Sunday Homilies

4th Sunday_Ordinary Time_Year B_വാക്കും പ്രവർത്തിയും

അശുദ്ധാത്മാവ് ബാധിച്ച വ്യക്തിക്ക് പേരില്ല, മുഖമില്ല, ആ വ്യക്തിയുടെ ജീവിതത്തെ കുറിച്ച് മറ്റൊന്നും പരമാർശിക്കുന്നില്ല...

ആണ്ടുവട്ടത്തിലെ നാലാം ഞായർ
ഒന്നാം വായന: നിയമാവർത്തനം 18:15-20
രണ്ടാം വായന: 1 കോറിന്തോസ് 7:32-35
സുവിശേഷം: വി.മർക്കോസ് 1:21-28

ദിവ്യബലിയ്ക്ക് ആമുഖം

വരാനിരിക്കുന്ന പ്രവാചകനെ കുറിച്ച് ജനങ്ങളോട് സംസാരിക്കുന്ന മോശയേയും, ഉചിതമായ ജീവിതക്രമത്തെ കുറിച്ച് നമ്മെ ഉദ്ബോധിപ്പിക്കുന്ന പൗലോസപ്പസ്തലനെയും ആണ്ടുവട്ടത്തിലെ നാലാം ഞായറിൻ നാം ശ്രവിക്കുന്നു. സുവിശേഷത്തിൽ നാം കാണുന്നത് സിനഗോഗിൽ പഠിപ്പിക്കുന്ന യേശു അശുദ്ധാത്മാവ് ബാധിച്ച ഒരുവനെ സൗഖ്യപ്പെടുത്തി സ്വതന്ത്രനാക്കുന്നതാണ്. യേശുവിന്റെ സൗഖ്യത്തിലും, സ്വാതന്ത്ര്യത്തിലും പങ്കുചേർന്നുകൊണ്ട് പരിശുദ്ധമായ മനസ്സോടെ ബലിയർപ്പിക്കാനായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,
ഏതെങ്കിലും നേതാവ് പ്രസംഗിക്കുമ്പോഴോ, പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴോ, വാഗ്ദാനങ്ങൾ നൽകുമ്പോഴോ നാമെല്ലാവരും പ്രത്യക്ഷമായും, പരോക്ഷമായും പറയാറുണ്ട് വെറുതെ വാഗ്ദാനങ്ങൾ നൽകിയാൽ പോരാ അത് പ്രാവർത്തികമാക്കുകയും വേണമെന്ന്. വാക്കുകളിൽ മാത്രം പോരാ പ്രവൃത്തികളിലും കാണിക്കണമെന്ന്. കഴിഞ്ഞ ഞായാറാഴ്ചയിലെ സുവിശേഷത്തിൽ നാം കണ്ടത് “ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്ന് പ്രസംഗിക്കുന്ന യേശുവിനെയാണ്. അതിനെ തുടർന്നുള്ള ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത് വാക്കുകളെപ്പോലെ തന്നെ ശക്തമായ അദ്ഭുതം പ്രവർത്തിച്ചുകൊണ്ട് താൻ പ്രഘോഷിച്ച ദൈവരാജ്യം തന്നിലൂടെ ആരംഭിച്ച് കഴിഞ്ഞുവെന്നും, ഈ ലോകത്തിലെ ഏതൊരു ശക്തിയേയും വിജയിക്കുന്ന ദൈവത്തിന്റെ പരിശുദ്ധനാണ് താനെന്നും യേശു സ്വയം വെളിവാക്കുന്നു. ചുരുക്കത്തിൽ വാക്കുകളും പ്രവർത്തിയും ഒരുമിച്ച് കൊണ്ട് പോകുന്ന ഒരു പുതിയ നേതാവിനെ വി.മാർക്കോസ് സുവിശേഷകൻ നമുക്ക് വെളിപ്പെടുത്തിതരികയാണ്.

നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലയാണ് യേശു പഠിപ്പിച്ചത്. യഹൂദ സമൂഹത്തിലെ മതപണ്ഡിതരും നിയമവിദഗ്ദദരുമായിരുന്നു യേശുവിന്റെ കാലത്തെ നിയമജ്ഞർ. മോശയുടെ നിയമത്തിൽ അഗാധമായ പാണ്ഡിത്യമുള്ള അവർ നിയമങ്ങളെ ഔദ്യോഗികമായി വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. യഹൂദ സമൂഹത്തിലെ അഗ്രഗണ്യരായ അവരെക്കാളും അധികാരമുള്ളവനെപ്പോലെയാണ് യേശു പഠിപ്പിച്ചത്. എന്താണ് വ്യാത്യാസം? നിയമജ്ഞരാകട്ടെ ഓരോ പ്രാവശ്യവും അവർക്കുമുമ്പേയുള്ള മറ്റേതെങ്കിലും റബ്ബിയുടെ വ്യാഖ്യാനമനുസരിച്ചാണ് പഠിപ്പിച്ചിരുന്നത്. എന്നാൻ യേശുവാകട്ടെ മറ്റാരുടെയെങ്കിലും വ്യാഖ്യാനങ്ങളെ ആവർത്തിക്കുകയല്ല മറിച്ച്, സ്വന്തം അധികാരത്തോടുകൂടി, ആത്മാവിന്റെ നിറവിൽ നിന്ന് ദൈവരാജ്യം പഠിപ്പിക്കുകയാണ്. എല്ലാറ്റിനുമുപരി അവർ ഏറ്റവും അധികം ഭയപ്പെട്ടിരുന്ന അശുദ്ധാത്മാവിനെപ്പോലും യേശു പുറത്താക്കുകയാണ്. ഇത്രയും കാലം അവർക്ക് അപരിചിതമായിരുന്ന ഒരു പുതിയ പ്രബോധനം അവർക്കും നമുക്കുമായി യേശു നൽകുകയാണ്.

അശുദ്ധാത്മാവിനെ പുറത്താക്കുന്ന സംഭവത്തിൽ നിന്ന് ഇന്ന് നമുക്ക് എന്താണ് മനസ്സിലാക്കാനുള്ളത്? പ്രത്യേകിച്ചും ആധുനിക മന:ശാസ്ത്രം ഇത്തരം യാഥാർത്യങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിൽ വിശകലനം ചെയ്യുന്ന ഈ കാലഘട്ടത്തിൽ! യേശുവിന്റെ കാലത്തെ വിശ്വാസമനുസരിച്ച് അശുദ്ധാത്മാക്കൾക്ക് സ്വന്തമായി നിലനിൽപ്പില്ല. അവർ ഏതെങ്കിലും വ്യക്തിയിലോ, ഭവനത്തിലോ വസിച്ചുകൊണ്ട് ക്രമേണ ആ വ്യക്തിയുടെ നിയന്ത്രണം ഏറ്റെടുക്കും. ഇതിനെയാണ് “ബാധിക്കുക” എന്ന് പറയുന്നത്. നമ്മുടെ ഹൃദയത്തിലും കൂടുംബത്തിലും ദൈവത്തിനൊരു സ്ഥാനമുണ്ട്. ആ സ്ഥാനം ദൈവത്തിന് നൽകാതിരുന്നാൽ അവിടെ മറ്റാരങ്കിലും വസിക്കും. ഇങ്ങനെ വസിക്കുന്നവർ നമ്മുടെ സമാധാനം തകർക്കും. ഈ വിധത്തിൽ ആധുനിക മനുഷ്യനെ ബാധിക്കുന്ന അശുദ്ധാത്മാവിന്റെ പ്രവർത്തനത്തെകുറിച്ച് പലവിധ വ്യാഖ്യാനങ്ങളുമുണ്ട്. ചിലർ അതിനെ “പൈശാചിക ബാധ” എന്നു പറയുന്നു. മറ്റു ചിലർ മനുഷ്യന്റെ ആസക്തിയുമായി ബന്ധപ്പെട്ട മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ദുശീലങ്ങളായി കാണുന്നു. ഇനിയും ചിലർ ദൈവത്തെക്കാളുപരിയായി പണത്തിനോ, സമ്പത്തിനോ, അധികാരത്തിനോ, വ്യക്തികൾക്കോ നൽകുന്ന പ്രാധാന്യം അശുദ്ധാതാവിന്റെ പ്രവർത്തിയായി കാണുന്നുണ്ട്. വേറെ ചിലർ അസൂയ, വൈരാഗ്യം, വെറുപ്പ് തുടങ്ങിയ മനുഷ്യബന്ധങ്ങളുമായി ബന്ധപ്പെടുത്തി അശുദ്ധാത്മാവിനെ വ്യാഖ്യാനിക്കാറുണ്ട്. ഏറ്റവും അവസാനമായി അശുദ്ധാത്മാവിനെ “കാലഘട്ടത്തിന്റെ ആത്മാവ്” അഥവാ “സമയത്തിന്റെ ആത്മാവ്” എന്നും വിളിക്കാറുണ്ട്. അതായത്, ദൈവവചനത്തിനും വിശ്വാസത്തിനും പ്രാധാന്യം നൽകാതെ, കാലത്തിന്റെ കുത്തൊഴുക്കിനനുസരിച്ച്, കാലം മാറുന്നതിനനുസരിച്ച് ദൈവിക മൂല്യങ്ങൾക്കും സഭാ മൂല്യങ്ങൾക്കും വില കൽപ്പിക്കപ്പെടാതെ വരുന്ന ഒരവസ്ഥയാണിത്.

സുവിശേഷത്തിൽ നാം കാണുന്ന അശുദ്ധാത്മാവ് ബാധിച്ച വ്യക്തിക്ക് പേരില്ല, മുഖമില്ല, ആ വ്യക്തിയുടെ ജീവിതത്തെ കുറിച്ച് മറ്റൊന്നും പരമാർശിക്കുന്നില്ല. അജ്ഞാതനായ ആ വ്യക്തി ആരാണ്? ഒരുപക്ഷെ, ജീവിതത്തിന്റെ ഏതെങ്കിലും ഒരവസ്ഥയിലെ നമ്മളാകാം അത്. തിന്മയുടെ ശക്തികൾ ഒരിക്കലും സ്വയം ഒഴിഞ്ഞ് പോകില്ല. യേശുവുമായിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രമേ മനുഷ്യൻ അതിൽനിന്ന് മോചിതനാകുകയുള്ളു. ഈ അദ്ഭുതത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. യേശു വന്നത് നമ്മെ സൗഖ്യപ്പെടുത്തുവാനും സ്വതന്ത്രരാക്കുവാനും വേണ്ടിയാണ്.

ആമേൻ.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക  https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE

കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക

https://www.youtube.com/CatholicVox

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker