Sunday Homilies

Solemnity of the Body and Blood of Christ_Year A_ക്രിസ്തുവിന്റെ പരമപരിശുദ്ധ ശരീരവും രക്തവും

എല്ലാ പ്രതിസന്ധികൾക്കും ഉള്ള ഉത്തരം പരിശുദ്ധ പരമ ദിവ്യകാരുണ്യമാണ്...

ദിവ്യകാരുണ്യ തിരുനാൾ

ഒന്നാം വായന: നിയമാവർത്തനം 8:2-3,14-16
രണ്ടാം വായന: 1 കോറി 10:16-17
സുവിശേഷം: വി.യോഹന്നാൻ 6:51-58

ദിവ്യബലിക്ക് ആമുഖം

അന്ത്യയത്താഴവേളയിലും കുരിശിലെ ബലിയിലും ആരംഭിച്ച്, ആദിമസഭയിൽ “അപ്പം മുറിക്കൽ” ശുശ്രൂഷയിലൂടെ തുടർന്ന്, ഇന്ന് ദൈനംദിന “ദിവ്യബലിയർപ്പണ”ത്തിലൂടെ സജീവമായി നിൽക്കുന്ന ക്രിസ്തുവിന്റെ പരമപരിശുദ്ധ ശരീര-രക്തങ്ങൾക്ക് പ്രത്യേകമായി ഒരു തിരുനാൾ ആരംഭിച്ചത് 1264-ൽ ഉർബൻ നാലാമൻ പാപ്പയാണ്. നിയമാവർത്തന പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലൂടെയും, പൗലോസ് അപ്പോസ്തലന്റെ പ്രബോധനം നിറഞ്ഞുനിൽക്കുന്ന കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ നിന്നുള്ള രണ്ടാം വായനയിലൂടെയും “സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്” എന്ന് യേശു സ്വയം പ്രഘോഷിക്കുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തി ലൂടെയും ദിവ്യകാരുണ്യത്തെ കുറിച്ച് തിരുസഭ ഇന്ന് നമ്മെ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചനപ്രഘോഷണം കർമ്മം

1) “മന്ന” മരുഭൂമിയിലെ അപ്പം

ഇന്നത്തെ ഒന്നാം വായനയെ സുവിശേഷത്തിന്റെ ആമുഖം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. മോശയുടെ വിടവാങ്ങൽ പ്രസംഗം അല്ലെങ്കിൽ വിൽപത്രം എന്ന് വിളിക്കാവുന്ന നിയമാവർത്തന പുസ്തകത്തിലെ വാക്കുകളാണ് നാം ശ്രമിച്ചത്. വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്ന ജനതയോട് തന്റെ വേർപാടിന് മുമ്പ് ദൈവം ഈ ജനതയെ എപ്രകാരമാണ് മരുഭൂമിയിലൂടെ നയിച്ചതെന്ന് മോശ പറയുന്നു. പ്രധാനമായും അഞ്ച് കാര്യങ്ങൾ നമുക്ക് ഈ വാക്യങ്ങളിൽ നിന്ന് മനസ്സിലാക്കാം.
ഒന്ന്: മരുഭൂമിയിലെ കഷ്ടതകളും ഞെരുക്കങ്ങളും നമ്മെ എളിമപ്പെടുത്തുവാൻ വേണ്ടിയാണ്.
രണ്ട്: മരുഭൂമി കാലഘട്ടത്തിലെ ഏതാനും ദിവസങ്ങളോ മാസങ്ങളോ അല്ല 40 വർഷം മുഴുവൻ ദൈവം നയിച്ച വഴികളെല്ലാം ഓർമ്മിക്കണം.
മൂന്ന്: മരുഭൂമിയിലെ ബുദ്ധിമുട്ടുകൾക്കിടയിലൂടെ കൂടെ നാം കടന്നുപോയതും അതിനെ തരണം ചെയ്തതും കർത്താവിന്റെ കാരുണ്യം കൊണ്ടാണ്, അതിൽ മനുഷ്യന് അഹങ്കരിക്കാൻ ഒന്നുമില്ല. അതുകൊണ്ട്തന്നെ നമ്മെ നയിച്ച കർത്താവിനെ നാം വിസ്മരിക്കരുത്.
നാല്: ഒന്നും മുളയ്ക്കാത്ത വരണ്ട മരുഭൂമിയിൽ പാറയിൽ നിന്ന് വെള്ളമൊഴുക്കിയും, ഭക്ഷിക്കാനായി മന്ന നൽകിയും ദൈവം ജനത്തെ പരിപാലിച്ചു.
അഞ്ച്: ഇവയെല്ലാം ജനത്തെ പരീക്ഷിക്കാനും, എളിമപ്പെടുത്താനും, അവസാനം നന്മകൊണ്ട് അനുഗ്രഹിക്കാനുമാണ്.

മോശ ജനത്തോടു പറഞ്ഞ ഈ വാക്കുകൾ പിൽക്കാലത്ത് ബാബിലോണിൽ പ്രവാസത്തിൽ ആയിരുന്ന ജനങ്ങളുടെ വിശ്വാസ പ്രതിസന്ധിക്ക് ആശ്വാസം പകരുന്ന രീതിയിൽ സുസ്ഥിരമായ ലിഖിതരൂപത്തിലായി. അവർക്ക് സംഭവിച്ച പ്രവാസത്തിന്റെ കാരണങ്ങൾക്കുള്ള ഉത്തരം അവർ മോശയുടെ വാക്കുകളിൽ കണ്ടെത്തുന്നു.

ഇന്ന് നാം പകർച്ചവ്യാധിയിലൂടെയും അതിനെ തുടർന്നുണ്ടായ ജീവിത പ്രതിസന്ധിയിലും ആയിരിക്കുമ്പോൾ മോശയുടെ വാക്കുകളെ ഓർമ്മിക്കാം. നമ്മുടെ ജീവിതത്തിലെ കഷ്ടപ്പതകളുടെ ഏതാനും ദിവസങ്ങളെ മാത്രം എടുത്തു കൊണ്ടല്ല മറിച്ച്, നാം ഇതുവരെ ജീവിച്ച എല്ലാ ദിവസങ്ങളെയും, വർഷങ്ങളെയും, ജീവിത ഘട്ടങ്ങളെയും, സംഭവങ്ങളെയും കണക്കിലെടുക്കുമ്പോൾ ദൈവം ജീവിതമാകുന്ന മരുഭൂമി യാത്രയിൽ ഇതുവരെ നമ്മെ സംരക്ഷിച്ചത് നമുക്ക് മനസ്സിലാക്കാം.

പഴയനിയമത്തിലെ മന്നാ മരിച്ചവർ മരിച്ചു, എന്നാൽ പുതിയ നിയമത്തിലെ മന്നയായ “ദിവ്യകാരുണ്യം – യേശുവിന്റെ ശരീരം ഭക്ഷിക്കുന്നവന്” നിത്യജീവൻ ഉണ്ടാകും. നമ്മുടെ കാലഘട്ടത്തിലെ എല്ലാ പ്രതിസന്ധികൾക്കും ഉള്ള ഉത്തരം പരിശുദ്ധ പരമ ദിവ്യകാരുണ്യമാണ്. ജീവിതമാകുന്ന മരുഭൂമി യാത്രയിൽ നമുക്ക് ആശ്വാസവും ഊർജ്ജവും നൽകാനായി വചനം മാംസമായ പുതിയനിയമത്തിലെ മന്നയാണ് “ദിവ്യകാരുണ്യം”.

2) അൾത്താരയിൽ സംഭവിക്കുന്നത്

വിശുദ്ധ കുർബാന, യേശുക്രിസ്തുവിന്റെ യഥാർത്ഥ ശരീര-രക്തങ്ങൾ ആണ്. അൾത്താരയിൽ വൈദികൻ സ്തോത്രയാഗ പ്രാർത്ഥനയിൽ കൂദാശാ വചനങ്ങൾ ചെല്ലുമ്പോൾ, ക്രിസ്തു യഥാർത്ഥത്തിൽ കൗദാശികമായും, സാരാംശത്തിലും, ശരീരരക്തങ്ങളിൽ, ആത്മാവിലും ദൈവീകതയിലും അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ സന്നിഹിതനാണ്. ഇതിനർത്ഥം അപ്പവും വീഞ്ഞും ഒരു പരിണാമത്തിന് (മാറ്റത്തിന്) വിധേയമാവുന്നു. അന്ത്യയത്താഴവേളയിൽ യേശു പറഞ്ഞതും ഇതു തന്നെയാണ്. അൾത്താരയിൽ സംഭവിക്കുന്ന ഈ മാറ്റം ഒരു തുടക്കം മാത്രമാണ്. പിന്നീട് യേശുവിനെ സ്വീകരിക്കുന്ന ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിലും മനസ്സിലും മാറ്റം ഉണ്ടാകണം. ക്രിസ്തുവിനെ സ്വീകരിക്കുന്നവൻ മറ്റൊരു ക്രിസ്ത്യാനിയായി മാറണം. ആത്മീയ ജീവിതത്തിൽ ഉണ്ടാവുന്ന ഈ മാറ്റം നമ്മുടെ ഭൗതികജീവിതത്തിൽ, പ്രത്യേകിച്ച് സഭയിൽ ഉണ്ടാവുകയും വേണം. അതുകൊണ്ടുതന്നെ നിത്യേനയുള്ള ദിവ്യബലി പ്രധാനമാണ്, കാരണം കാൽവരിയിലെ തന്റെ ബലിയിൽ മനുഷ്യരാശിയുടെ രക്ഷക്കായുള്ള കൃപകൾ യേശു നേടി. അത് ഓരോദിവസവും വിശ്വാസികൾക്ക് ലഭ്യമാകുന്നത് നിത്യേനയുള്ള വിശുദ്ധ കുർബാന അർപ്പണം വഴിയാണ്. യേശുവിനെ കുറിച്ച് അറിയുകയും, കാണുകയും, കേൾക്കുകയും, അവനിലേക്ക് തിരിയുകയും മാത്രമല്ല വിശ്വാസ ജീവിതം, മറിച്ച് മനസ്സ് ഒരു സക്റാരിയാക്കി യേശുവിനെ മാംസ-രക്തങ്ങളായി സ്വീകരിക്കുന്നതാണ് പക്വമായ വിശ്വാസ ജീവിതം.

3) ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച്

ഇന്നത്തെ രണ്ടാം വായന വെറും രണ്ടു വാക്യങ്ങളിൽ ഒതുങ്ങുന്ന ചെറിയൊരു തിരുവചനഭാഗം ആണെങ്കിലും, ദിവ്യകാരുണ്യത്തെ സംബന്ധിക്കുന്ന വലിയൊരു യാഥാർഥ്യം വ്യക്തമാക്കുന്നു. കോറിന്തോസിലെ സഭയിൽ എ.ഡി.50-ൽ വിജാതീയ പശ്ചാത്തലമുള്ള ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. അവർ ചിലപ്പോഴൊക്കെ വിജാതിയ ദേവന്മാർക്ക് അർപ്പിച്ച ബലി വസ്തുക്കൾ (മാംസം) വിളമ്പുന്ന ഭക്ഷണ മേശയിൽ പങ്കാളികളായിരുന്നു. ഇത്തരം ഭക്ഷണം കഴിക്കുന്നത് വിജാതിയ ദേവന്മാരോടുള്ള പങ്കാളിത്തമാണെന്ന് പറഞ്ഞു കൊണ്ട് വിശുദ്ധ പൗലോസ് അപ്പോസ്തലൻ അവരെ വിലക്കുകയാണ്. “നാം ആശീർവദിക്കുന്ന അനുഗ്രഹത്തിന്റെ പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള ഭാഗഭാഗിത്വമല്ലേ? നാം മുറിക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഭാഗഭാഗിത്വമല്ലേ? എന്നീ ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ക്രിസ്തുവാകുന്ന ശരീരത്തിൽ നാം ഭാഗഭാക്കുകളാണെന്ന് പ്രസ്താവിക്കുന്നു”. ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ നൽകുന്ന ഈ നിർദ്ദേശം എത്ര ഭക്തിയോടും, ശ്രദ്ധയോടും, ഒരുക്കത്തോടും, കരുതലോടെയുമാണ് നാം കർത്താവിന്റെ ശരീരത്തെ സ്വീകരിക്കേണ്ടതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, ദിവ്യകാരുണ്യം വെറുമൊരു അടയാളമല്ല, അത് യേശു തന്നെയാണ്. നമുക്ക് നിത്യജീവൻ നൽകാനായി, നമ്മിൽ വസിക്കാനായിട്ടാണ് യേശു അപ്പത്തിന്റെ രൂപത്തിലും വരുന്നത്. ഈ യാഥാർത്ഥ്യം യേശുതന്നെ ഇന്നത്തെ സുവിശേഷത്തിൽ വെളിപ്പെടുത്തുന്നു: “എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു”.

ദിവ്യകാരുണ്യം തിരുസഭയിലൂടെ യേശു നമുക്ക് സ്വയംനൽകുന്ന വലിയൊരു സമ്മാനമാണ്. തിരുരക്തങ്ങളായി മാറിയ തിരുവോസ്തി യോഗ്യതയോടെ സ്വീകരിച്ച്, നമ്മുടെ ജീവിതങ്ങളിലും നമുക്ക് മാറ്റം വരുത്താം.

ആമേൻ.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker