Sunday Homilies

Ascension Sunday_Year A_സ്വർഗ്ഗത്തിലേക്കുള്ള ആരോഹണം, കടമയിലേക്കുള്ള അവരോഹണം

സ്വർഗത്തിലേക്കുള്ള വാതിൽ നമുക്കായി തുറന്നു കൊണ്ട്, സ്വർഗ്ഗത്തിലേക്ക് പോയ യേശുവിന്റെ വാക്കുകളെ നമുക്കനുസരിക്കാം...

കർത്താവിന്റെ സ്വർഗ്ഗാരോഹണം
ഒന്നാം വായന : അപ്പൊ. പ്രവ: 1:1-11
രണ്ടാം വായന : എഫേസോസ് 1:17-23
സുവിശേഷം : വി. മത്തായി 28:16-20

വചന വിചിന്തനം

ഇന്നത്തെ ഒന്നാം വായനയിൽ വി.ലൂക്കായുടെ വാക്കുകളിലൂടെയും, സുവിശേഷത്തിൽ വി.മത്തായിയുടെ വാക്കുകളിലൂടെയും യേശുവിന്റെ സ്വർഗ്ഗാരോഹണം എപ്രകാരമായിരുന്നു എന്ന് നമുക്കു മനസ്സിലാക്കാം. മല, മേഘം, വെള്ള വസ്ത്രം ധരിച്ച് രണ്ടുപേർ (മാലാഖമാർ) തുടങ്ങിയവരുടെ സാന്നിധ്യം ബൈബിളിൽ ദൈവ സാന്നിധ്യത്തിന്റെ അടയാളമാണ്. പഴയനിയമത്തിലും (സീനായ്) പുതിയനിയമത്തിലും (താബോർ) മലയും മേഘവും ദൈവസാന്നിധ്യത്തോടൊപ്പം ഉണ്ടായിരുന്നു. യേശുവിന്റെ ഉത്ഥാനാന്തരം കല്ലറയിൽ വെള്ളവസ്ത്രം ധരിച്ച രണ്ടു പേർ ഇരിക്കുന്നത് നാം ഉത്ഥാന ഞായറിൽ ശ്രവിക്കുകയും ചെയ്തു. യേശുവിന്റെ സ്വർഗ്ഗത്തിലേക്കുള്ള ആരോഹണത്തിന്റെ ആധികാരികത വർധിപ്പിക്കുന്നതാണ് ഈ വസ്തുതകൾ. ഇതിലുപരി നമ്മുടെ വിശ്വാസ ജീവിതത്തിന് ഊർജ്ജം നൽകുന്ന 3 സന്ദേശങ്ങൾ ഇന്നത്തെ തിരുവചനങ്ങളിലുണ്ട്. നമുക്കവയെ വിചിന്തന വിധേയമാക്കാം.

1) ഇനി നമ്മുടെ ഊഴമാണ്

യേശുവിന്റെ സ്വർഗ്ഗാരോഹണ സമയത്ത് പ്രത്യക്ഷപ്പെട്ട വെള്ളവസ്ത്രം ധരിച്ച രണ്ടു പേർ പറയുന്നതിപ്രകാരമാണ്. “അല്ലയോ ഗലീലിയരെ നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നത് എന്ത്? നിങ്ങളിൽനിന്ന് സ്വർഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ടതുപോലെ തന്നെ തിരിച്ചു വരും”. ഈ വാക്കുകളിൽ ഒരു ചോദ്യവും, ഒരു ഉറപ്പുമുണ്ട്. നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുന്നതെന്ത് എന്ന ചോദ്യത്തിന്റെ അർത്ഥം ഇനി നിങ്ങൾ ആകാശത്തിലേക്ക് നോക്കി നിൽക്കുകയല്ല വേണ്ടത്, യേശു പറഞ്ഞ ദൗത്യം ഏറ്റെടുത്തു കൊണ്ട് ഈ ലോകം മുഴുവൻ യേശുവിന്റെ നാമവും പ്രവർത്തികളും അറിയിക്കുകയാണ് വേണ്ടത്. യേശുവിന്റെ മടങ്ങിവരവ് വരെ നമുക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. മലയിൽ വച്ച് യേശുവിന്റെ സ്വർഗ്ഗത്തിലേക്കുള്ള ആരോഹണം ശിഷ്യന്മാരുടെ കടമയിലേക്കും ഉത്തരവാദിത്വത്തിലേക്കും ഉള്ള അവരോഹണമാണ്. യേശുവിന്റെ സ്വർഗ്ഗാരോഹണം ഒരു അവസാനമല്ല, മറിച്ച് സഭയുടെ തുടക്കമാണ്. ഈ സഭയിൽ നമ്മളോരോരുത്തരും അംഗങ്ങളാണ്. നമുക്ക് ചിന്തിക്കാം, സഭയിൽ ഇനി എന്റെ ഊഴമാണ്. യേശു ഏൽപ്പിച്ച ദൗത്യം എങ്ങനെയാണ് ഞാൻ നിർവഹിക്കുന്നത്. ഈ ലോകത്തിലെ യേശുവിന്റെ കണ്ണും, കൈയും, കാലും, അധരവും, ശ്രവണേന്ദ്രിയങ്ങളും നമ്മളാണ്. നമ്മളിലൂടെയാണ് ഈ ലോകം യേശുവിനെ കാണുകയും, കേൾക്കുകയും, അറിയുകയും ചെയ്യുന്നത്.

2) യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും

നമ്മുടെ ഊഴമനുസരിച്ച് യേശുവിന്റെ ദൗത്യം തുടരുമ്പോൾ നാം ഭയപ്പെടാൻ പാടില്ല, അതുകൊണ്ടാണ് സ്വർഗ്ഗാരോഹണവേളയിൽ യേശു അവസാനമായി പറയുന്നത്: “യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും”. “ഞാൻ ഞാൻ തന്നെ” എന്ന് മോശയോട് പറയുന്ന വാക്കുകളും (പുറപ്പാട്), ശിശു “ഇമ്മാനുവേൽ” ദൈവം നമ്മോടുകൂടെ എന്ന് വിളിക്കപ്പെടും എന്ന പ്രവാചക വാക്യവും, രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടിയാൽ അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും എന്ന യേശുവിന്റെ തന്നെ വചനവും ഈ അവസാന വാക്യത്തോട് ചേർന്നിരിക്കുന്നു. ദൈവം നമ്മോടുകൂടെ – ഇമ്മാനുവേൽ എന്നത് യേശു ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ മാത്രമല്ല മറിച്ച് ദൈവം ഇന്നും എന്നും നമ്മോടു കൂടെയുണ്ട് എന്ന് തന്നെയാണ്. താൻ ഉപേക്ഷിച്ചുപോയ ഒരു സഭയിലേക്കല്ല യേശു തിരികെ വരുന്നത്, മറിച്ച് താൻ സജീവമായി സന്നിഹിതനായിരിക്കുന്ന സഭയിൽ തന്നെയാണ്. സഭയുടെ നിലനിൽപ്പ് യേശു വരാൻ വൈകുന്നു എന്നതിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് യേശു സഭയിൽ ജീവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. തിരുവചനത്തിലൂടെയും, കൂദാശകളിലൂടെയും, പ്രത്യേകിച്ച് ദിവ്യബലിയിലൂടെയും, ദിവ്യകാരുണ്യത്തിലൂടെയും യേശു സഭയിലും ഈ ഭൂമിയിലും നിറഞ്ഞുനിൽക്കുന്നു. ദൈവാത്മാവിലൂടെ യേശു സഭയെചലിപ്പിക്കുന്നു. യേശുവിന്റെ ദൗത്യം നാം ഈ ഭൂമിയിൽ നിർവഹിക്കുമ്പോൾ യേശു നമ്മോടൊപ്പമുണ്ട്; അതിൽ യാതൊരു സംശയവും വേണ്ട.

അതുകൊണ്ട് തന്നെ സഭയിൽ ആയിരുന്നു കൊണ്ട് നാം ഓരോ കാര്യങ്ങളിലും വ്യാപൃതരാകുമ്പോഴും, ഈ അവസരത്തിൽ യേശു എന്തായിരിക്കും ചെയ്യുമായിരുന്നത്? എങ്ങനെയായിരിക്കും യേശു ഈ പ്രശ്നത്തെ കൈകാര്യം ചെയ്യുമായിരുന്നത്? യേശു ഓരോ വ്യക്തിയോടും എങ്ങനെയായിരിക്കും പെരുമാറുന്നത്? എന്ന് ചിന്തിക്കുകയും അതനുസരിച്ച് നമുക്ക് പ്രവർത്തിക്കുകയും ചെയ്യാം.

3) സ്വർഗ്ഗം നമ്മുടെ വീട് : ഓർമ്മപ്പെടുത്തലും, ക്ഷണവും

യേശുവിന്റെ സ്വർഗ്ഗാരോഹണം ആഘോഷിക്കുമ്പോൾ നമുക്കോർക്കാം ഈ തിരുനാൾ ഒരു ഓർമ്മപ്പെടുത്തലും ക്ഷണവുമാണ്. സ്വർഗ്ഗം നമ്മുടെയെല്ലാം വീടാണെന്നും, നമ്മുടെ ജീവിത യാത്രയുടെ ലക്ഷ്യം അതാണെന്നും ഈ തിരുനാൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. അതോടൊപ്പം സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു കൊണ്ട് നമ്മെ എല്ലാവരെയും നമ്മുടെ ജീവിത അവസാനം യേശു സ്വർഗത്തിലേക്ക് ക്ഷണിക്കുകയാണ്. വി. യോഹന്നാന്റെ സുവിശേഷത്തിൽ യേശു ഇപ്രകാരം പറയുന്നു: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് സ്ഥലം ഒരുക്കാൻ പോകുന്നു എന്ന് ഞാൻ നിങ്ങളോടു പറയുമായിരുന്നോ? ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി കഴിയുമ്പോൾ ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളുമായിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്നു നിങ്ങളെ കൂട്ടിക്കൊണ്ടു പോകും” (വി. യോഹ.14:2-3).

നമുക്ക് ദൗത്യം ഏൽപ്പിച്ചു കൊണ്ട്, നമ്മോടൊപ്പം യുഗാന്ത്യം വരെ ഉണ്ടാകും എന്ന് പറഞ്ഞുകൊണ്ട്, സ്വർഗത്തിലേക്കുള്ള വാതിൽ നമുക്കായി തുറന്നു കൊണ്ട്, സ്വർഗ്ഗത്തിലേക്ക് പോയ യേശുവിന്റെ വാക്കുകളെ നമുക്കനുസരിക്കാം, അവന്റെ സജീവസാന്നിധ്യം എല്ലാദിവസവും അനുഭവിക്കാം.

ആമേൻ

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker