Categories: Meditation

4th Sunday_Ordinary Time_Year_A_”ജനതകളുടെ പ്രകാശം” (ലൂക്കാ 2:22-40)

യേശു, ശിമയോനെ പോലെ മനുഷ്യകുലത്തിന്റെ നന്മയെ സ്വപ്നം കാണുന്നവരുടെ സ്വന്തം...

യേശുവിന്റെ സമർപ്പണ തിരുന്നാൾ

ജോസഫും മറിയവും ദരിദ്രരുടെ ബലി വസ്തുക്കളായ ഒരു ജോഡി ചെങ്ങാലികളുമായി ദേവാലയത്തിലേക്കു വരുന്നു. ബലിയായി അർപ്പിക്കുന്നത് ചെങ്ങാലികളെയാണെങ്കിലും കർത്താവിനു സമർപ്പിക്കാനായി അവർ കൊണ്ടു വന്നിരിക്കുന്നത് അവരുടെ ഏറ്റവും വിലയേറിയ സമ്മാനം തന്നെയാണ്; അവരുടെ ഏകജാതനെ. പക്ഷേ ബലിപീഠത്തിൽ എത്തുന്നതിനു മുമ്പ് ആ കുഞ്ഞ് ഒരു വൃദ്ധന്റെയും വൃദ്ധയുടെയും കരങ്ങളിലാണ് എത്തിപ്പെടുന്നത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദേവാലയത്തിൽ വച്ച് കുഞ്ഞിനെ സ്വീകരിക്കുന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട മതത്തിന്റെ പ്രതിനിധികളല്ല. പൗരോഹിത്യത്തിന്റെ ചിഹ്നം വഹിച്ച ആരുമല്ല. മറിച്ച് ഔദ്യോഗികമായി ഒരു സ്ഥാനവും ഇല്ലാത്ത രണ്ടു വൃദ്ധരാണ്. വാർദ്ധക്യം അവരുടെ കാഴ്ചകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും ദൈവത്തിന്റെ പ്രിയഭാജനങ്ങളായ ആ വൃദ്ധരുടെ ഉൾനേത്രങ്ങൾ എന്നും തെളിഞ്ഞു തന്നെയാണിരുന്നത്. ഉള്ളിൽ പ്രകാശമുള്ളവർക്ക് മാത്രമേ യേശുവിനെ സ്വീകരിക്കാൻ സാധിക്കൂ. ആ പ്രകാശം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. അതിലുപരി ഒരു സ്ഥാപനത്തിന്റെയും പ്രതിനിധികളല്ലാത്ത ഈ വൃദ്ധരുടെ സാന്നിധ്യം ഒരു സന്ദേശം നൽകുന്നുണ്ട്. യേശു ഒരു സ്ഥാപനത്തിന്റെയോ മതത്തിന്റെയോ പുരോഹിതരുടെയോ സ്വന്തമോ കുത്തകയോ അല്ല. അവൻ മാനവികതയുടെ നിധിയാണ്. പ്രപഞ്ചത്തിന്റെ സ്വന്തമാണ്. ജനതകളുടെ പ്രകാശമാണ്. അവൻ സകല സൃഷ്ടികളുടെയും നാഡീവ്യൂഹങ്ങളിലേക്ക് കത്തിപ്പടരുന്ന ആർദ്രതയുടെ സ്ഫുരണമാണ്. അവസാനം എന്നു നമ്മൾ കരുതുന്നയിടത്തിൽ നിന്നും ആരംഭിക്കുന്ന ആൽഫയും, ആരംഭം എന്നു നമ്മൾ കരുതുന്നയിടത്തിൽ പൂവണിയുന്ന ഒമേഗയുമാണ് യേശു. അവൻ നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. ശിമയോനെ പോലെ മനുഷ്യകുലത്തിന്റെ നന്മയെ സ്വപ്നം കാണുന്നവരുടെ സ്വന്തം. അന്നയെ പോലെ കാഴ്ചകൾക്കപ്പുറത്തേക്ക് നേത്രങ്ങളെത്തിക്കുവാൻ സാധിക്കുന്നവരുടെ സ്വന്തം. ഓരോ നവജന്മത്തിന്റെയും മുന്നിലിരുന്നു സ്നേഹഗീതങ്ങൾ ആലപിക്കാൻ കഴിയുന്നവരുടെ സ്വന്തം.

“കര്‍ത്താവിന്റെ അഭിഷിക്‌തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന്‌ പരിശുദ്‌ധാത്‌മാവ്‌ അവന്‌ വെളിപ്പെടുത്തിയിരുന്നു” (v.26). വിശുദ്ധ ഗ്രന്ഥം നമുക്കായി സൂക്ഷിച്ചു വച്ചിരിക്കുന്ന ഏറ്റവും സുന്ദരമായ വചനമാണിത്. ഈ വചനം നമ്മൾ നമ്മുടെ ഹൃദയത്തിലും സൂക്ഷിക്കണം. ശിമയോനെ പോലെ കർത്താവിനെ കാണാതെ നീയും മരിക്കുകയില്ല. ഇത് ഉറപ്പാണ്. പ്രത്യാശയാണ്. ഉന്നതത്തിൽ നിന്നും ഒരു ഉത്തരമില്ലാതെ, ഒരു പ്രഭാകിരണം നിന്റെ ജീവിതത്തിൽ പതിക്കാതെ, നിന്റെ ജീവിതം അവസാനിക്കുകയില്ല. കർത്താവ് നിനക്കുവേണ്ടി മാത്രമായിട്ട് വരും. നിന്റെ സഹനത്തിന്റെ നാളുകളിൽ ഒരു കൈത്താങ്ങായി അവൻ വരും. ലോകനന്മയ്ക്കായുള്ള നിന്റെ എളിയ പ്രയത്നങ്ങളിൽ ഊർജ്ജമായി അവൻ വരും. അങ്ങനെ താങ്ങായും തണലായും കോട്ടയായും പരിചയായും ദൈവത്തിനെ കാണാതെ, അനുഭവിക്കാതെ നീ മരിക്കുകയില്ല.

ശിമയോന്റെ കീർത്തനമാണ് പിന്നീട് സുവിശേഷകൻ നമ്മോട് പങ്കുവയ്ക്കുന്നത്. “സകല ജനതകള്‍ക്കും വേണ്ടി അങ്ങ്‌ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടുകഴിഞ്ഞു” (v.31). യേശു എന്ന വ്യക്തിയിലാണ് രക്ഷ. ഇതാണ് സുവിശേഷങ്ങളുടെ കാതൽ. യേശുവിന്റെ പ്രവർത്തനങ്ങളെക്കാളും വാക്കുകളേക്കാളും എന്തിനേറെ അവന്റെ കുരിശുമരണത്തെക്കാളും സകല ജനതകൾക്കും വേണ്ടിയുള്ള രക്ഷ യേശു എന്ന വ്യക്തിയിലാണ്. അവന്റെ പ്രവർത്തികളല്ല രക്ഷ പ്രദാനം ചെയ്തത്. അവന്റെ സാന്നിധ്യം തന്നെയാണ്.

യേശു പ്രകാശവും മഹിമയുമണെന്ന് ശിമയോൻ ചൊല്ലുന്നുണ്ട്. ഒരു കൈക്കുഞ്ഞിൽ രക്ഷയും പ്രകാശവും മഹിമയും കാണാൻ സാധിക്കുന്ന കാഴ്ച, അത് മാനുഷികമല്ല. ദൈവികമാണ്. സത്തയെ ദർശിക്കുമ്പോഴെ കാഴ്ച പൂർണ്ണമാകൂ. ആ കൈക്കുഞ്ഞിൽ ശിമയോൻ ദർശിച്ചത് ദൈവത്തിന്റെ പ്രകാശമാണ്; മനുഷ്യനായി അവതരിച്ച പ്രകാശം. പ്രഭാപൂരിതമായ ആ ശിശുവിന്റെ തരളിത ശരീരത്തിൽ അവൻ ദർശിച്ചത് ഊർവ്വരമാകുന്ന ദൈവ-മനുഷ്യ ചരിത്രവും, എല്ലാ സ്നേഹത്തിലും തെളിയുന്ന ദൈവീക സ്നേഹവുമായിരുന്നു.

സുവിശേഷഭാഗം അവസാനിക്കുന്നത് ശാന്തമായ ഒരു കുടുംബത്തിന്റെ ചിത്രത്തെ രണ്ടു വരികളിൽ ചിത്രീകരിച്ചു കൊണ്ടാണ്. ദേവാലയത്തിൽ നിന്നും ജോസഫും മറിയവും ശിശുവും നസറത്തിലേക്ക് മടങ്ങുന്നു. അവരുടെ ഭവനത്തിലേക്ക് മടങ്ങുന്നു. ദേവാലയത്തിനേക്കാൾ ഉപരി വിശുദ്ധിയും ചൈതന്യവും ജ്ഞാനവും നിറയേണ്ട ഇടം ഭവനം തന്നെയാണ്. കുടുംബം വിശുദ്ധമാകുമ്പോൾ സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും ആഘോഷം അവിടെ അലയടിക്കും. നിത്യതയുടെ തരംഗങ്ങൾ ഭവനത്തിൽ നിറയും. അപ്പോൾ പുതുനാമ്പായി വിടരുന്ന ജന്മങ്ങൾ ജ്ഞാനം നിറഞ്ഞു ശക്തരാകും. അതിലുപരി ദൈവത്തിന്റെ കൃപ അവരുടെമേൽ ഉണ്ടാകും. അങ്ങനെ ദൈവത്തിന്റെ അവതാരമായി യേശു നസ്രത്തിലെ ഭവനത്തിൽ വളർന്നതുപോലെ യേശുവിന്റെ അവതാരങ്ങളായി നമ്മുടെ ഭവനങ്ങളിലും ശിശുക്കൾ വളരും.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago