Categories: World

കത്തോലിക്കാസഭയിലെ സമർപ്പിത ജീവിതരീതികൾ – അറിഞ്ഞിരിക്കേണ്ടവ

കത്തോലിക്കാസഭയിലെ സമർപ്പിത ജീവിതരീതികൾ - അറിഞ്ഞിരിക്കേണ്ടവ

 

ഫാ. ബിബിൻ മഠത്തിൽ

“അച്ചന്മാർക്കു കാറുകൾ വാങ്ങാമെങ്കിൽ എന്തുകൊണ്ട് സിസ്റ്റർമാർക്ക് വാങ്ങിക്കൂടാ?” “സന്യാസിനിമാർക്ക് അവർ വാങ്ങുന്ന ശമ്പളം എന്തുകൊണ്ട് അവരുടെ കൈയിൽ കിട്ടുന്നില്ല?” എന്നിങ്ങനെ നൂറുകണക്കിനു സംശയങ്ങളാണു ഓരോ ദിവസവും ആളുകൾ ചോദിക്കുന്നത്. സന്യസ്ഥജീവിതത്തെക്കുറിച്ചൊ പൗരോഹിത്യത്തെക്കുറിച്ചൊ ഉള്ള അജ്ഞത ആവാം ഒരുപക്ഷെ അവരെ ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്. പൊതുസമൂഹത്തിൽ നിന്നു വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരുടെ ജീവിത രീതികളും ആശയങ്ങളുമൊക്കെ ഏതൊരാളുടേയും മനസിൽ കൌതുകം ഉണർത്തുക സ്വാഭാവികമാണല്ലൊ. വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കിൽ അതിശയോക്തികൾ കലർത്തിയുള്ള കഥകൾ സത്യമാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരും. അതിനാൽ സന്യാസവും പൌരോഹിത്യവുമൊക്കെ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലയളവിൽ അവ എന്താണെന്നും അവ തമ്മിലുള്ള വ്യത്യാസം എന്താണെന്നുമൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും.

സഭയുടെ ജനകീയ മുഖമാണു ഇടവകകളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ എന്നാണു ഞാൻ കരുതുന്നത്. സഭാംഗങ്ങളുമായും മറ്റുള്ളവരുമായും ഒക്കെ ഇടപഴകുവാനും അവരുമായി ആഴത്തിൽ ബന്ധം സ്ഥാപിക്കാനും സാധിക്കുന്നത് ഇവർക്കാണ്. സദാസമയവും പൊതുജനത്തോടൊപ്പം ആയിരിക്കുന്ന ഇവരുടെ ജീവിതശൈലിയ്ക്കനുസരിച്ചായിരുന്നു മുമ്പൊക്കെ പൊതുജനം വൈദികരെ വിലയിരുത്തിയിരുന്നത്. ഇടവകയിൽ സേവനം ചെയ്യുന്ന ഈ വൈദികരിൽ ഭൂരിഭാഗവും ‘രൂപതാ വൈദികർ‘ ആയിരിക്കും. ഏതെങ്കിലും രൂപതയിലെയൊ അതിരൂപതയിലെയൊ വൈദികകൂട്ടായ്മയിൽ അംഗങ്ങളായ ഇവർ സന്യാസസഭാ വൈദികരിൽ നിന്നു തികച്ചും വ്യത്യസ്തരാണ്.

രൂപതാവൈദികരും സന്യസ്ഥരും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം എന്നു പറയുന്നത് സന്യസ്ഥർ എടുക്കുന്ന വ്രതങ്ങളാണ്. മാത്രമല്ല, കത്തോലിക്കാസഭയിൽ പൌരോഹിത്യം പുരുഷന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും സന്യാസം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ സ്വീകരിക്കാവുന്നതാണ്. പുരുഷന്മാരുടെ സന്യാസസഭകളിൽ വൈദികരെ കൂടാതെ സന്യാസം സ്വീകരിച്ച സഹോദരന്മാരും ഉണ്ട്. ഇത്തരം സഭകളിൽ വൈദികപട്ടം സ്വീകരിച്ച സഹോദരനെന്നോ സ്വീകരിക്കാത്ത സഹോദരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തുല്യസഹോദരങ്ങൾ എന്ന രീതിയിലാണ് അവർ ജീവിക്കുന്നത്. പുരുഷന്മാർക്കു വേണ്ടിയുള്ളതായാലും സ്ത്രീകൾക്കുവേണ്ടിയുള്ളതായാലും പ്രധാനമായും രണ്ടു രീതിയിലുള്ള സന്യാസസഭകളാണ് കത്തോലിക്കസഭയിൽ ഉള്ളത് – ധ്യാനാത്മക ജീവിതം നയിക്കുന്നവയും സജീവമായി സമൂഹത്തിൽ പ്രവർത്തിക്കുന്നവയും.

പൂർണ്ണമായും പ്രാർത്ഥനയിലും പഠനത്തിലും മുഴുകിയുള്ള ജീവിതം ആദ്യകാലം മുതലേ ക്രൈസ്തവരെ സ്വാധീനിച്ചിരുന്നു എന്നു വേണം കരുതുവാൻ. സ്നാപകയോഹന്നാന്റെ മാതൃകയിൽ ഈജിപ്തിലെ മരുഭൂമിയിലാണു ക്രൈസ്തവർ ആദ്യമായി സന്യാസം സ്വീകരിച്ചതെന്നു കരുതപ്പെടുന്നു. തുടക്കത്തിൽ അവരാരും സമൂഹമായായിരുന്നില്ല ജീവിച്ചിരുന്നത്. ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിൽ മരുഭൂമിയിലെ വിശുദ്ധ അന്തോണിയൂസിന്റെ പ്രേരണയിൽ വിശുദ്ധ പാക്കോമിയൂസ് ആണ് ആദ്യമായി സന്യാസം സ്വീകരിച്ച സഹോദരങ്ങളെ ഒരുമിപ്പിച്ചു കൂട്ടി സമൂഹമാ‍ക്കി മാറ്റിയത്. ഇതിനു ശേഷം ആറാം നൂറ്റാണ്ടിൽ വിശുദ്ധ ബെനഡിക്റ്റ് റോമിനടുത്ത് സുബിയാക്കോയിൽ ഒരു സന്യാസസമൂഹം സ്ഥാപിക്കുകയും ആ സമൂഹത്തിനുവേണ്ടി ഒരു നിയമം എഴുതുകയും ചെയ്തു. ‘വിശുദ്ധ ബെനഡിക്റ്റിന്റെ നിയമങ്ങൾ‘ എന്ന് ഇത് അറിയപ്പെടുന്നു. അനുസരണം, ആശ്രമജീവിതത്തിൽ നിലനിൽപ്പ്, ജീവിതപരിവർത്തനം എന്നിങ്ങനെയുള്ള മൂന്നു വ്രതങ്ങളാണു ധ്യാനാത്മക ജീവിതം നയിക്കുന്ന സന്യാസികൾ വാഗ്ദാനം ചെയ്യുന്നത്. മഠാധിപതിയോടുള്ള വിധേയത്വവും സ്വകാര്യസ്വത്തുക്കൾ ഉപേക്ഷിക്കുന്നതും ബ്രഹ്മചര്യം പാലിക്കുന്നതും ഒക്കെ ഈ വ്രതങ്ങളുടെ ഭാഗമാണ്. വിശുദ്ധ ബെനഡിക്റ്റിന്റെ കാലശേഷം പതിനഞ്ചു നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ നിയമങ്ങൾ അതേ ചൈതന്യത്തോടെ ജീവിക്കുന്ന സന്യാസസമൂഹങ്ങൾ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ട്. വാഗമണിനടുത്തുള്ള കുരിശുമല ആശ്രമം, പലയിടങ്ങളിലുമുള്ള ഏകാന്തമഠങ്ങൾ (മിണ്ടാമഠങ്ങൾ എന്നു പൊതുവിൽ അറിയപ്പെടുന്നവ) എന്നിവ ധ്യാനാത്മകജീവിതം നയിക്കുന്ന, ബെനഡിക്റ്റൻ ചൈതന്യം പിന്തുടരുന്ന സന്യാസമൂഹങ്ങൾ ആണ്. ബെനഡിക്റ്റൻസ്, കാർമ്മലൈറ്റ്സ് എന്നിങ്ങനെ ധ്യാനാത്മകജീവിതം നയിക്കുന്ന സമൂഹങ്ങൾ ഇന്നും ഉണ്ട്. ഒരു കാലത്ത് നമ്മെയൊക്കെ പോലെ തിരക്കുപിടിച്ച ജീവിതങ്ങൾ നയിച്ചിരുന്നവർ ആയിരുന്നു ഇവിടങ്ങളിൽ താമസിക്കുന്ന പല സന്യസ്ഥരും. എന്നാൽ ജീവിതത്തിന്റെ ഏതെങ്കിലും പ്രത്യേകകാലഘട്ടത്തിൽ പൊതുസമൂഹത്തിൽ നിന്നും മാറി ഏകാന്തതയിൽ ദൈവവുമായി ചേർന്നിരിക്കുവാൻ സ്വയം തീരുമാനം എടുത്തവരാണ് അവർ. ഒരുപക്ഷെ ഏറ്റവും സംതൃപ്തി നിറഞ്ഞ ജീവിതങ്ങളെ കാണാൻ സാധിക്കുന്ന സ്ഥലങ്ങളാവും ധ്യാനാത്മകജീവിതം നയിക്കുന്ന ഈ സന്യാസഭവനങ്ങൾ.

ധ്യാനാത്മകജീവിതം നയിക്കുന്ന സന്യസ്ഥരെ കൂടാതെ പൊതുസമൂഹത്തിൽ സജീവമായി ഇടപെടുകയും എന്നാൽ സന്യാസജീവിതത്തിന്റെ ചൈതന്യം ജീവിതത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന സന്യാസസമൂഹങ്ങളും കത്തോലിക്കാ‍സഭയിൽ ഉണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ ഡൊമിനിക്കും അസീസിയിലെ വിശുദ്ധ ഫ്രാൻസിസും പൊതുസമൂഹത്തിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സന്യാസജീവിതത്തെ പുണരാൻ ആഗ്രഹിച്ചു. ഇങ്ങനെയാണു മെൻഡിക്കന്റ് സഭകൾ എന്നറിയപ്പെടുന്ന ഭിക്ഷുക്കളായ സന്യാസിമാരുടെ സമൂഹങ്ങൾ രൂപം കൊള്ളുന്നത്. ഇപ്രകാരം സമൂഹത്തിൽ സജീവജീവിതം നയിക്കുന്ന അനേകം സമൂഹങ്ങൾ പിൽക്കാലത്ത് സഭയിൽ രൂപം കൊണ്ടു. ധ്യാനാത്മക സന്യാസ ശൈലിയിൽ നിന്നു വ്യത്യസ്ഥമായി ബ്രഹ്മചര്യം, ദാരിദ്രം, അനുസരണം എന്നിവയാണ് ഇവർ സ്വീകരിക്കുന്ന വ്രതങ്ങൾ.

സ്ത്രീകളും പുരുഷന്മാരുമായി ഇന്നു കേരളത്തിലെ കത്തോലിക്കാസഭയിൽ അംഗങ്ങളായിരിക്കുന്ന ഭൂരിപക്ഷം സന്യസ്ഥരും ഇതുപോലെ സജീവജീവിതം നയിക്കുന്നവരാണ്. അതുകൊണ്ടാണ് ഏകാന്തമഠങ്ങളിലെ സന്യാസീ-സന്യാസ സഹോദരങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഇവർക്ക് പൊതുസമൂഹത്തിൽ ഇടപെടാനും പ്രവർത്തിക്കുവാനും സാധിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ആതുരശുശ്രൂഷകൾ, സാമൂഹികപ്രവർത്തനങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിൽ ഇന്നു നമുക്ക് ഈ സന്യസ്ഥരെ കാണുവാൻ സാധിക്കും. ഇവരിൽ ചിലരൊക്കെ ഇടവകകളിലും ജോലി ചെയ്യാറുണ്ട്. ഇത്തരത്തിൽ സമൂഹത്തിൽ സജീവജീവിതം നയിക്കുമ്പോഴും തങ്ങൾ സ്വീകരിക്കുന്ന വ്രതങ്ങൾ പാലിക്കുവാൻ ബദ്ധശ്രദ്ധരായിരിക്കണം എന്നതാണു ഓരോ സന്യാസിയുടെയും സന്യാസിനിയുടെയും മുമ്പിലുള്ള വെല്ലുവിളി. കാരണം, അവരെ സംബന്ധിച്ചിടത്തോളം സന്യാസത്തിന്റെ അന്തസത്ത അടങ്ങിയിരിക്കുന്നത് അവർ സമൂഹത്തിൽ ചെയ്തുകൂട്ടുന്ന പ്രവൃത്തികളിൽ അല്ല, മറിച്ച് ദൈവത്തോട് അവർ ചെയ്ത ഉടമ്പടിയായ വ്രതങ്ങളുടെ പൂർത്തീകരണത്തിലാണ്.

ഇത്തരത്തിൽ സന്യസ്ഥജീ‍വിതം നയിക്കുന്ന സഹോദരങ്ങളിൽ നിന്നു വ്യത്യസ്ഥമായ ഒരു ജീവിതാന്തസ് തിരഞ്ഞെടുത്തിരിക്കുന്നവരാണ് ഇടവകവൈദികർ. അവർ ഏതെങ്കിലുമൊരു സന്യാസസമൂഹത്തിന്റെ ഭാഗമല്ല, മറിച്ച് രൂപതയിലെ വൈദിക കൂട്ടായ്മയുടെ ഭാഗം ആണ്. സന്യസ്ഥരുടേത് പോലെ വ്രതങ്ങൾ അവർ എടുക്കുന്നില്ല. എന്നാൽ അനുസരണവും ബ്രഹ്മചര്യവും അവർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുതന്നെയാണു സന്യസ്ഥരും ഇടവകവൈദികരും തമ്മിലുള്ള വ്യത്യാസവും.

വ്രതങ്ങളിൽ ആദ്യത്തേതാണു അനുസരണം. അധികാരികളോടുള്ള വിധേയത്വമാണു അനുസരണമെന്ന വ്രതത്തിന്റെ കാതൽ. എന്നാൽ അന്ധമായി അധികാരിയ്ക്ക് വിധേയപ്പെട്ടിരിക്കണം എന്നല്ല ഇതിന്റെ അർത്ഥം. അനുസരണത്തിന്റെ പേരിൽ തിന്മയായതൊന്നും ചെയ്യേണ്ടതില്ല. മറിച്ച് സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് പൊതുനന്മയെപ്രതിയോ ദൈവേഷ്ടത്തെപ്രതിയോ അധികാരികളെ അനുസരിക്കുകയാണ് അവർ ചെയ്യേണ്ടത്. ഒരു സമൂഹത്തിൽ അധികാരികളെ അനുസരിക്കാത്ത ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ അവർ ആ സമൂഹത്തിനു തന്നെ തലവേദനയാകും. നമ്മുടെ കുടുംബങ്ങളിലെ അനുഭവങ്ങൾ തന്നെ ഇതു നമുക്ക് വെളിപ്പെടുത്തി തരാറുണ്ട്. അതിനാൽ അനുസരണം അധികാരികളോട് വിധേയർ ചെയ്യുന്ന കരുണയാണ്. വ്രതവാഗ്ദാന സമയത്ത് സന്യാസികൾ അവരവരുടെ സഭയിലെ അധികാരികളോടുള്ള അനുസരണമാണു വാഗ്ദാനം ചെയ്യുന്നതെങ്കിൽ വൈദികപട്ടം സ്വീകരിക്കുന്ന സമയത്ത് ഇടവകവൈദികർ (സന്യാസവൈദികരും) തങ്ങൾ ശുശ്രൂഷചെയ്യുന്ന രൂപതയിലെ മെത്രാനെ പൂർണ്ണഹൃദയത്തോടും വിധേയത്വത്തോടും കൂടി അനുസരിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്.

അനുസരണം പോലെ തന്നെ പ്രധാനപ്പെട്ടതാണു ബ്രഹ്മചര്യവും. ഒരുപക്ഷെ പൊതുസമൂഹത്തിൽ ഇന്നും പലർക്കും മനസിലാകാത്ത ഒരു കാര്യമാണു കത്തോലിക്കാസഭയിലെ സന്യസ്ഥരുടെയും വൈദികരുടെയും ബ്രഹ്മചര്യത്തിന്റെ പ്രാധാന്യം. “നിങ്ങൾക്കെങ്ങനെ ബ്രഹ്മചാരിയായി ജീവിക്കാൻ കഴിയുന്നു?” “ജീവശാസ്ത്രപരമായി ഇങ്ങനെ നിത്യബ്രഹ്മചാരിയായി ജീവിക്കാൻ സാധ്യമല്ല.” എന്നിങ്ങനെയുള്ള ചോദ്യങ്ങളും കമന്റുകളും പലപ്പോഴും കേൾക്കാറുണ്ട്. അതിനാൽ തന്നെ ബ്രഹ്മചര്യത്തിന്റെ മഹത്വം അതു പാലിക്കുന്നവർക്കേ മനസിലാകൂ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അവിഭാജിതമായ പൂർണ്ണഹൃദയത്തോടേ ദൈവത്തെ സ്നേഹിക്കുവാനും ദൈവത്തിനല്ലാതെ മറ്റൊന്നിനും ജീവിതത്തിൽ സ്ഥാനമില്ലാത്തവണ്ണം സമ്പൂർണ്ണമായി സമർപ്പിക്കുവാനും വേണ്ടിയാണു ഒരാൾ നിത്യബ്രഹ്മചാരിയായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്നത്. കത്തോലിക്കാസഭയുടെ ഭാഗമായി ലോകമാകമാനമുള്ള സകല സന്യസ്ഥരും ബ്രഹ്മചാരികളായി ജീവിക്കുന്നവരാണ്. എന്നാൽ ഉക്രേനിയൻ റീത്ത് പോലെ ഉള്ള കത്തോലിക്കാസഭകളിൽ ഓർത്തഡോക്സ് രീതിയിൽ വിവാഹം ചെയ്തവരും ഇടവകവൈദികർ ആകാറുണ്ട്. ഒരു കാലത്ത് കത്തോലിക്കാസഭയിൽ വിവാഹം ചെയ്ത വൈദികർ എല്ലാ സഭകളിലും ഉണ്ടായിരുന്നു. എന്നാൽ സമ്പൂർണ്ണമായി ദൈവജനത്തിനു സമർപ്പിക്കുവാൻ അവർക്കുണ്ടായിരുന്ന ബുദ്ധിമുട്ടും കാലക്രമേണ ചിലയിടങ്ങളിലെങ്കിലും സ്വന്തം മക്കളോടൊ ബന്ധുക്കളോടോ അവർക്കു തോന്നിയ പക്ഷപാതപരമായ സ്നേഹവും കുടുംബം നടത്താൻ വേണ്ട ഭാരിച്ച സാമ്പത്തികബാധ്യതയും മറ്റും മൂലം ബ്രഹ്മചാരികളായ വൈദികർക്ക് പൊതുവിൽ സ്വീകാര്യത ലഭിക്കുകയും പിന്നീടത് ലത്തീൻ, സിറോ-മലബാർ, സിറോ-മലങ്കര ഉൾപ്പെടെയുള്ള കത്തോലിക്കാസഭകളിൽ നിയമം ആയിത്തീരുകയും ആയിരുന്നു. ഇന്നു കേരളത്തിൽ ജോലിചെയ്യുന്ന കത്തോലിക്കാപുരോഹിതരും സന്യസ്ഥരും ബ്രഹ്മചാരികളാണ്.

കത്തോലിക്കാസഭയിലെ സന്യാസിനി-സന്യാസികൾ നടത്തുന്ന മൂന്നാമത്തെ വ്രതമാണു ദാരിദ്രം. ഈ ദാരിദ്രവ്രതം മൂലമാണു സ്വകാര്യസ്വത്തുക്കൾ കൈവശം വയ്ക്കുന്നതിൽ നിന്നും ഒരു സന്യാസിക്ക് വിലക്കുള്ളത്. ആദിമസഭയുടെ ചൈതന്യം ഉൾക്കൊണ്ട് കൊണ്ട് ഉള്ളതെല്ലാം പരസ്പരം പങ്കുവച്ച് ജീവിക്കുന്നവരാണു സന്യസ്ഥർ. അവർക്കിടയിൽ ഡോക്ടർമാർ ഉണ്ടാകാം, അധ്യാപകർ ഉണ്ടാകാം, വക്കീലന്മാർ ഉണ്ടാകാം, മറ്റു ഉയർന്ന ജോലി ചെയ്യുന്നവർ ഉണ്ടാകാം. പൊതുജനത്തിനിടയിൽ ജോലി ചെയ്യുന്ന ഇത്തരം ആളുകളെ കൂടാതെ അവരുടെ മഠങ്ങളിൽ നിശബ്ദസേവനം ചെയ്യുന്നവരുണ്ട്. മഠത്തിന്റെ അടുക്കളയിൽ ജോലി ചെയ്യുന്നവരുണ്ട്, തോട്ടത്തിൽ ജോലി ചെയ്യുന്നവരുണ്ട്, ഇടവകയിൽ സഹായിക്കുന്നവരുമുണ്ട്. എന്നാൽ ചെയ്യുന്ന ജോലിയുടെയൊ വാങ്ങുന്ന ശമ്പളത്തിന്റെയൊ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ, ഒരു കുടുംബം പോലെ വസിക്കുന്ന ഇടങ്ങളാണു മഠങ്ങളും ആശ്രമങ്ങളും. അതിനാൽ താൻ ജോലി ചെയ്യുന്നതു കൊണ്ട് തനിക്കു കൂടുതൽ സൌകര്യങ്ങൾ വേണമെന്നൊ തന്റെ ശമ്പളം തനിക്കു മാത്രമായി ഉപയോഗിക്കാൻ കിട്ടണമെന്നോ വാശിപിടിക്കുന്നത് സന്യാസത്തിനു ചേർന്നതല്ല. സന്യാസസമൂഹങ്ങളിലെ അംഗങ്ങളുടെ വരുമാനം ഒരു പൊതുസ്വത്തായി കരുതുകയും പൊതുവായി ഉപയോഗിക്കുകയും ആണ് ചെയ്യുന്നത്. ആഹാരവും വസ്ത്രവും മരുന്നും ഉൾപ്പെടെയുള്ള അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതും അവരുടെ സമൂഹം തന്നെയാണ്. അതിനാൽ സ്വകാര്യമായി ഒന്നുമില്ലാത്തപ്പോഴും സാമൂഹികമായി കുറവുകൾ ഒന്നും ഇല്ലാത്തവരാണു സന്യസ്ഥർ. അതിൽ അവരുടെ ദാരിദ്രത്തിന്റെ ചൈതന്യം കലർന്നിരിക്കും എന്നു മാത്രം.

എന്നാൽ ഇടവകവൈദികർ ദാരിദ്രത്തിൽ ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നില്ല. സ്വകാര്യസ്വത്തുക്കൾ സമ്പാദിക്കുന്നതിൽ നിന്ന് സഭ അവരെ വിലക്കിയിട്ടില്ല. എങ്കിലും പൊതുവിൽ ദാരിദ്രത്തിൽ തന്നെ ജീവിക്കുന്നവരായിരിക്കും അവരിൽ ഭൂരിഭാഗവും. അവർക്ക് പൊതുവായി ഉപയോഗിക്കാവുന്ന രീതിയിൽ ഫണ്ടുകളില്ല. പൊതുവാഹനങ്ങളില്ല, ഭക്ഷണവും വസ്ത്രവും മരുന്നുമുൾപ്പെടെയുള്ള സകലതും പലപ്പോഴും സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു. രൂപതയിൽ നിന്ന് അവർക്ക് ലഭിക്കുന്ന ശമ്പളം ആണ് അവരുടെ പ്രധാനവരുമാനമാർഗ്ഗം. ചിലപ്പോൾ അവരുടെ കുടുംബക്കാർ അവരെ സാമ്പത്തികമായി സഹായിക്കാറുണ്ട്. സന്യസ്ഥരെ അപേക്ഷിച്ച് പലപ്പോഴും കൂടുതൽ യാത്രകൾ ചെയ്യേണ്ടിവരുന്ന അവർക്ക് സ്വന്തമായി വാഹനങ്ങൾ ഉപയോഗിക്കാം. അതു അവർക്ക് ആഡംബരം അല്ല, മറിച്ച് പലപ്പോഴും ആവശ്യം ആണ്. ആശ്രമങ്ങളിൽ താമസിക്കുന്ന സന്യസ്ഥർക്ക് എന്തെങ്കിലും അത്യാവശ്യസന്ദർഭങ്ങൾ ഉണ്ടായാൽ വി. കുർബ്ബാന അടക്കമുള്ള അവരുടെ കടമകൾ ചെയ്യുവാൻ മറ്റൊരാളെ അവരുടെ സമൂഹത്തിൽ നിന്നു തന്നെ കണ്ടെത്തുവാൻ സാധിക്കും. എന്നാൽ ഇടവകവൈദികരുടെ കാര്യം അങ്ങനെയല്ല. പകരം ആളെ കണ്ടെത്താൻ ഉള്ള ബുദ്ധിമുട്ട് മൂലം വ്യക്തിപരമായ എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും ദൈവജനത്തിനു സേവനം ചെയ്യുവാൻ അവൻ തയാറായിരിക്കണം. അതിനാൽ തന്നെ അവന്റെ ജീവിതം സന്യസ്ഥരുടേതിൽ നിന്ന് വ്യത്യസ്തമാകുന്നത് സ്വാഭാവികം മാത്രമാണ്.

ഇനിയിപ്പോൾ ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച ചോദ്യങ്ങൾക്കു മറുപടി ലഭിച്ചു എന്ന് കരുതുന്നു. സന്യാസ്ഥരും ഇടവകവൈദികരും വ്യത്യസ്ത ജീവിത രീതികൾ പിന്തുടരുന്നവരാണു. സന്യാസികളിൽ വൈദികരുണ്ടാകും. പക്ഷെ അവരെല്ലാവരും തന്നെ ഒന്നാമതായി സന്യാസികളാണ്. കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സകല സന്യസ്ഥരും അവരുടെ വ്രതങ്ങൾക്കനുസരിച്ച് ജീവിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താൻ ശ്രമിക്കുന്നവരാണ്. ആവൃതിയിൽ ജീവിക്കുന്ന അവരുടെ ജീവിതങ്ങൾ പൊതുസമൂഹത്തിന്റെ ജിജ്ഞാസ ഉണർത്തുക സ്വാഭാവികമാണ്. എന്നാൽ അവരുടെ സ്വകാര്യതയെ മാനിക്കുവാനും അവരെ ബഹുമാനിക്കുവാനും നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ ജീവിതങ്ങളെ നമ്മുടെ സുഖസൗകര്യങ്ങൾ കൊണ്ട് താരതമ്യപ്പെടുത്തരുത്. ചുരുക്കത്തിൽ ആത്മീയതയെ ലൌകികമായ അളവുകോലുകൾ കൊണ്ട് അളക്കാൻ ശ്രമിക്കരുത്. സന്യാസവും പൗരോഹിത്യവുമൊക്കെ ദാനങ്ങളാണ്. ചിലർക്കു മാത്രം ജീവിച്ചു തീർക്കാൻ പറ്റിയ ദാനങ്ങൾ!

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago