Categories: Meditation

ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ (യോഹ. 13:31-35)

"ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" (vv.34-35)...

പെസഹാക്കാലം അഞ്ചാം ഞായർ

“ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ” (vv.34-35).

ഹൃദയത്തിൽ തമസ്സും നിറച്ചു നടന്നവൻ ഭക്ഷണ ശാലയിൽ നിന്നും ഇറങ്ങിയതിനു ശേഷമാണ് യേശു ഈ കൽപന തന്റെ ശിഷ്യന്മാർക്ക് നൽകുന്നത്. അന്ധകാരത്തിനോട് ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുന്നവർക്ക് സ്നേഹവും അതിന്റെ ഭാഷയും മനസ്സിലാകണമെന്നില്ല. അതുകൊണ്ടായിരിക്കണം യൂദാസ് പുറത്ത് പോയതിനുശേഷം യേശു പുതിയ കല്പന ശിഷ്യന്മാർക്ക് നൽകുന്നത്: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ”.

കൽപ്പന ഇഷ്ടപ്പെട്ടു. പക്ഷേ ഏതു സ്നേഹം കൊണ്ടാണ് സ്നേഹിക്കേണ്ടത്? സ്നേഹം എന്ന പദം ആണല്ലോ നമ്മുടെയിടയിൽ ഏറ്റവും കൂടുതൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. റബ്ബിമാർ പറയുന്ന ഒരു കാര്യമുണ്ട്, സ്നേഹം എന്ന പദം തെറ്റായി ഉച്ചരിക്കുകയാണെങ്കിൽ നാവു പൊള്ളുമെന്ന്. എന്നിട്ടും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഏക പദവും യാഥാർത്ഥ്യവും സ്നേഹം മാത്രമാണ്. അതു നൽകിയ പൊള്ളലുകൾ പല ജീവിതങ്ങളെയും ചാമ്പലാക്കിയിട്ടുണ്ട്.

നമ്മൾ സ്നേഹത്തെ മനസ്സിലാക്കിയത് ഒരു വികാരമായിട്ടോ, നൽകലായിട്ടോ, സഹാനുഭാവത്തിന്റെ പ്രകടനമായിട്ടോ, പങ്കുവയ്ക്കലിന്റെ നിമിഷമായുമൊക്കെയാണ്. പക്ഷെ ഓർക്കുക, സ്നേഹം എന്നാൽ ഇതിനെല്ലാം മുകളിലാണ്. ഇതിനെയൊക്കെ കടത്തിവെട്ടുന്നതുമാണ്. അപ്പോള്‍ പലരും ചോദിക്കും; എന്താണ് സ്നേഹം? നിർവചനങ്ങളിൽ നീ അതിനെ ഒതുക്കരുത്. അത് അവിടെ ഒതുങ്ങില്ല. സ്നേഹം വിശുദ്ധമായ ഒരു യാഥാർത്ഥ്യമാണ്. അതിന് രൂപകങ്ങളേ ചേരും. രൂപകങ്ങൾ ഉപയോഗിക്കൂ. അങ്ങനെയാകുമ്പോൾ സ്നേഹം എന്നത് സഹജൻ എന്ന പനിനീർ പൂവിന്റെ ഇതളുകളെ ദൈവീകമായ ആദരവോടെ, വിറയലോടെ വിടർത്തുന്ന പ്രവർത്തിയാണെന്ന് നിനക്ക് മനസ്സിലാകും.

സ്നേഹം പ്രവർത്തിയാണ്. വാചാലതയല്ല. അത് സഹജനെ ഒരു വസ്തുവായോ ലക്ഷ്യമായോ കാണുന്ന മനോഭാവമല്ല. മറിച്ച് ഒരു സംഭവമായി ദർശിക്കുന്ന ഉൾക്കാഴ്ചയാണ്. അപ്പോൾ നീ അറിയും. നിന്റെ ജീവിതത്തിന്റെ സ്വാദ് സഹജനാണെന്നും. നിന്റെ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്നിടുന്നത് അവൻ/ അവൾ ആണെന്നും. നിന്നെ നീ ആക്കുവാൻ സാധിക്കുന്ന ഏക യാഥാർത്ഥ്യം സ്നേഹം മാത്രമാണ്. നിന്റെ ശക്തിക്കും കഴിവുകൾക്കും മധുരം നൽകുമത്. സ്നേഹിക്കണമെങ്കിൽ ദൈവത്തിന്റെ കണ്ണുകൊണ്ട് നീ സഹജരെ നോക്കണം. അപ്പോൾ നിനക്ക് ഓരോ കുഞ്ഞു ഹൃദയങ്ങളുടെയും സൗന്ദര്യവും മഹത്വവും ദർശിക്കാനും ആസ്വദിക്കാനും സാധിക്കും. സ്നേഹത്തിന് മാത്രമേ ജീവിതത്തിന് ആവേശവും ആശ്ചര്യവും നൽകാന്‍ സാധിക്കൂ.

സഹജനെന്ന നീരുറവയിലേക്കുള്ള നടന്നടുക്കലാണ് സ്നേഹം. അവിടെ നീ സ്നേഹിക്കുന്നവർ നിന്നെക്കാൾ വലിയവരായി മാറും. അവർ നിന്റെ ഗുരുക്കന്മാരെ പോലെയുമാകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്നേഹിക്കുകയെന്നാൽ സഹജനെന്ന മഹാസമുദ്രത്തിലെ നീർത്തുള്ളിയാകുകയെന്നതാണ്. സഹജൻ സമുദ്രവും ഞാൻ നീർതുള്ളിയും എന്ന ആഴമായ ബഹുമാനത്തിന്റെ ആന്തരിക അനുഭവമാണത്. അതിനു വിപരീതമായി, സഹജൻ നീർതുള്ളിയും ഞാൻ സമുദ്രവുമാണെന്ന ചിന്ത വന്നാൽ സ്നേഹം ഉണ്ടാകില്ല അവിടെ. ഉണ്ടാകുക കീഴടക്കൽ മാത്രമായിരിക്കും. ഓർക്കുക, സ്നേഹത്തിന് ബഹുമുഖങ്ങളില്ല. അതിനുള്ളത് ഒരേയൊരു മുഖമാണ്. എളിമയുടെ മുഖം. നിന്റെ മുന്നിൽ നിൽക്കുന്ന ഓരോ കുഞ്ഞും സ്നേഹത്തിന്റെ ഒരു മഹാസമുദ്രം ആണെന്നും നീ ഒരു നീർത്തുള്ളി ആണെന്നും കരുതുന്ന ആദരവിന്റെയും തുറവിയുടെയും മനോഭാവമാണത്. ഓരോ കുഞ്ഞുങ്ങളുടെയും എളിയവരുടെയും ദരിദ്രരുടെയും മുൻപിൽ അവരെക്കാൾ ചെറിയവരായി മാറാനുള്ള വിളിയാണത്. അവരുടെ കണ്ണുകളിൽ നിന്നും വെളിച്ചവും ശക്തിയും ചരിത്രവും ഭിക്ഷയായി യാചിക്കാനുള്ള വിളി.

യേശു പറയുന്നു: “ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്ക് നൽകുന്നു”. നോക്കുക, ഒരു നിരോധനാജ്ഞയല്ല. മറിച്ച് മനുഷ്യജീവനെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു നിയമമാണ്. ഈ ലോകത്തിന്റെ വിധിയും നമ്മുടെ തലയിലെഴുത്തും അടങ്ങിയിരിക്കുന്നത് ഈയൊരു കൽപ്പനയിൽ മാത്രമാണ്. എപ്പോഴും നീ ഓർക്കണം, നല്ലൊരു ജീവിതം എല്ലാവരുടെയും അവകാശമാണ്. ഏതെങ്കിലും ഒരു ജാതിക്കോ മതത്തിനോ വർഗ്ഗത്തിനോ വർണത്തിനോ മാത്രം അവകാശപ്പെട്ടതല്ല സ്വസ്ഥമായ ജീവിതം. അതിനായി നമുക്ക് എല്ലാവർക്കും വേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്; സ്നേഹം.

പുതിയ കൽപ്പന എന്ന് യേശു പറയുന്നു. എവിടെയാണ് ഈ കൽപ്പനയിൽ പുതുമ അടങ്ങിയിരിക്കുന്നത്? എല്ലാത്തിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണമെന്നും, തന്നെ പോലെതന്നെ അയൽക്കാരനെയും സ്നേഹിക്കണമെന്നും പഴയ നിയമത്തിലും പറയുന്നുണ്ടല്ലോ? (നിയമ 6:4, ലേവ്യ 19:18). യേശുവിന്റെ കൽപ്പനയുടെ പുതുമയെന്നാൽ “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ” എന്ന അവൻ്റെ വാക്കുകളാണ്. എത്രത്തോളം യേശു സ്നേഹിക്കുന്നുവെന്നു പറയുന്നില്ല. അവന്റെ സ്നേഹത്തിന്റെ അളവ് നിന്നെ സംബന്ധിച്ച് അസാധ്യം തന്നെയായിരിക്കാം. പക്ഷെ ഒരു കാര്യം നീ മനസ്സിലാക്കണം. അവന്റെ ചാരുതയാർന്ന സൗമ്യതയിലും, എല്ലാ പാരമ്പര്യ ചിന്തകളേയും തകിടംമറിക്കുന്ന മനോഭാവത്തിലും ചിന്തകളിലും വാക്കുകളിലും പ്രവർത്തികളിലും ജൈവീകമായി നിറഞ്ഞുനിൽക്കുന്നത് സ്നേഹം മാത്രമാണ്. അവനെ ഒരു വിപ്ലവകാരി എന്നു മുദ്രകുത്താൻ ഏറ്റവും എളുപ്പമാണ്, പക്ഷെ അവന്റെ വിപ്ലവത്തിനു പിന്നിലുള്ള ചേതോവികാരം മാനുഷികതയെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന ദൈവീക സ്നേഹം മാത്രമാണ്. അതുകൊണ്ടാണ് കുരിശും ശൂന്യമായ കല്ലറയും അവന്റെ സ്നേഹത്തെക്കുറിച്ചുള്ള കഥകള്‍ മാത്രം പറയുന്നത്. ഓർക്കുക, അവന്റെ ശിഷ്യരാകുക എന്നാൽ പരസ്പരം സ്നേഹിക്കുന്നവരാകുക എന്നതല്ല. അതിലുപരി അവനെപ്പോലെ സ്നേഹിക്കുന്നവരാകുക എന്നതാണ്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago