Daily Reflection

5th Sunday of Lent_Year A_മരിച്ചവനെ തേടി യാത്ര ചെയ്യുന്നവൻ

രോഗം, മരണം എന്നീ വാക്കുകൾക്ക് ബാഹ്യമായ അർത്ഥത്തെക്കാൾ ഒരു ആന്തരീക അർത്ഥം നമുക്ക് കാണേണ്ടതുണ്ട്...

നോമ്പുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയിൽ സഭ നമുക്ക് ധ്യാനിക്കാൻ തന്നിരിക്കുന്നത് ജീവനെകുറിച്ചും മരണത്തെക്കുറിച്ചുമാണ്. ലാസറിന്റെ ഉയിർപ്പിലൂടെ യേശു ഈ ലോകത്തിലേക്കു വന്നിരിക്കുന്നത് ജീവൻ നൽകാനാണെന്ന് പഠിപ്പിക്കുകയാണ്. ശാരീരിക മരണത്തേക്കാൾ ആത്മീയ മരണത്തെ അതിജീവിക്കുന്നവനാവണം ക്രിസ്തുശിഷ്യൻ എന്ന് വചനം പഠിപ്പിക്കുന്നു. കാരണം, ഇവിടെ സുവിശേഷത്തിൽ പറയുന്നുണ്ട്, “കർത്താവേ, ഇതാ അങ്ങ് സ്നേഹിക്കുന്നവൻ രോഗിയായിരിക്കുന്നു”(യോഹ. 11:3). കൂടാതെ അവൻ യേശുവിനെ സ്നേഹിക്കുകയും യേശു സ്നേഹിക്കുകയും ചെയ്യുന്ന മാർത്തയുടെയും മറിയത്തിന്റെയും സഹോദരനുംകൂടിയാണ്. എന്ന് പറഞ്ഞാൽ യേശുവിനാൽ സ്നേഹിക്കപ്പെട്ട ഒരു കുടുംബം, അവിടെയുള്ള ഒരാൾ രോഗിയായിരിക്കുന്നു.

യേശുവിനാൽ സ്നേഹിക്കപ്പെട്ട ആ കുടുംബത്തിലെ ലാസർ രോഗിയാകുവാനും മരണപ്പെടുവാനും കാരണമെന്താണ്? രോഗം, മരണം എന്നീ വാക്കുകൾക്ക് ബാഹ്യമായ അർത്ഥത്തെക്കാൾ ഒരു ആന്തരീക അർത്ഥം നമുക്ക് കാണേണ്ടതുണ്ട്. യേശു സ്നേഹിച്ചിട്ടും ആ സ്നേഹം ജീവിക്കാത്തവർ രോഗിയാണ്. ആ രോഗത്തിൽ അധികം നാൾ ജീവിച്ചാൽ അവനു ഒരു ആത്മീയ മരണം സംഭവിക്കും.

ഇവിടെ ദൈവം മനുഷ്യനോട് കാണിക്കുന്ന സ്നേഹം വിവിധ ഘട്ടങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാം:

1) തിരുത്താൻ അവസരം നൽകുന്ന ദൈവം. അവൻ രോഗിയാണെന്ന് അറിഞ്ഞിട്ടും യേശു പോകുന്നില്ല, അവനു തിരുത്താനുള്ള അവസരം നൽകുന്നുണ്ട്. എന്നാൽ അവൻ മരണപ്പെട്ടു.

2) രക്ഷപ്പെടാൻ എല്ലാ അവസരവും നഷ്ടമായവന്റെ അടുത്തേക്ക് വരുന്ന ദൈവം. വചനം തന്നെ പറയുന്നു, രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല, കാരണം യേശുവിനാൽ സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തിയാണ്. ഒരുവനും നശിച്ചുപോകാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. ലാസറിന്റെ ദയനീവാസ്ഥ, അഥവാ സ്വയം രക്ഷപ്പെടാനാവാത്ത അവസ്ഥ കാണിക്കുന്ന ഒരു വാചകമാണ്, ‘യേശു ലാസർ മരിച്ചിട്ട് നാലു ദിവസങ്ങൾക്കുശേഷമാണ് എത്തുന്നത്; എന്നത്. ഇതിനെ രണ്ടു പകലും രണ്ടു രാത്രിയും എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നുണ്ട് ചില ബൈബിൾ പണ്ഡിതന്മാർ. അപ്പോൾ മൂന്നാം ദിവസം അവനു ഉത്ഥാനസന്തോഷമായി ക്രിസ്തു വരുന്നു. എന്നാൽ ചില ബൈബിൾ പണ്ഡിതന്മാർ പറയുന്നത് നാലാം ദിവസം എന്ന് തന്നെയാണ്. ഞാൻ അങ്ങിനെ എടുക്കാനാണ് ആഗ്രഹിക്കുന്നത്. മൂന്നു ദിവസങ്ങൾക്കുശേഷം ഉത്ഥാനം ലഭിക്കുമെന്ന ഉറപ്പും കഴിഞ്ഞും മനുഷ്യന്റെ കഴിവിന്റെ പരിധി കഴിയുമ്പോൾ നാലാം ദിവസം ക്രിസ്തു വരുന്നു.

3) ക്രിസ്തുവിന്റെ പിന്തുടരുന്നവരും സ്നേഹത്തിന്റെ വാഹകരാകണം. യൂദയാ മുഴുവൻ അവന്റെ സ്നേഹത്തെ എതിർത്തവരാണ്, അവിടെയാണ് ലാസറും സഹോദരിമാരും ജീവിച്ചിരുന്നത്. അവിടേക്കു ശിഷ്യരെ ക്ഷണിക്കുന്നു, കാരണം അവർ ക്രിസ്തുവിന്റെ പ്രകാശത്തിൽ ജീവിക്കുന്നവരാണ്, ഒരിക്കലും അവർ അന്ധകാരത്തിൽ തട്ടിവീഴില്ല. “പകൽ നടക്കുന്നവൻ കാൽ തട്ടി വീഴില്ല (യോഹ. 11:9). രാത്രി നടക്കുന്നവൻ തട്ടിവീഴുന്നു, കാരണം അവനു പ്രകാശമില്ല. (യോഹ. 11:10). ആ പ്രകാശം ഉള്ളിലുള്ള തോമാസ് അപ്പോസ്തോലൻ പറയുന്നു, അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം (യോഹ.11:16 b). ക്രിസ്തുവിനൊപ്പം അവന്റെ സ്നേഹത്തിനു സാക്ഷികളായി മരിക്കാനുള്ള തീക്ഷ്ണതയാണ് ക്രിസ്തു ശിഷ്യനുവേണ്ടതെന്നു അപ്പോസ്തോലൻ പഠിപ്പിക്കുന്നു.

4) അനുതപിക്കുന്നവർ ക്രിസ്തുവിന്റെ സ്നേഹം ഏറ്റുപറയുന്നു. ഒന്നാമത് എട്ടു പറഞ്ഞത് മാർത്തയാണ്, പ്രകാശത്തിൽ ജീവിച്ച മാർത്ത ഒരു നിമിഷം അവന്റെ പ്രത്യാശയുടെ പ്രകാശത്തിൽ നിന്നും വഴിമാറി നടന്നു. അപ്പോൾ ക്രിസ്തുവിന്റെ ചോദ്യം, “വീണ്ടും ജീവൻ നൽകാൻ എനിക്ക് കഴിയുമെന്ന് നീ വിശ്വസിക്കുന്നോ? അവൾ എറ്റു പറയുന്നു, വിശ്വസിക്കുന്നു. രണ്ടാമത് മറിയമാണ്, അവൻ അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു. വീണ്ടും ആരോ അവളോട് ക്രിസ്തുവന്ന കാര്യം പറയുന്നു, അപ്പോൾ അവൾ എഴുന്നേറ്റ് മാർത്ത കണ്ട അതെ സ്ഥലത്തുവച്ചു തന്നെ ക്രിസ്തുവിനെ കാണുന്നു, അവിടുത്തെ ആരാധിക്കുന്നു. ക്രിസ്‌തു നിൽക്കുന്നിടത്തേക്ക് അവർ ചെന്ന് അവനെ ആരാധിക്കുന്നു. മൂന്നാമത്തേത് ലാസറാണ്, അവൻ തിന്മയുടെ ബന്ധനത്തിലാണ് (അവന്റെ കെട്ടുകൾ അഴിക്കുവിൻ എന്ന് ഉയിർപ്പിനുശേഷം ക്രിസ്തു ആവശ്യപ്പെടുന്നുണ്ട് യോഹ. 11.44 ൽ). അവൻ മരണപ്പെട്ടവനാണ്, സ്നേഹത്തിന്റെ ഇത്തിരിവെട്ടം പോലും അണഞ്ഞുപോയ ജീവിതം. അവനു മാർത്ത ഓടിയപോലെ ഓടാൻ സാധിക്കില്ല, മറിയം മറ്റുള്ളവരുടെ വാക്ക് കേട്ടു ആരാധിക്കാൻ പോയപോലെയും സാധിക്കില്ല. ആയതിനാൽ ക്രിസ്തു അവനു തന്റെ ജീവൻ നൽകാൻ അടുത്ത് ചെല്ലുന്നു.

5) സ്നേഹം നിഷേധിച്ചവനുവേണ്ടി കരയുന്ന ഒരു ദൈവം. യേശു ഇവിടെ കരയുന്നത് ശാരീരിക മരണത്തേക്കാൾ താൻ ഇത്രയേറെ സ്നേഹിച്ചിട്ടും അതു നിഷേധിച്ചു രോഗത്തിലേക്കും മരണത്തിലേക്കും പോയ അവന്റെ സ്നേഹത്തിന്റെ മരണത്തെകുറിച്ച് അറിഞ്ഞിട്ടാണ്.
ഒരു പുതുജന്മം ആവശ്യമാണ് തിരിച്ചുവരവിന്. ഈ തിരിച്ചുവരവിലേക്കാണ് തിരുസഭാനമ്മെ ക്ഷണിക്കുന്നത്.

ഈ അഞ്ച് ആഴ്ചകളിലൂടെ സഭ നമ്മെ നയിക്കുകയായിരുന്നു. ഒന്നും രണ്ടും ആഴ്ചകളിൽ അനുതാപത്തിലേക്കു ക്ഷണിച്ചുകൊണ്ടും പിന്നീടുള്ള ഇ മൂന്നു ആഴ്ചകളിൽ ജ്ഞാനസ്നാനത്തിന്റെ മൂന്നുപ്രതീകകങ്ങൾ നൽകിക്കൊണ്ടും. (മൂന്നാമത്തെ ആഴ്ചയിൽ സമരിയാക്കാരിക്കു ജീവന്റെ ജലം നൽകുന്നു, നാലാമത്തെ ആഴ്ചയിൽ കുരുടന് കാഴ്ചനൽകുന്നു, പ്രകാശം നൽകുന്നു, ഇന്ന് ലാസറിനു ജീവൻ നൽകുന്നു).

അനുതാപത്തിന്റെ വഴികളിലൂടെ യാത്ര ചെയ്യുന്ന നമുക്ക് ജലത്താൽ സ്നാനപ്പെട്ട ബലത്താൽ, ക്രിസ്തുവിന്റെ പ്രകാശത്തിൽ നടക്കാം, അവന്റെ സ്നേഹത്തിന്റെ ആഴം അനുഭവിച്ചറിഞ്ഞ മനസ്സോടെ മരണത്തെ അതിജീവിച്ചവൻ കാണിച്ചുതന്ന വഴികളിലൂടെ നിത്യജീവന്റെ ഉറവതേടി യാത്ര തുടരാം. അവനെ തേടാനുള്ള ഒരു ആഗ്രഹം മാത്രം മതി നമുക്ക്, അവൻ നമ്മെ തേടിയെത്തും, “ഞാൻ കല്ലറകൾ തുറന്നു നിങ്ങളെ ഉയർത്തും” “എന്റെ ആത്മാവിനെ നിങ്ങളിൽ നിവേശിപ്പിക്കും” (എസക്കി. 37:12-14). ഇവിടെ രണ്ടുസ്ഥലത്തും പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങളെ ഞാൻ തിരികെ കൊണ്ടുവരും. നഷ്ടപ്പെട്ട ബന്ധത്തിലേക്കുള്ള, നഷ്ടപ്പെട്ട സ്നേഹത്തിലേക്കുള്ള തിരിച്ചുനടക്കാലാവട്ടെ നോമ്പിന്റെ ഇനിയുള്ള ബാക്കി കുറച്ചു ദിവസങ്ങൾ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker