Categories: Sunday Homilies

4th Sunday_Ordinary Time_Year_A_കർത്താവിന്റെ സമർപ്പണം

യേശുവിനെ ഞാൻ എങ്ങനെയാണ് ഈ ലോകത്തിൽ പ്രഘോഷിക്കുന്നത്?...

ഒന്നാം വായന: മലാക്കി 3:1-4
രണ്ടാം വായന: ഹെബ്രായർ 2:14-18
സുവിശേഷം: വി. ലൂക്കാ 2:22-40

ദിവ്യബലിക്ക് ആമുഖം

‘പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ’ എന്ന പേരിൽ നാലാം നൂറ്റാണ്ട് മുതൽക്കേ തിരുസഭയിൽ നിലനിന്നിരുന്ന മരിയൻ തിരുനാൾ കാലത്ത് ‘കർത്താവിൻറെ സമർപ്പണത്തിരുനാൾ’ എന്നപേരിൽ ക്രിസ്തു കേന്ദ്രീകൃതമായ ഒരു തിരുനാളായി മാറി. യഹൂദ നിയമമനുസരിച്ച് നാല്പതാം നാൾ യേശുവിനെ ജറുസലേം ദേവാലയത്തിൽ സമർപ്പിക്കാനായി മറിയവും ജോസഫും കൊണ്ടുവരുന്നതാണ് ഇന്നത്തെ സുവിശേഷത്തിലെ മുഖ്യപ്രമേയം. മലാക്കി പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയും, ഹെബ്രായർക്കുള്ള ലേഖനത്തിൽ നിന്നുള്ള രണ്ടാം വായനയും ഇന്നത്തെ തിരുനാളിന്റെ ആധികാരികതയെ ഊട്ടിയുറപ്പിക്കുന്നു. ദേവാലയത്തിൽ സമർപ്പിക്കപ്പെട്ട, ദൈവത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട എല്ലാവരുടെയും തിരുനാളാണിത്. പ്രത്യേകിച്ച് തിരുസഭയിലെ സന്യസ്തരെ നമുക്ക് പ്രത്യേകമായി ഓർമ്മിക്കാം, നമ്മുടെ ഇടവകയിൽ സേവനം ചെയ്യുന്ന സന്യസ്തർക്കായും, അവരുടെ സമർപ്പിതജീവിതത്തിനായും പ്രാർത്ഥിക്കാം. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

ഇന്നത്തെ തിരുവചനങ്ങളിൽ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നത് സുവിശേഷം തന്നെയാണ്. നമ്മുടെ കർത്താവായ യേശുവിനെ യഹൂദ നിയമമനുസരിച്ച് ജനനത്തിന്റെ നാല്പതാം നാൾ (ലേവ്യർ 12:2-8, പുറപ്പാട് 13:12) പരിശുദ്ധ അമ്മയും യൗസേപിതാവും ദേവാലയത്തിൽ കാഴ്ചവയ്ക്കുന്നു. അത് വെറുമൊരു സമർപ്പണമായിരുന്നില്ല തലമുറകളുടെ കണ്ടുമുട്ടൽ ആയിരുന്നു. പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും സമാഗമം. ജ്ഞാനിയായ ശിമയോനും പ്രവാചകയായ അന്നയും ഉണ്ണിയേശുവിനെ കണ്ടുമുട്ടുന്നു. ഈ രണ്ടു ദൈവമനുഷ്യരുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും യേശുവിനെ നമുക്ക് കൂടുതൽ മനസ്സിലാക്കാം.

ജ്ഞാനിയായ ശിമയോൻ യേശുവിനെ കണ്ടുമുട്ടുന്നു

ശിമെയോനെ സുവിശേഷകൻ നീതിമാനും, ദൈവഭക്തനും, ഇസ്രായേലിലെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയാണ് വിശേഷിപ്പിക്കുന്നത്. യേശുവിനെ “സകല ജനതകൾക്കും വേണ്ടിയുള്ള രക്ഷ, വെളിപാടിന്റെ പ്രകാശം, ഇസ്രായേലിനെ മഹിമ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. നാം ദേവാലയത്തിൽ വരുമ്പോൾ, ദിവ്യകാരുണ്യത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ എങ്ങനെയാണ് യേശുവിനെ വിശേഷിപ്പിക്കുന്നത്? മറ്റൊരർത്ഥത്തിൽ യേശു എനിക്ക് ആരാണ്? എന്ന് ചോദിക്കാൻ ശിമയോൻ നമ്മെ പഠിപ്പിക്കുകയാണ്. ശിമയോൻ രണ്ടാമത്തെ പ്രത്യേകത ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള അവന്റെ പ്രതീക്ഷയും, അത് നിറവേറ്റപ്പെടുമെന്നുള്ള വിശ്വാസവുമാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം ശിമയോന്റെ വാർദ്ധക്യ കാലഘട്ടത്തിൽ തന്റെ വാഗ്ദാനം നിറവേറ്റുന്നു. അതിനാലാണ് ശിമയോൻ പറയുന്നത് “കർത്താവേ അവിടുത്തെ വാഗ്ദാനം അനുസരിച്ച് ഇപ്പോൾ ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കണമെ, എന്തെന്നാൽ സകല ജനങ്ങൾക്കും വേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകൾ കണ്ടു കഴിഞ്ഞു”. ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിറവേറ്റപ്പെടുമെന്ന് ഉറപ്പോടെ വിശ്വസിക്കാൻ ശിമയോന്റെ ജീവിതം നമ്മെ വീണ്ടും പഠിപ്പിക്കുന്നു.

ശിമയോൻ പരിശുദ്ധ മറിയത്തോട് പറഞ്ഞ വാക്കുകൾ നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു; “യേശു (ഇവൻ) ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും, ഉയർച്ചയ്ക്കും കാരണമാകും. യേശു വിവാദ വിഷയമായ അടയാളവും ആയിരിക്കും. മറിയത്തിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചു കയറുകയും ചെയ്യും”. ഈ വാക്കുകളുടെ യഥാർത്ഥ അർത്ഥം നമുക്ക് മനസിലാകണമെങ്കിൽ വിശുദ്ധ ലൂക്കാ സുവിശേഷകൻ അംഗമായിട്ടുള്ള ആദിമസഭയുടെ അന്തരീക്ഷം നാം മനസ്സിലാക്കണം. ഏകദേശം അമ്പതു വർഷത്തോളം പ്രായമുള്ള ആദിമസഭയിലും സമൂഹത്തിലും ക്രിസ്തു ഒരു വിവാദ അടയാളവും, ‘ക്രിസ്ത്യാനി ആവുക’ എന്നത് ഒരു വിവാദ വിഷയം ആയിരുന്നു. യേശുവിലുള്ള വിശ്വാസം പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമായി. സമൂഹത്തിൽ ക്രിസ്തുവിനെ അനുഗമിക്കുന്നവരും അതോടൊപ്പം യേശുവിൽ വിശ്വസിക്കാത്തവരും ഉണ്ടായിരുന്നു. ആദിമസഭയിൽ മാത്രമല്ല, സുവിശേഷ രചനാ കാലഘട്ടത്തിൽ മാത്രമല്ല, അന്നും ഇന്നും എന്നും യേശുവിന്റെ നാമം പ്രഘോഷിക്കപ്പെടുന്നതും, യേശുവിലുള്ള വിശ്വാസം പ്രചരിപ്പിക്കുന്നതും ഒരു വിവാദ വിഷയവും അടയാളവും തന്നെയാണ്. ശിമെയോന്റെ വാക്കുകൾ ഇന്നും ഈ ലോകത്തിൽ അന്വർഥമാകൊണ്ടിരിക്കുന്നു.

പ്രവാചകയായ അന്ന യേശുവിനെ കണ്ടുമുട്ടുന്നു

ദേവാലയത്തിൽ ദീർഘകാലം ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുന്ന പ്രവാചകനായ അന്ന യേശുവിനെ കണ്ടുമുട്ടുന്നു. ശിമയോൻ സംസാരിക്കുന്നത് മറിയത്തോടും ജോസഫിനോടും മാത്രമാണെങ്കിൽ, അന്നയാകട്ടെ മുന്നോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലേമിൽ രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇക്കാരണത്താൽ തന്നെ ചില ബൈബിൾ പണ്ഡിതന്മാർ അന്നയെ ആദ്യത്തെ പ്രേക്ഷിതയായി വിശേഷിപ്പിക്കുന്നു.

യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് പലരും പല രീതിയിലാണ് യേശുവിനെ പ്രഘോഷിക്കുന്നത്.
ഒന്നാമതായി; ഗബ്രിയേൽ മാലാഖ യേശുവിനെ കുറിച്ച് പറയുന്നു. ഇത് വ്യക്തിപരമായ, സ്വകാര്യമായ ഒരു പ്രഘോക്ഷണമാണ്.
രണ്ടാമതായി; മാലാഖമാർ ഇടയന്മാരോട് യേശുവിനെ കുറിച്ച് പറയുന്നു. ഇത് ഭാഗികമായി പൊതുപ്രഘോഷണമാണ്. ഒരു ഗ്രൂപ്പിനോട് മാത്രം യേശുവിനെക്കുറിച്ച് പറയുന്നു.
മൂന്നാമതായി; ശിമയോൻ ദേവാലയത്തിൽവച്ച് യേശുവിനെക്കുറിച്ച് മാതാവിനോടും ജോസഫിനോട് പറയുന്നു. കുടുംബ വൃത്തത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന യേശുവിനെക്കുറിച്ചുള്ള പ്രഘോഷണമാണിത്.
നാലാമതായി; പ്രവാചകയായ അന്ന ദേവാലയത്തിൽവച്ച് രക്ഷ പ്രതീക്ഷിച്ചു കൊണ്ടിരുന്ന എല്ലാവരോടും യേശുവിനെക്കുറിച്ച് സംസാരിക്കുന്നു. ജനത്തോട് മുഴുവൻ യേശുവിനെക്കുറിച്ച് പ്രഘോഷിക്കുന്ന പൂർണ്ണമായ പൊതുപ്രഘോഷണമാണിത്. പ്രവാചകനായ അന്നയുടെ ഈ പ്രവൃത്തി പ്രേക്ഷിത പ്രവർത്തനത്തിന് ഒരു ഉദാത്ത മാതൃകയാണ്. പ്രത്യേകിച്ച് തിരുസഭയിൽ സ്ത്രീകൾക്ക് യേശുവിനെ എത്രമാത്രം പ്രഘോഷിക്കുവാൻ സാധിക്കുമെന്ന് അന്നയുടെ ധീരമായ പ്രേഷിതദൗത്യം പഠിപ്പിക്കുന്നു. പ്രാർത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന അവളുടെ ആത്മീയ ജീവിതത്തിന്റെ ഫലം ദൈവം അവൾക്ക് നൽകി.

ദേവാലയത്തിൽവച്ച് യേശുവിനെ കണ്ടുമുട്ടുന്ന ശിമയോനും അന്നയും, നമ്മുടെ ഇടവക ദേവാലയത്തിൽ വച്ച് നാം കണ്ടുമുട്ടുന്ന യേശുവിനോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെയും സ്നേഹത്തെക്കുറിച്ച് ഓർമിപ്പിക്കുന്നു. നമുക്കും ആത്മശോധന ചെയ്യാം; “യേശുവിനെ ഞാൻ എങ്ങനെയാണ് ഈ ലോകത്തിൽ പ്രഘോഷിക്കുന്നത്?”

ആമേൻ.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

13 hours ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

1 day ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

1 day ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago