Categories: Articles

ആർഎസ്എസും ബിജെപിയുമാണ് കേരളത്തിൽ ക്രൈസ്തവർക്ക് സുരക്ഷയൊരുക്കുക എന്നുറച്ചുവിശ്വസിക്കുന്ന നിഷ്കളങ്കരോട്…

ആർഎസ്എസും ബിജെപിയുമാണ് കേരളത്തിൽ ക്രൈസ്തവർക്ക് സുരക്ഷയൊരുക്കുക എന്നുറച്ചുവിശ്വസിക്കുന്ന നിഷ്കളങ്കരോട്...

ഫാ.ജോഷി മയ്യാറ്റിന്‍
മാർച്ച് മൂന്നിന് നടന്ന ഏഷ്യാനെറ്റ് ചാനൽ ചർച്ചയെ ക്രൈസ്തവ വിരുദ്ധ നുണ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ഹിന്ദുഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ. വി. ബാബുവിന്റെ ശ്രമത്തെ, ഇടതുപക്ഷ നിരീക്ഷകനായ ഉമേഷ് ബാബുവും അവതാരകനും ചേർന്ന് പരാജയപ്പെടുത്തിയെങ്കിലും ആർഎസ്എസ് – ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ ക്രൈസ്തവ വിരുദ്ധ നിലപാടുകളുടെ ആഴം തിരിച്ചറിയാൻ ആ ചർച്ച ഉപകരിച്ചു.
സത്‌സംഘിന് തിരുവനന്തപുരത്ത് നാല് ഏക്കർ സ്ഥലം കേരള സർക്കാർ അനുവദിച്ച പശ്ചാത്തലത്തിൽ, ആർഎസ്എസ് – സിപിഎം രഹസ്യ ബന്ധം ചർച്ച ചെയ്ത ന്യൂസ് അവർ ആയിരുന്നു അത്. ചർച്ചയ്ക്കിടയിൽ ആർ. വി. ബാബു ഉന്നയിച്ച ആരോപണത്തിൽ മൂന്ന് ക്രൈസ്തവ മാനേജ്‌മെന്റ് കോളേജുകളുടെ പേരുകളാണ് എടുത്തുപറയുകയുണ്ടായത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ്, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവയായിരുന്നു അവ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2005-ൽ ഈ മൂന്ന് കോളേജുകൾക്കുമായി അഞ്ഞൂറിൽപ്പരം കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ പതിച്ചുനൽകി എന്നായിരുന്നു ശ്രീ. ബാബുവിന്റെ ആരോപണം.
എന്നാൽ, പതിറ്റാണ്ടുകളായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാട്ടം വ്യവസ്ഥയിൽ ഉപയോഗിച്ചു വന്നിരുന്നതും, 1989-ൽത്തന്നെ പതിച്ചു നൽകാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നതുമായ ഭൂമിയാണ് വർഷങ്ങൾ വൈകി പതിച്ചുനൽകാൻ മന്ത്രിസഭാ തീരുമാനം ഉണ്ടായത്. അത് മേൽപ്പറഞ്ഞ മൂന്ന് കോളേജുകൾക്ക് മാത്രമായിരുന്നില്ല.
എസ്എൻഡിപി, എൻഎസ്എസ് തുടങ്ങി നിരവധി മാനേജ്‌മെന്റുകൾ വിദ്യാഭ്യാസാവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നിരുന്ന ഭൂമി സെന്റിന് നൂറുരൂപ പ്രകാരം വില ഈടാക്കി നൽകാൻ തീരുമാനമുണ്ടായി. എന്നാൽ, ഉത്തരവിനെ തുടർന്ന് ആ കാലത്ത് സ്ഥലം പതിച്ചു നൽകപ്പെട്ടത് മേൽപ്പറഞ്ഞ മൂന്ന് ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകൾ ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് മാത്രമായിരുന്നു എന്നതാണ് വാസ്തവം. ആ മൂന്ന് കോളേജുകൾക്ക് അവർ അർഹിക്കുന്ന നീതി സംലബ്ധമായത് അഞ്ചുവർഷങ്ങൾ കൂടി കഴിഞ്ഞ് ഏറെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ്. ഉദ്യോഗസ്ഥ തലങ്ങളിലുള്ള ചിലരുടെ ഉള്ളിലെ വർഗീയ വിഷമായിരുന്നു തടസ്സങ്ങൾക്ക് കാരണം.
അത്തരത്തിൽ പതിച്ചു നൽകിയതൊന്നും പുതിയ സ്ഥലമായിരുന്നില്ല എന്നും ചിന്തിക്കണം. എല്ലായിടങ്ങളിലും തന്നെ ബിൽഡിംഗുകളും മറ്റും പണിയപ്പെട്ടിരുന്നതും പതിറ്റാണ്ടുകളായി വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അവർതന്നെ ഉപയോഗിച്ചുകൊണ്ടിരുന്നതുമായ ഭൂമിയായിരുന്നു അത്. അതത് മാനേജ്‌മെന്റുകൾക്ക് തന്നെ അവകാശപ്പെട്ടതും, വളരെ മുമ്പേ തന്നെ വാഗ്ദാനം നൽകപ്പെട്ടിരുന്നതുമായ ആ ഭൂമി പതിച്ചു നൽകാനുള്ള തീരുമാനത്തിനു പിന്നിൽ വർഗീയതയോ ജാതിപരമായ വേർതിരിവോ ഒന്നുമുണ്ടായിരുന്നില്ല. മാത്രമല്ല, അത്തരത്തിൽ നോക്കിയാലും കൂടുതൽ ഭൂമി ലഭിച്ചത് ക്രൈസ്തവ മാനേജ്‌മെന്റുകൾക്ക് ആയിരുന്നതുമില്ല. ഇക്കാര്യങ്ങൾ (ക്രിസ്ത്യൻ മാനേജ്‌മെന്റുകൾക്ക് നീതി ലഭിക്കാൻ വൈകിയ കാര്യം ഒഴികെ) ശ്രീ. ഉമേഷ് ബാബുവും അവതാരകനും ചർച്ചയിൽ വ്യക്തമാക്കുകയും ആർ. വി. ബാബു അത് തനിക്ക് അറിയാമായിരുന്നു എന്ന് തുറന്ന് സമ്മതിക്കുകയുമുണ്ടായി.
മനപ്പൂർവം ഒരു ക്രൈസ്തവ വിരുദ്ധ വികാരം ചർച്ചയ്ക്കിടെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആർ. വി. ബാബു നടത്തിയത് എന്ന് വ്യക്തം. ക്രൈസ്തവരുടെ സാന്നിധ്യമില്ലാത്ത ചർച്ച, ക്രൈസ്തവ വിരുദ്ധമായ ചർച്ചകൾക്ക് പലപ്പോഴും നേതൃത്വം നൽകാറുള്ള അവതാരകൻ, കോൺഗ്രസ് സർക്കാരിനെതിരേയുള്ള ആരോപണം… ഇത്തരം സാഹചര്യങ്ങൾ ക്രൈസ്തവർക്കെതിരേ ഒരു വർഗീയ ആരോപണം ഉന്നയിക്കാൻ ഏറ്റവും അനുയോജ്യമാണെന്ന് ആർ. വി. ബാബു കരുതിയിരിക്കണം. കഴിഞ്ഞ ഓണക്കാലത്ത് “ഓണസന്ദേശ” വിവാദത്തെ ഹൈന്ദവർക്കിടയിൽ ക്രൈസ്തവ വിരുദ്ധ ചർച്ചയാക്കി മാറ്റുവാൻ ഏറ്റവും കൂടുതൽ അധ്വാനിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഇസ്ലാമിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഇന്ന് കേരളം നേരിടുന്ന പ്രതിസന്ധികളിൽ ക്രൈസ്തവർക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്നു എന്നതൊഴിച്ചാൽ, അവസരം ലഭിക്കുമ്പോഴെല്ലാം ക്രൈസ്തവക്കെതിരേ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുവാൻ മുന്നിൽ നിൽക്കുന്ന ഇത്തരക്കാരെ അകറ്റിനിർത്തുക എന്നുള്ളത് വിവേകമുള്ളവരുടെ കടമയാണ്.
സമീപകാലത്തെ നിരവധി സംഭവങ്ങളിൽനിന്ന് വ്യക്തമാകുന്നത്, ക്രൈസ്തവ വിരുദ്ധത എന്നുള്ളത് തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള ചില വ്യക്തികളുടെ മാത്രം പ്രത്യേകതയല്ല എന്നുളളതാണ്. അത് ഹിന്ദുത്വ സംഘടനകളുടെ സാമാന്യസ്വഭാവമാണ്. പരസ്യമായി പ്രകടിപ്പിക്കുന്നത് ചിലർ മാത്രമായിരിക്കാം. “ഇതുവരെയും ആർഎസ്എസിനെക്കൊണ്ടും ബിജെപിയെക്കൊണ്ടും കേരളത്തിലെ ക്രൈസ്തവർക്ക് പറയത്തക്കതായ ദോഷങ്ങളൊന്നുമില്ലല്ലോ?” എന്നതാണ് പ്രധാനമായി ഉയരുന്ന ഒരു നിഷ്കളങ്ക ചോദ്യം. ഇത്തരം വർഗീയ നിലപാടുകളുള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനനുസരിച്ച് വിദ്വേഷ പ്രചരണങ്ങളുടെയും അനിഷ്ട സംഭവങ്ങളുടെയും തോത് കൂടിക്കൊണ്ടിരിക്കും എന്നുമാത്രമേ പറയാനുള്ളൂ. പത്തുവർഷം മുമ്പത്തെ സാഹചര്യമല്ല ഇന്നുള്ളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ… ഇങ്ങനെയാണ് ലോകം മുന്നോട്ട് പോകുന്നതെങ്കിൽ ഇനിയൊരു പത്തുവർഷംകൂടി കഴിഞ്ഞാൽ….
ആർക്കും ഉപദ്രവത്തിന് പോകാത്തവരാണ് ക്രൈസ്തവർ. അവർ സ്വന്തം വ്യക്തിത്വവും നിലപാടുകളും കാത്തുസൂക്ഷിക്കുകയും സ്വതന്ത്രമായി നിലനിൽക്കുകയും ചെയ്യുകയാണ് ആവശ്യം. ഇലക്ഷനടുക്കുമ്പോൾ ഏതെങ്കിലും ഒരു മുന്നണിയുടെ കൂടെ നിന്നാൽ മാത്രമേ “ഗുണമുണ്ടാകൂ” എന്ന ധാരണ അബദ്ധമാണ്. പകരം, മുന്നണികളുമായി സമദൂരം പാലിക്കുകയും, സാമുദായികമായി ശക്തി പ്രാപിക്കുകയും എല്ലാവർക്കും വേണ്ടപ്പെട്ടവരും വർഗ്ഗീയ വിഷം തീണ്ടാത്തവരുമായി മുന്നേറുകയും ചെയ്യുക… അത് മാത്രമേയുള്ളൂ ഇന്ന് ഇപ്പോൾ ക്രൈസ്തവന് മുന്നിലുള്ള വഴി എന്ന് തിരിച്ചറിയുക…
vox_editor

View Comments

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago