Meditation

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

അവനറിയാം ഭക്ഷണമേശയ്ക്ക് സൗഹൃദത്തെയും വിശ്വാസത്തെയും ആത്മബന്ധത്തെയും വളർത്താൻ സാധിക്കും...

പെസഹാക്കാലം മൂന്നാം ഞായർ

സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. എന്നിട്ടും അവരിൽ നിന്നും ഭയം വിട്ടു മാറുന്നില്ല. ഒരു ഭൂതത്തെ കണ്ടപോലെയാണ് അവർ ഞെട്ടുന്നത്. ആത്മാവ് അഥവാ pneuma (πνεῦμα) എന്ന പദത്തിനെയാണ് ഭൂതം എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. ഭൂതം എന്ന സങ്കൽപ്പത്തിന്റെ ഗ്രീക്കു പദം phantasma (φάντασμα) ആണ് (മർക്കോ 6:49). ആ പദമല്ല സുവിശേഷകൻ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഭൂതമല്ല, ആത്മാവാണ്. ഭയപ്പെടേണ്ട കാര്യമില്ല. ശിഷ്യരുടെ പ്രശ്നം തിരിച്ചറിവില്ലായ്മയാണ്. മുന്നിലെ ആത്മാവിനെ ഭൂതമായി കരുതുമ്പോഴാണ് നമ്മളും ഭയന്നു വിറയ്ക്കുന്നത്. ദൈവത്തെ ഭൂതമായി ചിത്രീകരിക്കുമ്പോഴാണ് ആത്മീയതയും ഒരു ഭയവിതരണകേന്ദ്രമായി മാറുന്നത്. എന്നിട്ടും ദൈവം തളരുന്നില്ല. അവൻ അനുദിനമെന്നപോലെ നമ്മുടെയിടയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. അവിശ്വാസത്തിന്റെ മുന്നിൽ നിന്നുകൊണ്ടാണ് യേശു പറയുന്നത് ഇതു ഞാൻ തന്നെയാണെന്ന്. ഞാൻ ഞാനാകുന്നു എന്നതാണല്ലോ ദൈവത്തിന്റെ പേര്. അതെ, ഇതൊരു വെളിപ്പെടുത്തലാണ്. ഉത്ഥിതൻ ദൈവമാണ് എന്ന വെളിപ്പെടുത്തൽ. മരണം ആ സ്വത്വത്തെ ഇല്ലാതാക്കിയിട്ടില്ല, മറിച്ച് അതിലെ ദൈവികാവസ്ഥയെ പൂർണമായി പ്രകടമാക്കി. ഇനി ആർക്കും അവനെ സ്പർശിക്കാം. “എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസ്സിലാക്കുവിൻ. എന്നെ സ്പർശിച്ചുനോക്കുവിൻ”.

വേണമെങ്കിൽ ഒരു അത്ഭുതം പ്രവർത്തിച്ച് അവരുടെ വിശ്വാസം ഉത്ഥിതനു സമ്പാദിക്കാമായിരുന്നു. മറിച്ച് അവൻ കടന്നുപോയ നൊമ്പരങ്ങളുടെ അടയാളമായ മുറിവുകളിൽ തൊടാനാണ് ആവശ്യപ്പെടുന്നത്. അതാണ് അവൻ്റെ പ്രത്യേകത. അതു കുരിശിന്റെ പാടുകളെ മായ്ച്ചു കളയുന്നില്ല, അതിനെ നിത്യതയിലേക്ക് ചേർത്തുവയ്ക്കുന്നു. ആ അടയാളങ്ങൾ മരണത്തിന്റെ മാത്രമല്ല, സ്നേഹത്തിന്റെയും അടയാളങ്ങളാണ്. അവയെക്കുറിച്ചു മറ്റുള്ളവരിൽ നിന്നും കേൾക്കുന്നതല്ല വിശ്വാസം, അവയെ കാണാനും തൊടാനും സാധിക്കുന്നതാണ്. അനുഭവമില്ലാത്തപ്പോഴാണ് സംശയമുണ്ടാകുന്നത്. ഉത്ഥിതനുമായി ഒരു കണ്ടുമുട്ടൽ ഇല്ലാത്ത കാലംവരെ നമ്മുടെ വിശ്വാസം ഒരു സിദ്ധാന്തം മാത്രമായി അവശേഷിക്കും. സ്നേഹത്തെ പോലെയാണ് വിശ്വാസവും, അനുഭവത്തിലൂടെ മാത്രമേ അത് വളരു. സ്നേഹവും വിശ്വാസവും ഒറ്റയടിക്ക് കിട്ടുകയുമില്ല, പടിപടിയാണ് അവയുടെ വളർച്ചയും അനുഭവവും.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തിൽ ഒരു ഉറപ്പാണ് നമ്മൾ തിരയുന്നത്. ഇതാ, ആ ഉറപ്പുമായിട്ടാണ് ഉത്ഥിതൻ ശിഷ്യരുടെ ഇടയിലേക്ക് വരുന്നത്. സ്പർശിച്ചുനോക്കുവിൻ. അതെ, ഉത്ഥിതനെ അനുഭവിക്കുവിൻ. ജീവിതത്തെ ഒരു ദുഃഖവെള്ളിയാഴ്ചയായിട്ട് ചിത്രീകരിക്കാനാണ് ഏറ്റവും എളുപ്പം. വ്യാഖ്യാനങ്ങളിൽ നിരസനം കൊണ്ടുവന്നാൽ അനുയായികളെ ഒത്തിരി സമ്പാദിക്കാൻ സാധിക്കും. അതുകൊണ്ടാണ് ശൂന്യമായ കല്ലറയേക്കാൾ കാൽവരിയിലെ കുരിശാണ് നമുക്ക് ആശ്വാസമെന്നു ചിലർ പഠിപ്പിക്കുന്നത്. യേശുവിന്റെ വിജയത്തേക്കാൾ അവന്റെ കഷ്ടപ്പാടുകളോടാണ് നമ്മൾ കൂടുതലും ഇണങ്ങിച്ചേരുന്നത്. അപ്പോഴും മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്, നമ്മുടെ ആനന്ദവും അസ്തിത്വവും അവൻ്റെ കുരിശല്ല, ഉത്ഥാനമാണ്. ആ ഉത്ഥാനാനുഭവത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ലെങ്കിൽ, നമ്മൾ ഇപ്പോഴും കാൽവരിയുടെ അപ്പുറത്തേക്ക് പോയിട്ടില്ല. നമ്മൾ ഉത്ഥാനം അനുഭവിച്ചിട്ടില്ലാത്ത വെറും വിഷണ്ണ വിശ്വാസികൾ മാത്രമാണ്. അങ്ങനെയുള്ളവരാണ് ഇന്നും അവനെ തേടി പലപല തട്ടുകട-ആത്മീയ കേന്ദ്രങ്ങളിൽ കയറിയിറങ്ങി നടക്കുന്നത്.

ഇന്നത്തെ സുവിശേഷമനുസരിച്ച് മൂന്നു രീതിയിൽ നമുക്ക് ഉത്ഥിതനെ കണ്ടുമുട്ടാൻ സാധിക്കും. ആദ്യത്തേത് നമ്മുടെ കുറവുകളിലൂടെ നമുക്ക് അവനെ കണ്ടെത്താം എന്നതാണ്. അവനിൽ വിശ്വസിക്കാൻ അവന്റെ മുറിവുകളിലേക്ക് നോക്കാനാണ് യേശു ആവശ്യപ്പെടുന്നത്. ഈയൊരു ധൈര്യം നമുക്കും ഉണ്ടാകണം. നമ്മളൊന്ന് നമ്മുടെതന്നെ മുറിവുകളിലേക്കും ബലഹീനതകളിലേക്കും നോക്കിയാൽ അതിന്റെ പിന്നിലെ ദൈവീകശക്തിയെ തിരിച്ചറിയാൻ സാധിക്കും. കാരണം മുറിവേറ്റവനാണ് ഉത്ഥിതൻ. എല്ലാ ബലഹീനതകളിലും ദൈവം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. നമ്മൾ ഭയപ്പെടുന്ന നമ്മുടെ മുറിവുകളിലൂടെ നോക്കിയാൽ മാത്രമേ ഉത്ഥിതനെ നമുക്കും കാണാൻ സാധിക്കു.

രണ്ടാമത്തേത് സൗഹൃദത്തിന്റെ വഴിയാണ്. യേശു ശിഷ്യരോടൊപ്പം ഭക്ഷണം കഴിക്കുന്നു. വിരുന്ന് ഇഷ്ടപ്പെട്ടവനാണ് അവൻ. കാരണം അവനറിയാം ഭക്ഷണമേശയ്ക്ക് സൗഹൃദത്തെയും വിശ്വാസത്തെയും ആത്മബന്ധത്തെയും വളർത്താൻ സാധിക്കും. തുറവിന്റെ ഇടമാണത്. സൗഹൃദത്തിന്റെ നിറവിൽ മാത്രമേ ഉത്ഥിതനെയും നമുക്ക് അനുഭവിക്കാൻ സാധിക്കു. കൂട്ടായ്മയിൽ മാത്രമാണ് അവൻ എന്നും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സഭ എന്ന സൗഹൃദത്തെ മുറുകെ പിടിക്കാൻ നമുക്ക് സാധിക്കണം. കാരണം, അവിടെയാണ് ഉത്ഥിതൻ്റെ സാന്നിധ്യത്തെ അനുഭവിച്ചറിയാൻ സാധിക്കുക.

മൂന്നാമത്തെ മാർഗ്ഗം തിരുവെഴുത്തുകൾ മനസ്സിലാക്കുക എന്നതാണ്. “വിശുദ്ധ ലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു” എന്നാണ് സുവിശേഷം പറയുന്നത്. വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത യേശുവിനെക്കുറിച്ചുള്ള അജ്ഞത തന്നെയാണ്. വചനം വായിച്ചാൽ പോരാ. ഗ്രഹിക്കാൻ നമുക്ക് സാധിക്കണം. ഗ്രഹിക്കണമെങ്കിൽ തുറവുള്ള ഒരു മനസ്സ് ഉണ്ടാകണം. അങ്ങനെയുള്ളവർക്കേ ഉത്ഥിതനെയും അനുഭവിക്കാൻ സാധിക്കു. അടഞ്ഞ മാനസങ്ങൾക്ക് വിശുദ്ധ ഗ്രന്ഥം മനസ്സിലാകില്ല. ഗ്രഹിച്ചാൽ മാത്രമേ വ്യാഖ്യാനം ഉണ്ടാവുകയുള്ളൂ. വ്യാഖ്യാനിച്ചാൽ മാത്രമേ ഉത്ഥിതനെ നമുക്കു പ്രഘോഷിക്കാനും സാധിക്കു. പ്രഘോഷണം എപ്പോഴും പാപമോചനത്തിന്റേത് ആയിരിക്കണം. അടിമത്തത്തിന്റേതാകരുത്. കാരണം, ഉത്ഥാനം സ്വാതന്ത്ര്യമാണ്, അടിമത്തമല്ല. അങ്ങനെ പ്രഘോഷിക്കണമെങ്കിൽ ഉന്നതത്തിൽ നിന്നും ശക്തി ധരിക്കുന്നതുവരെ നിശബ്ദമായി നമ്മൾ ഇരിക്കണം. ഉന്നതത്തിൽ നിന്നും ശക്തി സംഭരിച്ചു തുറവുള്ള മനസ്സോടെ പാപമോചനം പ്രഘോഷിക്കുക എന്നതാണ് ഓരോ ക്രൈസ്തവനും നൽകപ്പെട്ടിരിക്കുന്ന പ്രഥമ കർത്തവ്യം.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker