Categories: Articles

സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയെ തള്ളിപ്പറയുന്ന ഞാനെങ്ങനെ കത്തോലിക്കാ വിശ്വാസിയാകും?

വ്യക്തിഗത ദർശനങ്ങൾ സഭയുടെതല്ലാത്തതിനാൽ വിശ്വാസജീവിതത്തിൽ നിന്ന് അകറ്റിനിർത്തുന്നു...

ദേവി മേനോൻ (റോസ് മരിയ)

“നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല.” ആര് പറയുന്നതിനേക്കാളും എനിക്ക് വലുത് എന്റെ ഈശോ പറയുന്നതാണ്. അവന്റെ വാക്കിനെ തകർക്കാൻ പോന്ന യാതൊന്നും ഇല്ല. ദൈവത്തിന്റെ പരമപരിശുദ്ധാത്മശക്തിയെ സംശയിക്കാൻ, വിലയിരുത്താൻ തക്ക ജ്ഞാനവും പ്രവാചകത്വും ദർശനവും എനിക്ക് വേണ്ട.

എന്തിന്റെ പേരിൽ ആണെങ്കിലും തിരുസഭയുടെ പരിശുദ്ധപിതാവ് ഫ്രാൻസിസ്പാപ്പയെ അന്തിക്രിസ്തുവായി കാണുന്നവർ എനിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തവരാണ്. അവർ മാതാവിനെയോ, ദൈവകരുണയെയോ, ആരാധനാക്രമത്തെയോ, തിരുവചനത്തെയോ, ഭക്താനുഷ്ഠാനങ്ങളെയോ കുറിച്ച് എത്ര പറഞ്ഞാലും എന്റെ തലയിൽ കയറില്ല. എല്ലാം സപ്പോർട്ട് ചെയ്യും, എന്നാൽ പാപ്പയെ തള്ളിക്കളയും – ഇവരുടെ ആശയശുദ്ധി എനിക്ക് മനസ്സിലാവുന്നില്ല.

ഇപ്പോഴത്തെ കത്തോലിക്കാസഭയെ ഈശോയുടെ രണ്ടാംവരവിൽ നശിപ്പിക്കപ്പെടാനുള്ള വ്യാജസഭയായും ഫ്രാൻസിസ്പാപ്പയെ അന്തിക്രിസ്തുവായും വ്യാഖ്യാനിക്കുന്നവരോട്, ഒളിഞ്ഞും തെളിഞ്ഞും ഒരു വിധത്തിലും യോജിക്കുന്നില്ല. സഭയുടെ തലവനായ ഫ്രാൻസിസ് പാപ്പയെ തള്ളിപ്പറയുന്ന ഞാനെങ്ങനെ കത്തോലിക്കാ വിശ്വാസിയാകും. സഭയുടെതല്ലാത്ത വെളിപാടുകൾ, പ്രബോധനങ്ങൾ എനിക്കുള്ളതല്ല.

വ്യക്തിഗത ദർശനങ്ങളെ ദൂരെനിർത്തുന്നത് എന്റെ വിവരമില്ലായ്മയാണെങ്കിൽ ആ വിവരമില്ലായ്മ അനുഗ്രഹമായി കാണുന്നു. സഭയിലെ ചില തെറ്റുകൾ//വൈരുധ്യങ്ങൾ ചൂണ്ടികാണിക്കാൻ ഇവരുടെ ആശയങ്ങൾ പിന്താങ്ങുന്നില്ല, അതിനു വിശുദ്ധബൈബിൾ ഉണ്ട്, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഉണ്ട്. അത് ധാരാളം, അത് മതി.

വിശുദ്ധബൈബിളിനേക്കാൾ വലിയ ഒരു പ്രബോധനവും ഇല്ല. തിരുസഭയെ വ്യാജസഭയായും, ഫ്രാൻസിസ് പാപ്പയെ അന്തിക്രിസ്തുവായും ചിത്രീകരിക്കുന്ന To The Priests Our Lady’s Beloved Sons (by Fr. Stefano Gobbi), ദി ബുക്ക്‌ ഓഫ്‌ ട്രൂത്ത് (by Maria Divine Mercy), യുഗാന്ത്യവും രണ്ടാംവരവും, അവശിഷ്‌ടസഭ, എമ്പറർ ഇമ്മാനുവേൽ, മനോവ, സ്പിരിറ്റ്‌ ഓഫ്‌ ജീസസ് തുടങ്ങി വ്യക്തിഗത ദർശനങ്ങൾ സഭയുടെതല്ലാത്തതിനാൽ വിശ്വാസജീവിതത്തിൽ നിന്ന് അകറ്റിനിർത്തുന്നു. പൂർണ്ണമായി വിയോജിക്കുന്നു.

തിരുസഭയുടെ വീഴ്ച, ഈശോയുടെ രണ്ടാം വരവുമായി ബന്ധപ്പെട്ട് രണ്ടാം പന്തക്കൂസ്ത, പുതിയ സ്വര്‍ഗ്ഗം-പുതിയ ഭൂമി (പുതിയ ജെറുസലേമിനെ കുറിച്ച് തെറ്റായ കാഴ്ചപ്പാട്, കുറെ തെറ്റായ പ്രവചനങ്ങള്‍), ക്രിസ്തുവിന്റെ മഹത്വപൂര്‍ണമായ പ്രത്യാഗമനത്തില്‍ അന്തിമവിധിയുണ്ടാകും (CCC1040) എന്ന് വിശുദ്ധബൈബിളിലൂടെ നമ്മള്‍ മനസ്സിലാക്കുന്നു. അതിനു മുന്‍പുള്ള ഒരു വരവിനെക്കുറിച്ച് വിശുദ്ധബൈബിളില്‍ പറയുന്നില്ല. അന്തിമവിധിയിലാണ് ഈശോയുടെ വിജയമെന്നും നമുക്ക് അറിയാം. അന്തിമവിധിക്ക് ശേഷം നീതിമാന്മാര്‍ എന്നേക്കും ക്രിസ്തുവിനോട് കൂടെ ആയിരിക്കുമെന്നും നമുക്കറിയാം (CCC1042). ഈശോ മഹത്വപൂര്‍ണ്ണനായി വന്നാല്‍ പിന്നെ ജഡികമായതിനൊന്നിനും സ്ഥാനമില്ല.

അനാവശ്യമായും നിസ്സാരമായും തിരുവചനങ്ങൾ ഉപയോഗിക്കുകയും, ചില ഭാഗങ്ങളിലെ ആശയം വികലമാക്കി മുറിച്ചെടുത്തു ഉദ്ധരിക്കുകയും ചെയ്യുന്നതിനോട് യോജിപ്പില്ല. വിശുദ്ധബൈബിൾ അത്രയേറെ ശ്രദ്ധിച്ചും ആദരപൂർവ്വവും എല്ലാറ്റിലും ഉപരി വിശ്വാസപൂർവ്വവും ഉപയോഗിക്കേണ്ടതാണെന്നാണ് ആത്മീയഗുരുക്കൻമാർ പഠിപ്പിച്ചു തന്നിരിക്കുന്നതും അനുഭവവും.

സകലതും അന്ധവിശ്വാസമായി കാണിക്കുന്ന മനോവയ്ക്ക് സംഖ്യശാസ്ത്രത്തെ അനുകൂലിക്കാം, തെറ്റല്ല? മനോവയ്ക്ക് എന്തും പ്രമാണലംഘനങ്ങളാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളിൽ Ph.D എടുത്തിരിക്കുന്നവർ. മനോവ, സഭയാകുന്ന അമ്മയെ നഗ്നയാക്കി കഴുകി വിശുദ്ധീകരിച്ചു കൊണ്ടിരിക്കുകയാണ്.

മാതാവിന് വിശുദ്ധകുർബാനയെക്കാൾ പ്രാധാന്യംഉണ്ട് എമ്പറർ ഇമ്മാനുവേൽക്കാർക്ക്? ഒരു ആന്റി അപ്പോസ്തലന്റെ ഡയറികുറിപ്പുമായി വരുന്നവരിൽ ചില കൂട്ടർ ഈശോയ്ക്ക് തന്റെ സഭയെ സംരക്ഷിക്കാൻ കഴിവില്ലാ എന്ന് വിശ്വസിക്കാൻ താല്പര്യപ്പെടുന്നവരാണ്.

ഈശോയുടെ രണ്ടാംവരവ് പിതാവിന്റെ മാത്രം തീരുമാനമാണ്, ജ്ഞാനമാണ്‌. “ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ”. യുഗാന്ത്യം –അത് സംഭവിക്കേണ്ട സമയത്ത് സംഭവിച്ചോളും.

മാനസാന്തരം അന്ത്യവിധിയെ ഭയന്ന് നടക്കുതിനേക്കാൾ, അവനോടുള്ള സ്നേഹത്തെ പ്രതി ഉണ്ടാകേണ്ടതാണ്. “അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്നനുസ്‌മരിച്ച്‌ അതു കാത്തുസൂക്‌ഷിക്കുകയും അനുതപിക്കുകയും ചെയ്യുക”.

പരസ്യമായും രഹസ്യമായും, പ്രത്യക്ഷമായും പരോക്ഷമായും ഈ നവസുവിശേഷം പ്രഘോഷിക്കുന്നവരോട് 100% വിയോജിക്കുന്നു. നിങ്ങളുടെ വഴി ഒരുതരത്തിലും എന്റേതല്ല. ഈ അറിവില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. എന്റെ ഈശോയുടെ തിരുവചനത്തെക്കാൾ വലുതല്ല ഒരു പ്രവചനവും ദർശനവും.

മെത്രാന്മാരോ വൈദികരോ അത്മായരോ ധ്യാനഗുരുക്കന്മാരോ സന്യസ്ഥ-സമർപ്പിതരോ ഒന്നും സഭയ്‌ക്കോ ഈശോയ്ക്കോ മുകളിൽ അല്ല. പാപ്പാ സഭയ്ക്കും ഈശോയ്ക്കും മുകളിൽ അല്ല, എന്നാൽ സഭയുടെ തലവൻ ആയതുകൊണ്ടും പാപ്പയ്ക്ക് തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഉള്ളത്കൊണ്ടും – (പത്രോസ്ലീഹയ്ക്ക് ഈശോ നല്‍കിയ അപ്രമാദിത്വത്തിന്റെ/ തെറ്റാവരത്തിന്റെ തുടര്‍ച്ച – ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചതാണ്. ഇത് ഈശോ വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ കൃപയാണ്. ഈശോ പത്രോസ്സിനു വേണ്ടി പ്രിത്യേകം പ്രാര്‍ത്ഥിച്ചത് ഓര്‍ക്കാം. “നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന ഈശോയുടെ തിരുവചനമാണ് ഈ വിശ്വാസത്തിന്റെ കാതല്‍) – പാപ്പ പറഞ്ഞാലും ചെയ്യില്ല, എന്ന് പറയാൻ ഇല്ല. ആ വാക്കുകൾ അനുസരിക്കാൻ “ഒരു വിശ്വാസി” എന്ന നിലയിൽ ഞാൻ ബാധ്യസ്ഥയാണ്.

ആമസോൺ സിനഡും പാപ്പയെക്കുറിച്ചുള്ള ആക്ഷേപങ്ങളും കേട്ടു മടുത്തു. ശിശുവിന്റെ മനസ്സ് പോലെ സഭയെ വിശ്വസിക്കാനാണിഷ്ടം. ഈശോയെ മനസിലാകുന്നവർക്കു മനസിലാകാത്ത ഒരു പ്രവർത്തിയും പാപ്പ ചെയ്തതായി എനിക്ക് തോന്നുന്നില്ല.

കത്തോലിക്കാ തിരുസഭയുടെ തലവനായ ഫ്രാൻസിസ്പാപ്പയെ അന്തിക്രിസ്തുവോ, സഭയുടെ ശത്രുവായൊ വ്യാഖ്യാനിക്കുകയും; ഈശോയുടെ അമ്മ അല്ലെങ്കിൽ ദൈവത്തിന്റെ പരിശുദ്ധജനനി എന്ന വലിയ സ്ഥാനത്തിന് പകരമായൊ ഉപരിയായോ, സൈന്യാധിപയായോ ലോകരക്ഷകയായോ ആദി മുതലേ ജീവിക്കുന്ന ജ്ഞാനമായോ പരിശുദ്ധഅമ്മയെ ചിത്രീകരിക്കുന്നതു ഒരു പാഷണ്ടതയായി കാണുന്നു, സർവ്വവിധത്തിലും ആ വെളിപ്പാടുകളിൽ നിന്നും പഠന – പ്രബോധനങ്ങളിൽ നിന്നും അകന്ന് നിൽക്കുന്നു.

ദൈവകൃപയാൽ വ്യക്തിപരമായ ആരോപണങ്ങളിൽ തളരുകയോ, വ്യക്തിഹത്യയിൽ വീണുപോവുകയോ ചെയ്യുന്ന വ്യക്തിയല്ല… അതുകൊണ്ട് മുറിവേൽപ്പിച്ചാൽ ഒരുവിധത്തിലും ബാധിക്കുന്നതല്ല. എതിർപ്പുകൾ അറിഞ്ഞുകൊണ്ടും പ്രതീക്ഷിച്ചും തന്നെയാണ് ഈ കുറിപ്പ്. വിശ്വസിക്കുന്നവർക്ക്‌ മേൽപ്പറഞ്ഞ ഗ്രന്ഥങ്ങൾ//ആശയങ്ങൾ വിശ്വസിക്കാം. പക്ഷേ അത് മാത്രമാണ് ശരിയെന്നും, വിശ്വസിച്ചേ തീരൂ എന്നും വാശി പിടിക്കരുത്.

നാളെ ഞാൻ തിരുസഭയുടെ പഠനങ്ങൾക്കോ പ്രബോധനങ്ങൾക്കോ വിരുദ്ധമായി എന്തെങ്കിലും പറഞ്ഞാലോ, സഭയേക്കാൾ എന്റെ ആശയങ്ങൾക്ക് താൽപര്യങ്ങൾക്കു പ്രാധാന്യം കൊടുക്കുകയോ ചെയ്താലോ – എന്റെ പ്രിയപ്പെട്ടവരെ എന്റെ ആശയങ്ങളെ ദൂരെ നിർത്തുക, എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.

എനിക്ക് ഈശോയെ നൽകിയതും, എന്നെ ഈശോയിൽ വളർത്തുന്നതും, ആ കൈകളിൽ എന്നെ തിരികെ ഏല്പ്പിക്കുന്നതും തിരുസഭയാണ്. എന്റെ സഭ വ്യാജസഭയല്ല, എന്റെ തമ്പുരാന്റെ സത്യസഭയാണ്. അത് തകർക്കാൻ ആരാലും സാധ്യമല്ല, ആ ഭയമോ ആശങ്കയൊ തീരെയില്ല.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

4 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

17 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

18 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

1 day ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

1 day ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

1 day ago