Categories: Sunday Homilies

3rd Sunday of Lent_year A_പ്രതിസന്ധികളെ തരണം ചെയ്യാൻ

ഇന്ന് നാമും പകർച്ചവ്യാധിയെന്ന ഭൗതിക പ്രതിസന്ധിയിലൂടെയും, അതിനെ തുടർന്നുണ്ടാകുന്ന ആത്മീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുന്നു...

തപസ്സുകാലം മൂന്നാം ഞായർ

ഒന്നാം വായന: പുറപ്പാട് 17:3-7
രണ്ടാം വായന: റോമാ 5:1-2,5-8
സുവിശേഷം: വി.യോഹന്നാൻ 4:5-42

ദിവ്യബലിക്ക് ആമുഖം

“പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” എന്ന റോമാക്കാർക്കുള്ള ലേഖനത്തിലെ അപ്പോസ്തല വചനത്തോടെയാണ് തപസ്സുകാലം മൂന്നാം ഞായറിൽ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. എന്നാൽ, ദൈവത്തെ പരീക്ഷിച്ച ഇസ്രായേൽക്കാരുടെ ആത്മീയ പ്രതിസന്ധിയെക്കുറിച്ചാണ് ഇന്നത്തെ വായനയിൽ പുറപ്പാട് പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. താൻ ലോകത്തിന്റെ മുഴുവൻ പ്രത്യാശയും, ജീവജലദാതാവുമാണെന്ന് സമരിയാക്കാരിയുമായുള്ള സംഭാഷണത്തിൽ യേശു വെളിപ്പെടുത്തുന്നതാണ് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ, ഇന്നത്തെ ഒന്നാം വായനയിലും, സുവിശേഷത്തിലും നിറഞ്ഞുനിൽക്കുന്നത് ജലത്തെക്കുറിച്ചുള്ള പരാമർശമാണ്. ആദ്യത്തേത് ശാരീരികമായ ദാഹം തീർക്കുന്ന ജലത്തെക്കുറിച്ചാണെങ്കിൽ, സുവിശേഷത്തിൽ ആത്മീയ ദാഹം തീർക്കുന്ന യേശുവാകുന്ന ജീവജലത്തെ കുറിച്ചാണ്. ഈ തിരുവചനങ്ങളിലെ ആത്മീയ അർത്ഥങ്ങളെ നമുക്ക് വിചിന്തനം ചെയ്യാം.

കർത്താവ് ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ? (ഒന്നാം വായന)

ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് വിജയശ്രീലാളിതരായി പുറപ്പെട്ട ഇസ്രായേൽജനം മരുഭൂമിയിൽ വച്ച് വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. കുടിക്കാൻ ജലം ഇല്ല. ജലം നമ്മുടെ ജീവനും ജീവിതത്തിനും എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് നമുക്കറിയാം. എന്നാലിതാ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനസമൂഹം വെള്ളമില്ലാതെ മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയിരിക്കുന്നു. സ്വാഭാവികമായും അവർ മോശയ്ക്കും ദൈവത്തിനുമെതിരെ പിറുപിറുക്കുന്നു. അവരുടെ ആവലാതിയിൽ വിഷമിച്ച മോശ ദൈവത്തോട് നിലവിളിക്കുന്നു. കർത്താവാകട്ടെ ഈ വലിയ പ്രതിസന്ധി മറികടക്കാനുള്ള, എല്ലാവർക്കും ജലം ലഭ്യമാക്കാനുള്ള പോംവഴി മോശയോടു നിർദേശിക്കുകയാണ്. “ഏതാനും ഇസ്രായേൽ ശ്രേഷ്ഠന്മാരുമൊത്ത് നീ ജനത്തിന് മുന്പേ പോവുക. നദിയുടെ മേൽ അടിക്കാൻ ഉപയോഗിച്ച വടിയും കയ്യിൽ എടുത്തു കൊള്ളുക. ഇതാ നിനക്കു മുൻപിൽ ഹോറെബിലെ പാറമേൽ ഞാൻ നിൽക്കും. നീ പാറയിൽ അടിക്കണം. അപ്പോൾ അതിൽ നിന്ന് ജനത്തിന് കുടിക്കാൻ വെള്ളം പുറപ്പെടും”. മോശ ദൈവം പറഞ്ഞതനുസരിച്ച് പ്രവർത്തിച്ചു.

ജലത്തിന്റെ ദൗർലഭ്യമെന്ന ഭൗതിക പ്രതിസന്ധിയുടെ പിന്നിൽ ഇസ്രായേൽക്കാർ നേരിട്ടത് വലിയൊരു ആത്മീയ പ്രതിസന്ധിയാണ്. “കർത്താവ് ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ?” ഇതാണ് ഇസ്രായേൽക്കാരുടെ ആത്മീയ പ്രതിസന്ധി. ഈ ആത്മീയ പ്രതിസന്ധിക്ക് ഉത്തരം നൽകാൻ ദൈവം മോശയിലൂടെ പഴയ കാര്യങ്ങളെ ഓർമ്മിപ്പിക്കത്തക്ക രീതിയിൽ നദിയുടെമേൽ അടിക്കാൻ ഉപയോഗിച്ച വടി കൈയിലെടുക്കാൻ പറയുന്നു. മോശയുടെ കയ്യിലെ വടി വെറും ഊന്നുവടി അല്ല. ഈ വടി ഉപയോഗിച്ചാണ് ദൈവനാമത്തിൽ മോശ ഈജിപ്തിൽ ഫറവോയ്ക്ക് എതിരെ പോരാടിയത്. ഫറവോയുടെ മുന്നിൽവച്ച് പാമ്പായി മാറിയത് ഈ വഴിയാണ്. ഈ വടി കൊണ്ട് നൈൽ നദിയിൽ അടിച്ചപ്പോഴാണ് നദിയിലെ നദിയിലെ ജലം രക്തപോലെ ചുവന്നത്. ഈ വടി ജലത്തിനു മുകളിൽ പിടിച്ചുകൊണ്ടാണ് ചെങ്കടലിലെ ജലത്തെ മോശ രണ്ടായി പിളർന്നത്. ഇത് വെറും വടിയല്ല, മോശയുടെ കരങ്ങളിലെ ദൈവസാന്നിധ്യമാണ് ഈ വടി. ഇതേ വടി കൊണ്ടുതന്നെ ഇപ്പോഴിതാ ദാഹിച്ചുവലഞ്ഞ ജനത്തിന് പാറയിൽ നിന്ന് വെള്ളം നൽകുന്നു. ചില ബൈബിൾ പണ്ഡിതന്മാർ മോശയുടെ കയ്യിലെ വടിയെ കുരിശായും, പ്രാർത്ഥനയും ചിത്രീകരിക്കാറുണ്ട്. കുരിശും, പ്രാർത്ഥനയും മുറുകെ പിടിച്ചാൽ അസംഭവ്യം എന്ന് തോന്നുന്ന കാര്യങ്ങൾ ദൈവത്തിന് പ്രവർത്തിക്കാൻ സാധിക്കും.

ഇസ്രായേൽക്കാരുടെ ഇടയിൽ ഭൗതിക-ആത്മീയ പ്രതിസന്ധി ഉണ്ടായപ്പോൾ മോശയിലൂടെ പഴയ കാര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, ദൈവം ഇത്രയും കാലം ഇസ്രായേൽക്കാർക്ക് ചെയ്ത അത്ഭുതങ്ങളെ പരോക്ഷമായി ഓർമ്മിപ്പിച്ചുകൊണ്ട്, ദൈവം വീണ്ടും അത്ഭുതം പ്രവർത്തിക്കുന്നു. ‘ദൈവം ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ?’ എന്ന ചോദ്യത്തിന് “ഉണ്ട്” എന്ന് ഉത്തരം നൽകുന്നു. ഇന്ന് നാമും പകർച്ചവ്യാധിയെന്ന ഭൗതിക പ്രതിസന്ധിയിലൂടെയും, അതിനെ തുടർന്നുണ്ടാകുന്ന ആത്മീയ പ്രതിസന്ധിയിലൂടെയും കടന്നുപോകുമ്പോൾ, ദൈവം മോശയോട് പറഞ്ഞത് നമുക്കും അനുസരിക്കാം. ദൈവം ഇതുവരെ നമുക്ക് വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളെയും ഓർമ്മിക്കാം. ഇതിലും വലിയ അപകടങ്ങളിൽ നിന്ന് ദൈവം നമ്മെ എങ്ങനെയാണ് സംരക്ഷിച്ചത് എന്ന് നമുക്ക് മറക്കാതിരിക്കാം. പ്രാർത്ഥനയാകുന്ന വടി നമുക്കിപ്പോൾ കരങ്ങളിലേന്താം. ദൈവം നമ്മുടെ മുമ്പിൽ നിൽക്കും, പ്രാർത്ഥനയാകുന്ന വടിയിലെ അടിയിലൂടെ അസാധ്യമായവ ദൈവം നമുക്ക് വേണ്ടി ചെയ്യും. ഇന്നും ദൈവം നമ്മുടെ ഇടയിൽ ഉണ്ടോ? എന്ന് ചോദിക്കുന്നവർക്ക് “ഉണ്ട്” എന്ന് ഉത്തരം നൽകുകയും ചെയ്യും.

യേശു: ആത്മീയ ദാഹമകറ്റുന്ന ജീവജലം (സുവിശേഷം)

ഒന്നാമത്തെ വായനയിൽ ഭൗതീക ദാഹമാണ് മുഖ്യപ്രമേയം എങ്കിൽ, രണ്ടാമത്തെ വായനയിൽ ആത്മീയ ദാഹമാണ് മുഖ്യപ്രമേയം. യോഹന്നാന്റെ സുവിശേഷത്തിൽ യേശു സുദീർഘമായ സംഭാഷണത്തിൽ ഏർപ്പെടുന്നത് ഒരു സ്ത്രീയുമായിട്ടാണ്. അവൾക്കാകട്ടെ പേരും ഇല്ല. യഹൂദരും സമരിയാക്കാരും നൂറ്റാണ്ടുകളായി ശത്രുതയിലായിരുന്നു. അതുകൊണ്ടുതന്നെ യഹൂദനായ യേശു സമറിയാക്കാരിയോട് കുടിക്കുവാൻ വെള്ളം ചോദിച്ചത് അതിശയോക്തിയോടെ മാത്രമേ അവൾ കാണുന്നുള്ളൂ. യേശുവും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള കണ്ടുമുട്ടലും, സംഭാഷണവും മതബോധനത്തിന്റെയും, മിഷനറി പ്രവർത്തനത്തിന്റെയും വലിയൊരു മാതൃകയാണ്. ഒരുവശത്ത് സമരിയാക്കാരി സ്ത്രീ യേശുവെന്ന മഹാരഹസ്യത്തെ ഘട്ടംഘട്ടമായി മനസ്സിലാക്കുന്നു. മറുവശത്ത് യേശുതന്നെ ശ്രവിക്കുന്ന സ്ത്രീക്ക് ഘട്ടംഘട്ടമായി തന്നെ തന്നെ വെളിപ്പെടുത്തുന്നു. ഇത് എപ്രകാരമാണ് എന്ന് നമുക്ക് മനസ്സിലാക്കാം:
1) ആദ്യമായി സമരിയാക്കാരി യേശുവിനെ വെറും “യഹൂദൻ” എന്ന് അഭിസംബോധന ചെയ്യുന്നു.
2) യേശു ജീവജലത്തെക്കുറിച്ച് പരാമർശിക്കുകയും, യേശു ആരാണെന്ന് അറിഞ്ഞിരുന്നെങ്കിൽ അവൾ യേശുവിനോട് കുടിക്കാൻ ചോദിക്കുമായിരുന്നെന്ന് പറയുമ്പോൾ അവൾ യേശുവിനെ “പ്രഭോ” എന്ന് വിളിച്ചു.
3) യേശു ജീവജലത്തിന്റെ ദാതാവായി തന്നെ ചിത്രീകരിക്കുമ്പോൾ നീ ഈ കിണർ ഞങ്ങൾക്ക് തന്ന “യാക്കോബിനെക്കാൾ വലിയവനാണോ” എന്ന് സമരിയാക്കാരി ചോദിക്കുന്നു. യേശു അവരുടെ പിതാക്കന്മാരെക്കാളും വലിയവനാണോ എന്ന സന്ദേഹം അവളിലുദിക്കുന്നു.
4) അവളുടെ ജീവിതത്തിലെ രഹസ്യങ്ങൾ യേശു വെളിപ്പെടുത്തിയപ്പോൾ – അവൾക്ക് അഞ്ച് ഭർത്താക്കന്മാർ ഉണ്ടായിരുന്നു, ഇപ്പോൾ ഉള്ളത് ഭർത്താവല്ല എന്ന് പറഞ്ഞപ്പോൾ – അവൾ യേശുവിനെ “പ്രവാചകൻ” എന്ന് വിളിക്കുന്നു.
5) ഒരു സമരിയാക്കാരി എന്ന നിലയിൽ മിശിഹാ – രക്ഷകൻ വരുമെന്ന് അവൾ വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ “നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെയാണ് അവൻ” എന്നുപറഞ്ഞുകൊണ്ട് യേശു സംഭാഷണം അവസാനിപ്പിക്കുന്നു. പട്ടണത്തിലേക്കു പോയ അവൾ യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞപ്പോൾ, യേശുവിനെ “ക്രിസ്തു” എന്ന് വിശേഷിപ്പിക്കുന്നു.

യേശുവിനെ യഹൂദൻ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംഭാഷണം തുടങ്ങിയ സമരിയാക്കാരി, അതിന്റെ അവസാനം യേശു ‘ക്രിസ്തുവാണ്’ എന്ന തിരിച്ചറിവിലേക്ക് എത്തുകയാണ്. മതബോധനത്തിന്റെ ഉത്തമമാതൃകയാണിത്. ദൈവവചന പാരായണത്തിലൂടെയും, പ്രാർത്ഥനയിൽ യേശുവുമായുള്ള സംഭാഷണത്തിലൂടെയും സമരിയാക്കാരിയെപ്പോലെ യേശുവിനെ ആഴത്തിൽ മനസ്സിലാക്കാൻ നമുക്കും സാധിക്കും.

സമരിയാക്കാരിയുമായുള്ള സംഭാഷണത്തിൽ യേശു ജീവന്റെജലം ആണെന്ന് വെളിപ്പെടുത്തുന്നു. നമ്മുടെ ആത്മീയ അന്വേഷണങ്ങളുടെയും, ആത്മീയ ദാഹങ്ങളുടെയും ഉത്തരം യേശു തന്നെയാണ്. ലോകത്തിലെ ഏതൊക്കെ മേഖലകളിലൂടെ നമ്മുടെ ആത്മാവ് സഞ്ചരിച്ചാലും അതിനൊന്നും നമ്മെ തൃപ്തിപ്പെടുത്താൻ സാധിക്കില്ല, എന്നാൽ യേശുവിന് സാധിക്കും. “നീർച്ചാലുകൾ തേടുന്ന മാൻപേടയെ പോലെ എന്റെ ആത്മാവ് കർത്താവിനായി ദാഹിക്കുന്നു” എന്ന് സങ്കീർത്തകൻ പറയുന്നത് ഈ ആത്മീയ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഭൗതികവും ആത്മീയവുമായ എല്ലാ ദാഹങ്ങളും ശമിപ്പിക്കുന്ന യേശുവിനെ നമുക്കും സ്വീകരിക്കാം.

ആമേൻ.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago