Categories: Vatican

ആമസോണിലെ തദ്ദേശിയ ജനതകളെ സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനം; “പ്രിയ ആമസോണ്‍”

സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമപ്പുറം ആത്മീയ ലക്ഷ്യങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുക. ആദര്‍ശങ്ങള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറം പ്രായോഗിക ബുദ്ധിയോടെ വെല്ലുവിളികളെ നേരിടുക...

ഫാ.വില്യം നെല്ലിക്കല്‍

വത്തിക്കാൻ സിറ്റി: ആമസോണിലെ തദ്ദേശിയ ജനതകളെ സംബന്ധിച്ച ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്തോലിക പ്രബോധനം “പ്രിയ ആമസോണ്‍” എന്നർത്ഥം വരുന്ന “കെരിദാ ആമസോണിയ” (Querida Amazonia) പേരിൽ ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച റോമില്‍ ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രകാശനം ചെയ്തു.

2019 ഒക്ടോബര്‍ 6-മുതല്‍ 27-വരെ തീയതികളില്‍ റോമിൽ വച്ച് നടന്ന ആമസോൺ സിനഡിന്റെ അവസാനം, ആഗോളസഭയിലെ മെത്രാന്മാരും, തദ്ദേശിയ ജനതകളുടെ പ്രതിനിധികളും, വിദഗ്ദ്ധരും ഫ്രാന്‍സിസ് പാപ്പായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളും തീരുമാനങ്ങളും “ആമസോൺ: സഭയുടെ നവമായ വഴികളും സമഗ്ര പരിസ്ഥിതിയും” എന്ന തലക്കെട്ടോടെ ഒരു കരടുരേഖ രൂപപ്പെടുത്തിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് സിനഡു കമ്മിഷന്റെ സഹായത്തോടെ “കെരിദാ ആമസോണിയ,” “പ്രിയ ആമസോണ്‍” എന്ന ശീര്‍ഷകത്തില്‍ ഈ അപ്പസ്തോലിക പ്രബോധനം വത്തിക്കാന്‍ പുറത്തിറക്കിയത്.

പ്രബോധനത്തിന്‍റെ ഉള്ളടക്കം

ആമുഖവും ഉപസംഹാരവും ഉള്‍പ്പെടെ നാല് അദ്ധ്യായങ്ങളുള്ള “കെരിദാ ആമസോണിയ” (Querida Amazonia) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ സ്പാനിഷ് ശീര്‍ഷകത്തിന് അര്‍ത്ഥം “പ്രിയ ആമസോണ്‍” എന്നാണ്.

ആമുഖം

ഹ്രസ്വമായ ആമുഖത്തില്‍ പ്രബോധനത്തിന്റെ പ്രസക്തിയെക്കുറിച്ച് പാപ്പാ പരാമര്‍ശിക്കുന്നു. 9 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആമസോണ്‍ പ്രവിശ്യയിലെ സാമൂഹികവും, മാനവികവും, പാരിസ്ഥിതികവും, അജപാലനപരവും, ധാര്‍മ്മികവുമായ സങ്കീര്‍ണ്ണതയുള്ള വെല്ലുവിളികളുടെ പൊതുവായ ഒരു മാര്‍ഗ്ഗരേഖ മാത്രമാണ് ഈ പ്രബോധനമെന്ന് പാപ്പാ പ്രസ്താവിക്കുന്നു. കാര്യങ്ങളുടെ പ്രായോഗികവും വ്യക്തവുമായ നിഗമനങ്ങള്‍ക്ക് സിനഡിന്‍റെ അന്ത്യത്തില്‍ പരസ്യപ്പെടുത്തിയിട്ടുള്ള സുദീര്‍ഘമായ സിനഡിന്‍റെ തീര്‍പ്പുകളുടെ പ്രമാണരേഖ, സിനഡാനന്തര പ്രബോധനം, “കെരിദാ ആമസോണിയ”യുടെ വെളിച്ചത്തില്‍ പരിശോധിക്കേണ്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നുണ്ട്.

അദ്ധ്യായം ഒന്ന് – തദ്ദേശജനതകളുടെ സുസ്ഥിതിയുള്ള പാര്‍പ്പിടം ഒരു സാമൂഹിക സ്വപ്നം

ആമസോണ്‍ പ്രവിശ്യയില്‍ നടമാടുന്ന അനീതിയും അതിക്രമങ്ങളും, തദ്ദേശീയ ജനതകളുടെ ചൂഷണം, നഷ്ടമാക്കുന്ന അവരുടെ ഭൂമിയും അതിര്‍ത്തികളും, പൊതുഭവനമായ ഭൂമിയുടെ സംരക്ഷണം, ആമസോണ്‍ പ്രവിശ്യയിലെ സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങളുടെ അഴിമതി, നീതിക്ക് അനിവാര്യമായ പാവങ്ങളുടെ സാന്നിദ്ധ്യത്തിലുള്ള സംവാദം എന്നിങ്ങനെയുള്ള ചിന്തകള്‍ വിശദമായി വിവരിക്കുന്നതാണ് പ്രബോധനത്തിന്‍റെ ആദ്യ അദ്ധ്യായം.

അദ്ധ്യായം രണ്ട് – തദ്ദേശ ജനതകളുടെ സാംസ്കാരിക സ്വപ്നം

ആമസോണ്‍ പരിസ്ഥിതിയോടൊപ്പം നശിക്കുന്ന തദ്ദേശീയരുടെ സംസ്കാരത്തെ ഉയര്‍ത്തിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് രണ്ടാം അദ്ധ്യായത്തില്‍. നദീമുഖങ്ങളെ കേന്ദ്രീകരിച്ചു തുടങ്ങിയ അവിടത്തെ ബഹുജന സാമൂഹ്യ സംസ്കാരങ്ങള്‍ – കാടുകളിലേയ്ക്ക് പിന്‍തള്ളപ്പെട്ടു കഴിഞ്ഞു. മാനുഷിക വൈവിദ്ധ്യമുള്ള ബ്രസീല്‍, ബൊളീവിയ, കൊളുംമ്പിയ, എക്വദോര്‍, ഗ്വിയാനാ, പെറൂ, സൂരിനാം, വെനെസ്വേല, ഫ്രഞ്ചി ഗ്വിനിയ എന്നിങ്ങനെ 9 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോണിയന്‍ സംസ്കാരങ്ങളും സാംസ്കാരികാന്തരങ്ങളും ആര്‍ക്കും ഭീഷണിയല്ല. സംസ്കാരം, ജനതകളുടെ പുരോഗതി, സുസ്ഥിതി എന്നിവയിലൂടെ സംസ്കാരാന്തര കൂട്ടായ്മ വളര്‍ത്തിയെടുക്കാം.

അദ്ധ്യായം മൂന്ന് –  ആമസോണിയന്‍ ജനതയുടെ പാരിസ്ഥിതിക സ്വപ്നം

എല്ലാവിധത്തിലും പ്രകൃതിയുമായി അസ്തിത്വപരമായ ബന്ധമുള്ള ആമസോണ്‍ ജനത ഇന്ന് അനുഭവിക്കുന്ന എല്ലാത്തരം സാമൂഹിക ബന്ധനങ്ങളില്‍നിന്നും സ്വതന്ത്രരാവണം എന്ന വാദം പാപ്പാ ഈ അദ്ധ്യായത്തില്‍ ഉന്നയിക്കുന്നു. ഭൂമി പൊതുഭവനമാണ്. ദൈവിക ദാനമാകയാല്‍ അത് സകലര്‍ക്കുമായി സംരക്ഷിക്കപ്പെടണം. പരിസ്ഥിതി സംരക്ഷണവും അതിലെ തദ്ദേശീയരുടെ സംരക്ഷണവും അവിഭക്തമാണ്.

നദികള്‍ ജീവന്റെ സ്രോതസ്സാണ്. ആമസോണ്‍ നദികള്‍ വറ്റിവരളുകയും, നിറഞ്ഞുകവിയുകയും ചെയ്യുമ്പോള്‍ അതിന്‍റെ പ്രത്യാഘാതങ്ങള്‍ വരള്‍ച്ചയായും വെള്ളപ്പൊക്കമായും ലോകത്തെ ഇതര ഭൂപ്രദേശങ്ങള്‍ അനുഭവിക്കുന്നു. അതിനാല്‍ ആമസോണിന്‍റെ സന്തുലിതാവസ്ഥ ഭൂമിയുടെയും സന്തുലിതാവസ്ഥയാണ്. അതിനാല്‍ രാഷ്ട്രിയക്കാരുടെയും കച്ചവടക്കാരുടെയും സാമ്പത്തിക താല്പര്യങ്ങള്‍ നിലനിര്‍ത്താന്‍ ആമസോണ്‍ പരിസ്ഥിതിയെ ഉപയോഗിക്കുന്ന തെറ്റായ രീതിയെ പാപ്പാ ഫ്രാന്‍സിസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ചൂഷകര്‍ തുടങ്ങിവച്ചിരിക്കുന്ന ഉല്പാദന-ഉപഭോഗരീതികള്‍ നിര്‍ത്തലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

വംശനാശം ഭവിക്കുന്ന സസ്യങ്ങളുടെയും, ജന്തുക്കളുടെയും മറ്റു ജീവജാലങ്ങളുടെയും ഇനങ്ങള്‍ സുചിപ്പിക്കുന്നത് ആമസോണിന്‍റെ വിനാശവും ഭുമിയുടെ ദുരന്തവുമാണ്. പരിഹാരമാര്‍ഗ്ഗമായി പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്നത് – പാരിസ്ഥിതിക വിദ്യാഭ്യാസം, പാരിസ്ഥിതിക പരിവര്‍ത്തനം, പാരിസ്ഥിതിക പുണ്യങ്ങളുടെ അഭ്യാസനം എന്നിവയാണ്.

അദ്ധ്യായം നാല് – തദ്ദേശീയ സഭയുടെ സ്വപ്നങ്ങള്‍

ആമസോണിലെ സഭയുടെ സ്വപ്നങ്ങള്‍ അവിടത്തെ അജപാലന സ്വപ്നങ്ങളായി പാപ്പാ ചൂണ്ടിക്കാണിക്കുന്നു. ആമസോണിന്റെ മുഖമുള്ള സഭ വളരണം. വൈവിദ്ധ്യങ്ങള്‍ അംഗീകരിക്കുന്ന കൂട്ടായ്മയുടെ സംസ്കാരം വളരണം. തദ്ദേശീയരുടെ നീതിക്കും അന്തസ്സിനുംവേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് ആമസോണിലെ സഭയ്ക്ക് ആവശ്യം. സഭയുടെ പ്രബോധനാധികാരം സുവിശേഷവത്ക്കരണത്തിനുള്ളതാണ്. സഭയയൊരു സാമൂഹിക പ്രവര്‍ത്തന പ്രസ്ഥാനമല്ല (ngo). പ്രബോധനാധികാരം kerygma ക്രിസ്തീയ രൂപീകരണമാണ്. ക്രിസ്തുവിനെ പ്രഘോഷിക്കുന്ന സാഹോദര്യ കൂട്ടായ്മയാവണം സഭ.

തദ്ദേശവത്ക്കരണം – ജനതകളുടെ സംസ്കാരം, ഭാഷ, പാരമ്പര്യങ്ങള്‍, നല്ല ആചാരങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ്. വിശ്വാസം വെളിച്ചവും സജീവവുമാണ്. അത് ജീവിക്കുന്നതാണ്. അത് പാരമ്പര്യങ്ങളുടെയോ, തത്വസംഹിതകളുടെയോ, പഴമയുടെയോ “ചാരം സൂക്ഷിക്കുന്ന” പ്രക്രിയയല്ല, മറിച്ച് അവ വ്യക്തി, കുടുംബം, സമൂഹം എന്നിവയുടെ സാര്‍വ്വലൗകിക വീക്ഷണമുള്ള “കൂട്ടായ്മയുടെ സംസ്കാര”മാണ്. ഇങ്ങനെ ജീവിക്കുന്ന സഭയാണ് ആമസോണിന്റെ വിശുദ്ധി.

ജനകീയ ഭക്തി – തദ്ദേശീയര്‍ വിശ്വാസം ജീവിക്കുന്ന രീതിയാണ്. ഇതു സംബന്ധിച്ചുള്ള വിമര്‍ശന ബുദ്ധിയെക്കാള്‍ വിളവും കളയും വിവേചിച്ചറിയുവാനുള്ള വിശാലതയാണ് ആവശ്യം. അങ്ങനെ തദ്ദേശീയ പോരായ്മകളെ ശുദ്ധീകരിക്കുകയും പക്വമാര്‍ജ്ജിച്ചെടുക്കുകയും ചെയ്യുന്ന തുറവ് സഭയുടെ ആത്മീയ സ്വപ്നമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വ്യക്തമാക്കുന്നു.

ആരാധാനക്രമം – തദ്ദേശവത്ക്കരണം

ആത്മീയത, വിശുദ്ധി, സുവിശേഷം, സഭാശുശ്രൂഷകള്‍ എന്നീ മേഖലകളില്‍ തദ്ദേശീയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതാണ്. തദ്ദേശ പ്രേഷിത ശുശ്രൂഷ, തദ്ദേശ ദൈവവിളികള്‍, അല്‍മായരുടെയും സ്ത്രീകളുടെയും സഭാശുശ്രൂഷയിലെ പ്രാമുഖ്യം അംഗീകരിക്കുക. മിഷന്‍ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുക നവമായ ക്രൈസ്തവ സമൂഹങ്ങളുടെ വളര്‍ച്ചയെ അംഗീകരിക്കുക.

സഭയുടെ വിദ്യാഭ്യാസരീതികള്‍ – ബൈബിള്‍, മതബോധനം, ആത്മീയത എന്നിവയില്‍ നിലനിര്‍ത്തുക.

പക്വമുള്ള അല്‍മായര്‍ – സംസ്കാരം, ഭൂപ്രദേശം, ജനങ്ങള്‍ അവരുടെ പാരമ്പര്യങ്ങള്‍, ഭാഷ എന്നവയെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളവരെ സഭാശുശ്രൂഷകളിലും നേതൃത്വ സ്ഥാനങ്ങളിലേയ്ക്കും തിരഞ്ഞെടുത്ത് സ്വീകരിക്കുക, അംഗീകരിക്കുക. REPAM – Pan Amazonia Network എന്ന ആമസോണിയന്‍ സഭാ പ്രസ്ഥാനത്തോട് സഹകരിച്ചു മുന്നേറണമെന്നും പാപ്പാ ആഹ്വാനംചെയ്യുന്നു.

അന്യവത്ക്കരിക്കപ്പെട്ട ആമസോണിയന്‍ പ്രവിശ്യകളില്‍ പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ഇന്നും വീഴ്ചവരുത്താതെ അടയന്തിരമായി സഭകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന സ്ത്രീകളുടെ ശുശ്രൂഷയും നേതൃത്വവും അംഗീകരിക്കേണ്ടതാണെന്ന് പാപ്പാ നിര്‍ദ്ദേശിക്കുന്നു. അധികാരത്തിന്‍റെ പൗരുഷഭാവം മാറ്റിവയ്ക്കുക. സഭാഘടനയിലെ പ്രായോഗിക സംവിധാനങ്ങള്‍ അംഗീകരിക്കുക. സംഘര്‍ഷങ്ങള്‍ക്കും സാമ്പത്തിക നേട്ടങ്ങള്‍ക്കുമപ്പുറം ആത്മീയ ലക്ഷ്യങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുക. ആദര്‍ശങ്ങള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറം പ്രായോഗിക ബുദ്ധിയോടെ വെല്ലുവിളികളെ നേരിടുക (a pragmatic solution).

ഉപസംഹാരം

സകലരുടെയും ആത്മീയ അമ്മയായാ പരിശുദ്ധ കന്യകാനാഥയെ ആമസോണിന്റെ അമ്മയെന്നു വിശേഷിപ്പിക്കുന്ന പ്രാര്‍ത്ഥനയോടെയാണ് 50 പേജില്‍ താഴെയുള്ള ആമസോണിയന്‍ പ്രബോധനം ഫ്രാന്‍സിസ് പാപ്പാ ഉപസംഹരിക്കുന്നത്. ജനതകള്‍ ക്രിസ്തുവിനെ അറിയുവാനും, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം നേടുവാനും ഈ അമ്മയിലേയ്ക്കു തിരിയട്ടെ, എന്ന ആഹ്വാനത്തോടെ ഫ്രാന്‍സിസ് പാപ്പാ തന്റെ അപ്പസ്തോലിക പ്രബോധനം, (Quereda Amazonia) “പ്രിയ ആമസോണ്‍” ഉപസംഹരിക്കുന്നു.

vox_editor

View Comments

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago