Categories: Meditation

6th Sunday_Easter time_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

സ്നേഹത്തിൽ മാത്രമേ ദൈവത്തിന് മനുഷ്യ രൂപം പ്രാപിക്കാനും സാധിക്കു...

പെസഹാക്കാലം ആറാം ഞായർ

യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി നിൽക്കാനേ നമുക്ക് സാധിക്കു. അപ്പോഴും ഒരു കാര്യം ഓർക്കണം, മിസ്റ്റിസിസം എന്നത് ചിലർക്ക് മാത്രം ലഭിക്കുന്ന അനുഭവമാണെന്ന് കരുതരുത്. ഓരോ ക്രൈസ്തവനും കടന്നു പോകേണ്ട വഴിയാണിത്.

വെറും ഏഴ് വാക്യങ്ങൾ മാത്രമാണ് ഈ സുവിശേഷഭാഗത്തിലുള്ളത്. അത് തുടങ്ങുന്നതും അവസാനിക്കുന്നതും സ്നേഹത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. വരികളിലുള്ളത് വലിയൊരു ഉറപ്പാണ്. എന്നേക്കും നമ്മോട് കൂടെ ആയിരിക്കാൻ മറ്റൊരു സഹായകനെ പിതാവ് നൽകുമെന്ന ഉറപ്പ്. കൂടെ ആയിരിക്കുന്ന ദൈവം. കൂട്ടായി മാറുന്ന ദൈവം. ഇനി നമ്മൾ ഏകരല്ല, ഒറ്റയ്ക്കുമല്ല. ദൈവം നമ്മിലുണ്ട്, നമ്മൾ അവനിലുമുണ്ട്. ആ ബന്ധത്തിൽ ഐക്യമുണ്ട്, അടുപ്പമുണ്ട്, ചേർച്ചയുണ്ട്. അതിലുപരി ദൈവവുമായി അലിഞ്ഞുചേരുന്ന ആത്മഹർഷമുണ്ട്. അതെ, അവൻ നമ്മെ അനാഥരായി വിടുകയില്ല.

ആയിരിക്കുക, വസിക്കുക. ഇവ രണ്ടുമാണ് സുവിശേഷത്തിലെ പ്രധാന ക്രിയകൾ. യേശുവെന്ന മുന്തിരിച്ചെടിയിലെ ശാഖകളാണ് നമ്മൾ. അവനും നമ്മൾക്കും ഒരേ തണ്ടാണ്. അവനിലും നമ്മിലും ഒഴുകുന്നത് ഒരേ രക്തമാണ്, ഒരേ ജീവനാണ്. ആ മുന്തിരിച്ചെടിയിൽ ഹിമകണം പോലെ മന്നായുണ്ട്, ഹൊറേബ് മലയിലെ ജ്വാല പോലെ വിശുദ്ധിയുണ്ട്, കാറ്റുപോലെ ജീവശ്വാസമുണ്ട്.

വളരെ ലളിതമാണ് അവൻ നൽകുന്ന വ്യവസ്ഥ. “നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ”. അവൻ പറയുന്നില്ല, നിങ്ങൾ എന്നെ സ്നേഹിക്കണം എന്ന്. അങ്ങനെയായാൽ സ്നേഹം ഒരു കടമയായി മാറിയേനെ. ഇല്ല, ആരെയും നിർബന്ധിക്കുന്നില്ല. ആരെയും ബ്ലാക്ക് മെയിൽ ചെയ്യുന്നുമില്ല. അവനെ സ്വീകരിക്കാനും നിരസിക്കാനുമുള്ള പൂർണ സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട്. അതെ, സ്നേഹിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അവനെ സ്നേഹിക്കുക എന്നത്. കാരണം, അത് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. സ്നേഹത്തിനുമുണ്ട് മൂല്യം. സ്വന്തം ജീവിതം നൽകി മാത്രമേ അതിനെ സ്വന്തമാക്കാൻ സാധിക്കു. നിങ്ങൾ അവനെ സ്നേഹിക്കുന്നുവെങ്കിൽ മറ്റൊരു വ്യക്തിയായി നിങ്ങൾ മാറും. നിങ്ങൾ അവന്റെ കണ്ണാടിയായി മാറും. നിങ്ങളിൽ അവൻ പ്രതിഫലിക്കും.

“നിങ്ങളെന്നെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്റെ കല്പനകൾ പാലിക്കും.” കടപ്പാടല്ല, ആന്തരികശക്തിയാണത്. അവനെപ്പോലെ പ്രവർത്തിക്കാനും സ്വർഗീയതയേയും ചരിത്ര നന്മകളെയും പകർന്നു നൽകാനും ശത്രുക്കളെ സുഹൃത്തുക്കളായി മാറ്റാനും എല്ലാവരെയും ചേർത്തിരുത്തുന്ന വിരുന്നു മേശകൾ ഒരുക്കാനും വലിപ്പച്ചെറുപ്പ വ്യത്യാസമില്ലാതെ സകലരെയും ആശ്ലേഷിക്കാനും സാധിക്കുന്ന ആന്തരിക ഊർജ്ജമാണത്. കടമയല്ല അത്. അനർഗളമായി ഉള്ളിൽ നിന്നും ഒഴുകുന്ന അനിർവചനീയമായ ദൈവീകാനുഭൂതിയാണത്. അത് ദൈവ സ്നേഹമാണ്. മുന്തിരിവള്ളികളുടെ ഉള്ളിലുള്ള നിണനീരു പോലെയാണത്. അത് പിന്നീട് മുകുളങ്ങളാകും, ഇലകളാകും, പൂക്കളാകും, മുന്തിരികുലകളാകും.

സ്നേഹത്തിൽ മാത്രമേ മനുഷ്യന് ദൈവീക ഭാവം ലഭിക്കു. അതുപോലെതന്നെ സ്നേഹത്തിൽ മാത്രമേ ദൈവത്തിന് മനുഷ്യ രൂപം പ്രാപിക്കാനും സാധിക്കു. യേശു പറയുന്ന കൽപ്പനകൾ മോശയുടെ കല്പനകളല്ല. അവൻ ജീവിച്ച ജീവിതം തന്നെയാണത്. അതിലൊരു അവ്യക്തതയുമില്ല. അതൊരു സ്നേഹ വൃത്താന്തമാണ്. അവന്റെ ഓരോ പ്രവൃത്തിയിലും ആ ജീവിതത്തെ സംഗ്രഹിക്കാവുന്നതാണ്. അവൻ തന്നെയാണ് അവന്റെ കല്പനകൾ. നഷ്ടപ്പെട്ട ആടുകളെ തേടി ഇറങ്ങിയവനാണവൻ. ചുങ്കക്കാരെയും വേശ്യകളെയും വിധവകളെയും വഴിതെറ്റിയവരെയും ചേർത്തുനിർത്തിയവനാണവൻ. ശിശുക്കൾക്ക് ദൈവരാജ്യം നൽകിയവനാണവൻ. അവസാനത്തോളം, ഹൃദയം പിളരുന്നതുവരെയോളം, കൂടെയുള്ളവരെ സ്നേഹിച്ചവനാണവൻ. അവനാണ് പറയുന്നത്, “ഞാൻ നിങ്ങളെ അനാഥരായില്ല വിടുകയില്ല. ഞാൻ ജീവിക്കുന്നു, നിങ്ങളും ജീവിക്കും”.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago