Categories: Kerala

17-ാം ലോകസഭാ പൊതുതിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി കെ.സി.ബി.സി.യുടെ സര്‍ക്കുലര്‍

17-ാം ലോകസഭാ പൊതുതിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി കെ.സി.ബി.സി.യുടെ സര്‍ക്കുലര്‍

“2019 ഏപ്രില്‍11 മുതല്‍ മെയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കുന്ന 17-ാം ലോകസഭാ തിരഞ്ഞെടുപ്പ് ഭാരതത്തെ സംബന്ധിച്ച് സുപ്രധാനവും നിര്‍ണായകവുമാണ്” എന്നുതുടങ്ങുന്ന സർക്കുലറിൽ വളരെ വ്യക്തമായി കത്തോലിക്കാ സഭയുടെ നിലപാട് അവതരിപ്പിച്ചിട്ടുണ്ട്. ‘കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ലായെന്നും, സഭാംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടാറില്ലാ എന്നും സർക്കുലർ പറയുന്നു. അതേസമയം, ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണ്’ എന്ന പ്രഖ്യാപനവും നടത്തുന്നുണ്ട് സർക്കുലർ.

പ്രധാനമായും 12 കാര്യങ്ങളിലേക്കാണ് ഈ സർക്കുലർ വിശ്വാസികളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒപ്പം പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും നിർദ്ദേശിക്കുന്നു.

1) ഭരണഘടനയോടും ഭരണഘടനാസ്ഥാപനങ്ങളോടും ആദരവുമുള്ള ഭരണം ഉണ്ടാകണം.

2) ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്ര നിലപാടുകളുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കണം

3) ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രത്യേക പരിഗണനയും കരുതലും കാണിക്കുന്നവരെ പിന്തുണയ്ക്കണം.

4) ജനാധിപത്യ സംവിധാനം കാത്തുസൂക്ഷിക്കാൻ കെൽപ്പുള്ളവരെ തെരഞ്ഞെടുക്കണം.

5) ഭരണഘടനയുടെ അടിസ്ഥാനശിലകളെ ഇളക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും രാഷ്ട്രീയ പാര്‍ട്ടികളെയും മാറ്റിനിറുത്തണം.

6) ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും, മനസ്സാക്ഷിയുടെ സ്വരത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിന് വ്യക്തികള്‍ക്കും മതസമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രാഷ്ട്രീയ നേതൃത്വത്തെ തെരഞ്ഞെടുക്കണം.

7) മതത്തിന്റെയോ ഭാഷയുടെയോ ജാതിയുടെയോ സമുദായത്തിന്റെയോ സമ്പത്തിന്റെയോ ഭക്ഷണരീതിയുടെയോ പേരില്‍ സാമൂഹ്യവിവേചനത്തിനോ ശാരീരിക ആക്രമണത്തിനോ ഒരാളും ഇരയാകാത്തിരിക്കുന്ന സാഹചര്യം മുന്നിൽ വയ്ക്കുന്നവരെ തെരഞ്ഞെടുക്കണം.

8) ഭരണഘടനാപരമായ തുല്യതയും പരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് ആസൂത്രിതമായി നിഷേധിക്കാത്തിരിക്കുകയും, ഇന്ത്യയിലെ ദളിത് ക്രൈസ്തവരിൽ ഉണ്ടാക്കുന്ന വിവേചനം അപ്പാടെ തുടച്ചുമാറ്റുവാൻ സന്നദ്ധരാവുന്നവരെ തെരഞ്ഞെടുക്കണം.

9) കുടുംബത്തിന്റെ ഭദ്രതയും, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും, ഭരണഘടനാമൂല്യങ്ങളോടൊപ്പം ധാര്‍മ്മിക മൂല്യങ്ങളും മതബോധവും സമൂഹത്തിന്റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്ന ബോധ്യം അംഗീകരിക്കുന്നവരെ തെരഞ്ഞെടുക്കണം.

10) മതത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന എല്ലാ തീവ്രവാദ ഭീകരവാദ നിലപാടുകളെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തുതോല്പിക്കുന്നതോടൊപ്പം, എല്ലാ മത-സാംസ്കാരികധാരകളെയും രാഷ്ട്രപുരോഗതിക്കായി ചേര്‍ത്തുനിറുത്തുന്ന രാഷ്ട്രീയ നേതൃത്വത്തെ തെരഞ്ഞെടുക്കണം.

11) അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്ക്കാത്ത നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടണം.

12) വൈവിധ്യത്തെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യയുടെ സംസ്കൃതി കുടികൊള്ളുന്നത് എന്ന ബോധ്യം നിലനിറുത്തുന്നവരെ തെരഞ്ഞെടുക്കണം.

മാർച്ച് 26-ന് നൽകിയിരിക്കുന്ന ‘ഈ സർക്കുലർ, 2019 ഏപ്രില്‍ 7-ാം തീയതി കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്കാ സഭകളിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലി അര്‍പ്പിക്കപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലും വായിക്കുകയോ ഇതിലെ ആശയങ്ങള്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയോ ചെയ്യേണ്ടതാണ് ‘എന്ന കുറിപ്പോടെയാണ് കെ.സി.ബി.സി. സർക്കുലർ നല്കപ്പെട്ടിട്ടുള്ളത്.

സർക്കുലറിന്റെ പൂർണ്ണ രൂപം:

17-ാം ലോകസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിബിസി
പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍

പ്രിയ സഹോദരീസഹോദരന്മാരേ,

2019 ഏപ്രില്‍11 മുതല്‍ മെയ് 19 വരെ ഏഴുഘട്ടങ്ങളായി നടക്കുന്ന 17-ാം ലോകസഭാ തിരഞ്ഞെടുപ്പ് ഭാരതത്തെ സംബന്ധിച്ച് സുപ്രധാനവും നിര്‍ണായകവുമാണ്.

രാജ്യത്തിന്റെ ജനാധിപത്യ മനസ്സ് വ്യക്തമായി പ്രകടമാക്കുന്നതിനുള്ള അവസരമാണ് പൊതുതിരഞ്ഞെടുപ്പുകള്‍. ഭാരതത്തിന്റെ ഭരണഘടന വിഭാവനചെയ്യുന്ന മഹത്തായ ലക്ഷ്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും രാജ്യത്തെ നയിക്കുന്നതില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ സുപ്രധാനമായ പങ്കുവഹിക്കുന്നു. സ്വഭാവമഹിമയും സാമൂഹ്യ പ്രതിബദ്ധതയും ഭരണഘടനയോടും ഭരണഘടനാസ്ഥാപനങ്ങളോടും ആദരവുമുള്ള നേതാക്കള്‍ ഭരണത്തിന്റെ തലപ്പത്തു വരേണ്ടത് രാജ്യത്തിന്റെ ഭാവിക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. ജനാധിപത്യ പ്രക്രിയയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കുമുള്ള പ്രാധാന്യവും വലുതാണ്. ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ലക്ഷ്യങ്ങളുമായി ഒത്തുപോകുന്ന പ്രത്യയശാസ്ത്ര നിലപാടുകളാണ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രസക്തമാക്കുന്നത്. അക്രമരഹിതവും സമാധാനപൂര്‍ണവുമായ ജനജീവിതം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ചുമതലയുണ്ട്.

കത്തോലിക്കാസഭയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയുമായോ രാഷ്ട്രീയ പാര്‍ട്ടിയുമായോ സ്ഥാനാര്‍ത്ഥിയുമായോ സവിശേഷബന്ധമോ പ്രത്യയശാസ്ത്ര ആഭിമുഖ്യമോ ഇല്ല. സഭാംഗങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തില്‍ സഭ ഇടപെടാറുമില്ല. എന്നാല്‍ ജനാധിപത്യവും മതേതരത്വവും ഉള്‍പ്പെടെയുള്ള ഭരണഘടനാ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമഗ്രപുരോഗതിയും ഉറപ്പുവരുത്തുന്നതിനും അതിനു കഴിവുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനും കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണ്. ദരിദ്രരോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക പരിഗണനയും കരുതലും സഭയുടെ നയവും നിലപാടുമാണ്.

വൈവിധ്യമാര്‍ന്ന ജനസമൂഹങ്ങളും സാംസ്കാരിക പൈതൃകങ്ങളും ഭാഷകളുമുള്ള ഭാരതം ഒരു രാജ്യവും ഒറ്റ ജനതയുമായി മുന്നേറുന്നതില്‍ ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യസംവിധാനം മുഖ്യപങ്കു വഹിക്കുന്നു. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് അഭിമാനാര്‍ഹമായ സ്ഥാനം നേടിത്തരുന്നതും ഈ ജനാധിപത്യ സംവിധാനംതന്നെയാണ്. കൃത്യസമയത്തു നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഈ ജനാധിപത്യ സംവിധാനത്തിന്‍റെ അടിസ്ഥാനശിലകളാണ്. എല്ലാ പൗരന്മാര്‍ക്കും തുല്യാന്തസ്സും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്ന ഭരണഘടന, ഒരാള്‍ക്ക് ഒരു വോട്ട് എന്ന രീതിയില്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തിക്കൊണ്ട്, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ഉത്തരവാദിത്വം ഓരോ പൗരനും നല്കിയിരിക്കുന്നു. ഈ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ വീഴ്ചവരുത്താതെ, രാജ്യത്തിന്‍റെ ഭരണാധികാരികളെ തിരഞ്ഞെടുക്കാന്‍ ഓരോ പൗരനും കടമയുണ്ട്. തിരുസഭാംഗങ്ങളായ വോട്ടര്‍മാര്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടെയും വിവേകപൂര്‍വവും നിര്‍വഹിക്കണം.

ലോകത്തിലെ പല ജനാധിപത്യ രാജ്യങ്ങളും സമഗ്രാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും പാതയിലേക്കുള്ള പ്രവണത കാട്ടുമ്പോഴും ഇന്ത്യ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയില്‍ മുന്നേറുന്നു എന്നത് ഓരോ ഇന്ത്യന്‍ പൗരനെയും അഭിമാനപുളകിതനാക്കും. ഈ പാതയില്‍ നിന്ന് ഇന്ത്യയെ വ്യതിചലിപ്പിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ ഒരു കാരണവശാലും പിന്തുണ അര്‍ഹിക്കുന്നില്ല. ഭരണഘടനയുടെ അടിസ്ഥാനശിലകളെ ഇളക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തില്‍ വരുന്നത് രാജ്യത്തിന് ആപത്തുണ്ടാക്കും. വിവിധ ഭരണഘടനാസ്ഥാപനങ്ങളുടെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ടത് ജനാധിപത്യമൂല്യങ്ങളുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന് അനിവാര്യമാണ്.

ആഗോളവത്കരണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകം വലിയ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. കോര്‍പറേറ്റു ശക്തികള്‍ സാധാരണക്കാരെ ചൂഷണംചെയ്തു തടിച്ചുകൊഴുക്കുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും ചെയ്യുന്നു. സമ്പന്നരെ മാത്രമല്ല സാധാരണക്കാരെയും കര്‍ഷകരെയും ആദിവാസികളെയും ദളിത് ജനവിഭാഗങ്ങളെയും കരുതുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയപരിപാടികള്‍ ഭരണകൂടം പിന്‍തുടരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ദരിദ്ര ജനവിഭാഗങ്ങളുടെ പരാധീനതകള്‍ മനസ്സിലാക്കി സാമ്പത്തിക നയരൂപീകരണം നടത്തുകയും, രാജ്യം ഒരു സാമ്പത്തിക ശക്തിയായി വളരുന്നതോടൊപ്പം ഓരോ ഇന്ത്യക്കാരനും സാമ്പത്തിക സാമൂഹ്യരംഗങ്ങളില്‍ വികസനത്തിന്‍റെ പ്രയോജനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു ഇന്ത്യ വിഭാവനം ചെയ്യുന്നവരെയാണ് തിരഞ്ഞെടുക്കേണ്ടത്. പരിസ്ഥിതിയെയും പാവപ്പെട്ടവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാവണം സര്‍ക്കാരിന്‍റെ വികസനനയം.

മനസ്സാക്ഷി സ്വാതന്ത്ര്യവും മതബോധവും മനുഷ്യന്റെ സാംസ്കാരിക വളര്‍ച്ചയില്‍ മുഖ്യപങ്കാണു വഹിക്കുന്നത്. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുകയും, മനസ്സാക്ഷിയുടെ സ്വരത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നതിന് വ്യക്തികള്‍ക്കും മതസമൂഹങ്ങള്‍ക്കും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യണം. ഏതെങ്കിലും ഒരു മതത്തോടു പ്രത്യേക മമതയോ ഏതെങ്കിലും മതത്തിനെതിരേ വിവേചനമോ പുലര്‍ത്താതിരിക്കുകയും നിയമപരമായി എല്ലാവര്‍ക്കും തുല്യപരിഗണന ഉറപ്പുവരുത്തുകയും ചെയ്യുന്ന മതേതര സങ്കല്പമാണ് ഭാരതം ഉയര്‍ത്തിപ്പിടിക്കുന്നത്. മതത്തിന്‍റെ പേരില്‍ ഉയര്‍ന്നുവരുന്ന എല്ലാ തീവ്രവാദ ഭീകരവാദ നിലപാടുകളെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തുതോല്പിക്കുന്നതോടൊപ്പം, എല്ലാ മത-സാംസ്കാരികധാരകളെയും രാഷ്ട്രപുരോഗതിക്കായി ചേര്‍ത്തുനിറുത്തുന്ന രാഷ്ട്രീയ നേതൃത്വമാണ് ഉണ്ടാകേണ്ടത്.

മതത്തിന്‍റെയോ ഭാഷയുടെയോ ജാതിയുടെയോ സമുദായത്തിന്‍റെയോ സമ്പത്തിന്‍റെയോ ഭക്ഷണരീതിയുടെയോ പേരില്‍ സാമൂഹ്യവിവേചനത്തിനോ ശാരീരിക ആക്രമണത്തിനോ ഒരാളും ഇരയാകേണ്ടി വരരുത്. അക്രമ രാഷ്ട്രീയത്തിനു മുതിരുന്നത് ജനാധിപത്യസംസ്കാരത്തില്‍ പതംവരാത്ത മനസ്സുകളാണ്. മനുഷ്യജീവന്‍റെ മൂല്യവും മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നവരും ജനാധിപത്യ മര്യാദകളെ മാനിക്കുന്നവരുമാകണം ജനപ്രതിനിധികള്‍. ചരിത്രത്തെ മുന്നോട്ടു നയിക്കുന്നത് സാമ്പത്തികഘടകങ്ങള്‍ മാത്രമല്ല, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സാംസ്കാരിക ഇടപെടലുകളും രാഷ്ട്രീയ നിലപാടുകളും തീരുമാനങ്ങളും നടപടികളുമാണ്. അഴിമതിക്കും അക്രമത്തിനും സ്വജനപക്ഷപാതത്തിനും കൂട്ടുനില്ക്കാത്ത നേതാക്കള്‍ തിരഞ്ഞെടുക്കപ്പെടണം.

ഭാരതപൗരന്‍ എന്ന നിലയില്‍ ഒരു വ്യക്തിക്കു കിട്ടേണ്ട ഭരണഘടനാപരമായ തുല്യതയും പരിഗണനയും ന്യൂനപക്ഷങ്ങള്‍ക്ക് ആസൂത്രിതമായി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയില്‍ ദളിത് ക്രൈസ്തവര്‍ ഇത്തരത്തിലുള്ള വിവേചനം അനുഭവിച്ചുവരുന്നു എന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം വിവേചനങ്ങള്‍ക്കെതിരേ നിലപാടെടുക്കാന്‍ കഴിയുന്ന രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും അധികാരത്തില്‍ വരേണ്ടത് നീതി നിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ആവശ്യമാണ്.

പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി അനുകരിക്കുന്ന നിയമനിര്‍മാണം ഭാരതത്തിന്‍റെ സംസ്കൃതിക്കും സാമൂഹികജീവിതത്തിനും ചേരുന്നതല്ല. സമൂഹത്തിന്‍റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തിന്‍റെ ഭദ്രതയും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവും സുരക്ഷിതത്വവും ഭരണകര്‍ത്താക്കള്‍ കണക്കിലെടുക്കണം. കുടുംബത്തിനു ശൈഥില്യമുണ്ടാക്കുന്ന നിയമനിര്‍മാണശ്രമങ്ങള്‍ സമൂഹത്തിന്‍റെ സുസ്ഥിതിയെയും കെട്ടുറപ്പിനെയും ദോഷകരമായി ബാധിക്കും. ഭരണഘടനാമൂല്യങ്ങളോടൊപ്പം ധാര്‍മ്മിക മൂല്യങ്ങളും മതബോധവും സമൂഹത്തിന്‍റെ സാംസ്കാരിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. അത്തരം മൂല്യങ്ങള്‍ സംരക്ഷിക്കുന്നവരാണ് ഭരണനേതൃത്വത്തില്‍ വരേണ്ടത്.

പൗരസമൂഹങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവും സ്നേഹവും ഐക്യവും വളര്‍ത്തുന്നതില്‍ ഭരണനേതൃത്വത്തിനുള്ള പങ്ക് സുപ്രധാനമാണ്. വൈവിധ്യത്തെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലാണ് ഇന്ത്യയുടെ സംസ്കൃതി കുടികൊള്ളുന്നത്. ഭാരതത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെ തകര്‍ക്കുന്നതോ ഏതെങ്കിലും ഒരു ഏകശിലാരൂപത്തിലേക്ക് ആവാഹിക്കാന്‍ ശ്രമിക്കുന്നതോ ആയ നീക്കങ്ങള്‍ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകരുത്. അത് രാജ്യത്തിന്‍റെ അഖണ്ഡതയെയുംനിലനില്പിനെത്തന്നെയും ദോഷകരമായി ബാധിക്കും. അതുകൊണ്ട് സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും പരസ്പര ശാക്തീകരണത്തിന്‍റെയും സമീപനം പുലര്‍ത്തുന്ന നേതാക്കളെയാണ് നമുക്കാവശ്യം.

തിരഞ്ഞെടുപ്പിന്റെ സമാധാനപൂര്‍ണമായ നടത്തിപ്പിനും രാജ്യത്തിന്റെ സുസ്ഥിതിക്കുമായി എല്ലാ വിശ്വാസികളും പ്രത്യേകം പ്രാര്‍ത്ഥന നടത്തുകയും പ്രായപൂര്‍ത്തിയായ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയും വേണം. സമാധാനപൂര്‍വകമായ പൗരജീവിതവും സാമൂഹ്യ സാംസ്കാരിക സാമ്പത്തിക രംഗങ്ങളില്‍ വളര്‍ച്ചയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ടാകട്ടെ! എല്ലാവര്‍ക്കും ദൈവാനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട്,

സ്നേഹപൂര്‍വം,
ആര്‍ച്ചുബിഷപ് എം. സൂസപാക്യം
പ്രസിഡന്‍റ്, കെസിബിസി
പി.ഒ.സി., കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയം
കൊച്ചി – 682 025

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

1 month ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago