റവ.ഡോ.വി.പി.ജോസഫ് വലിയവീട്ടിലിന് ഷെവലിയർ വി.സി.ആന്റണി കർമ്മ ശ്രേഷ്ഠപുരസ്ക്കാരം
ഡിസംബർ 31-ന് ആലപ്പുഴയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിക്കും...

ജോസ് മാർട്ടിൻ
ആലപ്പുഴ: പ്രമുഖ സാമൂഹിക പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ഷെവലിയർ വി.സി.ആന്റണിയുടെ പേരിൽ വി.സി.ആന്റണി സെന്റർ നൽകിവരുന്ന കർമ്മശ്രേഷ്ഠ പുരസ്ക്കാരത്തിന് ആത്മീയ – സാംസ്കാരിക – പൗരാണിക കലാപഠന കേന്ദ്രം ഡയറക്ടർ റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ അർഹനായി.
ചവിട്ടു നാടകം, ദേവോസ്ത് വിളി തുടങ്ങി അന്യം നിന്ന് പോയ ഒരു കാലഘട്ടത്തിലെ തീരദേശത്തിന്റെ തനത് കലാരൂപങ്ങളെയും കലാരൻമാരേയും കണ്ടെത്തി കൃപാസനം ആത്മീയ- സാംസ്കാരിക- പൗരാണിക കലാപഠന കേന്ദ്രത്തിലൂടെ പുതുതലമുറക്ക് പകർന്നു കൊടുക്കുകയാണ് റവ.ഡോ.വി.പി ജോസഫ് വലിയവീട്ടിൽ. സാംസ്കാരിക ഗവേഷകനും, മുൻ ഫോക്‌ലോർ അക്കാദമി അംഗവുമായ അദ്ദേഹത്തിന് “ചവിട്ടുനാടക വിജ്ഞാനകോശം” എന്ന ഗവേഷണ ഗ്രന്ഥത്തിന് 2016 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള പുരസ്കാരവും, കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പും, ഫോക്‌ലോർ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഡിസംബർ 31-ന് ആലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ വച്ച് സാംസ്ക്കാരിക വകുപ്പുമന്ത്രി വി.എൻ.വാസവൻ പ്രശസ്തി ഫലകവും, അവാർഡ് തുകയും നൽകുമെന്ന് പുരസ്ക്കാര നിർണ്ണയ സമിതി അറിയിച്ചു.