Categories: Sunday Homilies

പ്രാർത്ഥനയുടെ ആരംഭവും അവസാനവും  പരമ പരിശുദ്ധ ത്രിത്വം

പ്രാർത്ഥനയുടെ ആരംഭവും അവസാനവും  പരമ പരിശുദ്ധ ത്രിത്വം

ഫാ.സന്തോഷ്‌ രാജന്‍ (ജര്‍മ്മനി)

ഒന്നാം വായന : നിയമവാർത്തനം 4:32-34, 39-40

രണ്ടാം വായന : റോമാ 8:14-17

സുവിശേഷം വി. മത്തായി 28:16-20

ദിവ്യബലിക്ക് ആമുഖം

ഇന്ന് നാം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. ത്രിത്വത്തിലെ ഒന്നാമനായ പിതാവായ ദൈവം, വിദൂരത്തായിരിക്കുന്ന ഒരു യാഥാർഥ്യമല്ല മറിച്ച്, ത്രിത്വത്തിലെ രണ്ടാമനായ യേശുവിലൂടെ നമുക്ക് പൂർണ്ണമായും വെളിപ്പെടുത്തി, ത്രിത്വത്തിലെ മൂന്നാമനായ പരിശുദ്ധാത്മാവിലൂടെ ഈ ലോകാവസാനം വരെ നമ്മോടൊപ്പം ഉണ്ടായിരിക്കുന്നു. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ത്രീത്വയ്കദൈവത്തിന്റെ നാമത്തിലാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പുത്രനായ ക്രിസ്തുവിനോട് ചേർന്ന് പിതാവായ ദൈവത്തിന് നമുക്ക് ഈ തിരുബലിയർപ്പിക്കാം.

വചനപ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരെ,

ത്രീത്വയ്കദൈവത്തെ നമുക്ക് വെളിപ്പെടുത്തുന്ന വചനഭാഗങ്ങളാണ് നാമിന്ന് ശ്രവിച്ചത്. നിയമവാർത്തന പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിൽ ദൈവം ഇസ്രായേൽ ജനത്തെ പരിപാലിച്ച ചരിത്രവും, കർത്താവല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അത് ഹൃദയത്തിൽ ഉറപ്പിക്കാനുള്ള നിർദ്ദേശവും നാം ശ്രവിച്ചു. ബഹുദൈവ വിശ്വാസവും, വിഗ്രഹാരാധനയും നിറഞ്ഞുനിന്നിരുന്ന പൂർവ്വ ഇസ്രായേൽ ചരിത്രത്തിൽ ഏകദൈവത്തിൽ അടിയുറച്ച് വിശ്വസിക്കാനും, ആ ദൈവത്തിന്റെ മാത്രം ചട്ടങ്ങളും പ്രമാണങ്ങളും പാലിക്കാനും തിരുവചനം ആവശ്യപ്പെടുന്നു. തിരുസഭയിലെ വിശ്വാസ പ്രമാണം നാം ആരംഭിക്കുന്നതും “ഏകദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു” എന്ന് ഏറ്റുചൊല്ലിക്കൊണ്ടാണ്.

ഇന്നത്തെ രണ്ടാമത്തെ വായനയിൽ നാം ഒരുപടികൂടി കടന്ന് ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്റെ പുത്രന്മാരാണെന്ന പൗലോസപ്പൊസ്തലന്റെ പ്രബോധനം  ശ്രവിക്കുന്നു. ഒന്നാം വായന യഹൂദ പശ്ചാത്തലത്തിൽ നിന്നുള്ളതാണെങ്കിൽ രണ്ടാം വായന യേശുവിന്റെ ജീവിതത്തിന്റെയും, സുവിശേഷത്തിന്റെയും, ആദിമ ക്രൈസ്തവ സഭയുടെയും പശ്ചാത്തലത്തിലാണ്.

മനുഷ്യനെ ദൈവത്തിന്റെ വെറുമൊരു സൃഷ്‌ടിയോ (മറ്റുസൃഷ്‌ടികളെപ്പോലെ),  ദാസനോ ആയിട്ടല്ല മറിച്ച്,  “ദൈവത്തിന്റെ പുത്രന്മാരായിട്ടാണ്” ദൈവാത്മാവ് ഉയർത്തുന്നത്. ദൈവത്തിന്റെ പുത്രന്മാർ, പുത്രിമാർ എന്നുള്ള ഈ അവകാശം നമുക്ക് രണ്ടു പ്രത്യേകതകൾ നൽകുന്നുണ്ട്.

1) നാം ദൈവത്തെ ആബാ -പിതാവേ എന്ന് വിളിക്കുന്നു.

2) ദൈവപുത്രനായ യേശുവിന്റെ പീഡകളിൽ നാം ഭാഗഭാക്കുകളാകുന്നു.

“സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന പ്രാർത്ഥനയിലൂടെയും, നിത്യജീവനിലെ കുരിശുകൾ വഹിച്ചുകൊണ്ട്, യേശുവിന്റെ പീഡകളിൽ ഭാഗഭാക്കുകളായും ഈ രണ്ടു പ്രത്യേകതകളും നാം ജീവിതത്തിൽ പ്രവർത്തികമാക്കുന്നുണ്ട്. ദൈവാത്മാവിനാൽ നയിക്കപ്പെട്ട്, ദൈവത്തെ ആബാ -പിതാവേയെന്ന് വിളിക്കുന്നവൻ ത്രിത്വയ്ക ദൈവത്തിലാണ് വിശ്വസിക്കുന്നത്. കാരണം, യേശുവാണ് ദൈവത്തെ ‘പിതാവേ’ എന്ന് വിളിച്ചതും, “സ്വർഗ്ഗസ്ഥനായ പിതാവേ”  എന്ന് അഭിസംബോധന ചെയ്ത് പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചതും.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ അവസാന വാക്യങ്ങളാണ് നാം ഇന്ന് സുവിശേഷത്തിൽ ശ്രവിച്ചത്. ശിഷ്യന്മാരെ പ്രേക്ഷിതദൗത്യത്തിനായി ഒരുക്കുന്ന യേശു “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ജ്ഞാനസ്നാനപ്പെടുത്തുവാൻ പറയുന്നു. യേശുവിന്റെ ജ്ഞാനസ്നാനസമയത്തും പിതാവും പരിശുദ്ധാത്മാവും യേശുവിനോടൊപ്പം നിറഞ്ഞുനിൽക്കുന്നു. സ്വർഗം തുറക്കപ്പെടുന്നതും പിതാവായ ദൈവം പരിശുദ്ധാത്മാവിനെ പ്രാവിന്റെ രൂപത്തിലയച്ചുകൊണ്ട് “ഇവനെന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് പറയുന്നത് നാം സുവിശേഷങ്ങളിൽ കാണുന്നു. അതുകൊണ്ട് തന്നെയാണ് തിരുസഭയിലെ ഓരോ ജ്ഞാനസ്നാനവും ത്രീത്വയ്കദൈവത്തിന്റെ നാമത്തിൽ നടത്തപ്പെടുന്നത്.

നാം വിശ്വസിക്കുന്ന ദൈവം ത്രീത്വയ്കദൈവമാണെന്ന് നമുക്ക് വെളിപ്പെടുത്തിയത് യേശു തന്നെയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള സ്നേഹത്തിലൂന്നിയ സ്വഭാവത്തെയും സത്തയെയും കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളിൽ പരാമർശിക്കുന്നുണ്ട്. ഈ തിരുവചനങ്ങളുടെ അടിസ്ഥാനത്തിലാണ് നാം ഏറ്റുചൊല്ലാൻ പോകുന്ന വിശ്വാസ പ്രമാണം രൂപപ്പെടുത്തിയിരിക്കുന്നത്.

നമ്മുടെ ഓരോ പ്രവർത്തിയും ത്രീത്വയ്ക ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കുവാൻ ശ്രദ്ധിക്കാം. എല്ലാറ്റിലും ഉപരി ഓരോ ദിവസവും ത്രീത്വയ്ക ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കുവാൻ മറക്കാതിരിക്കാം.

ആമേൻ.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago