Categories: Articles

സഭയുടെ പ്രബോധന അധികാരം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

സഭയുടെ പ്രബോധന അധികാരം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?

ഡോ.നെൽസൺ തോമസ്

അധികാരികളെ ചോദ്യം ചെയ്യണമെന്നും അവരെ സംശയത്തോടെ കാണണമെന്നും ഉള്ളത് ഇപ്പോൾ പലരുടെയും ഒരു ആദർശസൂക്തമാണ്. വ്യക്തിമഹാത്മ്യവാദത്തിന്റെ ഈ അതിപ്രസരണത്തിൽ സഭയുടെ പ്രബോധന അധികാരത്തെ കത്തോലിക്കർ പോലും സംശയത്തോടെ നോക്കി കാണുന്നുണ്ട്. എന്താണ് സഭയുടെ പ്രബോധന അധികാരം? എന്താണ് സഭാ പ്രബോധനങ്ങൾ? എവിടെനിന്നാണ് സഭയ്ക്ക് പ്രബോധന അധികാരം ലഭിച്ചത്? കത്തോലിക്ക സഭയോടുള്ള പ്രബോധന അധികാരത്തോട് കത്തോലിക്കർ എങ്ങനെ അനുവർത്തിക്കണം? തുടങ്ങിയ ഏതാനും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുവാൻ ശ്രമിക്കുന്നതാണ് ഈ ലേഖനം.

ക്രിസ്തുവിന്റെ അധികാരം

മാർക്കോസിന്റെ സുവിശേഷത്തിൽ പറയുന്നു “അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്‌മയഭരിതരായി. കാരണം, നിയമജ്‌ഞരെപ്പോലെയല്ല, അധികാര മുളളവനെപ്പോലെയാണ്‌ അവന്‍ പഠിപ്പിച്ചത്‌” (മര്‍ക്കോസ്‌ 1 : 22). എന്തുകൊണ്ടാണ് ജനങ്ങൾ ക്രിസ്തുവിന്റെ പ്രബോധനത്തിൽ വിസ്മയാഭരിതരായത്? കാരണം യഹൂദ പണ്ഡിതരുടെ പ്രബോധനത്തിൽ നിന്ന് ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് വലിയ വ്യത്യാസമുണ്ടായിരുന്നു. അധികാരത്തോട് കൂടെയായിരുന്നു അവൻ പഠിപ്പിച്ചത്. മലയിലെ പ്രസംഗത്തിൽ ക്രിസ്തു പഠിപ്പിച്ചപ്പോഴും ഇതേ അധികാരമായിരുന്നു അവന്റെ പഠനങ്ങളെ വ്യത്യസ്തമാക്കിയത്. “ആകയാൽ, ദൈവമായ കർത്താവ് അരുൾ ചെയ്യുന്നു.” (ഏശയ്യാ 7:7) “കല്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ” (മത്തായി 5:27) എന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്ന പരമ്പരാഗത യഹൂദ പണ്ഡിതന്മാരുടെ പ്രബോധന ശൈലിയിൽനിന്ന് വ്യത്യസ്തമായി “എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു” (മത്തായി 5.28) എന്ന് പറഞ്ഞ് ക്രിസ്തു പഠിപ്പിക്കുമ്പോൾ, പഠിപ്പിക്കാനുള്ള ഈ അധികാരം തന്നിൽതന്നെ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കുകയായിരുന്നു. “സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു” (മത്തായി 28:18). വചനമായി അവതരിച്ച ദൈവം തന്നെയാണ് ക്രിസ്തു എന്നതിനാലാണ് ക്രിസ്തുവിന് ഈ അധികാരമുണ്ടായത്.

ക്രിസ്തു തന്റെ അധികാരം കൈമാറുന്നു

ക്രിസ്തുവിന്റെ അധികാരം ദൈവപുത്രൻ എന്ന നിലയിൽ അവനിൽ നിക്ഷിപ്തമായിരുന്നു എങ്കിലും തന്റെ അധികാരത്തിൽ പങ്കുചേരുവാൻ അവൻ ചില മനുഷ്യരെ വിളിച്ചിട്ടുണ്ടായിരുന്നു, അവരായിരുന്നു പന്ത്രണ്ട് അപ്പസ്തോലൻമാർ. “അവന്‍ തന്‍െറ പന്ത്രണ്ടു ശിഷ്യന്‍മാരെ വിളിച്ച്‌, അശുദ്‌ധാത്‌മാക്കളെ ബഹിഷ്‌കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവര്‍ക്ക്‌ അധികാരം നല്‍കി” (മത്തായി 10:1). കേവലം രോഗശാന്തി നൽകപ്പെടുവാൻ മാത്രമായിരുന്നില്ല ഈ അധികാരം. അപ്പസ്തോലന്മാരെ അയക്കുമ്പോൾ സുവിശേഷം പ്രഘോഷിക്കാനുള്ള അധികാരവും (മത്തായി 10:5-7) പഠിപ്പിക്കാനുള്ള അധികാരവും നൽകുന്നുണ്ട്. “നിങ്ങളുടെ വാക്കുകേള്‍ക്കുന്നവന്‍ എന്‍െറ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു” (ലൂക്കാ 10:16). നയിക്കാനുള്ള അധികാരം അപ്പസ്തോലന്മാരുടെ തലവനെന്ന നിലയിൽ പത്രോസിനും (മത്തായി 16:16) പിന്നീട് ബാക്കി പതിനൊന്ന് അപ്പസ്തോലന്മാർക്കും (മത്തായി 18:18) ക്രിസ്തു കൊടുക്കുന്നുണ്ട്.
അപ്പസ്തോലന്മാർക്ക് കൈമാറുന്നതിലൂടെ ക്രിസ്തു നൽകിയ ഈ പ്രബോധന അധികാരം അത്യന്തികമായി ക്രിസ്തു സ്ഥാപിച്ച സഭയുടെ നൈസർഗിക ഭാഗമാവുകയാണ് ചെയ്യുന്നത്
(1 കോറിന്തോസ്‌ 12:28, എഫേസോസ്‌ 4:11, ഹെബ്രായര്‍ 13:17). അതിനാൽ, അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാർക്കും കൈവന്നിരിക്കുന്നത് ക്രിസ്തു നൽകിയ ക്രസ്തുവിന്റെ ഈ പ്രബോധന അധികാരം തന്നെയാണ്. (Apostolicam Actuositatem, 2)

സഭയുടെ പ്രബോധന അധികാരം

പത്രോസിന്റെ നേതൃത്വത്തിലുള്ള അപ്പസ്തോലന്മാരും, പാപ്പയുടെ നേതൃത്വത്തിലുള്ള മെത്രാന്മാരും ക്രിസ്തുവിന്റെ പ്രബോധന അധികാരത്തിൽ ഭാഗഭാക്കാകുന്നു എങ്കിലും അപ്പസ്തോലന്മാരും മെത്രാന്മാരും തമ്മിൽ വ്യത്യാസങ്ങളുണ്ട്. (Lumen Gentium, preliminary notes on explanation 1) ക്രിസ്തുവിനെ കണ്ട് ശ്രവിച്ച വ്യക്തികളെന്ന നിലയിൽ ദൈവിക വെളിപാടുകളുടെ തുടർച്ച അപ്പസ്തോലന്മാരുടെ ഉണ്ടായിട്ടുണ്ട്. എന്നാൽ മെത്രാന്മാരിലൂടെ പുതിയ വെളിപ്പെടുത്തലുകൾ ഒന്നും ലഭിക്കുന്നില്ല. പൊതു ദൈവിക വെളിപാടുകൾ അപ്പസ്തോലന്മാരിലൂടെ പൂർത്തിയാവുകയും ചെയ്തു. അതിനാൽ മെത്രാന്മാരിൽ ഉൾക്കൊള്ളുന്ന സഭയുടെ പ്രബോധന അധികാരം, അപ്പസ്തോലന്മാരുടേതിൽ നിന്ന് വ്യത്യസ്തമായി, ദൈവിക വെളിപാടുകളുടെ ദാസന്മാരായി വർത്തിക്കുന്നു. (CCC 86)

തന്റെ പ്രവാചകരിലൂടെയും അപ്പസ്തോലന്മാരുടെയും ക്രിസ്തുവിലൂടെ തന്നെയും നൽകപ്പെട്ട വിശ്വാസത്തിന്റെ വെളിപ്പെടുത്തലുകളാണ് വിശ്വാസത്തിന്റെ നിക്ഷേപം. മനുഷ്യനായി അവതരിച്ച ക്രിസ്തുവിൽ ആണ് ഈ വെളിപ്പെടുത്തലുകളുടെ പൂർണ്ണത ഉൾക്കൊള്ളുന്നത്. ഈ വചനമാകുന്ന വെളിപ്പെടുത്തലുകളിൽ എഴുതപ്പെട്ട വിശ്വാസത്തിന്റെ നിക്ഷേപമാണ് വിശുദ്ധ ഗ്രന്ഥം; എഴുതപ്പെടാത്ത വിശ്വാസത്തിൻറെ നിക്ഷേപമാണ് വിശുദ്ധ പാരമ്പര്യം. സഭയ്ക്ക് പൈതൃകമായി കൈമാറി കിട്ടിയതാണ് വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും ഉൾക്കൊള്ളുന്ന വിശ്വാസത്തിൻറെ നിക്ഷേപം. സഭയുടെ വിശ്വാസത്തിന്റെ നിക്ഷേപം വ്യാഖ്യാനിച്ച് ആധികാരികമായി പഠിപ്പിക്കാനുള്ള സഭയുടെ അധികാരത്തെയാണ് പ്രബോധന അധികാരം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് (CCC 85). ഈ അധികാരം ക്രിസ്തുവിൽ നിന്ന് ലഭിച്ചതാണ്. ക്രിസ്തുവിൻറെ നാമത്തിലാണ് ഈ അധികാരം ഉപയോഗിച്ച് സഭ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ്, ക്രിസ്തുവിന്റെ പ്രബോധനം യഹൂദ പണ്ഡിതരുടെ പ്രബോധനത്തിൽ നിന്ന് വ്യത്യസ്തമായത്പോലെ, ഇന്നുള്ള മറ്റേതൊരു വ്യക്തിയുടെ പഠനത്തേക്കാളും സഭയുടെ പ്രബോധനം ഏറ്റവും സ്വീകാര്യമാകുന്നത്. വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യവും വന്ന അതേ ഉറവിടത്തിൽ നിന്നു തന്നെയാണ് സഭയ്ക്ക് പ്രബോധന അധികാരം കിട്ടിയത്. ഇവ മൂന്നും പരസ്പരപൂരകങ്ങളാണ്. (CCC 86).

പ്രബോധന അധികാരം കൈമാറുന്നത് മെത്രാൻ പട്ടത്തിലൂടെയാണ്

മെത്രാൻ തന്റെ മെത്രാൻ പട്ടത്തിലൂടെ കൈവെപ്പു വഴി അപ്പസ്തോലന്മാരുടെ പിൻഗാമികളുടെ ശ്രേണിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ആണ് ഈ പ്രബോധന അധികാരം ലഭിക്കുന്നത്. “മെത്രാൻ പട്ടത്തിലൂടെയാണ് ആധികാരികമായി ദൈവവചനം പ്രഘോഷിക്കാനുള്ള അനുവാദം ലഭിക്കുന്നത്, ഇതിലൂടെ മെത്രാൻ തന്റെ അജപാലന ദൗത്യത്തിന് ഏൽപ്പിച്ചു കൊടുക്കപ്പെട്ട ദൈവജനത്തിന്റെ ഔദ്യോഗിക പ്രബോധകനാകുന്നു.” (Pastores Gregis, 29)

പഠിപ്പിക്കുന്ന രീതി അനുസരിച്ച് സഭയ്ക്ക് രണ്ടുതരം പ്രബോധന അധികാരമുണ്ട്

1. സാർവത്രികവും സാധാരണവുമായ പ്രബോധന അധികാരം.
2. അതിസാധാരണമായ പ്രബോധന അധികാരം.

1) സാർവ്വത്രികവും സാധാരണവുമായ പ്രബോധന അധികാരം

വിശ്വാസവും ധാർമികതയും പഠിപ്പിക്കുന്ന സാധാരണ രീതി ആയതിനാലാണ് ഇതിനെ സാധാരണ പ്രബോധന അധികാരം എന്ന് പറയുന്നത്. മാർപ്പാപ്പയുടെ നേതൃത്വത്തിൽ മെത്രാന്മാർ എല്ലാവരും ഒന്നായി പഠിപ്പിക്കുന്നത് കൊണ്ടാണ് ഇതിനെ സാർവത്രിക പ്രബോധന അധികാരം എന്നും പറയുന്നത്. പാപ്പയുടെ നേതൃത്വത്തിൽ, ആഗോള കത്തോലിക്കാ സഭയിലെ മെത്രാന്മാർ പഠിപ്പിക്കുമ്പോൾ അവരുടെ സംഘാത്മകതയാണ് ഇതിനെ സാർവത്രികവും സാധാരണവുമായ പ്രബോധനങ്ങളാക്കുന്നത്. അതായത്, ഏതെങ്കിലും ഒരു മെത്രാൻ ഏകപക്ഷീയമായി പഠിപ്പിക്കുന്നത് ഇത്തരം പ്രബോധനങ്ങളിൽ പെടുന്നില്ല എന്നുമാത്രമല്ല ഏതെങ്കിലും ഒരു സ്ഥലത്തെ മെത്രാന്മാരുടെ സമിതി പഠിപ്പിക്കുന്നതും ആഗോള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾ ആകുന്നില്ല (Apostos Suos, 22). ഏതെങ്കിലും മെത്രാൻസമിതി പഠിപ്പിക്കുന്നത് ഔദ്യോഗിക പ്രബോധനം ആകണമെങ്കിൽ അതിലെ എല്ലാ അംഗങ്ങളും അത് അംഗീകരിക്കണം അല്ലെങ്കിൽ രണ്ടിൽ മൂന്ന് ഭാഗം അംഗങ്ങളും അതിനെ അംഗീകരിച്ചതിന് ശേഷം പാപ്പയുടെ അംഗീകാരം പ്രസ്തുത പഠനത്തിന് വാങ്ങുകയോ വേണം (Apostolos Suos, article 1). ഓരോ മെത്രാന്റെയും മെത്രാൻ സമിതികളുടെയും വിശ്വാസത്തെയും ധാർമികതയെയും കുറിച്ചുള്ള പഠനങ്ങൾ അവരുടെ അജപാലനത്തിന് കീഴിലുള്ളവർ നിർബന്ധമായും അനുസരിക്കണം (Lumen Gentium, 25). അതുകൊണ്ടാണ് മെത്രാന്മാർ, അവർ ദൈവശാസ്ത്രജ്ഞരും തത്വചിന്തകരും ആണെങ്കിൽ പോലും, സ്വന്തം ദൈവശാസ്ത്ര അഭിപ്രായങ്ങൾ പഠിപ്പിക്കാതെ സഭയുടെ ഔദ്യോഗിക പ്രബോധനങ്ങൾ പഠിപ്പിക്കണമെന്ന് നിഷ്കർഷിക്കുന്നത്. (The teaching ministry of diocesan bishops, 5)

പാപ്പയോ മെത്രാന്മാരും പറയുന്നതും എഴുതുന്നതും എല്ലാം സഭയുടെ പ്രബോധനങ്ങൾ അല്ല എന്ന് സാരം. പ്രത്യേകിച്ച് വാർത്തകൾ വളച്ചൊടിച്ച് അവതരിപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ പിതാക്കന്മാരുടെ ഏതൊക്കെ പ്രസ്താവനകളാണ് സഭയുടെ ഔദ്യോഗിക പഠനങ്ങൾ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഉദാഹരണം പറയുകയാണെങ്കിൽ പാപ്പയുടെ ചാക്രികലേഖനം സഭയുടെ പ്രബോധനമാണ് എന്നാൽ പാപ്പ ഒരു സ്വകാര്യ ടിവി ചാനലിന് കൊടുക്കുന്ന അഭിമുഖം സഭയുടെ പ്രബോധനമല്ല. പ്രാദേശിക
സഭയുടെ മെത്രാൻ സമിതി പഠിപ്പിക്കുന്നത് ഔദ്യോഗിക പ്രബോധനമാണ്. എന്നാൽ, ഒരു മെത്രാൻ ഒറ്റയ്ക്ക് നടത്തുന്ന പ്രസംഗം സഭയുടെ പ്രബോധനം അല്ല.

2) അതിസാധാരണ പ്രബോധന അധികാരം

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇത് അതിസാധാരണ ഘട്ടങ്ങളിൽ സഭ പഠിപ്പിക്കുന്നതാണ്. മെത്രാന്മാരുടെയും മെത്രാൻ സമിതികളുടെയും ഇടയിൽ വിശ്വാസത്തെയും ധാർമികതയെയും സംബന്ധിച്ച വിഷയങ്ങളിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ പാപ്പ അടിയന്തരമായി ഇടപെട്ടാണ് തിരുത്തലുകൾ വരുത്തുന്നത്. ഇത് രണ്ട് തരത്തിലാണ് സാധ്യമാകുന്നത്.

a) പത്രോസിന്റെ സിംഹാസനത്തിൽ (ex cathedra) നിന്ന് സാർവത്രികസഭയ്ക്ക് മുഴുവൻ വേണ്ടി ക്രിസ്തു നൽകപ്പെട്ട അധികാരത്താൽ പാപ്പ പഠിപ്പിക്കുന്ന പ്രബോധനങ്ങൾ ആണ് ഒന്നാമത്തേത്. ആകെ രണ്ട് പ്രബോധനങ്ങൾ ആണ് ഇത്തരത്തിൽ ഉള്ളത്. മാതാവിന്റെ സ്വർഗ്ഗാരോപണത്തെയും അമലോൽഭവ ജനത്തെയും കുറിച്ചുള്ള പഠനങ്ങളാണ് അത്.

b) പാപ്പയുടെ നേതൃത്വത്തിൽ കൂടുന്ന എക്യുമിനിക്കൽ സുനഹദോസുകളുടെ പഠനങ്ങളാണ് രണ്ടാമത്തേത്. പാഷാണ്ഡതകൾ തർക്കങ്ങളായി വരുമ്പോൾ എക്യുമിനിക്കൽ സുനഹദോസുകളാണ് പ്രബോധനപരമായി പഠിപ്പിച്ച് സത്യവിശ്വാസം സംരക്ഷിക്കുന്നത്. ക്രിസ്തു വിജ്ഞാനീയത്തിലെ വിശ്വാസസത്യങ്ങളെല്ലാം ഇങ്ങനെ പഠിപ്പിക്കപ്പെട്ടവയാണ്.

ദൈവീകമായി വെളിപ്പെടുത്തപ്പെട്ട (divinely revealed) പ്രബോധനങ്ങളും തീർച്ചയുള്ള (definitely proposed) പ്രബോധനങ്ങളും.

ചില പ്രബോധനങ്ങളുടെ ഉറവിടങ്ങൾ വിശ്വാസത്തിൻറെ നിക്ഷേപത്തിൽ പ്രത്യക്ഷമായി പ്രകടമാണ്. ഇത്തരത്തിൽ ഉറവിടങ്ങൾ വിശുദ്ധഗ്രന്ഥത്തിലൊ വിശുദ്ധ പാരമ്പര്യത്തിലൊ പ്രകടമായ പ്രബോധനങ്ങൾ ആണ് ദൈവീകമായി വെളിപ്പെടുത്തപ്പെട്ട പ്രബോധനങ്ങൾ. (Doctrinal commentary by CDF on Professio Fidei, 5) ഉദാഹരണം ക്രിസ്തു വിജ്ഞാനീയത്തിലെ പ്രബോധനങ്ങൾ, മാതാവിനെ പറ്റിയുള്ള പ്രബോധനങ്ങൾ, വിശുദ്ധ കുർബാനയെ പറ്റിയുള്ള പ്രബോധനങ്ങൾ.

ചില പ്രബോധനങ്ങളുടെ ഉറവിടങ്ങൾ വിശ്വാസത്തിന്റെ നിക്ഷേപത്തിൽ പ്രത്യക്ഷമായി പ്രകടമല്ല; എന്നാൽ ദൈവീകമായ വെളിപ്പെടുത്തപ്പെട്ട പ്രബോധനങ്ങളുമായി ചരിത്രപരമായോ താത്വികമായോ അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ് തീർച്ചയുള്ള ഈ പ്രബോധനങ്ങൾ. (Doctrinal commentary by CDF on Professio Fidei, 6,7) ഉദാഹരണം പാപ്പയുടെ തെരഞ്ഞെടുപ്പ്, വിശുദ്ധരുടെ പ്രഖ്യാപനം തുടങ്ങിയവ ചരിത്രപരമായ അനിവാര്യത കൊണ്ട് സഭാ പ്രബോധനങ്ങൾ ആണ്. പത്രോസിന്റെ പ്രഥമ സ്ഥാനം, പുരുഷ പൗരോഹിത്യം തുടങ്ങിയവ വെളിപ്പെടുത്തപ്പെട്ട വിശ്വാസങ്ങളുമായി അഭേദ്യമായ ത്വാതിക ബന്ധം കൊണ്ട് തീർച്ചയുള്ള പ്രബോധനങ്ങളാണ്.

സാർവ്വത്രികവും സാധാരണവുമായ പ്രബോധന അധികാരമുപയോഗിച്ചുള്ള പഠനങ്ങൾ പലപ്പോഴും പൂർണമായി നിർവചിക്കാത്തതാണ്. ഈ പ്രബോധനങ്ങൾ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഇല്ലാത്തതിനാലാണ് ഔദ്യോഗികമായി നിർവചിക്കേണ്ട സാഹചര്യം ഉണ്ടാകാത്തത്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉടലെടുക്കുമ്പോൾ ഇവയും നിർവചിക്കപ്പെടുന്നതാണ്. പാപ്പയുടെയും പാപ്പയ്ക്ക് വിധേയരായിട്ടുള്ള മെത്രാന്മാരുടെയും ഇനിയും പൂർണമായി നിർവചിക്കാത്ത പഠനങ്ങളാണ് ഈ വിഭാഗത്തിൽപ്പെടുന്നത്.

പ്രബോധനങ്ങളിലെ അപ്രമാദിത്വം

വിശ്വാസത്തെയും ധാർമികതയും സംബന്ധിക്കുന്ന ഇത്തരം പ്രബോധനങ്ങൾ എല്ലാം തന്നെ അപ്രമാദിത്വം ഉള്ളവയാണ്. ആയതിനാൽ നിലവിലെ പ്രബോധനങ്ങൾക്ക് വിരുദ്ധമായി ഏതെങ്കിലും മെത്രാനോ മെത്രാൻസമിതിയോ പഠിപ്പിച്ചാൽ അവ അതിനാൽതന്നെ തെറ്റാകും. വിശ്വാസത്തെയും ധാർമികതയെയും സംബന്ധിച്ച പഠനങ്ങളിൽ ഒരു മാർപാപ്പയ്ക്ക് തന്റെ മുൻഗാമിയായ മറ്റൊരു പാപ്പയുടെ പഠനത്തിനോ എക്യുമെനിക്കൽ സുനഹദോസുകളുടെ പ്രഖ്യാപനങ്ങൾക്കൊ വിരുദ്ധമായി പഠിപ്പിക്കാനാവില്ല. ക്രിസ്തുവിൽ നിന്ന് ലഭിച്ച അധികാരം ആയതിനാലും പരിശുദ്ധാത്മാവിന്റെ സംരക്ഷണം ഉള്ളതിനാലും ആണ് ഈ തെറ്റാവരം സാധ്യമാകുന്നത്. ഇത് കൊണ്ടാണ് കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ മറ്റേതൊരു വ്യക്തിയുടെ പ്രബോധനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും അമൂല്യമാക്കുന്നതും.

ഉപസംഹാരം

ക്രിസ്തു അധികാരത്താലാണ് പഠിപ്പിച്ചിരുന്നത്. അതേ അധികാരമാണ് അപ്പസ്തോലന്മാർക്ക് നൽകപ്പെട്ടത്. അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാൻമാർക്ക് മെത്രാൻ പട്ടത്തിലൂടെ ഇതേ അധികാരം ലഭിക്കുന്നു. ഇതാണ് സഭയുടെ പ്രബോധന അധികാരം. വിശ്വാസത്തിൻറെ നിക്ഷേപത്തിൽ എന്നാണു സഭ പഠിപ്പിക്കുന്നത്. പാപ്പായുടെ നേതൃത്വത്തിൽ മെത്രാന്മാർ ഒന്നടങ്കം പഠിക്കുമ്പോഴാണ് അവ ആഗോള കത്തോലിക്ക സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളാകുന്നത്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago