Meditation

4th Sunday_Ordinary Time_Year B_സ്വച്ഛന്ദതയുടെ സുവിശേഷം (മർക്കോ 1: 21-28)

യേശു വന്നിരിക്കുന്നത് മനുഷ്യരെ നശിപ്പിക്കുന്ന എന്തിനേയും നശിപ്പിക്കുന്നതിനാണ്...

ആണ്ടുവട്ടത്തിലെ നാലാം ഞായർ

സാബത്ത് ദിനമാണ്. കഫർണാമിലെ സിനഗോഗിലാണ് യേശു. കൂട്ടായ്മയിലെ പ്രാർത്ഥനയിൽ പങ്കു ചേരുന്നതിനു മാത്രമല്ല അവൻ സിനഗോഗിൽ എത്തിയിരിക്കുന്നത്, വിശുദ്ധ ഗ്രന്ഥത്തെ ആസ്പദമാക്കി ചില ബോധനങ്ങൾ പകർന്നു നൽകുന്നതിനും കൂടിയാണ്. സുവിശേഷകൻ പറയുന്നു; “അവന്റെ പ്രബോധനത്തിൽ അവർ വിസ്മയഭരിതരായി” (v.22). രണ്ടു പ്രാവശ്യം സുവിശേഷകൻ വിസ്മയഭരിതരായ ജനക്കൂട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അപ്പോൾ എന്താണ് വിസ്മയം എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ലളിത മാനസങ്ങളിൽ ഉണരുന്ന ദൈവിക പ്രതിഭാസമാണത്. സ്വത്വത്തിന്റെ സാന്ദ്ര ഭാവത്തിലേക്ക് ആളിപ്പടരുന്ന ദൈവാഗ്നി. അത് സ്വരമായി, രാഗമായി, താളമായി, കാഴ്ചയായി, ഈണമായി നമ്മെ പൊതിയുമ്പോൾ മനസ്സ് അത്യുച്ചഭാവത്തിൽ എത്തുന്നു. അതുകൊണ്ടാണ് വിസ്മയത്തിനെ താത്വിക ചിന്തകളുടെ മാതാവ് എന്ന് വിളിക്കുന്നത്. അലസമായവർക്ക് അതൊരു അനുഭവമാകുകയില്ല. പക്ഷേ ഉണർവുള്ളവർക്ക് എല്ലാം വിസ്മയമാണ്.
അനുദിനം വിസ്മയം പകർന്നു നൽകാൻ സാധിക്കുന്ന ഒരു ജീവിവർഗമുണ്ടെങ്കിൽ അത് മനുഷ്യൻ മാത്രമാണ്. ഒരു പുഞ്ചിരിയിലൂടെ ജീവൻ പകുത്തു നല്കാനും, വാക്കുകളിലൂടെ ജ്ഞാനം പകരാനും, സ്പർശനത്തിലൂടെ ആർദ്രമാകാനും, സഹനങ്ങളിൽ മൗനമായി അരികിൽ ചേർന്നിരുന്നു ഒരു വിസ്മയമാകാൻ നമുക്ക് മാത്രമേ കഴിയൂ. വിസ്മയമാകാൻ സാധിക്കുന്നവനു മാത്രമേ ആനന്ദമാകാനും സാധിക്കൂ. ആർക്കെങ്കിലുമൊക്കെ ഒരു വിസ്മയമായി മാറാൻ നമുക്ക് സാധിക്കണം. സങ്കട പെയ്ത്തുകളുടെ ഉള്ളിലും നിറതിങ്കളായി ചില ജീവിതങ്ങൾക്ക് ചന്ദ്രിക പകരാൻ പറ്റണം.

“നിയമജ്ഞരെപ്പോലെയല്ല അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്” (v.22). ആധികാരികതയാണ് അധികാരം. വാക്കുകളും പ്രവർത്തികളും തമ്മിലുള്ള മേളനമാണ് ആധികാരികത. വചനം മാംസമായി ഭവിച്ചവന് അതിലെവിടെയാണ് വ്യത്യാസം ഉണ്ടാകുക! വാക്കുകളും പ്രവർത്തികളും കൂടി ജീവിതത്തിന് വസന്തകാലം ഒരുക്കുകയാണെങ്കിൽ അധികാരം തനിയെ പൂവിടരും. നന്മയുടെ പരിമളം വിതറാൻ നിനക്ക് കെൽപ്പുണ്ടോ, എങ്കിൽ അധികാരവുമുണ്ട്. വിഷാംശമില്ലാത്ത വാക്കുകളുപയോഗിക്കുന്നവർക്ക് ലഭിക്കുന്ന സ്വർഗീയ പുണ്യമാണത്. അവരുടെ വാക്കുകൾ ജീവബിന്ദുവായ് അനുവാചകരുടെ ഹൃദയങ്ങളിൽ വസിക്കും.

ഇനിയാണ് സുവിശേഷകൻ അപ്രതീക്ഷിതമായ ഒരു കാര്യത്തിലേക്ക് നമ്മെ നയിക്കുന്നത്: “സിനഗോഗിൽ അശുദ്ധാത്മാവ് ബാധിച്ച ഒരുവനുണ്ടായിരുന്നു”. പ്രാർത്ഥനയുടെ ഇടമാണ് സിനഗോഗ്. ദൈവികാത്മാവ് വസിക്കുന്ന ഇടം. അവിടെയാണ് അശുദ്ധാത്മാവിന്റെ സാന്നിധ്യത്തെ സുവിശേഷകൻ ചൂണ്ടിക്കാണിക്കുന്നത്. നമ്മൾ നന്മയെന്നു കരുതുന്ന ഇടങ്ങളിലും തിന്മ കടന്നു വരാം. അങ്ങനെയുള്ള സാന്നിധ്യങ്ങൾ ദൈവികതയെക്കെതിരെ മുറവിളി കൂട്ടും. പിശാചു ബാധിതനായ ആ വ്യക്തിയെ ശ്രദ്ധിക്കുക. അവൻ ക്രിസ്തുവിനും ക്രിസ്തുവിന്റെ പ്രബോധനത്തിനും എതിരെ ശബ്ദമുയർത്തുന്നു. പക്ഷേ ക്രിസ്തുവിന്റെ മനോഭാവം നോക്കുക. അവന്റെ നോട്ടം പിശാചുബാധിതന്റെ ദുർബലാവസ്ഥയിലാണ്. ബാധിതൻ ഒരു അടിമയാണ്. തിന്മ അവന്റെ മനസ്സിനെയും ശരീരത്തെയും പൂർണ്ണമായി ആവഹിച്ചിരിക്കുകയാണെന്ന് ക്രിസ്തു മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ അവന്റെ ഇടപെടൽ ശാലീനമാണ്. തിന്മയുടെ മൂർത്തീഭാവമായ ഒരുവനോട് വലിയ സംഭാഷണത്തിലൊന്നും അവൻ ഏർപ്പെടുന്നില്ല. തിന്മയുടെ കാര്യകാരണങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. വാക്കുകൾ കൊണ്ട് ആക്രമിക്കുന്നവനെ നിശബ്ദതയുടെ തീരത്തിലേക്ക് ആനയിക്കുന്നു. ആ നിശബ്ദതയോ സ്വച്ഛന്ദതയിലേക്കുള്ള വഴികാട്ടിയാണ്. സുവിശേഷം ഒരു ആശയ സംഹിതയൊ ധാർമിക വിചാരമൊ ഒന്നുമല്ല, സ്വച്ഛന്ദതയുടെ മാഗ്നകാർട്ടയാണ്.

എന്തുകൊണ്ട് സ്വച്ഛന്ദത അഥവാ സ്വാതന്ത്ര്യം? കാരണം സുവിശേഷമായവൻ ദൈവമാണ്. അവനു വേണ്ടത് അടിമകളെയല്ല. സ്വാതന്ത്ര്യത്തിന്റെ പൂർണതയനുഭവിക്കുന്ന മക്കളെയാണ്. അത് പിശാചിനറിയാം. അതുകൊണ്ടാണ് അവൻ ചോദിക്കുന്നത്: “നീ എന്തിന് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്?” (v.24). അതെ, യേശു വന്നിരിക്കുന്നത് മനുഷ്യരെ നശിപ്പിക്കുന്ന എന്തിനേയും നശിപ്പിക്കുന്നതിനാണ്… സ്നേഹത്തിന് വിരുദ്ധമായ എന്തിനുമേലും അഗ്നിവർഷമാകാനാണ്… മനുഷ്യന്റെ സ്വത്വത്തെ വിഴുങ്ങുന്ന എല്ലാം അധമ തൃഷ്ണകളെയും നശിപ്പിക്കാനാണ്… പ്രാർത്ഥനയുടെ ഇടമായ സിനഗോഗിൽ കടന്നുകൂടിയ പൈശാചിക ശക്തികളോടാണ് ഹൃദയത്തിന്റെ ഭാഷയിൽ യേശു കൽപ്പിക്കുന്നത്: “നിശബ്ദനാകുക. പുറത്തു പോകുക”.

പിന്നീടുണ്ടായത് ഒരു അലമുറയാണ്. “അശുദ്ധാത്മാവ് അയാളെ തള്ളി വീഴ്ത്തിയിട്ട് ഉച്ച സ്വരത്തിൽ അലറിക്കൊണ്ട് പുറത്തുവന്നു” (v.26). അലമുറയിട്ട് അധമ വികാരങ്ങളുടെ ഒരു ലോകം പുറത്തേക്കിറങ്ങി പോകുന്നു. അയാളിൽ യേശുവിന്റെ വചനം ജീവചൈതന്യമായി ആഴ്ന്നിറങ്ങുന്നു. തിന്മയിൽ നിന്നും നന്മയുടെ പാതയിലേക്ക് അയാൾ ആദ്യചുവടുകൾ വയ്ക്കുന്നു. അതെ, പ്രാർത്ഥനാലയത്തിലെ പിശാചുബാധിതനെപ്പോലെ ചില അധമ തൃഷ്ണകൾ പരിശുദ്ധാത്മാവിന്റെ ആലയമായ നമ്മിലും കുടികൊള്ളുന്നുണ്ട്. നശിപ്പിക്കണം അവകളെല്ലാം. എങ്കിൽ മാത്രമേ ദൈവ സ്നേഹത്തിന്റെ സ്വച്ഛന്ദത നമുക്കും അനുഭവിക്കാൻ സാധിക്കു. യേശു നമ്മെ സ്പർശിക്കട്ടെ. അപ്പോൾ നമ്മിലെ ഇരുളടഞ്ഞ ഇടങ്ങളിൽ പ്രകാശം കടന്നു വരും, സ്നേഹരഹിതമായ ഹൃദയറകളിൽ ജീവചൈതന്യം നിറയും, ശൂന്യമായ കരങ്ങളിൽ ആർദ്രത വിരിയും, ശ്വാസനിശ്വാസങ്ങൾ പുതിയ ചക്രവാളങ്ങളെ തേടും.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക  https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE

കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക

https://www.youtube.com/CatholicVox

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker