Categories: Meditation

“വരാനിരിക്കുന്നവൻ നീ തന്നെയോ?” (മത്താ11: 2-11)

ആരാണ് അവനെ മനസ്സിലാക്കിയിട്ടുള്ളത്? ആർക്ക് നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കും എനിക്കവനെ അറിയാമെന്ന്?...

ആഗമനകാലം മൂന്നാം ഞായർ

“വരാനിരിക്കുന്നവൻ നീ തന്നെയോ? അതോ ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ?” (v.3). ചോദ്യം സ്നാപക യോഹന്നാന്റെതാണ്. ചോദിക്കുന്നത് യേശുവിനോടും. ഇന്നും മറ്റൊലി കൊള്ളുന്ന ഒരു ചോദ്യമാണിത്. സുവിശേഷത്തിന്റെ താളുകളിൽ നിന്നും ഇതിന്റെ ഉത്തരം കണ്ടെത്തണമോ? അതോ മറ്റെവിടെയെങ്കിലും അന്വേഷിച്ചിറങ്ങണമോ? അന്നു മുതൽ ഈ നിമിഷം വരെ ആർക്കും ഒരു പിടി തരാതെ തെന്നി മാറുന്ന ഒരു വിവാദ പുരുഷൻ തന്നെയാണല്ലോ അവൻ. ആരാണ് അവനെ മനസ്സിലാക്കിയിട്ടുള്ളത്? ആർക്ക് നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കും എനിക്കവനെ അറിയാമെന്ന്?

യോഹന്നാന്റെ മനസ്സിൽ യേശുവിനെ കുറിച്ച് സംശയത്തിന്റെ വിത്തുകൾ മുളക്കുന്നു. സാധാരണമാണിത്. അവന്റെ സാഹചര്യം അങ്ങനെയാണ്. അവനിപ്പോൾ തടവറയിലാണ്. കാരാഗൃഹത്തിന്റെ ഇരുളിൽ ഇത്രയും നാളും നന്മയെന്ന് ഉയർത്തി കാണിച്ചിരുന്ന പലതിനോടും അത് നന്മ തന്നെയായിരുന്നോ എന്ന സംശയം വളരും. അത് മനുഷ്യസഹജം. നൊമ്പരത്തിന്റെയും ഒറ്റപ്പെടലിന്റെയും നടുവിലാണ് സത്യത്തിനു വേണ്ടി നിലകൊണ്ട പ്രവാചകന് താൻ ചൂണ്ടി കാണിച്ച ദൈവപുത്രന്റെ അസ്ഥിത്വത്തോട് സംശയം തോന്നുന്നത്. ഇത് തന്നെയാണ് ചില അന്ധകാര നിമിഷങ്ങളിലും സഹനത്തിന്റെ വേളയിലും നമ്മളിലും സംഭവിക്കാറുള്ളത്. ആത്മീയതയിൽ ഈയൊരവസ്ഥയെ വീഴ്ച്ചയെന്നു പറയാൻ പറ്റില്ല. ഇതൊരു പതറിപ്പോകുന്ന അനുഭവമാണ്.

തന്നെ സംശയത്തിന്റെ കണ്ണുകളോടെ സമീപിച്ചവനെ കുറിച്ച് യേശു ചുറ്റുമുള്ളവരോട് പറയുന്നത് ശ്രദ്ധിക്കുക; “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: സ്‌ത്രീകളില്‍ നിന്നു ജനിച്ചവരില്‍ സ്‌നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല” (v.11). സംശയിക്കുന്നവനെ മാറ്റി നിർതാത്ത സ്നേഹമാണിത്. അപ്പോഴും ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. സംശയം വിശ്വാസത്തിന്റെ സ്ഥിര ശത്രുവല്ല. അതിനൊരു കൈതോഴനുമാകാനും സാധിക്കും. അതിലുപരി സംശയിക്കുന്നവനായാലും അവിശ്വാസിയായാലും നമ്മോടുള്ള ദൈവസ്നേഹത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. സംശയത്തിന്റെയും വിശ്വാസത്തിന്റെയും നൂൽപ്പാലത്തിലൂടെയായിരിക്കാം നമ്മുടെ ജീവിതം സഞ്ചരിക്കുക അപ്പോഴും ദൈവത്തിനു നമ്മോടുള്ള വിശ്വസ്തതയ്ക്ക് ഒരു കുറവും സംഭവിക്കുന്നില്ല.

“നീ തന്നെയാണോ” എന്ന ചോദ്യത്തിന് സംവാദാത്മകമായ ഒരുത്തരം യേശു നൽകുന്നില്ല. മറിച്ച് അവനിൽ നിന്നും സൗഖ്യം ലഭിച്ച അന്ധരുടെയും മുടന്തരുടെയും ബന്ധിരരുടെയും കുഷ്ഠരോഗികളുടെയും ഒരു ലിസ്റ്റ് തന്നെ നിരത്തുകയാണ്. ചില ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകണമെന്നില്ല. നമ്മൾ ചെയ്ത പ്രവർത്തികൾ ചോദ്യങ്ങൾക്ക് ഉത്തരമായി അവരുടെ മുന്നിൽ വന്ന് നിരന്ന് നിൽക്കും. അത് ഗ്രഹിക്കാൻ കഴിവുള്ളവർ ഗ്രഹിക്കും. അതു കൊണ്ടാണ് അവൻ പിന്നിടു പറയുന്നത്; “ജ്‌ഞാനം അതിന്‍െറ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു” (v.19). അവനെ അടുത്തനുഭവിച്ചവർക്കറിയാം അവൻ നടന്നു നീങ്ങിയ വഴികളിൽ വസന്തമായിരുന്നുവെന്നും അവൻ തൊട്ടത്തിനെല്ലാം ജീവൻ ലഭിച്ചുവെന്നും. അവനെ കുറിച്ചുള്ള നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരം വളരെ ലളിതമാണ്. ഒന്നവനെ അടുത്തറിയൻ ശ്രമിക്കുക. ധൈര്യപൂർവ്വം അവനരികിലേക്ക് വരുക. ഹൃദയം തുറന്ന് അവനോട് സംവദിക്കുക. എന്നിട്ടവനോട് ചോദിക്കുക എന്റെ ജീവിതത്തിലേക്ക് വരുവാനിരിക്കുന്നവൻ നീ തന്നെയാണോയെന്ന്.

സ്നാപകന്റെ ചോദ്യത്തിന് യേശു നിരത്തിയത് ചില തെളിവുകളായിരുന്നു. അപ്പോൾ ഒരു ചോദ്യമുയരാം ആ തെളിവുകളിലൂടെ ലോകത്തിന് എന്തെങ്കിലും മാറ്റമുണ്ടായോ എന്ന്. അത്ഭുതങ്ങളിലൂടെ മാനുഷികമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാമെന്ന് അവൻ കരുതുന്നില്ല. മറിച്ച് അവൻ നൽകിയ തെളിവുകൾ എല്ലാം ഈ പ്രപഞ്ചത്തിൽ മറഞ്ഞു കിടക്കുന്ന ദൈവരാജ്യത്തിന്റെ വിത്തുകളാണ്. മണ്ണിന്നടിയിൽ കിടക്കുന്ന വിത്തുകളുടെ പ്രവർത്തനം ആരും കാണുന്നില്ല സുന്ദരമായൊരു പുഷ്പമാകുന്നതുവരെ. പലരും അവരുടെ അന്ധകാര നിമിഷങ്ങളിൽ എവിടെ ദൈവരാജ്യം എന്ന ചോദ്യവുമായി നമ്മുടെ ജീവിതത്തിലേക്കും കയറി വരാം. അപ്പോൾ നമുക്കും നിരത്താനാകണം യേശുവിനെ പോലെ ചില തെളിവുകളും. ഏറ്റവും കുറഞ്ഞത് ഒരു സഹജന്റെ ജീവിതത്തിലെങ്കിലും ഇത്തിരി കൈത്തിരിനാളമായി മാറാൻ സാധിക്കുകയാണെങ്കിൽ അതുതന്നെ വലിയൊരു അടയാളമാണ്. ദൈവരാജ്യത്തിന്റെ വിത്തുകൾ നമ്മുടെ ജീവിതത്തിലും പൂവണിഞ്ഞു ഫലം നൽകുന്നുണ്ടെന്ന്.

വിശ്വാസത്തിന് രണ്ട് തലങ്ങളുണ്ട്.
ഒന്ന്, ദൈവത്തിന്റെ സ്വപ്നം ദർശിക്കാൻ സാധിക്കുന്ന മിഴികൾ ഉണ്ടാകുക.
രണ്ട്, ഒരു കർഷകന്റെ കരങ്ങൾ പോലെ പരസ്നേഹത്തിന്റെ തഴമ്പുകളും കാത്തിരിക്കാനുള്ള മനസ്സും ഉണ്ടാകുക.
ഇവിടെയാണ് യാക്കോബ് ശ്ലീഹായുടെ ലേഖനം പ്രസക്തമാകുന്നത്. അപ്പോസ്തലൻ കുറിക്കുന്നു; “സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്‌ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്‌ഷമയോടെ പ്രതീക്‌ഷിച്ചിരിക്കുന്നതുപോലെ” (5: 7). ജൈവികതയോട് പ്രണയമുള്ളവർക്ക് മാത്രമേ പുതുനന്മയ്ക്കായി കാത്തിരിക്കാൻ സാധികൂ. വിശ്വാസജീവിതം കർഷക ജീവിതവുമായി ഉപമിക്കുന്നതിലൂടെ ഒരു കാര്യം മനസ്സിലാക്കണം. ഈ ജീവിതം പ്രയത്നിക്കാനും പ്രവർത്തിക്കാനുമുള്ള ജീവിതമാണ്. ഒരു കർഷകന്റെ ജീവിതത്തിലെ കാർഷികമായ കഷ്ടതകൾ എന്നതുപോലെ വിശ്വാസ ജീവിതത്തിലും അതിന്റെതായ കഷ്ടതകൾ ഉണ്ടാകാം. അപ്പോഴും ഓർക്കുക കഷ്ടത എവിടെയുണ്ടോ അവിടെ പ്രത്യാശയുമുണ്ട്.

യേശു പറയുന്നു; “എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ” (v.6). ഇടർച്ചയായിരുന്നു അവൻ. ഇന്നും ഇടർച്ചയാണവൻ. അതുകൊണ്ടാണെന്ന് തോന്നുന്നു നമ്മുടെ അളവനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ അവൻ നിർബന്ധിതനായിരിക്കുന്നത്. കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞ് ഇല്ലാതായി എന്ന് പറയുന്നതുപോലെ അവനെക്കുറിച്ച് പ്രസംഗിച്ച് പ്രസംഗിച്ച് അവനിപ്പോൾ ഇല്ലാതായിരിക്കുന്നു. പ്രസംഗകർ അവന്റെ സ്ഥാനം കയ്യടക്കിയിരിക്കുന്നു. പൗരോഹിത്യത്തിനും അനുഷ്ഠാനങ്ങൾക്കും മുകളിൽ ചുങ്കക്കാർക്കും പാപികൾക്കും വേശ്യകൾക്കും കുഞ്ഞുങ്ങൾക്കും പ്രാധാന്യം കൊടുത്ത ഒരു കൂട്ടായ്മ അവൻ സ്ഥാപിച്ചിരുന്നു. ഇന്നത് നേർവിപരീതമായിരിക്കുന്നു. തന്റെ രാജ്യത്തിൽ രാജാക്കന്മാരായി പാവപ്പെട്ടവരെയും രാജകുമാരന്മാരായി കുഞ്ഞുങ്ങളെയും തിരഞ്ഞെടുത്ത അവൻ ഇന്നും ഇടർച്ച തന്നെയാണ്. അതുകൊണ്ടുതന്നെ അവനിൽ ഇടർച്ച തോന്നാത്ത ഭാഗ്യവാന്മാർ ഇന്നുണ്ടോ എന്ന കാര്യം സംശയമായിരിക്കും. അതെ, അവൻ ഇന്നും ഇടർച്ച തന്നെയാണ്; ചിലർക്ക്, ചിലർക്കു മാത്രം.

ഏകാന്തപഥികനായിരുന്നു അവൻ. എന്നിട്ടും ലോകത്തിന്റെ തിന്മയുടെ മുൻപിൽ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു കൂട്ടം ചങ്ങാതികളവനുണ്ടായിരുന്നു. അവരിൽ ഭാഗ്യവാന്മാർ എന്ന് വിളിക്കുവാൻ സാധിക്കുക അവൻ വിതച്ച വെളിച്ചത്തിന്റെ കനലുകൾ ഉള്ളിൽ ആളിപ്പടരാൻ തുടങ്ങിയവർ മാത്രമായിരിക്കും. കൂടെ നടന്നവരിൽ പലരിലും അങ്ങനെയൊരു തീക്കനൽ ഇല്ലായിരുന്നു എന്നതാണ് ചരിത്രപരമായ ദുരിതവും ഇന്നിന്റെ നഷ്ടവും. ഓർക്കുക, കൂടെ നടക്കുന്നവൻ ഉള്ളിൽ വസിക്കാത്ത കാലം വരെ സ്നേഹമെന്നും ഒരു പ്രഹസനം മാത്രമായിരിക്കും. അത് യേശുവിന്റെ ചങ്ങാതികളുടെ കാര്യത്തിൽ മാത്രമല്ല. ദാമ്പത്യത്തിലും പൗരോഹിത്യത്തിലും സന്യസ്തതയിലും അത് ബാധകമാണ്. കൂടെ നടക്കുന്നവർ ഉള്ളിൽ വസിക്കുന്നില്ലെങ്കിൽ ജീവിതം എന്നും ഒരു പ്രഹസനം തന്നെയായിരിക്കും.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago