Categories: Sunday Homilies

24th Sunday Ordinary _Year A_ഏഴ് എഴുപത് പ്രാവശ്യം

"ക്ഷമയും", "പൊറുക്കലും" ക്രിസ്തുമതത്തിന്റെയും, ക്രൈസ്തവ വിശ്വാസത്തിന്റെയും മുഖമുദ്രയാണ്....

ആണ്ടുവട്ടം ഇരുപത്തിനാലാം ഞായർ

ഒന്നാം വായന: പ്രഭാഷകൻ 27:30-28:7
രണ്ടാം വായന: റോമാ. 14:7-9
സുവിശേഷം: വി.മത്തായി 18:21-35.

ദിവ്യബലിക്ക് ആമുഖം

“ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്” എന്ന രണ്ടാം വായനയിലെ വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ തിരുവചനത്തോട് കൂടിയാണ് തിരുസഭ ഇന്ന് നമ്മളെ സ്വാഗതം ചെയ്യുന്നത്. ഇപ്രകാരം യേശുവിന് സ്വന്തമായ നാം യേശുവിന്റെ ഏറ്റവും വലിയ പ്രത്യേകതയായ “സഹോദരന്റെ തെറ്റുകളെ ക്ഷമിക്കൽ”, എന്തുകൊണ്ട് നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കണമെന്ന്, പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയും, വിശുദ്ധ മത്തായിയുടെ സുവിശേഷവും വ്യക്തമാക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

വചന പ്രഘോഷണകർമ്മം

കഴിഞ്ഞ ഞായറാഴ്ച നാം ശ്രവിച്ചത് പരസ്പരം തിരുത്തുന്നതിനെ കുറിച്ചാണെങ്കിൽ, ഇന്ന് നാം ശ്രവിച്ചത് പരസ്പരം ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയാണ്. നാമിന്ന് ശ്രവിച്ച ഭാഗമുൾപ്പെടുന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായം ഇടവകസമൂഹത്തിലെ ദൈനംദിന ജീവിത സാഹചര്യങ്ങളെ നവീകരിക്കുന്നതിനുതകുന്ന ആത്മീയ ചിന്തകളാൽ സമ്പുഷ്ടമാണ്. ഇന്നത്തെ സുവിശേഷത്തിലെ നിർദയനായ ഭൃത്യന്റെ ഉപമയുടെ പ്രത്യേകതകൾ നമുക്ക് പഠിക്കാം.

ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം

‘കർത്താവേ എന്നോട് തെറ്റ് ചെയ്യുന്ന എന്റെ സഹോദരനോട് ഞാൻ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ?’ ഇതായിരുന്നു പത്രോസിന്റെ ചോദ്യം. യേശു അരുളിച്ചെയ്തു: “ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം എന്ന് ഞാൻ നിന്നോടു പറയുന്നു”. 7 X 70 = 490 പ്രാവശ്യം. പരിധികളില്ലാതെ എപ്പോഴും ക്ഷമിക്കണം എന്നർത്ഥം. ബൈബിളിൽ 7 പരിപൂർണ്ണതയുടെ സംഖ്യയാണ്. അതുകൊണ്ട് തന്നെയാകണം “ഏറ്റവും പരമാവധി” എന്ന അർത്ഥത്തിൽ “7 പ്രാവശ്യമോ” എന്ന് ചോദിക്കുന്നത്.

ബൈബിൾ വിജ്ഞാനീയത്തിൽ ഇതോടനുബന്ധിച്ച മറ്റൊരു സംഭവം കൂടിയുണ്ട്. ഉല്പത്തി പുസ്തകം നാലാം അദ്ധ്യായത്തിൽ കായേന്റെ സന്താന പരമ്പരയിൽപ്പെട്ട ലാമെക്ക് തന്നെ മുറിപ്പെടുത്തിയവനെയും, തന്നെ അടിച്ച മറ്റൊരു ചെറുപ്പക്കാരനെയും കൊന്നു കളഞ്ഞു. ഈ സംഭവത്തെക്കുറിച്ച് ലാമെക്ക് തന്റെ ഭാര്യമാരോട് പറയുന്നതിപ്രകാരമാണ്: എന്നെ മുറിപ്പെടുത്തിയ ഒരുവനെയും എന്നെ അടിച്ച ഒരു ചെറുപ്പക്കാരനെയും ഞാൻ കൊന്നുകളഞ്ഞു… “കായേന്റെ പ്രതികാരം ഏഴിരട്ടിയെങ്കിൽ ലാമെക്കിന്റേത് 77 ഇരട്ടിയായിരിക്കും” (ഉൽപ്പത്തി 4:23-24). ബൈബിളിൽ ആദ്യ അധ്യായങ്ങളിൽ തന്നെ നാം ഇപ്രകാരം വായിക്കുമ്പോൾ, “ഏഴ് ഏഴുപ്രാവശ്യം ക്ഷമിക്കണം” എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസ്സിലാകും. മനുഷ്യന്റെ കാഴ്ചപ്പാടിൽ പകയും, പ്രതികാരവും പലപ്പോഴും ഇരട്ടിയാകും, യേശു പറയുന്നത് ക്ഷമ ഇരട്ടിയാക്കുവാനാണ്.

ക്ഷമയുടെ അളവ് കോൽ: പതിനായിരം താലന്തും നൂറ് ദനാറയും

ഉപമയിൽ നാം കാണുന്ന ആദ്യ സേവകൻ രാജാവിനോട് പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്നു. എന്നാൽ സഹസേവകനാകട്ടെ ആദ്യ സേവകനോട് വെറും നൂറ് ദനാറ മാത്രമേ കടപ്പെട്ടിട്ടുള്ളൂ. വളരെയധികം അസാധാരണമായ അളവുകളാണിത്. ‘പതിനായിരം താലന്ത്’ വളരെ വലിയ ധനമാണ്. ഒരു താലന്ത് എന്നത് ആറായിരം ദനാറയാണ്. യേശുവിന്റെ കാലത്ത് ഹേറോദേസ് രാജാവിന്റെ വാർഷികവരുമാനം പോലും വെറും തൊള്ളായിരം താലന്താണ്. ഗലീലിയുടെയും, കിഴക്കൻ ജോർദാൻ പ്രദേശത്തെയും വാർഷിക നികുതി പോലും വെറും 200 താലന്താണ്. പതിനായിരം താലന്തെന്നത് ഏകദേശം പതിനാറായിരം മനുഷ്യർ പത്തുവർഷംകൊണ്ട് സമ്പാദിക്കുന്ന തുകയാണ്. നൂറ് ദനാറ എന്നത് ഒരു ദിവസ വേതനക്കാരന്റെ ആറുമാസത്തെ സമ്പാദ്യമാണ്. വളരെ ലളിതമായ രീതിയിൽ പറഞ്ഞാൽ, ആദ്യ സേവകൻ രാജാവിനോട് കടപ്പെട്ടിരിക്കുന്നതും, സഹസേവകൻ ആദ്യ സേവകനോട് കടപ്പെട്ടിരിക്കുന്നതും തമ്മിലുള്ള അനുപാതം 600000 : 1 എന്നതാണ്.

ആദ്യത്തെ സംഖ്യ യാഥാർത്ഥ്യത്തിന് അതീതമായ ദൈവത്തിന്റെ ക്ഷമയാണ്. ആർക്കും സങ്കൽപ്പിക്കാൻ പോലുമാകാത്ത ക്ഷമ. എന്നാൽ, രണ്ടാമത്തേത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് കാണിക്കുന്നതാണ്. ഈ ഉപമയിലെ രാജാവ് ദൈവമാണ്. പതിനായിരം താലന്ത് എന്നത് ദൈവത്തിന്റെ അതിരുകളില്ലാത്ത ക്ഷമയെയും കാരുണ്യത്തെയും കാണിക്കുന്നു. അതോടൊപ്പം നമ്മുടെ പാപം എത്ര വലുതാണെങ്കിലും അതു ക്ഷമിക്കാൻ ദൈവം സന്നദ്ധമാണെന്നും ഓർമ്മപ്പെടുത്തുന്നു.

ധ്യാനം

ക്ഷമയുടെ 600000 : 1 എന്ന അനുപാതം ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ, നമ്മോട് തെറ്റ് ചെയ്യുന്നവരോട് നാം എത്രമാത്രം ക്ഷമിക്കണമെന്നും പഠിപ്പിക്കുന്നു. ഇതുതന്നെയാണ് “സ്വർഗ്ഗസ്ഥനായ പിതാവേ…” എന്ന പ്രാർത്ഥനയിലും നാം ചൊല്ലുന്നത്. അതോടൊപ്പം, ക്ഷമയ്ക്ക് ചില മന:ശാസ്ത്രവശങ്ങളും യാഥാർത്ഥ്യങ്ങളുണ്ട്. ക്ഷമ എന്നത് സംഭവിച്ച തെറ്റിനെ ലാഘവത്തോടെ കാണുന്നു എന്നർത്ഥമില്ല. ഇരുവർക്കും തെറ്റിന് ആസ്പദമായ സംഭവത്തെക്കുറിച്ചും, അതിലൂടെ സംഭവിച്ച മാനസികമായ മുറിവിനെക്കുറിച്ചും സംസാരിക്കാൻ അവകാശമുണ്ട്. അതോടൊപ്പം ക്ഷമ ഉപരിപ്ലവമായ കാര്യമല്ല വെറും “sorry” എന്ന വാക്കിൽ ഒതുങ്ങുന്നതുമല്ല, അത് ഹൃദയത്തെയും ജീവിതത്തെയും സ്പർശിക്കണം. ക്ഷമ ചോദിക്കുന്നതും ഹൃദയത്തിൽനിന്ന് വരണം, ക്ഷമിക്കുന്നതും ഹൃദയത്തിൽ നിന്നാകണം.

ക്ഷമിക്കുക, മറക്കുക ഇവ ഒരേ കാര്യങ്ങളല്ല. ‘ക്ഷമിക്കുക’ എന്നത് ഒരു ആത്മീയ യാഥാർത്ഥ്യമാണ്, നമ്മുടെ ഭാഗത്തു നിന്നുള്ള പ്രയത്നവും, മനസ്സും ആവശ്യമാണ്. ‘മറക്കുക’ എന്നത് താനേ സംഭവിക്കേണ്ട കാര്യമാണ്. നാം ക്ഷമിച്ച തെറ്റുകളേ നമുക്ക് മറക്കുവാൻ സാധിക്കുകയുള്ളൂ. ശരീരത്തിനേറ്റ മുറിവുകൾ പോലെ തന്നെയാണ് മറ്റൊരുവന്റെ തെറ്റിലൂടെ (വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും) മനസ്സിനേറ്റ മുറിവുകൾ. മുറിവിന്റെ ആഴവും, വലിപ്പവും, തീവ്രതയും അനുസരിച്ച് ഉണങ്ങുവാനും, സൗഖ്യപ്പെടുവാനും സമയമെടുക്കും. ക്ഷമയും, തിരുവചനവും ഈ മുറിവ് പെട്ടെന്ന് ഉണക്കുന്ന മരുന്നുകളാണ്. ഇതനുസരിച്ച് യേശുവിനും 200 വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട പ്രഭാഷകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ, നമ്മുടെ അയൽക്കാരോട് ക്ഷമിക്കുകയും അവന്റെ പാപങ്ങൾ പൊറുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തു പറയുന്നുണ്ട്. പകയും പ്രതികാരവും മറ്റുള്ളവനെ മാത്രമല്ല, അത് വച്ചുപുലർത്തുന്നവനെ കൂടി നശിപ്പിക്കുമെന്നും, മറ്റുള്ളവരോടു ക്ഷമിക്കാത്തവന് ദൈവം സമീപസ്ഥനല്ലെന്നും ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു.

“ക്ഷമയും”, “പൊറുക്കലും” ക്രിസ്തുമതത്തിന്റെയും, ക്രൈസ്തവ വിശ്വാസത്തിന്റെയും മുഖമുദ്രയാണ്. ഒരു കത്തോലിക്കൻ ഇതാദ്യം അനുഭവിക്കുന്നത് വിശുദ്ധ കുമ്പസാരത്തിലാണ്. ഇന്നത്തെ സുവിശേഷവുമായി ബന്ധപ്പെടുത്തി കുമ്പസാരത്തിലെ മൂന്ന് ഘട്ടങ്ങൾ മനസ്സിലാക്കാം.
1) വിശുദ്ധ കുമ്പസാരത്തിൽ നമ്മുടെ തെറ്റുകളെക്കുറിച്ച് ബോധവാന്മാരായി പാപമോചനം അപേക്ഷിക്കുന്നത്.
2) നമ്മുടെ യുക്തിക്കും അപ്പുറമുള്ള പാപപ്പൊറുതി (പതിനായിരം താലന്തിന് തുല്യമായത്) ദൈവത്തിൽ നിന്ന് നാം സ്വീകരിക്കുന്നു.
3) നമുക്ക് ലഭിച്ച പാപപ്പൊറുതിയുടെ അടിസ്ഥാനത്തിൽ, നമ്മോട് തെറ്റ് ചെയ്തവരോട് (നൂറ് ദനാറയ്ക്ക് തുല്യമായ തെറ്റുകൾ) ക്ഷമിക്കുവാൻ തയ്യാറാകണം.
ഇത് നാം നടപ്പിലാക്കുമ്പോൾ ക്രൈസ്തവ വിശ്വാസത്തിന്റെ മുഖമുദ്ര നമ്മിലും പതിഞ്ഞുകഴിഞ്ഞു.

ആമേൻ.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

23 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago