെ ശിക്ഷയല്ല മറിച്ച് ദൈവത്തിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പ്രകടമാക്കാനുള്ള വേദിയാണെന്നും യേശു പറയുന്നു. രോഗവും കുറവുകളും ദൈവത്തിന്റെ ശിക്ഷയായും ശാപമായും കണക്കാക്കുന്ന ഒരു തലമുറയ്ക്ക് (നമ്മുടെ തലമുറയിലും ഇങ്ങനെ ചിന്തിക്കുന്നവരുണ്ട്) ശക്തമായ മുന്നറിയിപ്പാണ് യേശുവിന്റെ വാക്കുകൾ. ദൈവത്തിന്റെ പ്രവൃർത്തികൾ അന്ധനായ മനുഷ്യൻ യേശുവിലൂടെ നിറവേറ്റപ്പെടുകയാണ്.

കാഴ്ച ശക്തി തിരിച്ചു കിട്ടിയ ആ മനുഷ്യനിൽ രണ്ടുതരം കാഴ്ചകൾ രൂപപ്പെടുന്നുണ്ട്:
ആദ്യത്തേത്; ഭൗതികമായ കാഴ്ച: അവൻ ആദ്യമായി ലോകത്തെയും, ആൾക്കാരെയും, നിറങ്ങളെയും, അവൻ ഇതുവരെ മറ്റ് ഇന്ദ്രിയങ്ങളിലൂടെ മാത്രം മനസ്സിലാക്കാൻ ശ്രമിച്ച പലതിനെയും, നേരിട്ട് കണ്ട് മനസ്സിലാക്കുന്നു. വ്യത്യസ്തമായ ഒരനുഭവമാണത്.
എന്നാൽ അവനിൽ ആത്മീയമായ കാഴ്ചയും രൂപപ്പെടുന്നുണ്ട്; വിശ്വാസത്തിന്റെ കാഴ്ച എന്ന് വേണമെങ്കിൽ നമുക്കതിനെ വിളിക്കാം. വിശ്വാസത്തിന്റെ കണ്ണിലൂടെ ലോകത്തെ കാണാൻ ശ്രമിക്കുന്നു. ഈ മനുഷ്യനിലും അത് സംഭവിക്കുന്നുണ്ട്. അവൻ ആദ്യം യേശുവിനെ പ്രവാചകനായി മനസ്സിലാക്കുന്നു. പിന്നീട് യേശു മനുഷ്യപുത്രൻ ആണെന്ന് തിരിച്ചറിഞ്ഞു യേശുവിന്റെ മുൻപിൽ മുട്ടുകുത്തി ആരാധിക്കുന്നു. അതെ, അവൻ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ എല്ലാം കാണുന്നു. അതിന്റെ ആദ്യപടിയായി യേശുവിനെ നാഥനും രക്ഷകനുമായി അംഗീകരിക്കുന്നു.

വിശ്വാസത്തിന്റെ കണ്ണുകൾകൊണ്ട് ഈ ലോകത്തെ മനസ്സിലാക്കുന്നത് വ്യത്യസ്തമായാണ്: ഈ മനസ്സിലാക്കലിൽ യജമാനൻ ദാസ്യവേല ചെയ്യുന്നു. പിൻപന്മാർ മുമ്പന്മാരാകും, ദരിദ്രരെയും പീഡനം അനുഭവിക്കുന്നവരെയും, സഹിക്കുന്നവരെയും “ഭാഗ്യവാന്മാർ” എന്നു വിളിക്കുന്നു. കുരിശു വഹിക്കുന്നത് ജീവനിലേക്കുള്ള വഴിയിലാണ്; മരണം അവസാനം അല്ല മറിച്ച് നിത്യയുടെ ആരംഭമാണ്. വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണുന്നവൻ എല്ലാത്തിലും ദൈവ പദ്ധതി കാണുന്നു. അവൻ തന്റെ ജീവിതത്തെയും ഈ ലോകത്തെയും അതിലെ സംഭവവികാസങ്ങളെയും വ്യക്തമായും മെച്ചമായും മനസ്സിലാക്കുന്നു.

നമുക്കും യേശുവിൽ വിശ്വസിച്ചു കൊണ്ട് വിശ്വാസത്തിന്റെ കണ്ണുകളിലൂടെ എല്ലാം നോക്കി കാണാം. അപ്പോൾ നാം ഇന്ന് കടന്നു പോകുന്ന ഈ പ്രത്യേക സാഹചര്യത്തിന്റെ പുറകിലുള്ള ദൈവീക പദ്ധതിയും നമുക്ക് മനസ്സിലാകും

ആമേൻ.

വിചിന്തനത്തിനായുള്ള ചോദ്യങ്ങൾ

1) എനിക്കുചുറ്റും ഈ ലോകത്തിൽ ഞാൻ എന്തൊക്കെയാണ് കാണുന്നത്?

2) ഒരു ക്രിസ്ത്യാനി എന്ന നിലയിൽ യേശുവിൽ വിശ്വസിച്ചു കൊണ്ട് വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ഞാൻ എങ്ങനെയാണ് ലോകത്തെ കാണുന്നത്?

3) എന്നിൽ ആത്മീയാന്ധത ഉണ്ടോ? (വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാര്യങ്ങൾ കാണാൻ എനിക്ക് ബുദ്ധിമുട്ടുണ്ടോ?)

4) എന്നിൽ ആത്മീയാന്ധത ഉണ്ടെങ്കിൽ, അതെങ്ങനെയാണ് ഞാൻ മാറ്റേണ്ടത്?

N.B. പ്രിയ സഹോദരങ്ങളെ, ദേവാലയത്തിൽ ഒത്തൊരുമിച്ചുള്ള ദിവ്യബലി ഇല്ലാതിരിക്കുന്ന ഈ സാഹചര്യത്തിൽ വിശ്വാസികൾക്ക് സ്വയം വിചിന്തനത്തിന് ഉപകരിക്കുന്ന രീതിയിലാണ് (പ്രസംഗരൂപേണയല്ലാതെ) വചനം പങ്കുവെച്ചിരിക്കുന്നത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker