Categories: Sunday Homilies

ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18)

ആഗമന കാലത്തിലെ മൂന്നാം ഞായർ

ആഗമന കാലത്തിലെ മൂന്നാം ഞായർ

ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്. ആ കാത്തിരിപ്പിന് വിഷാദത്തിന്റെ വർണ്ണങ്ങളുണ്ടാകരുത്. നമ്മുടെ ജീവിതത്തിലേക്ക് വരുന്നവൻ രാജാവാണ്, രക്ഷകനാണ് ദൈവമാണെന്നാണ് സെഫാനിയ പ്രവാചകൻ പറയുന്നത്. ഇനി ഉള്ളിൽ നിറയേണ്ടത് ഭയമല്ല; ആനന്ദമാകണം, ആഹ്ലാദമാകണം. കാരണം, സന്തുഷ്ടനായ ഒരു ദൈവമാണ് പ്രത്യക്ഷപ്പെടുന്നത്. അവൻ വരുന്നത് സ്നേഹത്തിൽ നിന്നെ പുനഃപ്രതിഷ്‌ഠിക്കുന്നതിനു വേണ്ടിയാണ്
(Cf. സെഫാ 3 : 14-18).

മനുഷ്യ മക്കളോടൊപ്പമായിരിക്കുന്നതിലാണ് ദൈവം സന്തോഷം കണ്ടെത്തുന്നത്. അതുകൊണ്ടാണല്ലോ അവൻ ഇമ്മാനുവൽ എന്നറിയപ്പെടുന്നത്. നമ്മോടൊപ്പമായിരിക്കുന്ന ദൈവം ഭയം വിതരണം ചെയ്യുന്നവനല്ല. നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി നിറയ്ക്കാനും, ഹൃദയ സ്പന്ദനങ്ങൾക്ക് താളം ഇടാനും, സ്വപ്നങ്ങൾക്ക് നിറങ്ങൾ പകരാനുമാണ് വരുന്നത്. ആക്രോശിക്കുന്ന ഒരു ദൈവത്തെ വിശുദ്ധ ഗ്രന്ഥത്തിൽ നമുക്ക്  കാണാൻ സാധിക്കില്ല. തന്റെ ജനതയോട് ആജ്ഞയുടെയോ ഭീഷണിയുടെയോ ഭാഷ ഉപയോഗിക്കുന്നുമില്ല അവൻ. പക്ഷെ, സ്നേഹത്തെപ്രതി വിലപിക്കുന്ന ദൈവത്തിന്റെ ചിത്രം പ്രവാചകന്മാർ വരച്ചു കാണിക്കുന്നുണ്ട്.

ദൈവം സ്നേഹമാണെന്ന് പഠിപ്പിച്ചത് വിശുദ്ധഗ്രന്ഥം മാത്രമാണ്. പ്രവാചകരിലൂടെ ദൈവത്തിന് ലഭിച്ചത് പ്രണയിതാവിന്റെ മുഖമാണ്. അവർ പ്രഘോഷിച്ചത് മുഴുവനും ആ സ്നേഹത്തിൽ ഒട്ടി നിൽക്കാൻ മാത്രമാണ്. സ്നാപക യോഹന്നാനും അതേ ചിന്ത തന്നെയാണ് പകർന്നു നൽകുന്നത്. മാനസാന്തരത്തിന് യോജിച്ച ഫലങ്ങൾ പുറപ്പെടുവിക്കാൻ അവൻ മുന്നിലേക്ക് വയ്ക്കുന്ന നിർദ്ദേശങ്ങൾ സ്നേഹത്തിന്റെ പ്രായോഗികതലങ്ങളാണ്. ചില ചോദ്യങ്ങൾക്കുള്ള ഉത്തരമായിട്ടാണ് സ്നാപകൻ അവയെ അവതരിപ്പിക്കുന്നത്.

“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ചോദ്യം ജനക്കൂട്ടത്തിന്റെ താണ്. അടിച്ചമർത്തലിന്റെയും കഷ്ടതയുടെയും ഒരു പ്രതീകമാണ് ഈ ജനക്കൂട്ടം. ഉത്തരം വളരെ ലളിതമാണ്: “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‌ ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്‌ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ” (v.11). ഒട്ടകരോമം കൊണ്ട് നഗ്നത മറയ്ക്കുകയും വെട്ടുക്കിളിയേയും കാട്ടുതേനിനേയും ഭക്ഷണമാക്കിയവനാണ് പറയുന്നത് വസ്ത്രവും ഭക്ഷണവും പങ്കുവയ്ക്കുവാൻ. യോഹന്നാൻ പ്രഘോഷിക്കുന്നത് നൽകലിന്റെ സുവിശേഷമാണ്. ഇതിനേക്കാൾ മനോഹരമായ ഒരു പര്യായം സ്നേഹത്തിന് വേറെയില്ല. സ്നേഹമുണ്ടെങ്കിലെ നൽകാൻ സാധിക്കു, നൽകലുണ്ടെങ്കിലെ സ്നേഹിക്കാനും സാധിക്കു.

“ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഇപ്പോൾ ചോദിക്കുന്നത് ചുങ്കക്കാരും പടയാളികളുമാണ്. ജനങ്ങളുടെ മേൽ അധികാരമുള്ള ഒരു ചെറു കൂട്ടം. ഇവിടെയും ഉത്തരം ജീവിതഗന്ധിയാണ്. സ്നേഹമെന്നത് സാഹോദര്യമാണ്. സാഹോദര്യത്തിൽ അപഹരണമോ കുറ്റാരോപണമോ ധനത്തോടുള്ള ആർത്തിയോ ഉണ്ടാവുകയില്ല. മാനുഷികതയെ ഹൃദയത്തിൽ ചേർത്തു പിടിക്കാനാണ് സ്നാപകൻ ആഹ്വാനം ചെയ്യുന്നത്. സാഹോദര്യത്തിന്റെ ഒരു ലോകം നെയ്തെയെടുക്കാനും നീതിസൂര്യൻ എന്നും പ്രശോഭിക്കുന്ന ഒരു ദേശം കെട്ടിപ്പടുക്കാനും അധികാരികളിൽ നിറയേണ്ടത് സ്നാപകൻ വിഭാവനം ചെയ്യുന്ന മാനവികതയാണ്.

സഹജഭയമില്ലാത്ത ഒരു ലോകം; അതാണ് സ്നാപകൻ സ്വപ്നം കാണുന്ന ദൈവരാജ്യം. ആരെയും ചതിക്കാതെയും പറ്റിക്കാതെയും പരസ്പരം ബഹുമാനിച്ചു ജീവിക്കാൻ സാധിക്കുന്ന ഒരു ധാർമികത. അത് സ്നേഹമുള്ളിടത്ത് മാത്രം പൂവിടുന്ന നന്മയാണ്. സ്നേഹത്തിനു മാത്രമേ നമ്മുടെ ഉള്ളിൽ നിന്നും ഭയത്തിനെ മായ്ച്ചുകളയാൻ സാധിക്കു. സ്നേഹം എല്ലാം പുനഃപ്രതിഷ്‌ഠിക്കുമെന്ന് സെഫാനിയ പ്രവാചകൻ പറയുന്നുണ്ട്. സ്നേഹത്തിന്റെ വിപരീതമാണ് ഭയം. അത് എല്ലാം തളർത്തുകയും അപഹരിക്കുകയും ചെയ്യും. ആർത്തിയും അതൃപ്തിയും അപഹരണവുമെല്ലാം അനിർവചനീയമായ ഏതോ ഭയത്തിൽ നിന്നും പുറപ്പെടുന്ന തിന്മകളാണ്. അത് സഹജരെ ശത്രുവായി കാണാൻ പ്രേരിപ്പിക്കും.

ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഇനി ചോദിക്കേണ്ടത് നമ്മളാണ്. “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” ഉത്തരം ഒന്നേയുള്ളൂ. സഹജഭയത്തിന്റെ സുവിശേഷം പ്രഘോഷിക്കാതിരിക്കുക. പരസ്പരം സ്നേഹിച്ച് സ്വർഗ്ഗനിശ്വാസം ഭൂമിയിൽ പരത്തുക. കാരണം, നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവൻ സ്നേഹത്തിന്റെ മൂർത്തീഭാവമാണ്.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

12 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

13 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

22 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

23 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

23 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

23 hours ago