Categories: Articles

ഉപേക്ഷിക്കരുതേ… v/s ഉൾപ്പെടുത്തരുതേ…

ഞായറാഴ്ച മുതൽ ഇറ്റലിയിലെ കുർബാന പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുകയാണ്...

ഫാ. മാർട്ടിൻ എൻ. ആന്റണി

കഴിഞ്ഞദിവസമാണ് ഒത്തിരി നാളുകൾക്കുശേഷം കൂട്ടുകാരി ബാർബര എന്നെ കാണാൻ വന്നത്. La Sapienza University ലെ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണവൾ. സാധാരണ ഞങ്ങളുടെ സംസാരം പുസ്തകങ്ങളെക്കുറിച്ചായിരിക്കും. പക്ഷേ ഈ പ്രാവശ്യം അവൾ വന്നത് ഒരു സംശയവുമായിട്ടാണ്. അടുത്ത ഞായറാഴ്ച മുതൽ ഇറ്റലിയിലെ കുർബാന പുസ്തകത്തിൽ ചില മാറ്റങ്ങൾ വരുകയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിലെ ഒരു മാറ്റമാണ്. ഇനി മുതൽ “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നല്ല “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുതേ” എന്നു പ്രാർത്ഥിക്കണം. ഈയൊരു മാറ്റത്തെക്കുറിച്ച് കഴിഞ്ഞവർഷം പരിശുദ്ധ പിതാവ് പറഞ്ഞതായിരുന്നു. അവളുടെ സംശയം അതല്ല. ഈ പ്രാർത്ഥനയിൽ “ഉൾപ്പെടുത്തരുതേ”, “നയിക്കരുതേ” എന്നർത്ഥം വരുന്ന μή εἰσφέρω (mē eispherō) എന്ന പദം തന്നെയല്ലേ ഗ്രീക്ക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്? ഒരു നിഘണ്ടുവും ‘ഉപേക്ഷിക്കുക’ എന്ന അർത്ഥം ആ പദത്തിന് നൽകുന്നില്ലല്ലോ? അപ്പോൾ എന്താണ് ഇത്രയും നാൾ ചൊല്ലിയിരുന്ന പ്രാർത്ഥന മാറ്റാൻ കാരണം? എന്നോട് ചോദ്യം ചോദിക്കുന്ന വ്യക്തി ഒരു സാധാരണക്കാരിയല്ലെന്നറിയാം. ഒരു അധ്യാപികയാണ്. ഒത്തിരി വായിക്കുന്ന ആളുമാണ്. അപ്പോൾ പിന്നെ കാര്യം വ്യക്തമായിട്ട് പറയണം.

ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് വിവർത്തനത്തെ കുറിച്ചാണ്. നിനക്കറിയാമല്ലോ രണ്ടുതരത്തിലുള്ള വിവർത്തനങ്ങളുണ്ട്. ഒന്ന്, source oriented വിവർത്തനം. രണ്ട്, target oriented വിവർത്തനം. വായനക്കാരെ എഴുത്തിന്റെ ഉറവിടത്തിലേക്ക് കൊണ്ടുപോകുന്ന അല്ലെങ്കിൽ വാചീകമായ വിവർത്തനത്തെ source oriented വിവർത്തനം എന്ന് പറയും. “പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ” എന്നത് ഒരു source oriented വിവർത്തനമാണ്. കാരണം, ഗ്രീക്ക് ബൈബിളിൽ ഉള്ളത് അങ്ങനെയാണ്. മറിച്ച് വായനക്കാരന്റെ അഭിരുചിക്കനുസരിച്ചുള്ള വിവർത്തനത്തെ target oriented വിവർത്തനം എന്ന് പറയുന്നു. ഇതിനെ ദൈവശാസ്ത്രപരമായ വിവർത്തനം എന്നും പറയാം. “പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുത്” എന്നത് ഒരു target oriented വിവർത്തനമാണ്. എന്തുകൊണ്ട് നമ്മൾ “പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുത്” എന്ന് വിവർത്തനം ചെയ്യുന്നു? കാരണം εἰσφέρω (eispherō) എന്ന ക്രിയയുടെ കർത്താവ് സ്വർഗ്ഗസ്ഥനായ പിതാവാണ്. ദൈവം നമ്മളെ പ്രലോഭനത്തിലേക്ക് നയിക്കുമോ? ഇല്ല. അപ്പോൾ “പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ” എന്ന വാക്യത്തിൽ ദൈവമാണ് നമ്മെ പ്രലോഭനത്തിൽ ഉൾപ്പെടുത്തുന്നത് എന്നൊരു വ്യംഗ്യമില്ലേ? അതാണ് പ്രശ്നം. അതുകൊണ്ടാണ് ദൈവശാസ്ത്രപരമായ ഒരു മാറ്റം ആ പ്രാർത്ഥനയിൽ നടത്തിയിരിക്കുന്നത്.

രണ്ടാമത്തെ കാര്യം; ഇവിടുത്തെ പ്രശ്നം εἰσφέρω (eispherō) അഥവാ ഉൾപ്പെടുത്തുക എന്ന ക്രിയയല്ല. മറിച്ച് πειρασμός (peirasmos) അഥവാ പ്രലോഭനം എന്ന നാമമാണ്. ഈ πειρασμός (peirasmos) എന്ന പദം ഒരു ശ്ലേഷോക്തിയാണ്. ഇതിന് വിശുദ്ധഗ്രന്ഥത്തിൽ പരീക്ഷണം എന്നും പ്രലോഭനം എന്നും അർത്ഥമുണ്ട്. പരീക്ഷണം എന്നത് ഒരു പോസിറ്റീവ് സങ്കല്പമാണ്. എപ്പോഴെല്ലാം ഈ പദം ദൈവത്തോട് ചേർത്ത് ഉപയോഗിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഇതിന് പോസിറ്റീവ് ആയിട്ടുള്ള അർത്ഥമാണുള്ളത്. ഉദാഹരണത്തിന് ഉല്പത്തി 22-ൽ ദൈവം അബ്രാഹത്തിനെ പരീക്ഷിക്കുന്നുണ്ട്. പുറപ്പാടിലും ലേവ്യരിലും സംഖ്യയിലും ഇസ്രായേലിനെ പരീക്ഷിക്കുന്നുണ്ട്. ജോബിന്റെ പുസ്തകത്തിൽ ജോബിനെ പരീക്ഷിക്കുന്നുണ്ട്. സുവിശേഷത്തിൽ ക്രിസ്തുവിനും പരീക്ഷണങ്ങൾ ഉണ്ടാകുന്നുണ്ട്. യാക്കോബിന്റെ ലേഖനത്തിൽ ക്രിസ്ത്യാനികൾ പരീക്ഷിക്കപ്പെടുന്നതിനെ കുറിച്ച് പറയുന്നുണ്ട്. പക്ഷേ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലെ πειρασμός (peirasmos) എന്ന പദത്തിന് പ്രലോഭനം എന്ന നെഗറ്റീവ് അർഥമാണുള്ളത്. ഈ പ്രാർത്ഥനയിൽ പറയുന്നത് പരീക്ഷണത്തെ കുറിച്ചല്ല പ്രലോഭനത്തെ കുറിച്ചാണ്. അപ്പോൾ ഒരു ചോദ്യം വരാം: ദൈവം പ്രലോഭനം നൽകുമോ? ഇല്ല. യാക്കോബ് ശ്ലീഹ പറയുന്നുണ്ട്; “ദൈവം തിന്മയാൽ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പ്രലോഭിപ്പിക്കുന്നുമില്ല” (1:13). ചുരുക്കിപ്പറഞ്ഞാൽ ദൈവം പരീക്ഷിക്കും, പ്രലോഭിപ്പിക്കില്ല. അവൻ തന്റെ പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന രംഗങ്ങൾ വിശുദ്ധ ഗ്രന്ഥത്തിലെ താളുകളിൽ നമുക്ക് കാണാൻ സാധിക്കും. പക്ഷേ പ്രലോഭനം, അത് ദൈവത്തിന്റെ പ്രവർത്തിയല്ല. അതുകൊണ്ടാണ് “ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ” എന്ന വാക്യം “ഞങ്ങളെ പ്രലോഭനത്തിൽ ഉപേക്ഷിക്കരുതേ” എന്നു തിരുത്തിയത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ “ഞങ്ങളെ പ്രലോഭനത്തിൽ നിന്നും രക്ഷിക്കണേ” എന്നാണതിന്റെ അർത്ഥം. ഉടനെ തന്നെ ഈ പ്രാർത്ഥനയുടെ അടുത്ത വാക്യം അത് വ്യക്തമാക്കുന്നുമുണ്ട്; “തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ”.

ചില കാര്യങ്ങൾ നമ്മൾക്ക് target oriented ആയി വിവർത്തനം ചെയ്യാനെ സാധിക്കൂ. നിനക്ക് ഫ്രഞ്ച് അറിയാമല്ലോ, mon petit chou എന്ന വാക്യത്തെ വാചികമായി വിവർത്തനം ചെയ്താൽ my little cabbage എന്നേ പറ്റൂ. പക്ഷെ, അത് target oriented ആകുമ്പോൾ നമ്മൾ അതിനെ my sweetheart എന്ന് വിവർത്തനം ചെയ്യും. ഞങ്ങളുടെ മലയാളത്തിൽ ഒരു വാക്യം ഉണ്ട് അതിനെ ഒരു ഭാഷയിലേക്കും വാചികമായി വിവർത്തനം ചെയ്യാൻ സാധിക്കില്ല. അത് ഇതാണ്: “എനിക്ക് നല്ല തലവേദന ഉണ്ട്”. ഈയൊരു വാക്യത്തിനെ വാചികമായി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്താൽ “I have good headache” എന്നേ പറ്റൂ. പക്ഷേ target oriented വിവർത്തനം ചെയ്താൽ അതിന്റെ യഥാർത്ഥ അർത്ഥം കിട്ടും. അത് ഇങ്ങനെയായിരിക്കും; “I have severe headache”. അതുപോലെ തന്നെ “എന്റെ കരളേ” എന്ന പ്രേമ വാക്യത്തിനെ my liver എന്നു ഒരിക്കല്ലും വിവർത്തനം ചെയ്യില്ല. മറിച്ച് my sweetheart എന്നേ കുറിക്കു. തീവ്ര ചിന്താഗതി ഉള്ളവർക്ക് source oriented വിവർത്തനത്തിന്റെ പിന്നാലെ പോകാം. പക്ഷേ ഇവിടെ ഈ കാര്യത്തിൽ ശരി target oriented വിവർത്തനമാണ്. അതുകൊണ്ടാണ് “ഞങ്ങളെ പ്രലോഭനങ്ങളിൽ ഉപേക്ഷിക്കരുതേ” എന്ന മാറ്റം കൊണ്ടുവന്നത്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago