Categories: Meditation

കൂടെയുണ്ട് സഹായകൻ (യോഹ 14:15-16, 23-26)

പെന്തക്കോസ്ത തിരുന്നാൾ

ഒത്തിരി വിപ്ലവാത്മകമായ ആത്മീയ തലങ്ങൾ നിറഞ്ഞു നിൽക്കുന്ന തിരുനാളാണ് പെന്തക്കോസ്ത. ഈ തിരുനാളിന്റെ പൂർണമായ അർഥതലങ്ങൾ ഉൾക്കൊള്ളുവാൻ ഇതുവരെയും നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. അപ്പോസ്തലന്മാരുടെ നടപടി പുസ്തകത്തിൽ, ഈ തിരുനാളിനെ കുറിച്ച് പ്രതിപാദിക്കുന്നിടത്ത്, ഒരു കാര്യം വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. “കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്‌ദം പെട്ടെന്ന്‌ ആകാശത്തുനിന്നുണ്ടായി. അത്‌ അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു”

(അപ്പ. 2 : 2). എല്ലാം ഒരുക്കി വച്ചതിനുശേഷമോ, എല്ലാവരും ഒരുങ്ങിയതിനുശേഷമോ സംഭവിച്ച കാര്യമല്ല പരിശുദ്ധാത്മാവിന്റെ ഈ ആഗമനം. വ്യവസ്ഥകളോ തന്ത്രങ്ങളോ ക്രമീകരണങ്ങളോ ഒന്നും തന്നെ ഇവിടെയില്ല. (ആത്മീയമായ ഒരുക്കത്തിനെ കുറച്ചു കാണിക്കുന്നില്ല. നീ ഒരുങ്ങിയതു കൊണ്ടാണ് പരിശുദ്ധാത്മാവിനെ നിനക്ക് ലഭിച്ചത് എന്ന വാദത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. മറിച്ച് ആത്മാവിൻറെ സ്വതന്ത്രമായ ഇടപെടലിനാണ്). സ്വതന്ത്രമായ ഒരു കാറ്റു പോലെ ആത്മാവ് ആഞ്ഞടിക്കുന്നു. ഒരു ഭവനത്തിൽ ഒത്തുകൂടിയ സുഹൃത്ത് വലയത്തിലേക്കാണ് ആ കാറ്റ് വീശിയത്. വിശുദ്ധം എന്ന് പറയപ്പെടുന്ന ഇടം അല്ല അത്. വിശുദ്ധർ എന്ന ഒരു കൂട്ടവും അല്ല അവർ. തീർത്തും സാധാരണമായ ഇടവും സാധാരണക്കാരായ ഒരു കൂട്ടവും. പക്ഷേ ഒരു കാര്യത്തിൽ മാത്രം അവർ വ്യത്യസ്തരായിരുന്നു. യേശുവിൽ നിന്നും സ്നേഹത്തിൻറെ പാഠങ്ങൾ ആഴമായി പഠിച്ച് നിർമ്മലമായ ഒരു സൗഹൃദത്തിൻറെ അന്തരീക്ഷം അവരുടെ ഇടയിൽ ഉണ്ടായിരുന്നു. അവർ നിന്നിടം സ്നേഹപൂർണ്ണമായിരുന്നു. അങ്ങനെ സ്നേഹത്താൽ നിറഞ്ഞ ഭവനം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താൽ വിശുദ്ധമാകുന്നു. ഒരു ഭവനം സ്വർഗ്ഗം ആയി മാറുന്ന അനുഭവമാണ് പെന്തക്കോസ്ത. സ്നേഹം ഉണ്ടോ, എങ്കിൽ നിൻറെ ഭവനത്തിലും ഇത് സാധ്യമാകും.

ആരെയും മാറ്റി നിർത്താതെ എല്ലാവരുടെയും മേൽ അഗ്നിജ്വാലകൾ പോലുള്ള നാവുകൾ വന്നു നിന്നു എന്ന് നടപടി പുസ്തകം പ്രത്യേകം വ്യക്തമാക്കുന്നുണ്ട് (v.3). പരിശുദ്ധാത്മാവ് സമ്പൂർണതയുടെ വാസന അവിടെ നിറയ്ക്കുകയാണ്. ഇനിമുതൽ ആരും ഒറ്റയ്ക്കല്ല. ആർക്കും ഇനി പടിക്ക് പുറത്ത് നിൽക്കേണ്ടിയും വരില്ല. എന്തെന്നാൽ ആത്മാവ് കൂടെ നിൽക്കുന്നവനാണ്. കൂട്ടത്തിൽ നിർത്തുന്നവനുമാണ്. അവൻ സ്നേഹത്തിന്റെ അഗ്നിയും കരുണയുടെ ഇളം തെന്നലുമാണ്. അവനെ സ്വീകരിച്ചവർക്ക് മാത്രമേ, അവന്റെ അഗ്നി ഉള്ളിൽ ജ്വലിക്കുന്നവർക്ക് മാത്രമേ, അവന്റെ ഇളം തെന്നലിൻറെ തഴുകൽ അനുഭവിച്ചവർക്കു മാത്രമേ സ്നേഹത്തിന്റെ നാടോടികളായി തീരുവാൻ സാധിക്കു. അല്ലാത്തവരെല്ലാം ചില ചട്ടക്കൂടിന്റെ വ്യവസ്ഥകളിൽ ഇത്തിരി വെട്ടമായി എരിഞ്ഞു തീരുക മാത്രമാണ് ചെയ്യുന്നത്.

ഇനി സുവിശേഷത്തിലേക്ക് ഒന്നു ശ്രദ്ധിക്കാം. യേശു പരിശുദ്ധാത്മാവിനെ സഹായകൻ എന്നാണ് വിളിക്കുന്നത്. മൂന്ന് കാര്യങ്ങളാണ് ഈ സഹായകനെ കുറിച്ച് അവൻ പറയുന്നത്. (1) അവൻ കൂടെ നിൽക്കും. (2) എല്ലാ കാര്യങ്ങളും പഠിപ്പിക്കും. (3) എല്ലാം അനുസ്മരിപ്പിക്കും.

(1) അവൻ കൂടെ നിൽക്കും

കൂടെ നിൽക്കുന്നവൻ കൂട്ടുകാരനാണ്. അവൻ നിന്റെ ഉള്ളം അറിയുന്നവനാണ്. നിന്റെ എതിരെ നിൽക്കുന്നവനല്ല. ഓർക്കണം നീ, ചില നിമിഷങ്ങളിൽ ശൂന്യതയും ബലഹീനതയും വിഷാദവും അനുഭവപ്പെടുമ്പോൾ സുഗന്ധം പേറുന്ന ഇളം തെന്നലായി ഈ സഹായകൻ കടന്നു വരും. എന്തെന്നാൽ ഈ സഹായകൻ സ്രഷ്ടാവും ആശ്വാസകനുമാണ്.
നീ ഒറ്റയ്ക്കാകുമ്പോൾ, വെറുപ്പിന്റെയും ശത്രുതയുടെയും ഏകാന്തത നിന്നെ പൊതിയുമ്പോൾ, ഓർക്കുക, അവൻ കൂടെയുണ്ട്.
നെടുവീർപ്പുകളായി നിന്റെ പ്രാർത്ഥനകൾ മുകളിലേക്ക് ഉയരുമ്പോൾ ദീർഘനിശ്വാസമായി അവൻ ഉള്ളിലേക്ക് തുളച്ചു കയറും.
കൂടെയുള്ളവൻ ദൈവികതയുടെ വിത്തുകൾ നിൻറെ ഉള്ളിൽ വിതയ്ക്കും. അങ്ങനെ നിന്റെ വാക്കുകൾക്കും പ്രവർത്തികൾക്കും ദൈവികമായ ഊർജവും ഉന്മേഷവും നൽകും.

(2) എല്ലാ കാര്യങ്ങളും പഠിപ്പിക്കും

പഠിപ്പിക്കുക എന്നാൽ കൈപിടിച്ചു നടത്തുക എന്ന് മാത്രമല്ല. സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി നൽകുക എന്നത് കൂടിയാണ്. ഇത് സാധ്യമാകുന്നത് ആന്തരിക ഊർജ്ജത്തിലൂടെ മാത്രമാണ്. അപ്പോൾ സഹായകൻ നിന്നെ പുതിയ വഴികളിലൂടെ നടത്തും. സ്വർഗ്ഗത്തിൻറെ അളവുകോൽ ഉപയോഗിച്ച് കാര്യങ്ങൾ അളക്കാനും ഗണിക്കാനും മനസ്സിലാക്കാനും നീ പഠിക്കും. അപ്പോഴും നീ ഒരു കാര്യം ഓർക്കണം. അവനിൽ നിന്നും പഠിക്കുന്ന സത്യം ഒരിക്കലും വ്യക്തി സ്വത്ത് അല്ല എന്ന കാര്യം. അതു കൂട്ടായ്മയുടെ ആനന്ദത്തിനായി പകർന്നു നൽകണം.

(3) എല്ലാം അനുസ്മരിപ്പിക്കും

സഹായകൻ ഓർമ്മിപ്പിക്കുന്നവനാണ്. എന്താണ് അവൻ ഓർമ്മിപ്പിക്കുന്നത്? യേശുവാണ് അവന്റെ ഓർമ്മ പാഠം. യേശുവിനെക്കുറിച്ചുള്ള നിന്റെ ഒരോ അറിവും പരിശുദ്ധാത്മാവിന്റെ ഓർമ്മപ്പെടുത്തൽ മാത്രമാണ്. യേശു എന്ന ആ മഹാസമുദ്രത്തിലേക്ക് നിനക്ക് ഇത്തിരിയെങ്കിലും ഇറങ്ങിച്ചെല്ലാൻ സാധിക്കുന്നത് അവന്റെ സഹായത്താൽ മാത്രമാണ്. സഹായകന്റെ ഈ ഓർമ്മപ്പെടുത്തൽ മനസ്സിൻറെ തലത്തിലുള്ള കാര്യമായിട്ട് നീ കാണരുത്. അത് ഹൃദയത്തിൽ പടരുന്ന സ്നേഹത്തിന്റെ ലഹരിയാണ്. ഈ ലഹരി അനുഭവിച്ചാൽ ‘സ്നേഹിക്കാം’, ‘കൂടെ ഉണ്ടാകും’, ‘നിന്നെ കൈവിടുകയില്ല’ എന്നു പറഞ്ഞ് ജീവിതത്തിലേക്ക് കടന്നു വന്നവർ ഒരു സുപ്രഭാതത്തിൽ നിന്റെ കുറവുകളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിച്ച് നിൻറെ വാക്കുകൾ വെറും ബലഹീനമാണെന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ നടന്നകലുമ്പോൾ നീ തളരില്ല. കരയില്ല. എന്തെന്നാൽ നീ ഒറ്റയ്ക്കല്ല. കൂടെയുണ്ട്. താങ്ങായി തണലായി ഒരു സഹായകൻ.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

20 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

1 day ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago