Categories: Meditation

“ഞാൻ നിത്യജീവൻ നൽകുന്നു” (യോഹ 10:27-30)

ദൈവിക ജീവന്റെ വിത്തുകൾ നമ്മിൽ എല്ലാവരിലുമുണ്ട്...

പെസഹാക്കാലം നാലാം ഞായർ

“എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു”:
“സ്വരം”. എത്ര സുന്ദരമാണീ പദം. യേശു അറിഞ്ഞു തന്നെ ഈ പദം തെരഞ്ഞെടുത്തതായിരിക്കണം. പറച്ചിലുകളുടെ അകങ്ങളിൽ എപ്പോഴും സ്വരം അടങ്ങിയിട്ടുണ്ട്. സ്വരം, അത് സ്വത്വത്തിന്റെ ഗാനമാണ്. സ്വരം തിരിച്ചറിയുക എന്ന് പറഞ്ഞാൽ ആഴമായ ബന്ധം എന്ന് തന്നെയാണ് അർത്ഥം. അതിൽ സ്നേഹത്തിന്റെ പരിലാളനമുണ്ട്. അതുകൊണ്ടാണ് ഉത്തമഗീതത്തിലെ മണവാളൻ “ഞാൻ നിന്റെ സ്വരമൊന്ന് കേൾക്കട്ടെ” എന്ന് കാതരമായി ആലപിക്കുന്നത് (ഉത്തമ 2:14). സ്നേഹം വാക്കുകളെ അന്വേഷിക്കുന്നില്ല. അതിന് ഒരു ചെറു നിസ്വനം മാത്രം മതി. സ്വരം. അതിനൊരു അർത്ഥം കൽപ്പിക്കാൻ സാധിക്കുകയില്ലെങ്കിലും അത് നിന്റേതാകുമ്പോൾ ആയിരം വാക്കുകളേക്കാൾ മധുരമാണ്.

“എന്റെ ആടുകൾ എന്നെ അനുഗമിക്കുന്നു”:
ആടുകൾ എന്നെ അനുസരിക്കുന്നു എന്നല്ല യേശു പറഞ്ഞത്, അവ എന്നെ അനുഗമിക്കുന്നു എന്നാണ്. അനുഗമിക്കുക എന്നാൽ യേശു നടന്ന വഴിയിലൂടെ നടക്കുക എന്നതാണ്. അർത്ഥമില്ലായ്മയുടെ രാവണൻ കോട്ടയിൽ നിന്നുള്ള പുറത്ത് കടക്കലാണത്. കൽപ്പനകൾ പുറപ്പെടുവിച്ചും അനുസരിച്ചുമുള്ള ഒരു ജീവിതമല്ലത്. ഒരു പക്ഷിയുടെ വഴി തേടിയുള്ള യാത്ര പോലെയാണത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ അസാധ്യമായ ഏകാന്തതയോടെ നിശ്ചലതയിലേക്കുള്ള യാത്രയാണത്. അത് നിനക്ക് വാഗ്ദാനം ചെയ്യുക പുതിയ ഭൂമികയും, പുതിയ ചക്രവാളവും, പുതിയ ചിന്തകളുമായിരിക്കും.

എന്തിന് നീ അവന്റെ സ്വരം ശ്രവിക്കണം? ഈ ചോദ്യത്തിന് ഉത്തരം യേശു തന്നെ നൽകുന്നുണ്ട്. “ഞാൻ നിത്യജീവൻ നൽകുന്നു” (v.28). ഒരു അമ്മ കുഞ്ഞിന് ജന്മം നൽകുന്നതുപോലെ യേശു നൽകുന്നതും ജീവൻ മാത്രമാണ്. അവന്റെ സ്വരമാകണം നിന്റെ ജീവഹേതു. അവന്റെ വാക്കുകളാകണം നിന്റെ സ്നേഹമന്ത്രണം. അങ്ങനെയാകുമ്പോൾ നിന്റെ കലപിലകളും ജല്പനങ്ങളും പോലും ഒരു ഹവിസ്സായി മുകളിലേക്ക് പറന്നുയരും. ആനന്ദമഴയായി അവ സഹജരിൽ പെയ്തിറങ്ങുകയും ചെയ്യും.

ഇനി നീ വിചിന്തനം ചെയ്യേണ്ടത് യേശു നിനക്ക് എന്തു നൽകുന്നുവെന്നതാണ്. ഈ കൊച്ചു ജീവിതകാലയളവിൽ ഒത്തിരി ഗുരുക്കന്മാരും നായകന്മാരും നിന്റെ മുന്നിലൂടെയും ജീവിതത്തിലൂടെയും കയറിയിറങ്ങി പോയിട്ടുണ്ടല്ലോ. അവരെല്ലാവരും നിന്നെ പലതും ഓർമ്മിപ്പിക്കുകയായിരുന്നു. പഠിപ്പിക്കുകയായിരുന്നു. ചില കടപ്പാടുകൾ, കടമകൾ, കൽപ്പനകൾ, അനുസരണ, അനുകമ്പ, ആർദ്രത തുടങ്ങിയവയുടെ ഓർമ്മപ്പെടുത്തലുകളായിരുന്നു അവരെല്ലാവരും നിനക്ക് നൽകിയത്. ചില ഗുരുക്കന്മാരുടെയും പഠനങ്ങളുടെയും മുമ്പിൽ ചിലപ്പോൾ നീ അനുഭവിച്ചിട്ടുണ്ടാവുക വിമ്മിട്ടവും സംഘർഷവും മാത്രമായിരിക്കാം. എല്ലാവരും നന്മയായി നിന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ടാകില്ലായിരിക്കാം. യേശുവെന്ന ഈ ഗുരുവിന്റെ മുമ്പിൽ ഒരു നിമിഷം നീയൊന്ന് ഇരിക്കുക. ഒരിക്കലും ഒരു ശ്വാസംമുട്ടലിന്റെ അനുഭവം നിനക്ക് ഉണ്ടാകില്ല. എന്തെന്നാൽ അവൻ നൽകുന്നത് നിത്യജീവനാണ്. അത് ആധികാരികമായ ജീവനാണ്. അത് എന്നന്നേയ്ക്കുമുള്ള ജീവനാണ്. അത് ദൈവത്തിന്റെ ജീവനാണ്.

ദൈവിക ജീവന്റെ വിത്തുകൾ നമ്മിൽ എല്ലാവരിലുമുണ്ട്. അത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശത്തിന്റെയും വിത്തുകളാണ്. ആ വിത്തുകൾ മുളപൊട്ടി വളർന്നു പന്തലിക്കണമെങ്കിൽ ജീവന്റെ വിളനിലമായ യേശുവിൽ വീണ് അലിഞ്ഞില്ലാതാകണം. അങ്ങനെയാകുമ്പോൾ “അവ ഒരിക്കലും നശിച്ചു പോവുകയില്ല. അവയെ എന്റെ അടുക്കൽ നിന്നും ആരും പിടിച്ചെടുക്കുകയുമില്ല” (v.28). നോക്കൂ, നിത്യജീവൻ എന്ന് പറഞ്ഞാൽ ദൈവകരങ്ങളിലുള്ള കൂടൊരുക്കലാണ്. ഒരു കുഞ്ഞു കിളിയെ പോലെ ആ കരങ്ങളുടെ ചൂടറിയുവാനുള്ള വിളിയാണ്. കുഞ്ഞുങ്ങൾ അമ്മമാരുടെ കരങ്ങളിൽ മുറുകെ പിടിക്കുന്നതു പോലെയുള്ള ആശ്രയത്വാനുഭവമാണത്. അതിലുപരി, ദൈവം എന്റെ കരങ്ങളിൽ പിടിച്ചിട്ടുണ്ട് അതിനാൽ ഞാൻ വീഴുകയില്ല, എന്നെ ആരും വീഴ്ത്തുകയുമില്ല എന്ന വിശ്വാസാനുഭവമാണത്. നീ ചെയ്യേണ്ടത് ആ കരങ്ങളിൽ മുറുകെ പിടിക്കുക എന്നതാണ്. പ്രണയിക്കുന്നവർ അവരുടെ കരങ്ങൾ ചേർത്ത് പിടിക്കുന്നതുപോലെ. എന്നിട്ട് ക്രൂശിതൻ ഉച്ചത്തിൽ പ്രാർത്ഥിച്ചത് പോലെ നീയും പ്രാർത്ഥിക്കണം; “അങ്ങയുടെ കരങ്ങളിൽ എന്റെ ജീവനെ ഞാൻ സമർപ്പിക്കുന്നു”.

ദൈവകരത്തെ കുറിച്ച് ഏശയ്യാ പ്രവാചകൻ പറയുന്ന ഒരു കാര്യമുണ്ട്. “ഇതാ നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു” (49:16). എത്ര സുന്ദരമാണീ ദൈവചിത്രം. ഏറ്റവും പ്രധാനപ്പെട്ടത് മറന്നു പോകാതിരിക്കാൻ വിദ്യാർത്ഥികൾ ഉള്ളംകൈയിൽ കോറിയിടുന്നത് പോലെ ദൈവം നമ്മെ ഓരോരുത്തരെയും അത്രയ്ക്ക് പ്രധാനപ്പെട്ടവരായി കരുതുകയാണ്. ആ കരങ്ങളിൽ നിന്നും നിന്നെ പിടിച്ചെടുക്കാൻ ആർക്കും സാധിക്കുകയില്ല. ആ കരങ്ങളിൽ നിന്നും നിന്റെ നാമം ഒരിക്കലും മാഞ്ഞു പോകുകയുമില്ല.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago