Meditation

Ascension of the LORD_Year B_അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20)

തിന്മക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിൽ കണ്മുൻപിൽ ഇല്ലാത്ത അവന്റെ കാണപ്പെടുന്ന സാന്നിധ്യമാണ് കൂദാശകൾ...

സ്വർഗ്ഗാരോഹണ തിരുനാൾ

യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ യോഹന്നാന്റെ സുവിശേഷത്തിൽ സ്വർഗ്ഗാരോഹണം ഒരു ചിത്രീകരണവിഷയമല്ല. മറിച്ച് ഒരു സംഭാഷണവിഷയമാണ് (a discourse matter). യേശുവിന്റെ സംഭാഷണങ്ങളിലാണ് സ്വർഗ്ഗാരോഹണം ഒരു വിഷയമാകുന്നത്. ഒരു സംഭവമായി അത് ചിത്രീകരിക്കുന്നില്ല. യേശു ആരോഹണം ചെയ്തു എന്നത് പ്രഘോഷണമാണ്, പക്ഷേ അത് മേഘങ്ങൾക്കുള്ളിലേക്കാണോ അതോ നമ്മുടെ ഓരോരുത്തരുടെയും സ്വത്വത്തിന്റെ ആഴത്തിലേക്കാണോ എന്നതുമാത്രമാണ് സംശയം. കാരണം സ്വർഗ്ഗവും സ്വർഗ്ഗരാജ്യവും നിന്നിലാണ്, നിങ്ങളുടെയിടയിലാണ് എന്ന് പഠിപ്പിച്ചവനു സ്വർഗ്ഗം തേടി ആകാശം താണ്ടേണ്ട കാര്യമുണ്ടോ? അതുകൊണ്ടായിരിക്കാം തന്റെ സുവിശേഷത്തിന്റെ ഏറ്റവും അവസാനത്തെ വാക്യമായി മർക്കോസ് ഇങ്ങനെ കുറിക്കുന്നത്: “കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ടു വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു” (v.20).

യേശു സ്വർഗ്ഗാരോഹിതനായി എന്നതല്ല ഇന്നത്തെ സുവിശേഷത്തിൽ എന്നെ സ്പർശിച്ച കാര്യം. സ്വർഗ്ഗത്തിൽ ദൈവത്തിന്റെ വലത് ഭാഗത്ത് ഉപവിഷ്ടനായവൻ ശിഷ്യരോടൊത്ത് അതേസമയം പ്രവർത്തിക്കുന്നുവെന്ന സിനർജിയാണ്. അവരുടെ പ്രവർത്തനം യേശുവിന്റെ പ്രവർത്തനവുമായി ഒന്നായി മാറുന്ന മാന്ത്രികത. ആരോഹണം ചെയ്തവൻ ശിഷ്യരുടെ കൂടെ പ്രവർത്തിക്കുന്നു. ഇതൊരു വിരോധാഭാസമാണ്; ദൈവിക വിരോധഭാസം. ഇതു തന്നെയാണ് സ്വർഗ്ഗാരോഹണം. അവൻ സംവഹിക്കപ്പെട്ടത് ആകാശവിതനങ്ങൾക്കപ്പുറത്തേക്കല്ല, അവനെ സ്നേഹിച്ചവരുടെ ഹൃദയത്തിനുള്ളിലേക്കാണ്. കൺമുന്നിൽ നിന്നും മറഞ്ഞു എന്ന കാരണത്താൽ അവന്റെ നന്മകളൊന്നും അവസാനിക്കുന്നില്ല. കാരണം അവൻ സംവഹിക്കപ്പെട്ടിരിക്കുന്നത് ഓരോ ശിഷ്യരുടെയും ജീവിതത്തിലേക്കാണ്.

യേശുവിന്റെ സ്വർഗ്ഗാരോഹണം ചിത്രീകരിക്കാനായി മർക്കോസ് ഒത്തിരി പദങ്ങൾ ഉപയോഗിച്ചിട്ടില്ല. ഒറ്റവാക്യത്തിലാണ് സുവിശേഷകൻ ആ സംഭവത്തെ വ്യക്തമാക്കുന്നത് (v.19). പക്ഷേ അത് അവതരിപ്പിച്ചിരിക്കുന്നത് പ്രേക്ഷിത ദൗത്യത്തിനും (vv.15-18) പ്രേക്ഷിത പ്രവർത്തനത്തിനും (v.20) ഒത്തനടുക്കാണ്. അതായത്, യേശു ആദ്യം ശിഷ്യന്മാർക്ക് സുവിശേഷ പ്രഘോഷണദൗത്യം ഏൽപ്പിക്കുകയും തിന്മയുടെ ശക്തികൾക്കെതിരെയുള്ള അധികാരം നൽകുകയും ചെയ്യുന്നു, അതിനുശേഷം അവൻ സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുന്നു. പിന്നീട് സുവിശേഷകൻ പറയുന്നു ശിഷ്യർ അവനേൽപിച്ച ദൗത്യത്തിൽ മുഴുകിയെന്നും അവൻ അവരോടൊപ്പം ഉണ്ടായിരുന്നുവെന്നും. അങ്ങനെ ചിന്തിക്കുമ്പോൾ അവൻ ആരോഹിതനായിരിക്കുന്നത് ശിഷ്യരുടെ പ്രഘോഷണങ്ങളിലേക്കാണ്. അതൊരു കണ്ണെത്താദൂരത്തേക്കുള്ള യാത്രയല്ല. മറിച്ച് അനിർവചനീയമായ അനുഭവവും അടയാളങ്ങളിലൂടെയുള്ള അവന്റെ സാന്നിധ്യവുമാണ്. അടയാളങ്ങളിലൂടെ വചനം സ്ഥിരീകരിക്കുന്നവനാണ് സ്വർഗ്ഗാരോഹിതൻ എന്നു സുവിശേഷകൻ പറയുമ്പോൾ കൂദാശകളിലെ ക്രിസ്തുസാന്നിധ്യത്തിന്റെ ധ്വനി വരികളിൽ നിറയുന്നുണ്ട്.

തിന്മക്കെതിരെയുള്ള നമ്മുടെ പോരാട്ടത്തിൽ കണ്മുൻപിൽ ഇല്ലാത്ത അവന്റെ കാണപ്പെടുന്ന സാന്നിധ്യമാണ് കൂദാശകൾ എന്ന അടയാളങ്ങൾ. അറിവിന്റെയും ബന്ധങ്ങളുടെയും പുതിയ ചക്രവാളമാണത്. അതിൽ ഭാഷകൾ ഒരു തടസ്സമല്ല. കാരണം ഉള്ളിൽ സ്നേഹസാന്നിധ്യമായി ഉത്ഥിതൻ ഉപവിഷ്ടനാക്കുമ്പോൾ ഭാഷകൾക്കതീതമാണ് പരസ്പരമുള്ള മനസ്സിലാക്കലും പങ്കുവയ്പ്പുകളും. കുടിലതയുടെ സർപ്പമാനസമുള്ളവരെ അവന്റെ സാന്നിധ്യത്തിൽ മാത്രമേ നമ്മൾക്കു നേരിടാൻ സാധിക്കു. അതുകൊണ്ടാണ് അവൻ പറഞ്ഞത് നിങ്ങൾ സർപ്പങ്ങളെ കൈയിലെടുക്കും, കാരണം നിങ്ങളിൽ വസിക്കുന്നത് ഞാനാണ്. ഒരു വിഷത്തിനും നിങ്ങളെ ഇല്ലാതാക്കാൻ സാധിക്കില്ല, കാരണം നിങ്ങളിലുള്ളത് എന്റെ ജീവനാണ്.

ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള ശക്തി മാത്രമല്ല നമ്മിലെ ഉത്ഥിതന്റെ സാന്നിധ്യം, അതിലുപരി ആർദ്രതയുടെ വക്താക്കളാകാനുള്ള വിളിയും കൂടിയാണ്. അവൻ നമ്മോടു പറയുന്നു; രോഗികളെ സ്പർശിക്കുവിൻ – അവൻ സ്പർശിച്ചത് പോലെ – തീർച്ചയായും അവർ സുഖം പ്രാപിക്കും. നമ്മിലൂടെയാണ് അവൻ ഇനി ദുഃഖിതരെ സ്പർശിക്കുന്നതും ആശ്വസിപ്പിക്കുന്നതും ആരോഗ്യംനൽകുന്നതും. കാരണം ഉത്ഥിതനായവൻ ആരോഹിതനായിരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിലാണ്. അവന്റെ സ്വർഗ്ഗം നമ്മുടെ ഹൃദയമാണ്. അവിടെ വസിക്കുന്നവനു നമ്മിലൂടെ ഈ ലോകത്തെയും സകലരെയും സ്നേഹിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ സാധിക്കും? സ്നേഹത്തിന്റെ കൂദാശകൾ പങ്കുവെക്കാനല്ലാതെ മറ്റേതടയാളം അവനു നൽകാൻ സാധിക്കും? അതിനാൽ നമ്മുടെ ഉള്ളിൽ ഉപവിഷ്ടനായിരിക്കുന്ന ഈശോയെ തിരിച്ചറിയാം. ആർദ്രതയുടെ കൂദാശകളായി നമുക്ക് മാറാം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker