Kazhchayum Ulkkazchayum

പ്രത്യാശയുടെ രജതരേഖകൾ

പഠനവും, പ്രാർത്ഥനയും, പ്രവർത്തനവും, സമയബന്ധിതമായ ആസൂത്രണവുമൊക്കെ നമ്മുടെ കർമ്മശക്തി വർദ്ധിപ്പിക്കും...

നമ്മുടെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തിയാണ് പ്രതീക്ഷയും, പ്രത്യാശയും. പ്രതീക്ഷയ്ക്ക് സ്വാഭാവിക തലമാണെങ്കിൽ പ്രത്യാശയ്ക്ക് അതിസ്വാഭാവികമായ ഒരു മാനമുണ്ട്. ശുഭാപ്തിവിശ്വാസം പ്രതീക്ഷയുടെ പ്രേരക ശക്തിയാണ്. അതായത്, എല്ലാം നന്മയ്ക്കായി സംഭവിക്കുന്നതാണെന്ന ബോധ്യം ഉള്ളിൽ ആഴപ്പെടുമ്പോൾ ക്രിയാത്മകമായി (+ve) വസ്തുതകളെ നോക്കിക്കാണാനും, വൈതരണികളെ തരണം ചെയ്യാനുമുള്ള ആത്മബലം നമ്മിൽ ശക്തിപ്രാപിക്കും. പഠനവും, പ്രാർത്ഥനയും, പ്രവർത്തനവും, സമയബന്ധിതമായ ആസൂത്രണവുമൊക്കെ നമ്മുടെ കർമ്മശക്തി വർദ്ധിപ്പിക്കും.

നാം വിചാരിക്കുന്നതുപോലെ എല്ലാം നടക്കണമെന്നില്ല. എന്നാൽ, അതിജീവനത്തിന്റെ പാതയിൽ നാം ആയിരിക്കുന്നു എന്ന് ഉറപ്പു വരുത്തണം. അപ്പോൾ വൈതരണികളെ (തടസ്സങ്ങൾ) വകഞ്ഞു മാറ്റി മുന്നേറാനുള്ള പ്രാപ്തി നാം സ്വായത്തമാക്കും. തടസ്സങ്ങളെ ചവിട്ടുപടികളാക്കി, വിജയത്തിന്റെ സാധ്യതകളാക്കി, മാറ്റാനുള്ള വീണ്ടുവിചാരവും, വിശകലനവും, വിലയിരുത്തലും യഥാസമയം നമ്മെ കർമ്മനിരതരാക്കും. ജാഗ്രതാ പൂർണമായ അപഗ്രഥനം നമ്മിൽ നിരന്തരം സംഭവിക്കണം. ശ്രമകരമായ ഈ പ്രവർത്തനം ആയാസരഹിതമാക്കാനുഉള്ള പ്രകാശത്തിന്റെ വെള്ളി രേഖയിലൂടെ നമുക്ക് ധ്യാനപൂർവ്വം സഞ്ചരിക്കാം.

(1) ക്രിയാത്മകമായ “ഭാഷ” ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

(2) ഏതൊന്നിനും (ദുഃഖ, ദുരിത, ദുരന്തം etc.) എന്റെ മനശക്തിയെ തകർക്കാനാവില്ലെന്ന് നാം ദൃഡപ്രതിജ്ഞ എടുക്കണം.

(3) കണ്ടുമുട്ടുന്ന എല്ലാ വ്യക്തികൾക്കും സ്വസ്ഥതയും, ശാന്തിയും, സമാധാനവും ആശംസിക്കണം, അതിനായി യത്നിക്കണം.

(4) കണ്ടുമുട്ടുന്നവർ ഒരു “നിധി” ശേഖരമാണ് എന്ന് ഉറച്ച് വിശ്വസിക്കണം (എത്രയെത്ര നന്മകളും, സദ്ഗുണങ്ങളുമാണ് അവരിൽ ഒളിഞ്ഞിരിക്കുന്നതെന്ന് തിരിച്ചറിയണം).

(5) ഒരു കാര്യത്തിന്റെ നിഷേധാത്മകമായ (-ve ) വശത്തേക്കാൾ, ഭാവാത്മകമായ (+ve ) വശത്തിന് കൂടുതൽ ഊന്നൽ നൽകണം നല്ലത് മാത്രം ചിന്തിക്കും (വികാരത്തെക്കാൾ വിചാരത്തിന് മുൻതൂക്കം നൽകും), പ്രവർത്തിക്കും, സാക്ഷാത്കാരത്തിനു വേണ്ടി നിരന്തരം അധ്വാനിക്കും.

(6) എന്റെ വിജയത്തിൽ എന്നതുപോലെ മറ്റുള്ളവരുടെ “ഉന്നമനത്തിലും” ഞാൻ തല്പരനായിരിക്കും.

(7) കഴിഞ്ഞകാല തെറ്റുകളെ, “വീഴ്ചകളെ” ബോധപൂർവ്വം അവഗണിക്കും, മറക്കും. ഭാവി നന്മയിൽ മാത്രം ശ്രദ്ധാലുവാകും.

(8) മറ്റുള്ളവരോട് സൗഹാർദമായി ഇടപെടും (അവർ ആയിരിക്കുന്ന അവസ്ഥ അംഗീകരിക്കും).

(9) എന്റെ ജീവിത പുരോഗതിക്ക് വേണ്ടിയുള്ള പ്രയത്നത്തിനിടയിൽ എന്നെ വിമർശിക്കുന്നവരിൽ നിന്നും ഒളിച്ചോടാതെ, ഉൾവലിയാതെ, അവർ ഉന്നയിക്കുന്ന വിമർശനത്തിൽ എത്രമാത്രം “കഴമ്പു”ണ്ടെന്ന് വിലയിരുത്തും. സ്വീകരിക്കേണ്ടവ മുൻവിധി കൂടാതെ സ്വാംശീകരിക്കാൻ ശ്രദ്ധിക്കും

(10) കോപം, മുൻകോപം, പരദൂഷണം, അസൂയ etc. എന്റെ വളർച്ചയെയും, ആയുസ്സിനെയും തകർക്കുന്ന ഘടകങ്ങളാണെന്ന് തിരിച്ചറിയും. സത്യസന്ധതയും, നീതിയും, ആദ്രതയും, മനുഷ്യപ്പറ്റും എന്റെ മുഖമുദ്രയായി (കരുതൽ ധനമായി) ഞാൻ കാത്തുസൂക്ഷിക്കും. പ്രതിസന്ധിഘട്ടങ്ങളിൽ തകർന്നു പോകാതിരിക്കാൻ, ഊഷ്മളമായ ബന്ധങ്ങൾ കാത്തുസൂക്ഷിക്കും. പ്രാർത്ഥനയിൽ നിന്ന് ശക്തി സംഭരിച്ച് പ്രവർത്തനത്തിന് ഊർജ്ജം പകരും. ദൈവം എന്റെ സഹയാത്രികനാകാൻ, ദൈവം നയിക്കുന്ന വഴിയെ സഞ്ചരിക്കും.

(11) ജീവിതത്തിൽ “സുതാര്യത” നിലനിർത്തുമ്പോഴും “എന്റെ സ്വകാര്യത” കാത്തുസൂക്ഷിക്കാൻ തീവ്രമായി യത്നിക്കും.

(12) “ആരും അന്യരല്ല” എന്ന അവബോധം എന്റെ പ്രവർത്തനങ്ങളുടെ “പ്രാണവായു”പോലെ വിലപ്പെട്ട മൂല്യമായി കാത്തു സംരക്ഷിക്കും.

പ്രിയമുള്ളവരെ, പ്രത്യാശയുടെ പ്രസ്തുത “സൂക്തങ്ങളെ”ക്കുറിച്ച് നമുക്ക് ധ്യാനിക്കാം. നിങ്ങൾക്ക് ഇതോടൊപ്പം ഒത്തിരി കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ ഉണ്ടാവും. ഈ ലോകം ഒരു വലിയ “തറവാടാണ്”, നാം ഒറ്റപ്പെട്ട ദ്വീപല്ലാ. കൊണ്ടും കൊടുത്തുമാണ് ജീവിതം ആസ്വദിക്കേണ്ടത്. ഒരു ദിവസം ഇരുണ്ട് വെളുക്കുന്ന സമയം കൊണ്ട് മേൽപ്പറഞ്ഞ കാര്യങ്ങൾ സ്വയാത്തമാക്കാൻ കഴിയുകയില്ലെന്ന “സത്യം” മറക്കാതിരിക്കാം… ജാഗ്രത!!!

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker